പൗർണമി തിങ്കൾ: ഭാഗം 72

പൗർണമി തിങ്കൾ: ഭാഗം 72

രചന: മിത്ര വിന്ദ

ഉച്ചക്ക് ശേഷം ഊണൊക്കെ കഴിഞ്ഞു ഒന്ന് അല്പനേരം വിശ്രമിയ്ക്കാൻ കിടക്കുകയാണ് ഉമ. തയ്യലൊക്കെ കഴിഞ്ഞു എന്നും ഇത്തിരി നേരം ഇങ്ങനെ കിടക്കുന്ന പതിവും ഉണ്ട്. ഇവിടെ ആരുമില്ലേ.... ഒരു പുരുഷന്റെ ശബ്ദം കേട്ട് ഉമ പുറത്തേക്ക് ഇറങ്ങി വന്നു. അവർ നോക്കിയപ്പോൾ പിന്തിരിഞ്ഞു നിൽക്കുകയാണ് ഒരു മനുഷ്യൻ ആരാ... മനസിലായില്ലല്ലോ. ഉമ അയാളെ നോക്കി പറഞ്ഞു ബാബുരാജ് ഇല്ലെ ഇവിടെ..? ഇല്ലലോ... ചേട്ടൻ ഊണും കഴിഞ്ഞു ഇപ്പൊ കവലയ്ക്ക് പോയതാ. ഞാൻ ബാബുവിന്റെ കൂടെ പഠിച്ച സോമൻ ആണ് ആഹ്.. എനിയ്ക്ക് മനസിലായി.. ഇടയ്ക്ക് ഒക്കെ ബാബുചേട്ടനെ വിളിക്കുന്നതല്ലേ.. ഉമ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു. അതെ.. അത് തന്നെ.. അയാളും ചിരിച്ചു.. അകത്തേക്ക് വരൂ... ഞാൻ ബാബുവേട്ടനെ വിളിക്കാം.. സോമൻ ഉമ്മറത്തേയ്ക്ക് കയറി ഇരുന്നപ്പോൾ ഉമ ഫോൺ എടുത്തു ബാബുരാജിനെ വിളിക്കുന്നത് കേട്ടു. സോമനും കുടുബവും കുറെ വർഷങ്ങൾക്ക് മുന്നേ ഹൈ റേഞ്ചിന് കേറിയതാണ്. വല്ല കാലത്തും നാട്ടിലേക്ക് വരുവൊള്ളൂ... അപ്പോളൊക്കെ ഇതുപോലെ ബാബുവിന്റെ വീട്ടിലും വരുന്നത് ആണ്. ബാബുചേട്ടൻ ഇപ്പൊ വരും... ഞാൻ കുടിക്കാൻ എടുക്കാം ചേട്ടാ.. ഉമ ഫോൺ കട്ട്‌ ചെയ്ത് കൊണ്ട് അയാളുടെ അരികിലേക്ക് വീണ്ടും വന്നു. ഒന്നും വേണ്ട കേട്ടോ.. ഞാൻ ഇപ്പൊ ഊണും കഴിച്ചു ഇറങ്ങിയേ ഒള്ളു. എന്നാലും ഇത്തിരി വെള്ളം എടുക്കാം ചേട്ടാ.. ഉമ പിന്നെയും പറഞ്ഞു ബാബു വരട്ടെ.. എന്നിട്ട് മതിന്നെ.... ചേട്ടൻ ഒറ്റയ്ക്ക് ആണോ വന്നേ.. അതോ...? അല്ല.. എന്റെ മോനും ഭാര്യേം ഉണ്ട്.. മോനിപ്പോ എന്ത് ചെയ്യുന്നു. അവൻ ബാങ്കിൽ ആണ്.. ഫെഡറൽ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ. അതെയോ.... മോളോ.. അവൾ പ്ലസ് ടു.. ഉമ സംസാരിച്ചുകൊണ്ട് നിന്നപ്പോഴായിരുന്നു ബാബുരാജിന്റെ ഓട്ടോ വരുന്നത് രണ്ടാളും കണ്ടത്. ആഹ് ബാബുച്ചേട്ടൻ പെട്ടന്ന് എത്തിയല്ലോ... ഉമ പറയുന്ന കേട്ടു കൊണ്ട് സോമൻ സാവധാനം എഴുന്നേറ്റു. ആഹ്.. ഇതെന്ത് പറ്റി.. ഒരു മുന്നറിയിപ്പുമില്ലാതെ.. ഒന്ന് വിളിച്ചു പോലുമില്ലല്ലോടാ....എത്ര നാളായി കണ്ടിട്ട് ബാബു വന്നിട്ട് കൂട്ടുകാരനെ കെട്ടിപിടിച്ചു. നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടിയാണ്, വിളിക്കാതെ വന്നത്.. ഈ സമയത്ത് മിക്കവാറും നീ വീട്ടിൽ കാണുമല്ലോ എന്ന് കരുതി. പക്ഷേ ഇവിടെ വന്നപ്പോൾ ഉമയാണ് പറഞ്ഞത്, നീയ് ചോറൂണ് ഒക്കെ കഴിഞ്ഞ് കവലയ്ക്ക് പോയെന്നുള്ളത്... 25 നോമ്പ് തുടങ്ങിയതുകൊണ്ട്, ഇടവക പള്ളിയിലെ ധ്യാനമാണ്. അപ്പൊ അത്യാവശ്യം ഓട്ടം ഒക്കെയുണ്ട്. അതുകൊണ്ട് പോയതാടാ.. ചെരിപ്പ് ഊരി നടവാതിലിൽ നിന്നും മാറ്റി ഇട്ട ശേഷം ബാബുരാജ് ഉമ്മറത്തേക്ക് കയറി. എന്നിട്ട് കൂട്ടുകാരന്റെ കൈയിൽ പിടിച്ചു കുലുക്കി. പിന്നെ എന്തൊക്കെ ഉണ്ടെടാ വിശേഷമൊക്കെ. നല്ല വിശേഷം... അങ്ങനെ ഇരുന്നപ്പോൾ തോന്നി ഇങ്ങോട്ടേക്ക് ഒക്കെ ഒന്നിറങ്ങണമെന്ന്.. ഹ്മ്... നീ തനിച്ചാണോ വന്നേ.. അതോ. അല്ലടാ... അവളും മോനും വന്നിട്ടുണ്ട്. ചേട്ടൻ പുള്ളിടെ വീട് വരെ പോയതാ.. ഹ്മ്....എന്നാൽപിന്നെ കൂട്ടിക്കൊണ്ട് വരാൻ പാടില്ലായിരുന്നോടാ... വരും... അവര് വരും. നീ വന്നേ.. ഇരിയ്ക്ക്... സോമൻ ആയിരുന്നു കൂട്ടുകാരന് വേണ്ടി കസേരയൊക്കെ നീക്കി ഇട്ടുകൊടുത്തത്. എടാ...... മൂത്ത മോൾക്ക് ജോലിയൊക്കെ എങ്ങനെ പോകുന്നു.. ഒരു മാസം ആയിട്ടില്ല.. വല്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.. തുടക്കം ആയോണ്ട്. ആഹ്... കുട്ടി ഇനി എന്നാണ് നാട്ടിലേക്ക് വരുന്നത് അറിയില്ലടാ... അവധി കിട്ടും പോലെ.. ഹ്മ്... നീയേ ഇന്ന് മോള് വിളിക്കുമ്പോൾ ഒന്നു പറയാമോ, അവധി കിട്ടുമോന്ന് ചോദിച്ചു നോക്കാന്. പെട്ടന്ന് സോമൻ പറയുന്നകേട്ടപ്പോൾ ബാബുരാജിന് കാര്യമൊന്നും മനസിലായില്ല. അടുക്കളയിൽ നിന്ന് കൊണ്ട് ചായയ്ക്ക് ഉള്ള പാല് പൊട്ടിച്ചു ഒഴിച്ച് കൊണ്ട്നിന്ന ഉമയ്ക്കും ഒന്നും പിടി കിട്ടിയില്ല.. എന്താടാ... എന്തെങ്കിലും പ്രശ്നം ഉണ്ടോ? ബാബുവിന്റെ ശബ്ദം ഒന്നു താണ് പോയി. ഒപ്പം നെഞ്ചിടിപ്പും ഏറി. വളച്ചു കെട്ടാതെ ഞാൻ കാര്യം അങ്ങട് പറഞ്ഞേക്കാം, എന്റെ ഒരേ ഒരു മകൻ നിഖിലിന് കല്യാണം ആലോചിക്കുന്നുണ്ട്. അപ്പൊ എനിയ്ക്കും എന്റെ ഭാര്യ സീതയ്ക്കും ഒരു ആഗ്രഹം,,, നിന്റെ മകൾ പൗർണമിയെ ഞങളുടെ കൂടി മകളാക്കിയാലോന്നു. മകനോട് ചോദിച്ചപ്പോൾ അച്ഛൻ പോയി സംസാരിക്കാൻ ആയിരുന്നു അവനും പറഞ്ഞത്... സോമൻ പറയുന്ന കേട്ട് ഉമയുടെ മുഖം വിടർന്നു.. ഈശ്വരാ....... ഇതിനായിരുന്നോ ഈ ചേട്ടൻ വന്നത്.അതെ അവസ്ഥയിൽ തന്നെയാണ് ബാബുവും. നീയും ഉമയും മക്കളും ഒക്കെ കൂടി നന്നായിട്ട് ആലോചിക്ക്.. ആലോചിച്ചു തീരുമാനo പറഞ്ഞാൽ മതി. ഇതിപ്പോ കൂട്ടുകാരൻ ആണലോ, അവന്റെ മകൻ ആണല്ലോ എന്നൊന്നും യാതൊരു ചിന്തയും വേണ്ട കേട്ടോ.. നിന്റെ മകളുടെ ജീവിതമാണ്, അവൾക്കു പൂർണമായ ഇഷ്ട്ടം ഉണ്ടെങ്കിൽ മാത്രം മുന്നോട്ട് പോകാം. അല്ലാണ്ട് വേറെ ഒരു ബന്ധവും ഇതിന്റെ ഇടയ്ക്ക് കൂട്ടി കിഴിയ്ക്കാൻ നിൽക്കണ്ട.. ചായയും ആയിട്ട് ഇറങ്ങി വന്ന ഉമയോടും അയാൾ എല്ലാം തുറന്ന് പറഞ്ഞു. ഉമ പക്ഷെ ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടു നിന്നതേ ഒള്ളു. **.. ഇച്ചായാ.... ലഞ്ച് പോലും കഴിക്കാതെ ഇങ്ങനെ തിരക്ക് ആയാൽ വല്യ കഷ്ടമാണ് കേട്ടോ. ബർത്ത്ഡേ ആയിക്കൊണ്ട് ഫുഡ്‌ പോലും കഴിച്ചില്ലല്ലോ.. കഷ്ടം തന്നെ . പുറത്തു എവിടെയോ പോയിട്ട് കയറി വന്ന അലോഷിയെ നോക്കി പൗർണമി ദേഷ്യപ്പെട്ടു..... സമയം അപ്പോള് 3.30.. എടി കൊച്ചേ, ആകെ ബിസി ആയിരുന്നു. ഞാൻ ബാങ്കിൽ പോയതാ.. ഒന്നു രണ്ട് ട്രാൻസാക്ഷൻസ്.അത് ഞാൻ നേരിട്ട് ചെന്ന് ക്ലിയർ ചെയ്യണം.. അതുകൊണ്ടാ... നീ കഴിച്ചായിരുന്നോ അവന്റെ ചോദ്യത്തിന് മറുപടിയായ് പൗർണമി ഒന്ന് തുറിച്ചു നോക്കി. മുഖം വീർപ്പിച്ചു ഇരിക്കുന്ന തന്റെ പെണ്ണിനെ കണ്ടപ്പോൾ അലോഷിയ്ക്ക് ചിരി പൊട്ടി.. നീ വാ.. നമ്മുക്ക് ഒരുമിച്ചു കഴിക്കാം കൊച്ചേ.ഇച്ചായന്റെ പൗമിപെണ്ണിന്റെ കൈയിൽ നിന്നും വേണം ആദ്യത്തെ ഉരുള കഴിയ്ക്കാൻ അലോഷി അവളുടെ കവിളിൽ ഒന്ന് പിച്ചിക്കൊണ്ട് പറഞ്ഞു...തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story