പൗർണമി തിങ്കൾ: ഭാഗം 75
രചന: മിത്ര വിന്ദ
വീട്ടിൽ എത്തിയ ശേഷം പൗർണമി അസ്സലൊരു കുളിയൊക്കെ അങ്ങട് നടത്തി. അത് കഴിഞ്ഞു ആയിരുന്നു അവളൊന്നു ഉഷാർ ആയതു പോലും.
അലോഷി ആ നേരത്ത് പപ്പയെ ഫോണിൽ വിളിക്കുന്നുണ്ട്.
വെളിയിൽ നിന്ന് ഭക്ഷണം കഴിച്ചു വന്നതുകൊണ്ട്, ഇന്നിനി പ്രത്യേകിച്ചൊന്നും വേണ്ട എന്നാണ് പൗർണമി കണക്ക് കൂട്ടിയത്.
എന്നാലും കുളിയൊക്കെ കഴിഞ്ഞപ്പോൾ അവൾക്ക് പിന്നെയും വിശന്നു.
അടുക്കളയിലേക്ക് ചെന്നിട്ട് നല്ല അസ്സൽ ഒരു കോഫി ഉണ്ടാക്കി..
ഇച്ചായ.. ഒരു കോഫി കുടിയ്ക്ക്.
അവൾ അതുമായി അലോഷിയുടെ അടുത്തേയ്ക് ചെന്നു.
കുളിച്ചില്ല പെണ്ണെ.. നീ എടുത്തു വെച്ചേക്ക്. ഞാൻ പെട്ടന്ന് വരാം.
കുളിയും കുരിശുവരയും ഒക്കെ കഴിഞ്ഞ് ഇനി എപ്പോഴാ കോഫി കുടിക്കുന്നത്, ഇത് പെട്ടെന്ന് അങ്ങ് കുടിക്ക്, എന്നിട്ട് കുളിക്കാം.
പൗർണമി നിർബന്ധിച്ചപ്പോൾ അലോഷി അവളുടെ അരികിൽ ആയി ഇരുന്ന് കോഫി കുടിയ്ക്കാൻ തുടങ്ങി.
അച്ഛൻ വിളിച്ചായിരുന്നോടി പെണ്ണെ..
അലോഷി ചോദിക്കുമ്പോഴാണ് പൗർണമി ആ കാര്യം പോലും ഓർക്കുന്നത്,
യ്യോ, സത്യായിട്ടും ഞാൻ അത് മറന്നു പോയി, അച്ഛനെ ഒന്നു വിളിച്ചു നോക്കട്ടെ.
ഹമ്.. M എന്തോ തക്കതായ കാര്യമുണ്ട് കേട്ടോ കൊച്ചേ, നോക്കി കണ്ടും വേണം സംസാരിക്കാന്.
അലോഷി അല്പം ഗൗരവത്തിൽ പറഞ്ഞു.
പെട്ടെന്ന് പൗർണമി അവനെ ഒന്ന് നോക്കി.
അതെന്താ ഇച്ചായൻ അങ്ങനെ പറഞ്ഞത്.
ആവോ… നീയൊന്നു വിളിച്ചു നോക്ക്.
ഇച്ചായന് എന്തെങ്കിലും സംശയമുണ്ടോ.
വീണ്ടും അവൾ ചോദിച്ചു.
എനിക്ക് സംശയം ഒന്നുമില്ലന്നേ.നീ വിളിക്കു കൊച്ചേ…
പിന്നെന്താ പെട്ടെന്ന് ഇങ്ങനെ പറയാൻ കാരണം.?
ഹേയ്.. ഒന്നുല്ല… ഞാൻ പറഞ്ഞത് ഒന്ന് ശ്രദ്ധിച്ചാൽ മതി.
നോക്കിയും കണ്ടും വളരെ സൂക്ഷിച്ചു മാത്രം നീ അച്ഛനോട് സംസാരിക്കുക. ആലോചിച്ച് ഉത്തരം കൊടുക്കുക.ഓക്കേ… ഞാനൊന്നു പോയി കുളിച്ചിട്ട് വേഗം വരാം.
പൗർണമിയുടെ കവിളിൽ ഒന്ന് തട്ടിയ ശേഷം അലോഷി എഴുന്നേറ്റ് അവന്റെ റൂമിലേക്ക് പോയി..
പൗർണമിയുടെ അച്ഛന്റെ സംസാരത്തിൽ നിന്നും ഏകദേശം കാര്യങ്ങളൊക്കെ അലോഷിക്കു വ്യക്തമായിരുന്നു..
അവൾക്കൊരു പ്രൊപ്പോസൽ വന്നു എന്നുള്ളത് അവൻ തീർച്ചപ്പെടുത്തി. അതുകൊണ്ടാണ് അങ്ങനെ പൗർണമിയോട് പറഞ്ഞിട്ട് പോയതും.
പൗർണമി വേഗം തന്നെ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു
ഹെലോ മോളെ
അച്ഛാ കുറച്ച് ബിസിയായി പോയി അതാണ് വിളിക്കാൻ ലേറ്റ് ആയത്, അച്ഛനിപ്പോ എവിടെയാ വീട്ടിൽ വന്നൊ .
ഞാൻ വീട്ടിൽ വന്നിട്ട് കുറച്ചു സമയമായി, മോള് തിരക്കാണെന്ന് തോന്നിയിരുന്നു. ചോറൊക്കെ ഉണ്ടോ മോളെ.
ഉവ്വ് കഴിച്ചു.. അച്ഛനോ.
ഞങ്ങളും കഴിച്ചു.
മ്മ്… അച്ഛൻ എന്താണ് എന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്. ഞാനാ തിരക്കിനിടയിൽ വിട്ടുപോയിരുന്നു.
പൗർണമി വേഗം ചോദിച്ചു
മോളെ,,, അത് പിന്നെ, ഇന്നിവിടെ അച്ഛന്റെ ഒരു ഫ്രണ്ട് വന്നിരുന്നു. നിനക്കറിയാം സോമനങ്കിൾ, ഹൈറേഞ്ചില് താമസിക്കുന്ന…
ആഹ്.. എനിക്ക് മനസ്സിലായി, അങ്കിള് വെറുതെ വന്നതാണോ അച്ഛാ.
വെറുതെ വന്നതാണെന്ന് ഞാൻ കരുതിയത്, പക്ഷേ സംസാരിച്ചപ്പോഴാണ് അറിയുന്നത് ആളൊരു കല്യാണ ആലോചനയുമായി എത്തിയതാണെന്ന്.
ബാബുരാജ് പറയുന്നത് കേട്ടതും പൗർണമിയുടെ നെഞ്ചിൽ ഇടിത്തി വീണ അവസ്ഥയായിരുന്നു..
ശ്വാസമടക്കി പിടിച്ചുകൊണ്ട് അയാൾ പറയുന്നത് കേട്ട് അവൾ സെറ്റിയിൽ അമർന്നിരുന്നു.
സോമനങ്കിളിന്റെ മകൻ നിഖിൽ ഫെഡറൽ ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ്. തൊടുപുഴയിലാണ് ആ പയ്യൻ വർക്ക് ചെയ്യുന്നത്. ഞാൻ ചെറുപ്പത്തിലെ കണ്ടതാണ് കേട്ടോ, ഇപ്പൊ കുറെയായില്ലോ, അതുകൊണ്ട് ആള് കാണാൻ എങ്ങനെയാണെന്ന് എനിക്കറിഞ്ഞുകൂടാ, എന്തൊക്കെ ആയാലും,സ്ഥിര വരുമാനമുള്ള ഒരു ജോലിയുണ്ട്,സോമനും ഭാര്യയുമൊക്കെ, നല്ല ആളുകളാണ്. ഒരു മോളും കൂടിയുണ്ട് അവർക്ക് ആ കൊച്ചു പഠിക്കുവാ..
അച്ഛൻ വാചാലനാകുന്നത് ഒരു ഞെട്ടലോടുകൂടിയാണ് പൗമി മനസ്സിലാക്കിയത്..
മോളെ…. നീ വെച്ചിട്ട് പോയോ.
അമ്മയുടെ ഭാഗത്ത് നിന്നും അനക്കമൊന്നും വരാഞ്ഞപ്പോൾ, അയാൾ ചോദിച്ചു..
ഇല്ലച്ചാ….. ഞാൻ കേൾക്കുന്നുണ്ട്. അവൾ പിറുപിറുത്തു.
അപ്പോൾ എങ്ങനെയാണ് മോളെ കാര്യങ്ങളൊക്കെ, ഇവിടെ അമ്മയ്ക്കും കുഞ്ഞിക്കും ഒക്കെ ഭയങ്കര സന്തോഷമാണ്. നിനക്ക് ഈ അടുത്ത ദിവസം എങ്ങാനും ലീവ് കിട്ടുമോ, അങ്ങനെയാണെങ്കിൽ ഇങ്ങോട്ടേക്ക് ഒന്ന് ഇറങ്ങു.
അച്ഛാ എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട… ഒരു ജോലിക്ക് കയറിയതല്ലേ ഉള്ളൂ.. രണ്ടുവർഷം കൂടി കഴിയട്ടെ, അത്രമാത്രം പ്രായമൊന്നും എനിക്ക് ആയില്ലല്ലോ അച്ഛാ… പിന്നെന്തിനാ ധൃതി.
പൗർണമി സാവധാനം അച്ഛനോട് പറയുകയാണ്.
ദൃതി ഒന്നുമില്ല മോളെ… എന്തായാലും നിനക്ക് ആദ്യമായിട്ട് ഒരു ആലോചന വരുന്നതല്ലേ, അതുകൊണ്ട് അച്ഛൻ പറഞ്ഞതാ കേട്ടോ.. എന്റെ മോൾക്ക് ഇഷ്ട്ടമായില്ലെങ്കിൽ വേണ്ട.. നമ്മൾക്ക് അത് ക്യാൻസൽ ചെയ്യാം.
വാത്സല്യത്തോടെ അച്ഛൻ പറയുന്നത് കേട്ടപ്പോഴാണ് അവൾക്ക് സമാധാനമായത്.
പെട്ടന്നായിരുന്നു ഉമ ഫോൺ അയാളോട് വാങ്ങിയത്..
മോളെ.. പൗർണമി..
ആഹ് അമ്മേ…
നിനക്ക് ലീവ് കിട്ടുമോന്ന് തിരക്ക് കേട്ടോ.. എന്നിട്ട് ഈ ഞായറാഴ്ചഒന്ന് വാ മോളെ.. ഇവരൊക്കെ ആകുമ്പോൾ നമുക്ക് അറിയാവുന്ന ആളുകൾ അല്ലേ..
അങ്ങനെ പെട്ടെന്ന് ചോദിക്കുമ്പോൾ ഒന്നും ലീവ് ശരിയാവില്ലമ്മേ,, ഞാൻ ജോയിൻ ചെയ്തിട്ട് ഒരു മാസം പോലും ആയില്ലല്ലോ. അതോണ്ടാ.
എന്നാലും എന്തെങ്കിലും പറഞ്ഞുനോക്കൂ മോളെ.. എന്നിട്ട് സാധിക്കുമെങ്കിൽ മോൾ ഒന്ന് വാ M ആ പയ്യനെ കണ്ടിട്ട് പെട്ടെന്ന് തിരിച്ചു പോകാം.
അമ്മേ,,, എനിക്കിപ്പോൾ കല്യാണം ഒന്നും വേണ്ട പിന്നെ ഞാനെന്തിനാ വെറുതെ വന്നിട്ട് ആ ചെക്കനെ കാണുന്നത്.. അച്ഛനോട് ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.
എന്റെ മോളെ നിനക്കിപ്പോൾ മംഗല്യഭാഗ്യമായി കാണും, അതാണ് കല്യാണാലോചന വരുന്നത്, നിന്റെ സൗകര്യം നോക്കി നിന്നാലേ, ചിലപ്പോൾ കാലങ്ങൾ അങ്ങ് കടന്നു പോകും. അതുകൊണ്ട് അമ്മ പറയുന്നത് അനുസരിച്ച്, നീയൊന്ന് ലീവെടുത്ത് വരാൻ നോക്ക്. വല്യച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിലാണെന്നോ അങ്ങനെ എന്തെങ്കിലും പറയാൻ നോക്ക്.
ഉമ പിന്നെയും അവളെ നിർബന്ധിച്ചു..
എനിക്കിപ്പോൾ കല്യാണം വേണ്ട… ഇനി ഇതുപറഞ്ഞ് അമ്മ ഇങ്ങോട്ട് ദയവുചെയ്ത് വിളിക്കരുത്. ഒന്നാമത് എനിക്ക് ജോലിസ്ഥലത്ത്, ഒരുപാട് ടെൻഷൻ ഉള്ളതാണ്. അതിന്റെ കൂടെ, ഇതും കൂടി താങ്ങാൻ വയ്യ.
എടി കൊച്ചേ… നീ ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ എന്താ ചെയ്യുക…..?
അമ്മ തൽക്കാലം ഒന്നും ചെയ്യേണ്ട അച്ഛന്റെ കയ്യിൽ ഫോൺ ഒന്ന് കൊടുക്ക്.
പൗർണമി ഇത്തിരി ദേഷ്യത്തിൽ അമ്മയോട് സംസാരിച്ചത്. അതും ആദ്യമായിട്ട്.
ബാബുച്ചേട്ടാ… ഫോണിന്നാ… അവള് പറഞ്ഞു നിങ്ങടെ കൈയിൽ കൊടുക്കാന്.
ഉമ പറയുന്നത് പൗർണമി കേൾക്കുന്നുണ്ട്.
ആ സമയത്ത് അലോഷി കുളിച്ചു കഴിഞ്ഞു ഇറങ്ങി വന്നത്.
അവനെ കണ്ടതും പൗർണമിയുടെ മിഴികൾ നിറഞ്ഞുപോയി.
ഹെലോ.. മോളെ..
അച്ഛന്റെ ശബ്ദം അവൾ കേട്ടു.
ആഹ് അച്ഛാ… സോമനങ്കിളിനോട് എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ടെന്നു പറഞ്ഞേക്ക്..കുറച്ചുടെ കഴിയട്ടെ കേട്ടോ.
ഹമ്… ശരി ശരി… എന്റെ മോള് ടെൻഷനാകുവൊന്നും വേണ്ട, അച്ഛൻ സംസാരിച്ചോളാം കേട്ടോ..
മ്മ്….
ഫോൺ കട്ട് ചെയ്ത ശേഷം പൗർണമി അലോഷിയെ ഒന്നു നോക്കി…..തുടരും………