പൗർണമി തിങ്കൾ: ഭാഗം 50
രചന: മിത്ര വിന്ദ
നിന്റെ മനസിലെവിടെയെങ്കിലും എപ്പോളെങ്കിലും ഇച്ചായനോട് ഒരല്പമെങ്കിലും ഇഷ്ട്ടം തോന്നിയിരുന്നോടി കൊച്ചേ.
സത്യം പറയാലോ പൗമി, എനിക്ക് തോന്നിയിട്ടുണ്ട് തനിയ്ക്ക് എന്നോട് ഇഷ്ട്ടമുണ്ടെന്നു… ഒരു തവണയല്ല കെട്ടോ ഒരായിരം തവണ…
പലപ്പോഴും, എന്റെ ആത്മാവുമായി ഞാൻ ഒരു ആത്മ പരിശോധന നടത്തുമ്പോൾ, പൗർണമിക്ക് നിന്നെ ഇഷ്ടമാണ് അലോഷിയെന്ന്, എന്റെ ഉള്ളിന്റെ ഉള്ളിൽ ഇരുന്നു ആത്മാവ് മന്ത്രിയ്ക്കും പോലെ തോന്നിയിട്ടുണ്ട്.
അതൊരുപക്ഷേ എനിക്ക് നിന്നോടുള്ള അഗാധമായ പ്രണയത്തിന്റെ ആഴത്തിൽ നിന്നും ഉരിത്തിരിഞ്ഞു വന്നിട്ടുള്ള തോന്നൽ ആവാം…..
ഒരാളോട് ആത്മാർത്ഥമായ പ്രണയം തോന്നുമ്പോൾ, ആ ആളിൽ നിന്നും വരുന്ന നെഗറ്റീവ് ആയിട്ടുള്ള മനോഭാവത്തിൽ പോലും, ഓപ്പോസിറ്റ് നിൽക്കുന്നയാൾ, പോസിറ്റീവ് ആയിട്ടു എന്തേലും കാണും.. കണ്ടുപിടിച്ചിരിക്കും.
. അവൾ എന്റെതാണ്, എന്റേത് മാത്രം, എന്റെ സ്വന്തമാകുവാനായി ഈ ഭൂമിയിലേക്ക് ജനിച്ചവളാണ്,എന്ന് ചിന്തിക്കുമ്പോഴാണ് , കൂടുതൽ അടുക്കുവാനായി വരുന്നത്. അപ്പോഴും അവൾക്ക് തന്നോട് പ്രണയമാണ് എന്നായിരിക്കും അവന്റെയുള്ളിലെ വിചാരം.
മുംബൈയിൽ പോയി നിന്ന, ആ കുറച്ച് ദിവസങ്ങൾ,, അന്ന് നിന്നെ ഒന്ന് കാണാൻ സാധിക്കാഞ്ഞിട്ട്, ഞാൻ അനുഭവിച്ച മാനസിക സംഘർഷം, അത് എത്രത്തോളം വലുതാണെന്ന് ഉള്ളത്, എനിക്ക് മാത്രമേ അറിയൂ..
പലതവണ ഞാൻ കാത്തുവിനെ ഫോണിൽ വിളിച്ചു,,, നീ അടുത്ത് ഉണ്ടാവണമെന്ന്, ഗീവർഗീസ് പുണ്യാളന് നേർച്ചവരെ നേർന്നിട്ടാണ് കോൾ ചെയ്യുന്നത്. എനിക്കറിയില്ല,,, എന്റെ ജീവിതത്തിൽ നിന്നോളം കൊതിതോന്നിപ്പിച്ച, സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച, മറ്റൊന്നും എനിക്കില്ല
എന്റെ പപ്പ,മമ്മി, പെങ്ങമ്മാര്,,, ഇതായിരുന്നു എന്റെ ലോകം.
പല നാട്ടിലൂടെയും സഞ്ചരിച്ചു,പല രാജ്യങ്ങളിൽ പഠിച്ചു, ഒരുപാട് ഒരുപാട് ആളുകളെ പരിചയപ്പെട്ടു, എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞ എത്രയോ പെൺകുട്ടികൾ,,,,, പക്ഷേ എനിക്ക് എന്റെ ജീവിതത്തിൽ, എന്റെ കൗമാര കാലത്ത് പോലും, ഒരു പെൺകുട്ടിയെ കണ്ടിട്ട്, ഇവൾ കൊള്ളാല്ലോ, അല്ലെങ്കിൽ എനിക്ക് ഇതുപോലെ ഒരു പെൺകുട്ടിയെ എന്റെ പാർട്ണർ ആയിട്ട് കിട്ടുമോ, ഇങ്ങനെ ഒരു മതിയായിരുന്നു,, എന്ന് തോന്നിയിട്ടേയില്ല… സത്യമാണ് കേട്ടോ..
എല്ലാവരുമായിട്ടും ഞാനൊരു ഹായ്…ഹലോ റിലേഷൻ മാത്രമൊള്ളൂ.
ഏതൊരു ആണിന്റെയും ജീവിതത്തിൽ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് ഒരു പെൺകുട്ടി കാണും. പക്ഷേ എനിക്ക് എന്റെ ബെസ്റ്റ്ഗേ ൾഫ്രണ്ട്സ് എന്ന് പറയുന്നത് എന്റെ ഹെലനും കാത്തുവും ആയിരുന്നു.
കാത്തു ആദ്യമായിട്ട് എംബിഎ പഠിക്കുവാനായി കോളേജിലേക്ക് പോയി, അന്ന് അവളെ അവിടെ ഇറക്കിയത് ഞാനായിരുന്നു.
ഇളം റോസ് നിറമുള്ള ഒരു കോട്ടൺ ചുരിദാർ ഒക്കെ ഇട്ട്, ഒരു പെൺകുട്ടി വഴിയോരത്ത് ചേർന്ന് നടന്നു പോകുന്നത്, ഞാൻ വെറുതെ ഒന്നു നോക്കി. കുളികഴിഞ്ഞ് ഈറൻ മുടിയൊക്കെ അഴിച്ചിട്ട്, കുളിപ്പിന്നലിന്റെ ഇടയിൽ അല്പം തുളസിക്കതിരൊക്കെ തിരുകി അവളങ്ങനെ നടന്നു പോകുകയാണ്.പിന്നിൽ നിന്നുമാണ് ഞാൻ അവളെ ആദ്യമായി കണ്ടത്.
എന്തൊരു ഐശ്വര്യമാണല്ലേ അച്ചായാ ആ കൊച്ചുനടന്നു പോകുന്നത്..
പെട്ടന്ന് കാത്തുവും എന്നോട് പറഞ്ഞു
അവളുടെ ഫെയ്സ് കാണുവാൻ എന്തോ വല്ലാത്തൊരു ആഗ്രഹം തോന്നി…
അപ്പോഴേക്കും റോഡ് ബ്ലോക്ക് ആയിരുന്നു… കോളേജ് കുട്ടികൾക്ക് ക്രോസ് ചെയ്യുവാനായി ഞാൻ വണ്ടി ഒതുക്കി കൊടുത്തു
പിന്നീട് ആ പെൺകുട്ടി അങ്ങ് നടന്നു പോയ്.
കാത്തുവിനെ ഇറക്കിയ ശേഷം അവിടമാകെ ഞാൻ തിരഞ്ഞു.
ആ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
എന്തോ… വല്ലാത്ത നിരാശയെന്റെ മനസിനെ കീഴ്പ്പെടുത്തി.
ഇതെന്താണോ ഇപ്പൊ ഇങ്ങനെയൊരു തോന്നലെന്നു ഞാൻ കുറെ ചിന്തിച്ചു… എനിയ്ക്ക് അവകാശപ്പെട്ടതാണെന്ന് ആരോപറയും പോലെ..
കുറെ രീതിയിൽ അവളുടെ മുഖം എങ്ങനെയാണെന്ന് ഓർത്തെടുക്കാൻ ഞാൻ ശ്രെമിച്ചു… പക്ഷെ കഴിഞ്ഞില്ല.
അന്ന് വൈകുന്നേരം കോളേജിലേക്ക് പോകാമെന്നും ആ പെൺകുട്ടിയെ കണ്ടെത്താമെന്നും ഞാൻ കരുതി.
പക്ഷെ കഴിഞ്ഞില്ല….
പപ്പയാണ് കാത്തുവിനെ കൂട്ടാൻ പോയത്.
കോളേജിൽ നിന്നും വന്നിറങ്ങിയ കാത്തു എന്റെയടുത്തേയ്ക്ക് ഓടി വന്നു..
അച്ചായാ….. നമ്മള് കാലത്തെ കണ്ട ആ റോസ് ചുരിദാറിട്ട കുട്ടിയില്ലേ… അവള് എന്റെ ക്ലാസ്സ് മേറ്റ് ആണ്.. പേര് പൗർണമി ബാബുരാജ്.. ഒരു പാവം പെൺകൊച്ചു…. എന്റെ തൊട്ടടുത്താണ് അവൾ ഇരിക്കുന്നത്. നന്നായി പഠിക്കുന്ന കുട്ടിയാണ്.. അവളെ കാണാൻ എന്തൊരു ക്യൂട്ട്നെസ്സ് ആണെന്നോ, എനിക്ക് അവളെ ഒരുപാടിഷ്ടമായി….
കാത്തു പറഞ്ഞതും എന്റെ ഹൃദയത്തിൽ ഒരു സ്ഫോടനംപോലെ ആയിരുന്നു..വല്ലാത്തൊരു പ്രകമ്പനം.
അടുത്ത ദിവസം കാത്തുവിനെ കോളേജിൽ അയക്കാൻ പോയപ്പോളും പൗർണമിയെ കാണാൻ ആയിരുന്നു എനിയ്ക്ക് തിടുക്കം..
പക്ഷെ കഴിഞ്ഞില്ല..
ആ പെൺകുട്ടിയ്ക്ക് പനി പിടിച്ചുന്നു കാത്തു പറഞ്ഞായിരുന്നു ഞാനറിഞ്ഞത്.
ആ ആഴ്ച മുഴുവൻ അവൾ ലീവ് ആയിരുന്നു.
ശനിയാഴ്ച രാവിലെ എനിയ്ക്ക് ഒരു മെയിൽ വരുന്നു, ബാംഗ്ലൂരിലെ ഒരു പ്രശസ്തമായ കമ്പനിയിലേക്ക്, ജോലി റെഡിയായി എന്ന് പറഞ്ഞ്.
ഞായറാഴ്ചതന്നെ തിരിക്കണം… എനിക്കാണെങ്കിൽ വേറൊരു ഓപ്ഷനും ഇല്ലായിരുന്നു.
അങ്ങനെ അടുത്ത ദിവസം ഉച്ചയോടു കൂടി ഞാൻ ബാംഗ്ലൂരിലേക്ക് പോകുന്നു.. അവിടെ ചെന്നശേഷം പിന്നീട് ജോലി തിരക്കുകൾ ആയിരുന്നു. നാട്ടിലേക്ക് വരാൻ ഒരു ചാൻസ് പോലും എനിക്ക് കിട്ടുന്നില്ല. എല്ലാദിവസവും രാത്രിയിൽ കാത്തു വിളിക്കുമ്പോൾ അവൾ പറയുന്നതു മുഴുവൻ അവളുടെ കൂട്ടുകാരിയായ പൗർണമിയുടെ വിശേഷങ്ങളായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം പെട്ടെന്ന് എന്തോ ഒരു ആവശ്യത്തിന് എനിക്ക് നാട്ടിലേക്ക് വരേണ്ടതായി വന്നു.
വെളുപ്പിനെ അഞ്ചു മണിയായി വീട്ടിലെത്തിയപ്പോൾ.
ഒരു കുളിയൊക്കെ കഴിഞ്ഞ് ഫ്രഷായിട്ട്, കുറച്ചു സമയം കിടന്നുറങ്ങി
കൃത്യം 8:00 മണിയായപ്പോൾ അലാറം വെച്ച് ചാടി എഴുന്നേൽക്കുകയായിരുന്നു.
ഓടിയിറങ്ങി വന്നപ്പോൾ കാത്തു കോളേജിലേക്ക് പോകാൻ റെഡി ആവുന്നുണ്ട്.
പപ്പയൊ അല്ലെങ്കിൽ ഡ്രൈവറോ, അവരിൽ ആരെങ്കിലും ആണ് കാത്തുവിനെ മിക്കവാറും കോളേജിലേക്ക് ഇറക്കുന്നത്.
അന്ന് ഞാൻ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞ്, നേരെ പോയി വണ്ടി സ്റ്റാർട്ട് ചെയ്തു.
യാത്രയിൽ ഉടനീളം മനപ്പൂർവ്വം പൗർണമിയെ കുറിച്ച് ഞാൻ അവളോട് ചോദിച്ചു.
അവൾ ഒരു പാവം നാട്ടിൻപുറത്തുകാരി പെൺകൊച്ച്, മനസ്സിൽ ഒരുപാട് നന്മയുള്ളവൾ, ഒരു സുന്ദരി പെണ്ണ്..
ഇതാണ് മിക്കവാറും കാത്തു പറയുന്ന ഡയലോഗ്..
അതൊക്കെ കേട്ട് ഞാനിങ്ങനെ
സന്തോഷത്തോടെ ഡ്രൈവ് ചെയ്തു പോയി.
കോളേജിന്റെ വാതിൽക്കൽ എത്തിയപ്പോൾ കാത്തു വിളിച്ചുകൂവി.
അച്ചായാ.. ദെ പൗമി പോകുന്നു.
എന്നാൽ അവൾ പറയും മുൻപേ ഞാനെന്റെ പൗർണമിയെ കണ്ടിരുന്നു..
കടും പച്ച നിറമുള്ള ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം.. ഞാൻ ആദ്യം കണ്ട പോലെ തന്നെ കുളിയൊക്കെ കഴിഞ്ഞ് മുടി മുഴുവനായും അഴിച്ചിട്ടുകൊണ്ട് നടന്നു വരുന്നവൾ.
കാത്തു കാറിൽ നിന്നും ചാടി ഇറങ്ങി, റോഡ് ക്രോസ് ചെയ്ത് അവളുടെ അരികിലേക്ക് പോയി.
ഞാൻ പെട്ടെന്ന് തന്നെ വണ്ടി മുന്നോട്ട് എടുത്ത് ഒതുക്കി നിർത്തി.
എന്നിട്ട് എന്റെ ഫോൺ കയ്യിലെടുത്തു.
ഇതായിരുന്നു അന്ന് ഞാൻ ആദ്യമായി കണ്ട എന്റെ പൗർണമിത്തിങ്കൾ.
തന്റെ ഫോൺ ഗാലറിയിൽ നിന്നും ഒരു ഫോട്ടോ zoom ചെയ്തു അലോഷി പൗർണമിയുടെ നേർക്ക് നീട്ടി……..തുടരും………