പൗർണമി തിങ്കൾ: ഭാഗം 49
രചന: മിത്ര വിന്ദ
പോള് പറയുന്നത് കേട്ടതും പൗർണമിയെ വിറച്ചു.
വണ്ടി ഒതുക്കി നിറുത്തിയിട്ട് അലോഷി വാട്സ്ആപ്പ് ഓൺ ചെയ്തു.
തരിച്ചിരുന്നു പോയി രണ്ടാളും.
അലോഷിയെ കെട്ടിപിടിച്ചുകൊണ്ട് നടു റോഡിൽ നിൽക്കുന്ന പൗമി യുടെ ചിത്രം..
അവളുടെ ഡ്രസ്സ് ഒക്കെ തുന്നൽ വിട്ട് കിടക്കുന്നു.
അതിന്റ താഴെ വന്നിരിക്കുന്ന അശ്ലീലത നിറഞ്ഞ കമന്റ്‌കൾ..
എല്ലാം കൂടി കണ്ടതും പൗർണമി വീണ്ടും വാവിട്ട് കരഞ്ഞു.ഉറക്കെ….
അലോഷിയും ഞെട്ടി വിറച്ചു ഇരിയ്ക്കുകയാണ്..
ഈശ്വരാ… ഇനി എന്തിക്കെയാവും നടക്കുന്നെ. എന്റെ വീട്ടിലെല്ലാവരും അറിഞ്ഞാൽ…ഞാൻ എന്ത് പറയും അവരോടൊക്കെ.
അവൾ വാവിട്ട് നിലവിളിച്ചു..
അപ്പോളേക്കും പൗർണമിയുടെ അച്ഛൻ അവളെ ഫോണിൽ വിളിച്ചു കഴിഞ്ഞു.
യ്യോ.. ദെ അച്ഛൻ വിളിക്കുന്നു. എന്റെ കൃഷ്ണാ.. ഞാനെന്തു പറയും അവരോടൊക്കെ. ഇച്ചായാ… എനിയ്ക്ക് പേടിയാകുന്നു.
അവൾ അലോഷിയുടെ ഇടം കൈയിൽ പിടിച്ചു കുലുക്കി.
അവനും സത്യത്തിൽ ഒരു മറുപടി പറയാൻപോലും സാധിക്കാത്ത അവസ്ഥയായിരുന്നു.
ഫോൺ നിർത്താതെ റിങ് ചെയ്യുകയാണ്…
പൗർണമി അലോഷിയെ നോക്കി വീണ്ടും കരഞ്ഞു.
പേടിക്കാതെ.. താൻ ഫോൺ എടുക്ക് പൗമി.
ഇച്ചായാ… ഞാൻ ബാംഗ്ലൂർ ആണെന്നല്ലെ അച്ചനോട് പറഞ്ഞത്. ഒക്കെ കളവാണെന്ന് അവർക്കെല്ലാവര്ക്കും മനസിലാകും.. എന്റെ അച്ഛനോട് ഇന്ന് വരെ ഞാനൊന്നും ഒളിച്ചു വെച്ചിട്ടില്ല.. ഏത് നശിച്ച നേരത്താണോ അങ്ങനെയോക്കേ പറയാൻ തോന്നിയത്.
അവൾ വീണ്ടും കരഞ്ഞു.
താൻ ഫോൺ എടുത്ത് സംസാരിയ്ക്ക്, ഇല്ലെങ്കിൽ അവർക്ക് ടെൻഷനാവും.നടന്ന കാര്യങ്ങൾ പറഞ്ഞു മനസിലാക്കു പൗമി
അലോഷി പിന്നെയും അവളെ നിർബന്ധിച്ചു..
ഒടുവിൽ എന്തും വരട്ടെയെന്ന് കരുതി പൗർണമി കാൾ അറ്റൻഡ് ചെയ്തു..
ഹലോ അച്ഛാ….
പൗർണമി.. മോളെ നീ എവിടേയാ.. നിനക്ക് എന്ത് പറ്റി മോളെ…ഇപ്പൊ രാഹുലും വിഷ്ണുവും കൂടെ ഫോണിൽ ഒരു ഫോട്ടോ കാണിച്ചു മോളെ. അത് നീയാണോ
ബാബുരാജ് കരഞ്ഞുകൊണ്ട് ചോദിക്കുന്നത് അരികിലുരുന്ന അലോഷിയും കേട്ടു.
അച്ഛാ…..അവൾക്ക് ഒന്നും പറയാൻപ്പോലും കഴിയുന്നില്ല. ഉറക്കെ കരയുകയാണ് പൗമി.
മോളെ… നി എന്തെങ്കിലുമൊന്നു പറയു.. അച്ഛന് പേടിയാകുന്നു.എന്റെ കുഞ്ഞ് എവിടെയാ ഇപ്പൊ.
അവൾ കരഞ്ഞുകൊണ്ട് ഇന്നലെ മുതൽ നടന്ന കാര്യങ്ങൾ മുഴുവനും അച്ഛനോട് പറഞ്ഞു.
എന്നിട്ട് നീയെന്താ ഇതൊക്കേ എന്നോട് മറച്ചു വെച്ചത് മോളേ.അച്ഛൻ അത്രയ്ക്ക് അന്യനായൊ നിനക്ക്.
അതുകൊണ്ടൊന്നുമല്ല അച്ഛാ,,, അച്ചൻ ഹോസ്പിറ്റലിൽ ആണെന്നും എല്ലാവരും ഒപ്പമുണ്ടെന്നും എന്നോട് പറഞ്ഞില്ലേ.. അലോഷിച്ചായനോടൊപ്പം ഞാൻ തനിച്ചു വന്നന്നു അറിഞ്ഞാൽ വല്യമ്മയൊക്കെ വേറെന്തെലും പറഞ്ഞാലോന്നു ഓർത്തു. അതാ അച്ഛനോട് അങ്ങനെ പറഞ്ഞത്.. സോറി അച്ഛാ..
അവൾ വീണ്ടും കരഞ്ഞു.
എന്നാലും എന്റെ മോളെ.. ഇതിപ്പോ ഇങ്ങനെയൊക്കെ സോഷ്യൽ മീഡിയയിൽ വന്നല്ലോ. എല്ലാവരും കണ്ടു കാണും. ഇനി എന്റെ മോൾടെ ഭാവി….ഈശ്വരാ, യാതൊരു തെറ്റും ചെയ്യാത്ത എന്റെ മോൾക്ക് ഇങ്ങനെയൊക്കെ വന്നല്ലോ
അയാളും മകളോട് പറഞ്ഞു കരഞ്ഞു..
എനിക്കൊന്നുമറിയില്ല.. കാത്തുവിന് വയ്യാണ്ടായത് കൊണ്ടാ ഞാൻ നാട്ടിലേക്ക് പോന്നത്. സത്യമായിട്ടും ഇങ്ങനെയൊക്കെ നടക്കുമെന്ന് ഓർത്തില്ല. എനിക്ക് പേടിയാകുവാ.. ആളുകളൊക്കെ
എന്നേക്കുറിച്ച് എന്ത് കരുതിക്കാണും
അപ്പോളേക്കും പൗർണമിയുടെ ഫോണിൽ ആരൊക്കെയോ വിളിക്കുന്നുണ്ട്.
അച്ഛൻ ഉടനെയങ്ങോട്ട് വരാം മോളെ, ജോലീം വേണ്ട ഒന്നും വേണ്ട.. മോള് തിരിച്ചു പോരെ, ഇനി അവിടെ നിൽക്കണ്ട കെട്ടോ. അവിടെ നിന്നാൽ ഇനി ശരിയാവില്ല അതുകൊണ്ടാണ്.എത്രയും പെട്ടന്ന് ഞാൻ പുറപ്പെടും.
അയാൾ പറഞ്ഞത് കേട്ടതും ഇക്കുറി അലോഷിയൊന്നു ഞെട്ടി..
അവൻ മുഖം തിരിച്ചു നോക്കിയപ്പോൾ പൗർണമി അച്ഛനോട് എന്താണ് പറയേണ്ടത് എന്നറിയാതെ വിഷമിക്കുകയായിരുന്നു.
മോളെ…. ആ കമ്പനിയില് ചെന്നിട്ട് നമുക്ക് സംസാരിക്കാം, മോള് എത്രയും പെട്ടെന്ന് നമ്മുടെ വീട്ടിലേക്ക് പോരെ. അവിടെ തുടരും തോറും നിനക്ക് എന്തെങ്കിലും ഒക്കെ പ്രശ്നങ്ങൾ ആവുoമോളെ. അല്ലെങ്കിലും രണ്ടുദിവസമായിട്ട് അച്ഛന് ആകെ മനപ്രയാസം ആയിരുന്നു. ആർക്കും എന്തോ അപകടം വരാൻ പോകുന്നു എന്ന് എന്റെ മനസ്സ് പറയുകയായിരുന്നു. വല്യച്ഛന് വയ്യാണ്ട് വന്നപ്പോൾ, ഒരുപക്ഷേ അതിന്റെ ആവും എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇതിപ്പോ എന്റെ മോൾക്ക്….
അയാളുടെ വാക്കുകൾ ഇടറി.
അച്ഛാ, അമ്മ കൂടെയുണ്ടോ..?
ഇല്ല മോളെ.. അവള് കാലത്തെ വീട്ടിലേക്ക് തിരിച്ചു പോയിരുന്ന്.ഇപ്പൊ ബസിലാവും.പാവം ഒന്നും അറിഞ്ഞില്ലെന്നു തോന്നുന്നു.
അമ്മയോട് അച്ഛൻ കാര്യങ്ങളൊക്കെ പറയണം. ഞാൻ നിരപരാധിയാണ്.. അറിഞ്ഞോണ്ട് ഒരു തെറ്റും ഇന്നേവരെ അച്ഛന്റെ മോള് ചെയ്തിട്ടില്ല.
എന്റെ പൗമിയെ എനിക്ക് വിശ്വാസമാണ്… മോള് കരയണ്ട. അച്ഛൻ ഒരു വണ്ടി അറേഞ്ച് ചെയ്യട്ടെ. എന്നിട്ട് അങ്ങോട്ട് പോരുവാ കേട്ടോ. മോള് ഫോൺ വെച്ചോളൂ.
കാൾ മുറിഞ്ഞതും പൗമി അതെടുത്തു സൈലന്റ് മോഡിൽ ഇട്ടു.
വഴിയോരം ച്ചേർന്നു അലോഷി വണ്ടി നിറുത്തിയിട്ടിരിക്കുകയാണ്.
പൗർണമിയെ അവളുടെ അച്ഛൻ കൂട്ടിക്കൊണ്ട്പോകുമെന്ന് കേട്ടതും അവനു ഹൃദയം വിങ്ങിപ്പൊട്ടി.
പൗമി….. നീയ് എന്നേ വിട്ടുപോകുവോടി കൊച്ചേ.
അവന്റെ വാക്കുകളിൽ നിരാശ കലർന്നിരുന്നു..
പൗർണമി നോക്കിയതും അലോഷിയിടെ മിഴികൾ ഈറനണിഞ്ഞു.
അച്ഛൻ പറയുന്നത് അനുസരിക്കണ്ടേ അല്ലേ പൗമി … ആൾക് അറിയില്ലല്ലോ എനിക്ക് നിന്നോട് ഇഷ്ട്ടമാണെന്നുള്ളത്.
അവൻ പിന്നെയും പറയുകയാണ്.
എനിക്കറിയാം നിനക്ക് ഒന്നും മേലാത്ത അവസ്ഥയാണെന്ന്.. സാരമില്ല….. ഇനി ഞാനിങ്ങനെ പറഞ്ഞുല്ലോ, എന്റെ പപ്പയും മമ്മിയും ഇന്നലെ ഓരോന്ന് സംസാരിച്ചുല്ലോന്നോർത്ത് നീ വിഷമിക്കേണ്ട കെട്ടോ..അതൊക്കെ ആ സെൻസിൽ എടുത്താൽ മതി..
അവളുടെ വലം കൈയിൽ മെല്ലെ യൊന്നു തട്ടിയ ശേഷം അലോഷിയൊന്നു പുഞ്ചിരിച്ചു.
എന്നാ പറയാനാടി കൊച്ചേ.. എല്ലാം എന്റെ കഷ്ടകാലം, അല്ലെങ്കിൽ പിന്നെ അവിടെയിറങ്ങില്ലായിരുന്നു…. നീ പറഞ്ഞതുമാ… കേട്ടില്ലല്ലോ. അതിന്റെയാ ഇപ്പൊ നീയ് എന്നേ വിട്ട് പോകേണ്ട അവസ്ഥ വരെ എത്തിച്ചതല്ലെ..
അവൻ ഒരുപാട് സംസാരിച്ചു…. പക്ഷെ പൗർണമി ഒരക്ഷരം പോലും തിരിച്ചു പറഞ്ഞില്ല.
പൗമിക്കൊച്ചേ… അച്ഛനോടൊപ്പം നാട്ടിലേക്ക് തിരിച്ചു പോകും മുന്നേ, ഒരു കാര്യം എന്നോട് സത്യസന്തമായി പറയണം കേട്ടോടി നീയ്.
അലോഷി പറഞ്ഞത് കേട്ട് പൗർണമി അവനെ ഉറ്റു നോക്കി.
നിന്റെ മനസിലെവിടെയെങ്കിലും എപ്പോളെങ്കിലും ഇച്ചായനോട് ഒരല്പമെങ്കിലും ഇഷ്ട്ടം തോന്നിയിരുന്നോടി കൊച്ചേ ………..തുടരും………