പൗർണമി തിങ്കൾ: ഭാഗം 46
Dec 15, 2024, 08:44 IST

രചന: മിത്ര വിന്ദ
തിരികെ റൂമിലേക്ക് പോകുമ്പോൾ അലോഷിയുടെ കള്ള നോട്ടം പലപ്പോഴും പൗർണമിയെ തേടി വരുന്നുണ്ട് അവൾ അതൊക്കെ കണ്ടില്ലെന്ന് നടിച്ചു അല്പം കുനിഞ്ഞ മുഖത്തോടെ മമ്മിയുടെ പിന്നാലെ പോയ്. എന്നാലും ഇത്ര പെട്ടന്ന്, പപ്പയും മമ്മിയും കൂടെ ഇതൊക്കെ പൗമിയോട് പറയുമെന്ന് സ്വപ്നത്തിൽ പോലും അലോഷി ഓർത്തിരുന്നില്ല. ആകെ കൂടി പപ്പയോട് ഇത്തിരി കാര്യം പറഞ്ഞുന്നു മാത്രം.. അത് ഉടനെപോയി മമ്മിയോട് അവതരിപ്പിച്ചു. സത്യത്തിൽ കാത്തുന്റെ കല്യാണം കൂടി ഒത്തു വന്നാൽ പെട്ടന്ന് നടത്തിയ ശേഷം തങ്ങള്ടെ ആലോചിക്കാം. ആ നേരം കൊണ്ട് എല്ലാമൊന്ന് കരയ്ക്കെത്തിയ്ക്കാം,പൗർണമിയ്ക്ക് തന്നെയൊന്നു മനസിലാക്കാൻ ഉള്ള ടൈം ഉം കിട്ടും.ഇതൊക്കെ ആയിരുന്നു കണക്കുകൂട്ടൽ.. പക്ഷേ ഇതിപ്പോ എല്ലാം കുഴഞ്ഞ മട്ടാണ്. അലോഷി...ഇതാടാ റൂം. പപ്പാ പറഞ്ഞതും അവൻ പെട്ടന്ന് മുഖം തിരിച്ചു. ആഹ്.... ഓക്കേ പപ്പാ. ഒരു സ്യുട്ട് റൂം ആയിരുന്നത്.. അകത്തേക്ക് കയറിയതും പൗർണമി ഒരു വേള അന്തിച്ചുപോയ്. ഇത് ഹോസ്പിറ്റലിൽ ആണെന്ന് പോലും അവൾ മറന്നു. അത്രക്ക് ആഡംബരത്തോടെയുള്ള ഒരു റൂം. മോളെ... വാഷ്റൂം അവിടെയാണ് കേട്ടോ. മമ്മി പറഞ്ഞതും അവൾ തല കുലുക്കി. എന്നിട്ട് മുഖമൊക്കെ കഴുകി ഒന്ന് ഫ്രഷ് ആവാനായി അവൾ അവിടേക്ക് പോകുകയും ചെയ്തു. പപ്പാ..... ഇതെന്തിനാ ഇത്ര തിടുക്കപ്പെട്ടു മമ്മിയോട് ഇതെല്ലാം വായിച്ചു കേൾപ്പിച്ചത്. കഷ്ടമായിപ്പോയ് കേട്ടോ. ഇങ്ങനെയൊക്കെ ആയിരുന്നുങ്കിൽ ഞാൻ ഇതൊന്നും പപ്പയോട്പോലും പറയില്ലായിരുന്നു. അവൻ പോളിനെ നോക്കി കണ്ണുരുട്ടി. ഇവള് നിന്റെ പെറ്റതള്ളയാണെ, അതിനേക്കാൾ മുൻപ് എന്റെ ഭാര്യയായവളുമാ... 31വർഷം മുൻപ് ഒരു ഡിസംബർ മാസം 28ആം തീയതി നല്ല തണുത്ത മഞ്ഞും കുളിരുംമൊക്കയുള്ള ഒരു പ്രഭാതത്തിൽ കാലത്തെ പള്ളിയിൽ പോയ് കുർബാന കൂടിയ ശേഷം കത്തിഡ്രൽ പള്ളിയിലേ മാതാവിന്റെ മുൻപിൽ വച്ചു ഞാനൊരു സത്യം ചെയ്തു. ഇന്ന് മുതൽ എന്റെ കൂടെ കൂടുന്ന കുന്നേൽ വീട്ടിലെ അവറാച്ചൻ മത്തായിയുടെ മകൾ കൊച്ചുത്രെസ്യയോട് ഞാൻ നൂറു ശതമാനം നീതിയും കൂറും എന്റെ വാക്കുകളിൽ പുലർത്തുമെന്നും, അവളോട് യാതൊരു കള്ളത്തരങ്ങളും കാണിയ്ക്കില്ലെന്നും, ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാ വിശേഷവും അവളോട് തുറന്നു പറയുമെന്നും. ഓഹ്.. മതി നിർത്തിയേക്ക്.. പപ്പയുടെ ഒരു തുറന്നു പറച്ചില്. അത് കാരണം ഇനിയെന്തൊക്കെ പ്രശ്നം ഉണ്ടാവും. അലോഷി അത് പറഞ്ഞുകൊണ്ട് നിന്നപ്പോൾ പൗർണമി ഡോർ തുറന്നു ഇറങ്ങി വന്നത്. പിന്നീട് അവൻ കൂടുതലൊന്നും സംസാരിച്ചില്ല. മമ്മിയും പൗർണമിയും കൂടെ ആയിരുന്നു കിടന്നത്. പപ്പയോടൊപ്പം അലോഷിയും.. ഉറക്കം വരാതെ ഒരു വശം ചെരിഞ്ഞു കിടക്കുകയാണ് പൗർണമി. താൻ yes പറഞ്ഞാൽ അച്ഛന്റെ മുൻപിലേക്ക് രണ്ടാളും കൂടി പോകുന്നത് ഓർത്തിട്ട് അവൾക്ക് പേടിയായി. ഒരിയ്ക്കലും അച്ഛൻ ഈ വിവാഹത്തിന് സമ്മതം മൂളില്ല. അത് നൂറു ശതമാനം തനിയ്ക്ക് അറിയാം. കാരണം അച്ഛന് ഇഷ്ട്ടമില്ല, മക്കൾ പ്രണയിച്ചു വിവാഹം കഴിക്കുന്നത്...അങ്ങനെ നടന്ന പലരുടെയും കാര്യങ്ങൾ വീട്ടിൽ ചർച്ച ആകുമ്പോൾ അച്ഛൻ ചീത്ത പറയുന്നത് ഒരുപാട് തവണ നേരിൽ കണ്ടിട്ടുണ്ട്. ആ സ്ഥിതിയ്ക്ക് സ്വന്തം മകളുടെ കാര്യ വരുമ്പോൾ യാതൊരു കാരണവശാലും അച്ഛൻ അംഗീകരിച്ചു തരില്ല. ഒന്നല്ല ഒരായിരം ഉറപ്പായിരുന്നു ആ കാര്യത്തിൽ അവൾക്ക്. ഒരു വശത്തു വീട്ടുകാര്.. മറു വശത്തു അലോഷിയെ അവൾക്ക് അവളുടെ ജീവന്റെ ജീവനായിരുന്നു. കുടുംബത്തൊടും സഹോദരിമാരോടുമൊക്കെയുള്ള അലോഷിയുടെ സ്നേഹം കാണുമ്പോൾ എന്തിനാണ് തനിയ്ക്ക് ഇത്ര കുശുമ്പ് തോന്നുന്നത്... കാത്തുന്റെ നെറുകയിൽ മുത്തം കൊടുത്തുകൊണ്ട് അലോഷി കരഞ്ഞപ്പോൾ തന്റെ ഉള്ളം എന്തിനാണ് ഇത്രയ്ക്ക് തുടികൊട്ടിയത്.. ഒരു ദിവസം പോലും ഈയുള്ളവനെ കാണാണ്ടിരിയ്ക്കാൻ പറ്റുന്നില്ല. അതുകൊണ്ടല്ലേ, ലോങ്ങ് ട്രിപ്പ് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും അതൊന്നും കാര്യമാക്കാതെ ചാടി പുറപ്പെട്ടത്. അതിന്റെയൊക്കെ ഉത്തരമെന്ന് പറയുന്നത് അലോഷിയോട് തനിയ്ക്ക് പ്രണയമാണ് എന്നല്ലേ അവളോർത്തു. അവളുടെ കൈയെത്തും ദൂരത്തു കിടക്കുന്നവനും ഇതേ ചിന്തകൾ ആയിരുന്നു. ഇത്രയൊക്കെ മമ്മി പറഞ്ഞ സ്ഥിതിയ്ക്ക് ഇഷ്ടം ആണെങ്കിൽ അവൾ ഒക്കെ പറയട്ടെ.. എന്ന് കരുതി അവളുടെ വീട്ടിലേക്ക് തിടുക്കപ്പെട്ടു ഓടാനൊന്നും ഇവരെ സമ്മതിയ്ക്കില്ല... കുറച്ചു നാളെങ്കിലും ഒന്ന് പ്രണയിക്കണം എന്നുണ്ട്.. തന്റെ പെണ്ണിനെയും ചേർത്തു പിടിച്ചു അങ്ങനെ, ഒരു മഴ നനയാനും ബുള്ളറ്റിന്റെ പിന്നിലിരുത്തി സിറ്റിയിൽ കൂടെ ഒന്ന് പാ യാനും, ഗുൽമോഹർ പൂക്കൾ പതിഞ്ഞ നിരത്തിലൂടെ അവളുടെ കയ്യും പിടിച്ചു ഒരായിരം കനവുകൾ നെയ്തുകൊണ്ട് അങ്ങനെ നടക്കാനും, ആർത്തിരമ്പി വരുന്ന തിരകളെ പുൽകി ആ സാഗരത്തിലൊന്ന് ആറാടാനുമൊക്കെ ഒരു ചിന്ന ആഗ്രഹം.... അവന്റെ ചുണ്ടുകളിൽ അത് വരെ വിരിയാത്ത ഒരു പൂപുഞ്ചിരി മെല്ലെ വിരുന്നു വന്നു....തുടരും.........