പൗർണമി തിങ്കൾ: ഭാഗം 44
രചന: മിത്ര വിന്ദ
കാറിന്റെ ബാക്ക് ഡോർ തുറന്നു അലോഷി മിനറൽ വാട്ടറിന്റെ ബോട്ടിൽ എടുത്തതും പൗർണമി അവനെ കൊല്ലാനുള്ള ഭാവത്തിൽ നോക്കുകയാണ്
എന്താടി ഉണ്ടക്കണ്ണി.ഇങ്ങനെ തുറിച്ചു നോക്കുന്നത്
അലോഷി അവളുടെ അടുത്തേയ്ക്ക് വന്നു വെള്ളം കൊടുത്തു കൊണ്ട് അവളെ നോക്കി.
പെട്ടന്ന് എങ്ങനെയാ ഈ ബാക്ക് ഡോർ ശരിയായത്. ഇന്നലെ ഇങ്ങനെയൊന്നും അല്ലാരുന്നല്ലോ
പൗർണമിയുടെ ചോദ്യം കേട്ടപ്പോൾ അലോഷിയ്ക്ക് കാര്യം പിടികിട്ടിയത്.
മുരളിയേട്ടനെക്കൊണ്ട് വണ്ടി വർക്ക്‌ഷോപ്പിൽ കാണിച്ചു..അതിനാണോ നീ ഇങ്ങനെ എന്നേ നോക്കി ദഹിപ്പിച്ചത്.
പൗർണമിക്ക് യാതൊരു സംശയവും തോന്നാത്ത വിധത്തിൽ ആലോഷിയത് കൈകാര്യം ചെയ്തത്.
വെറുതെ കള്ളം പറയല്ലേ ഇച്ചായാ, എന്നേ മുൻപിൽ ഇരുത്താനുള്ള നിങ്ങളുടെ തന്ത്രം അല്ലാരുന്നോ…
മുഖം കഴുകിയ ശേഷം അല്പം വെള്ളമെടുത്തു കുടിച്ചു കൊണ്ട് അവൾ അലോഷിയോട് ചോദിച്ചു
ഹമ്.. ഇതാണ് നിന്റെ കുഴപ്പം, ചങ്ക് പറിച്ചു കാണിച്ചാലും നിനക്ക് ഇങ്ങനെയൊക്കെ പറയാൻ മാത്രം അറിയത്തൊള്ളൂ.
അധികമിങ്ങോട്ട് ചങ്ക് പറിച്ചോണ്ട് കാണിക്കാൻ വരണ്ട, അതവിടെ ഇരുന്നോട്ടെ,,, വേറെയാർക്കെങ്കിലും ആവശ്യം വരും…
ആഹ് അതിനു സാധ്യത കാണുന്നുണ്ട്,,, അവസാനം നീ മോങ്ങിക്കൊണ്ട് നടന്നൊ.
അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്നതിനിടയിൽ പറഞ്ഞു.
പൗർണമി ബാക്ക് ഡോർ തുറന്നുകേറിയപ്പോൾ അലോഷി നിർബന്ധിക്കാനും തുനിഞ്ഞില്ല. കാരണം അവള് തന്റെയൊപ്പം ഇരിക്കില്ലെന്ന് അവനു വ്യക്തമായി അറിയാമായിരുന്നു.
ഫുഡ് കഴിച്ചിട്ട് പോകാം, ഇല്ലെങ്കിൽ നാട്ടിലെത്തുമ്പോൾ നിന്നെ ആദ്യം ഹോസ്പിറ്റലിൽ കേറ്റേണ്ടി വരും.
പറഞ്ഞു കൊണ്ടിരുന്നപ്പോൾ അലോഷിയുടെ ഫോണിലേക്ക് പപ്പ വിളിച്ചു.
സർജറി കഴിഞ്ഞുന്നും കാത്തുനെ അവരൊക്കെ കണ്ടു, അവൾ ഓക്കേയാണെന്നൊക്കെ പപ്പാ പറഞ്ഞു.
അത് കേട്ടപ്പോൾ അലോഷിയ്ക്ക് സമാധാനമായതു പോലും.
ഓഹ് എന്റെ മാതാവേ, എന്തോരം ടെൻഷനടിച്ചു, എല്ലാമോന്നു കഴിഞ്ഞല്ലോ, ആശ്വാസം… ഇനി എന്റെ കൊച്ചിനെ നീയിനി അധികമൊന്നും വേദനിപ്പിയ്ക്കല്ലേ…
കാറിന്റെ മുൻപിൽ വെച്ചിരിക്കുന്ന മാതാവിന്റെ ചെറിയ രൂപത്തെ നോക്കി അലോഷി ഉറക്കെ പറഞ്ഞു.
എനിയ്ക്ക് എന്റെ പെങ്ങൻമാരോട് ഉള്ള സ്നേഹം കാണുമ്പോൾ, പണ്ട് അമ്മാച്ചന്മാരൊക്കെ പറയും, ഇവൻ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യമാണെന്നു,, സഹോദരിമാരോട് ഇത്രേം കരുതലുള്ളപ്പോൾ കെട്ടിയോളോട് എന്താരിക്കുമല്ലേ…
അലോഷി മുഖമൊന്നു ചെരിച്ചു കൊണ്ട് പൗർണമിയോടായി പറഞ്ഞു.
ആഹ് എനിയ്ക്ക് അറിഞ്ഞൂടാ, അതിനു നിങ്ങളുടെ സ്നേഹമൊന്നും ഞാൻ കണ്ടിട്ടില്ലാലോ. പിന്നെങ്ങനെയാ
ഇത്തിരി കുശുമ്പോടെ അവളത് പറയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.
ഹമ്.. ആട്ടമുണ്ട്,,,, പെണ്ണിനാട്ടം തുടങ്ങിയിട്ടുണ്ട്… ഇനി റൂട്ടൊക്കെ താൻ ക്ലിയർ ചെയ്തോളാം..
സ്റ്റീറിങ്ങിൽ താളം പിടിച്ചു കൊണ്ട് അലോഷി വണ്ടി ഓടിച്ചു പോയ്.
അവൻ അധികം തിരക്കില്ലാത്ത ഒരു റസ്റ്റ്‌റെന്റ് ഇൽ പൗർണമിയെയും കൊണ്ട് ഇറങ്ങി. അവിടുന്ന് ഭക്ഷണം കഴിച്ചിട്ട് പിന്നീട് യാത്ര തിരിച്ചത്
അവൻ പറഞ്ഞതുപോലെ തന്നെ വെളുപ്പിന് 2മണി കഴിഞ്ഞു ഇരുവരും എറണാകുളത്ത് എത്തിയപ്പോൾ.
പപ്പയോട് എവിടേക്കാണ് വരേണ്ടത് എന്ന് അലോഷി വിളിച്ചു ചോദിച്ചു. പോള് പറഞ്ഞുകൊടുത്തത് പ്രകാരം സർജിക്കൽ ഐസിയുവിലേക്ക് അലോഷിയും പൗർണമിയും കൂടി കയറിച്ചെന്നു.
അപ്പോഴും കുറേയേറെ ആളുകൾ ഐസിയുവിന്റെ വാതിൽക്കൽ ഉണ്ട്.
പോളും ഭാര്യയും റൂമിൽ ആയിരുന്നു.
അലോഷി വന്നപ്പോൾ അവർ രണ്ടാളും കൂടി ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു.
കാതറിന്റെ സഹോദരൻ ബാംഗ്ലൂരിൽ നിന്ന് വരുമെന്നും, അവളെ കയറ്റി കാണിക്കണം എന്നുമൊക്കെ, പോള് നേരത്തെ തന്നെ ഡോക്ടറോട് പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് അവർക്ക് കാത്തുവിനെ കാണുവാനായി വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല..
അലോഷിയും പൗർണമിയും കൂടി കയറിച്ചെന്നപ്പോൾ ഒരു സിസ്റ്റർ കാത്തുവിന്റെ ബെഡ് കാണിച്ചു കൊടുത്തു.
കാത്തുവാണെങ്കിൽ മയങ്ങി കിടക്കുകയായിരുന്നു
അവളുട കിടപ്പ് കണ്ടതും അലോഷിയുടെ മിഴികൾ നിറഞ്ഞു..
കൊച്ചേ…
അല്പം കുനിഞ്ഞു നിന്ന് അവൻ അവളുടെ കവിളിൽ ഒന്ന് തലോടി.
പെട്ടെന്ന് അവൾ കണ്ണ് തുറന്നു.
ഇച്ചായാ…
അവൾ മെല്ലെ വിളിച്ചു.
ഹമ്.. വേദനയുണ്ടോടി കൊച്ചേ.
ഹേയ്.. കുഴപ്പമില്ല… ഓക്കേയാണ്..
അവൾ പിറു പിറുത്തു.
പൗമി……
കാത്തു വിളിച്ചപ്പോൾ പൗർണമി അലോഷിയുടെ അടുത്തെയ്ക്ക് അല്പം നീങ്ങി നിന്നു. എന്നിട്ട് കാത്തുവിന്റെ കൈത്തണ്ടയിൽ പിടിച്ചു.
ഭയങ്കര ക്ഷീണം…. മെഡിസിന്റെയാണെന്ന് തോന്നുന്നു.. ഉറങ്ങിപ്പോകുവാ..
ഹമ്… ഉറങ്ങിയ്ക്കോടി.. എല്ലാം കഴിഞ്ഞുല്ലോ, ഇനി പേടിക്കുവൊന്നും വേണ്ട കേട്ടോ.
മ്മ്…..പൗർണമി പറഞ്ഞപ്പോൾ കാത്തു മെല്ലെ തലകുലുക്കി.
എന്തേലും പ്രശ്നമുണ്ടെങ്കിൽ സിസ്റ്ററോട് പറയണം കേട്ടോ കൊച്ചേ…വേദനയ്ക്കൊക്കെയുള്ള ഇൻജെക്ഷൻ അവര് തരും..
മ്മ്….ഇച്ചായൻ ഇന്ന് പോകുവോ…
ആഹ് പോണം കൊച്ചേ.. എന്നാടി.
ഹേയ് ഒന്നുല്ല.. വെറുതെ..
സൺഡേ വരാം,,, അപ്പോളേക്കും ഡിസ്ചാർജ് ആകുല്ലോ..
ഹമ്..
മതി കേട്ടോ സംസാരിച്ചത്, ഇവിടെ ഇങ്ങനെ ഒരുപാട് നേരം നിൽക്കാൻ പറ്റില്ല.. അറിയാല്ലോ വേറെ ഒരുപാട് പേഷ്യന്റ് ഉള്ളതല്ലേ.
ഒരു സിസ്റ്റർ വന്നു പറഞ്ഞതും അലോഷിയും പൗർണമിയും കാത്തുവിനോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി.
ഇറങ്ങാൻ നേരവും അലോഷി അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തിരുന്നു.
വാതിൽ കടന്ന് വന്ന ശേഷം അലോഷി പോക്കറ്റിൽ നിന്നു കർചീഫ് എടുത്തു. കണ്ണു രണ്ടും തുടച്ചു.
ഇച്ചായൻ പറഞ്ഞത് സത്യമാണ്… ആൾക്ക് സഹോദരിമാരെന്ന് വെച്ചാൽ ജീവന്റെ ജീവനാണ്. ആ കണ്ണീരു കണ്ടപ്പോൾ പൗർണമിയ്ക്ക് തോന്നി.
പപ്പായുടെയും മമ്മിയുടെയുമൊപ്പം അവൻ റൂമിലേക്ക് നടന്നു.
പിന്നാലെ പൗർണമിയും..
എല്ലാവർക്കും ഭയങ്കര സങ്കടമാണ്. കാത്തു ഇളയ ആളായത് കൊണ്ട് അവളെ ഒരുപാട് ലാളിച്ചു വളർത്തിയത്. അതൊക്കെ പൗർണമിയ്ക്ക് അറിയാം..
മുന്നോട്ട് നടക്കുമ്പോളും അലോഷി ഇടയ്ക്കൊക്കെ തിരിഞ്ഞു നോക്കുന്നുണ്ട്.
പൗർണമി…..
അവൻ വിളിച്ചതും അവളൊന്നു മുഖമുയർത്തി.
ഒന്ന് റസ്റ്റ് എടുത്തിട്ട് പോകാം..നിനക്ക് കോഫിഎന്തേലും വേണോ.
വേണ്ട.. ഒന്നും വേണ്ട.
അവൾ പെട്ടന്ന് പറഞ്ഞു.
മോളെ…. ആകെ മടുത്തതല്ലെ.. വാ നമ്മുക്ക് പോയ് ഒരു കോഫി കുടിക്കാം.
മമ്മി അവളുടെ കൈയിൽ പിടിച്ചു.
ആന്റി… ഫുഡ് കഴിച്ചിട്ട വന്നത്.. വിശപ്പില്ല… അതുകൊണ്ടാ.
ആന്റിയല്ല…. മമ്മി.. ഇനി മുതൽ അങ്ങനെ വിളിച്ചാൽ മതി കെട്ടോ.
അവർ അവളുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞതും അലോഷി പപ്പയെ ഒന്ന് നോക്കി.
ഒരു കണ്ണിറുക്കി കാണിച്ചുകൊണ്ട് അയാൾ തന്റെ തള്ളവിരൽ അവനു നേരെ ഉയർത്തിയിരുന്നു അപ്പോളേക്കും…തുടരും………