Novel

പ്രണയം: ഭാഗം 1

എഴുത്തുകാരി: കണ്ണന്റെ രാധ

അമ്പാട്ട് വീടിന്റെ നടുമുറ്റത്തെ തുളസിതറയിൽ വിളക്ക് തെളിഞ്ഞപ്പോൾ നെഞ്ചിൽ കൈ വച്ചു പ്രാർത്ഥിച്ചു വേണു, ഒപ്പം തന്നെ ആ ദീപത്തെക്കാൾ പ്രഭയുണ്ട് അത് തെളിയിച്ച കീർത്തനയ്ക്ക് എന്ന് അയാൾക്ക് തോന്നി.

അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു തിരികെ വീട്ടിലേക്ക് ഇറങ്ങുകയായിരുന്നു അയാൾ, വർഷങ്ങൾ ആയി അമ്പാട്ട് വീട്ടിലെ ഡ്രൈവർ ആണ് അയാൾ, അമ്പാട്ടെ കരുണൻ മേനോന്റെ കാലം മുതൽ അയാൾക്ക് ആൾക്കൊപ്പം കൂടിയത് ആണ്. ഇപ്പോൾ മകൻ കൃഷ്ണൻ മേനോന് ഒപ്പം ആണ്. കരുണാകരൻ മേനോന്റെ 4 മക്കളിൽ അവസാനത്തെ പുത്രൻ ആണ് കൃഷ്ണ മേനോൻ, അയാൾക്ക് മുകളിൽ രണ്ട് ജേഷ്ഠന്മാരും ഒരു ജേഷ്ഠത്തിയും ആണ് ഉള്ളത്.

അമ്പാട്ട് കരുണാകരൻ മേനോൻ നാലു തലമുറയ്ക്ക് ഇരുന്നു ഉണ്ണാനുള്ളത് സമ്പാദിച്ചിട്ടുണ്ട്. സ്വത്ത് ഭാഗം വെച്ചപ്പോൾ നാലു മക്കൾക്കും ഒരേ പോലെയാണ് നൽകിയത് തറവാട് വീടും പുരയിടവും ഇളയ മകൻ കൃഷ്ണൻ മേനോന് ലഭിച്ചു. കൃഷ്ണൻ മേനോന് നന്നായി ഡ്രൈവിംഗ് അറിയാം എങ്കിലും തന്നെ മാറ്റാതെ വച്ചിരിക്കുന്നത് അച്ഛന്റെ വിശ്വസ്തനായിരുന്നു എന്നതുകൊണ്ടാണ്. പലപ്പോഴും ഉള്ള യാത്രകളിൽ അദ്ദേഹം തന്നെയാണ് ഡ്രൈവ് ചെയ്യുന്നത് തന്നെ എപ്പോഴും കോ ഡ്രൈവർ സീറ്റിലാണ് ഇരുത്താറുള്ളത്, തന്നോട് എന്നും അദ്ദേഹത്തിന് ഒരു ബഹുമാനം ഉണ്ട് എന്ന് വേണുവിനറിയാം.

” അങ്കിൾ ഇറങ്ങാൻ നിൽക്കുകയാണോ

അരികിൽ വന്നുകൊണ്ടുള്ള കീർത്തനയുടെ ചോദ്യമാണ് അയാളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

” അതേ മോളെ,  മോള് ദീപം വയ്ക്കുന്നതും കൂടി കഴിയട്ടെ എന്ന് കരുതി,

” ഇന്ന് താമസിച്ചു പോയല്ലോ എന്തുപറ്റി..?

” അച്ഛൻ ഇന്ന് രണ്ടുമൂന്നു സ്ഥലങ്ങളിൽ പോകാൻ ഉണ്ടായിരുന്നു.

” വീണയുടെ റിസൾട്ട് വന്നോ

” ഉവ്വ് തട്ടിമുട്ടി ജയിച്ചിട്ടുണ്ട്

തന്റെ ഇളയ മകളായ വീണക്കൊപ്പമാണ് അവൾ കോളേജിൽ പഠിച്ചിരുന്നത്. ഡിഗ്രി സെക്കന്റ്‌ ഇയർ പരീക്ഷ കഴിഞ്ഞ് ഇരിക്കുക ആണ് രണ്ടാളും,

” മോൾക്ക് നല്ല മാർക്ക് ഉണ്ടാവും ഇല്ലേ

” അങ്ങനെ വലിയ മാർക്ക് ഒന്നുമില്ല എങ്കിലും അത്യാവശ്യം കുഴപ്പമില്ലാത്ത മാർക്കുണ്ട്

” മോൾക്ക് വേണ്ടി അച്ഛൻ ഒരു സീറ്റ് എവിടെയോ പറഞ്ഞുവെച്ചിട്ടുണ്ട് എം ബി എയ്ക്കോ മറ്റോ

” അങ്ങനെ പഠിക്കുന്നതിന് ഒരു സുഖമില്ല അങ്കിളെ നമ്മൾ തന്നെ കഷ്ടപ്പെട്ട് പഠിച്ചാലെ  ഒരു സുഖം കിട്ടു,

” നന്ദേട്ടന് ജോലിയുടെ കാര്യം എന്തെങ്കിലും ശരിയായോ..?

” ഒരാൺതരിയല്ലേ എന്ന് കരുതി ഉള്ള സമ്പാദ്യം മുഴുവൻ ചെലവാക്കി പഠിപ്പിച്ചത് അവനെയാ, എന്നിട്ടിപ്പോ അവന് ഒരു വിധത്തിലും നല്ലൊരു ജോലി കിട്ടുന്നില്ലെന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് നല്ലതാണെന്ന് പറഞ്ഞ് അന്ന് പഠിച്ചത്, അതിന്റെ കടം ഇപ്പോഴും വീട്ടാതെ കിടക്കുക, ആകെ പാടെ ആശ്വാസം അവന് ചെയ്യാൻ അറിയാത്ത പരിപാടികൾ ഇല്ല എന്നുള്ളത് മാത്രമാണ്, ഇന്നും പോയിട്ടുണ്ട് ഏതൊരു ഇന്റർവ്യൂവിന്, ഇന്റർവ്യൂ ഒക്കെ പാസാകും പക്ഷേ  ശമ്പളം പറയുമ്പോൾ 12000 രൂപയിൽ കൂടുതൽ കാണില്ല. അതിലും കുറവ് ശമ്പളത്തിന് എക്സ്പീരിയൻസിന് വേണ്ടി കയറാൻ ഇഷ്ടംപോലെ എൻജിനീയർമാരെ കാത്തിരിക്കുകയാണ്, അവന്റെയൊരു കൂട്ടുകാരൻ കഴിഞ്ഞദിവസം ഗൾഫിനു പോയി. ആ കൂട്ടുകാരന്റെ ഒരു ഓട്ടോറിക്ഷ വീട്ടിൽ കൊണ്ട് നീട്ടിയിട്ടുണ്ട് ഓട്ടോറിക്ഷയും കൊണ്ട് സ്റ്റാൻഡിൽ പോക്കാ അവന്റെ പരിപാടി, ഇന്നലെയൊക്കെ ഓട്ടം കിട്ടി എന്ന് പറയുന്നത് കേട്ടു. ലക്ഷങ്ങൾ മുടക്കി ചെലവാക്കിയത് ഒരു ഓട്ടോക്കാരനായ കാണാനായിരിക്കും വിധി, അവൻ പറയുന്നത് എം ബി എ യോ മറ്റോ പഠിച്ചാലേ ഇനിയും നല്ല ജോലി കിട്ടുന്ന ഇനി അതിന് മുടക്കാൻ എന്റെ കൈ പൈസ ഒന്നുമില്ല,

വേണു തന്റെ വിഷമങ്ങളുടെ കെട്ട് അവളുടെ മുൻപിൽ അഴിച്ചു

കുറച്ച് അധികം കാലങ്ങളായി കീർത്തനയുടെ മനസ്സിൽ കയറി പറ്റിയ രൂപമാണ് വേണുവിന്റെ മകൻ നന്ദന്റെ. കീർത്തന പത്താം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ നന്ദനോട് ഒരു ഇഷ്ടമുണ്ട് അത് നന്ദൻ ഒഴികെ കീർത്തനയെ പരിചയമുള്ള പലർക്കും അറിയാവുന്ന കാര്യമാണ് നന്ദന്റെ സഹോദരി വീണയ്ക്ക് വരെ, അവനെ കാണാൻ വേണ്ടി മാത്രം ഇടയ്ക്ക് വീണേ കാണാൻ എന്ന് വ്യാജേനെ വേണുവിന്റെ വീട്ടിലെ അവളുടെ വരവും പോക്കും ഇതുവരെ ആരിലും സംശയം ജനിപ്പിച്ചിട്ടില്ല,

നന്ദനെ കാണാൻ വേണ്ടിയാണു ഈ പോക്ക് എങ്കിലും ഇതുവരെ കാണുമ്പോൾ ഒരു പുഞ്ചിരി അല്ലാതെ അവന്റെ ഭാഗത്തു നിന്നും അനുകൂലമായ മറ്റൊരു പ്രതികരണവും ഇതുവരെ അവൾക്ക് ലഭിച്ചിട്ടില്ല, അവളോട് പ്രത്യേകിച്ച് മമതയോ താൽപര്യമോ അവനുള്ളതായി തോന്നിയിട്ടുമില്ല. അച്ഛന്റെ മുതലാളിയുടെ മകൾ ആ ഒരു അകലം ഇട്ടു തന്നെയാണ് അവൻ അവൾക്ക് അരികിൽ നിന്നിട്ടുള്ളത് , കാലങ്ങൾക്ക് മുൻപേ തന്റെ മനസ്സ് കവർന്നവൻ ആണ് അവൻ എന്ന് പറയാനുള്ള ധൈര്യം കീർത്തനയ്ക്ക് ഉണ്ടായിട്ടുമില്ല. അവൾ അവനോട് അടങ്ങാത്ത പ്രണയം ആണെങ്കിലും പലപ്പോഴും അവനെ കാണുമ്പോൾ നിർന്നിമേഷയായി നിന്നു പോകുകയാണ് അവൾ ചെയ്യുക. അവനെ കാണുമ്പോൾ മുതൽ ശരീരം നിശ്ചലമാവുകയാണ് പിന്നീട് വാക്കുകൾ പോലും പുറത്തു വരില്ല.

നന്നേ വെളുത്ത വട്ട മുഖത്തിന്‌ മറ്റേക്കുന്ന കറുത്ത കട്ടിമീശയും കുറ്റി താടിയും, നീണ്ടു വിടർന്ന കണ്ണുകൾ ചിരിക്കുമ്പോൾ മാത്രം ചുരുങ്ങും, നെറ്റിയെ മൂടി കിടക്കുന്ന അളകങ്ങൾ, ഇളം ചുവപ്പ് നിറമുള്ള അധരങ്ങൾ അവൻ പുകവലിക്കാറില്ല എന്ന് തെളിയിക്കുന്നു. 6 അടി നീളവും അതിനൊത്ത വണ്ണവും ആയി എല്ലാം തികഞ്ഞ ആണൊരത്തൻ. ഏതു പെണ്ണും മോഹിച്ചു പോകുന്ന സുന്ദര രൂപം, വർഷങ്ങൾക്ക് മുന്നേ കീർത്തനയുടെ ഉള്ളിൽ ഇടം പിടിച്ചൊരു പുരുഷ രൂപം,

ഇടയ്ക്കൊക്കെ വീട്ടിലെ ഓരോ കാര്യങ്ങൾക്ക് അച്ഛൻ വിളിക്കാറുണ്ട്, അച്ഛനും ആളെ വല്ല്യ കാര്യം ആണ്, എന്നാൽ അമ്മയ്ക്ക് അങ്ങനെ അല്ല ജോലിക്കാരോടോ അവരുടെ മക്കളോട് ഒന്നും കൂടുതൽ അടുപ്പം കാണിക്കുന്നത് അമ്മയ്ക്ക് ഇഷ്ടം അല്ല. ജോലിക്കാരെ അവരുടെ സ്ഥാനത്ത് നിർത്തണം എന്ന് അമ്മ എപ്പോഴും അച്ഛനോട് പറയാറുണ്ട്. അമ്മയുടെ അതേ രീതിയാണ് അനുജത്തി കാർത്തികയ്ക്കും. പ്ലസ് വണ്ണിലെ ആയിട്ടുള്ളു എങ്കിലും ആൾക്ക് അയിത്തം ഒക്കെ ഉണ്ടെന്ന് തോന്നിട്ടുണ്ട്. നന്ദന് പ്ലംബിങ്ങും വയറിങ്ങും തുടങ്ങി ടാപ്പിംഗ് വരെ അറിയാം, വേണുവിന് വയ്യാത്തപ്പോൾ പലപ്പോഴും വണ്ടി ഓടിക്കാനും വരാറുണ്ട്, അവൻ വരുന്ന ദിവസങ്ങളിൽ മാത്രം പലപ്പോഴും കാരണങ്ങൾ ഉണ്ടാക്കി ഓരോ സ്ഥലത്ത് പോകാൻ ശ്രമിക്കാറുണ്ട്. അത്രയും സമയം കൂടി ആളെ കാണാമല്ലോ, പക്ഷേ തനിക്കൊപ്പം ഉള്ള  യാത്രകളിൽ ഒന്നും തന്നെ അവൻ അധികമായി തന്നോട് സംസാരിച്ചിട്ടില്ല. അങ്ങോട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി മാത്രം, പിന്നെ പതിവുള്ള പുഞ്ചിരിയും,

എങ്കിലും അവനൊപ്പമുള്ള ഓരോ യാത്രകളും അത്രമേൽ പ്രിയപ്പെട്ടത് ആയിരുന്നു

“എങ്കിൽ ഞാൻ ഇറങ്ങട്ടെ മോളെ

വേണു ചോദിച്ചു, അവൾ പെട്ടന്ന് തലയാട്ടി കാണിച്ചിരുന്നു

വൈകുന്നേരം വേണു വീട്ടിലേക്ക് ചെന്ന പുറകെ അവിടേക്ക് നന്ദനും എത്തി, കൈയ്യിൽ ഇരുന്ന കവർ അവൻ അമ്മയുടെ കൈയ്യിലേക്ക് കൊടുത്തു,

“പുഴ മീനാണ്, ഞങ്ങൾ പിടിച്ചതാ മുളകിട്ട് കറി വയ്ക്ക് ഉണ്ടേൽ കുറച്ചു കപ്പയും പുഴുങ്ങിക്കോ

ഉത്സാഹത്തോടെ അവൻ പറഞ്ഞു

“നീ മീൻ കച്ചവടവും തുടങ്ങിയോ..?

വേണു ഒരു കള്ളിമുണ്ടും ഉടുത്തു മുറിയിൽ നിന്ന് ഇറങ്ങി വന്നു ചോദിച്ചു

“അതിനെന്താ അച്ഛാ കുഴപ്പം അതും നല്ലത് അല്ലേ, ഒരു കിലോ മത്തിയ്ക്ക് വരെ കൊല്ലുന്ന വിലയാ, അങ്ങനെ വല്ലോം തുടങ്ങിയാലേ രക്ഷപെട്ടു പോകു

“അതിനാണോ നീ എഞ്ചിനീയറിങ് വരെ പഠിച്ചത്

“ശരിയാ, അന്ന് ലോണെടുത്തു വല്ല പെട്ടിഓട്ടോയും വാങ്ങിയാൽ മതിയാരുന്നു മീൻ വില്പന എങ്കിലും നടന്നേനെ, ഇങ്ങനെ ഇന്റർവ്യൂവിന് ലേലം വിളിച്ചു മടുത്തു

മകന്റെ അവസ്ഥ കണ്ടിട്ട് അയാൾക്ക് വേദന തോന്നി, തനിക്കോ പഠിക്കാൻ കഴിഞ്ഞില്ല, ആ അവസ്ഥ തന്റെ മക്കൾക്ക് ഉണ്ടാകരുത് എന്ന് ഓർത്താണ് മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തത്, വീട് ലോൺ വച്ചാണ് മകനെ പഠിപ്പിച്ചത് എന്നിട്ടും ഒരു ഗുണവും ഇല്ലാതെ ആയി പോയി, പാരമ്പര്യമായിട്ടുള്ള കൊല്ലപണി ചെയ്താൽ പോലും കിട്ടും ദിവസം പത്തുരണ്ടായിരം രൂപ ഇത് അതുപോലും ഇല്ല, എങ്കിലും എന്തേലുമൊക്കെ ജോലി ചെയ്തവൻ ദിവസവും പത്തുആയിരം ഉണ്ടാക്കും, എന്തു ജോലിയും ചെയ്യാൻ അവനൊരു മടിയും ഇല്ല, ഒന്നുകിൽ കേബിൾക്കാരുടെ കൂടെ പോകും അല്ലെങ്കിൽ കാറ്ററിങ്  അല്ലേൽ ബസിൽ കണ്ടക്ടർ ഒന്നും കിട്ടിയല്ലേൽ ഇതുപോലെ മീൻ പിടിക്കാനോ വർക്കപണിക്കോ ഒക്കെ പോകും,

“സാരമില്ലടാ നിന്റെ സമയം ആയിട്ടില്ലന്ന് കൂട്ടിയാൽ മതി, എല്ലാം ശരിയാകും, നിനക്ക് ജോലിചെയ്യാനുള്ള ഒരു മനസ്സ് ഉണ്ടല്ലോ ഇന്ന് പലർക്കും അതില്ല, അതൊരു വല്ല്യ കാര്യമാ, ചെല്ല് ചെന്ന് കുളിച്ചു വല്ലതും കഴിക്കാൻ നോക്ക്

അയാൾ മകന്റെ പുറത്തു തട്ടി കൊണ്ട് പറഞ്ഞു.

തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!