പ്രണയം: ഭാഗം 16
Jan 12, 2025, 08:55 IST
                                             
                                                എഴുത്തുകാരി: കണ്ണന്റെ രാധ
തന്നെ ഇത്രത്തോളം അവൾ സ്നേഹിച്ചിരുന്നോ.? അവന് അത്ഭുതം തോന്നി. പുറത്തേക്ക് നോക്കിയിരുന്നു കരയുന്ന അവളെ കണ്ട് അവന് സങ്കടം തോന്നി. രണ്ടും കൽപ്പിച്ച് അവൻ അവളുടെ കൈകളിൽ പിടിച്ചു... " കീർത്തന കരയാതിരിക്ക്... ഇത് കാണുമ്പോൾ എനിക്ക് എന്തോ പോലെ... അവൻ അവളുടെ കൈകളിൽ മുറുക്കി പറഞ്ഞു, " നന്ദേട്ടനേ കാണിക്കാൻ വേണ്ടി ഒന്നുമല്ല ഞാൻ കരഞ്ഞത്, എന്റെ മനസ്സിൽ അത്രയ്ക്ക് സങ്കടം ഉള്ളതുകൊണ്ട് ആണ്. ചേട്ടൻ പറഞ്ഞത് സത്യമാണ്. ഞാൻ ഒരിക്കലും നന്ദേട്ടന്റെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്കിയില്ല. നന്ദേട്ടന്റെ സങ്കല്പത്തിലുള്ള പെൺകുട്ടിയാണോ ഞാൻ.? അതൊന്നും ഞാൻ ചിന്തിച്ചു നോക്കിയില്ല. എന്റെ ഇഷ്ടം മാത്രമേ ഞാൻ നോക്കിയുള്ളൂ. എന്റെ ഇഷ്ടത്തിന് വേണ്ടി ഞാൻ വാശി പിടിച്ചു. നന്ദേട്ടന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ചിലപ്പോൾ ആ സങ്കല്പത്തിന് ഇണങ്ങുന്ന പെൺകുട്ടി ആയിരിക്കില്ല ഞാൻ. പക്ഷേ ഞാൻ സ്നേഹിച്ചു പോയില്ലേ.? ഇനി മറക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രത്തോളം ആഴത്തിൽ എന്റെ മനസ്സിൽ നന്ദേട്ടൻ പതിഞ്ഞു കഴിഞ്ഞു. പറഞ്ഞപ്പോൾ തന്നെ അവൾ വീണ്ടും കരഞ്ഞു പോയിരുന്നു. അനുവാദമില്ലാതെ അവളുടെ കണ്ണിൽ നിന്നും ഉതിർന്ന വീഴുന്ന കണ്ണുനീർ കാണെ അവന് വല്ലാത്ത വേദന തോന്നി. " നമുക്ക് പോകാം....... അവൻ ചോദിച്ചപ്പോൾ അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി. അങ്ങോട്ടുള്ള യാത്രയിൽ മുഴുവൻ പുറത്തേക്ക് നോക്കി കരയുകയായിരുന്നു അവൾ. കുറച്ച് അധികം സമയം കൊണ്ട് തന്നെ അവൾ കരഞ്ഞു വല്ലാതെ ചുവന്നു പോയിരുന്നു. മുഖമൊക്കെ വീങ്ങിയിരിക്കുന്നു വല്ലാത്ത സങ്കടം തോന്നി കീർത്തനയ്ക്ക്.... പിടിച്ചു നിർത്താൻ പറ്റുന്നില്ല " താനിങ്ങനെ വിഷമിക്കാതെ, നമുക്ക് ഒരാളോട് ഇഷ്ടം തോന്നുന്നത് ഒരു കുറ്റമൊന്നുമല്ല. ഒരാളോട് തോന്നുന്നേ ഇഷ്ടം പകുതി ആൾക്കാരും തുറന്നുപറയുകയും ചെയ്യാറില്ല. അതിനുള്ള ധൈര്യം ഒന്നും എല്ലാവർക്കും ഉണ്ടാവില്ല. ഈ ലോകത്ത് ഒരു നൂറു പ്രണയം ഉണ്ടായാൽ അതിൽ ചിലപ്പോൾ ഒന്നോ രണ്ടോ മാത്രമായിരിക്കും സക്സസ്സ് ആയിട്ട് ഉണ്ടാവുക. അതൊന്നും വലിയ കാര്യമല്ല. എന്റെ സങ്കൽപ്പവും ഇഷ്ടങ്ങളും അവിടെ നിൽക്കട്ടെ. അല്ലെങ്കിൽ തന്നെ താൻ ഒന്ന് ആലോചിച്ചു നോക്കിക്കേ ഇത്രയും വർഷം തന്നെ വളർത്തി വലുതാക്കിയ അച്ഛനെ അമ്മയും വേദനിപ്പിച്ച് എന്നോടൊപ്പം തനിക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റുമോ.? എന്താണെങ്കിലും എന്റെ കൂടെ ഉള്ള ജീവിതത്തെ അവർ പിന്തുണയ്ക്കില്ല. പിന്നെ അവരോട് പിണങ്ങി എനിക്ക് ഒപ്പം പോരാനെ തനിക്ക് സാധിക്കു. എന്റെ അച്ഛനെ സംബന്ധിച്ചിടത്തോളം തന്നെയും തന്റെ വീട്ടുകാരെയും ഒക്കെ ഈശ്വരന്മാർക്ക് തുല്യമായിട്ട് കാണുന്ന ആൾ ആണ്. അങ്ങനെ ഉള്ള അച്ഛൻ അവരെ വിഷമിപ്പിച്ച് നമ്മളെ എന്താണെങ്കിലും സ്വീകരിക്കാൻ തയ്യാറാകില്ല. അപ്പോൾ പിന്നെ എന്റെ വീട്ടുകാരും സമ്മതിക്കില്ല. നമ്മൾ ഒറ്റപ്പെട്ടുപോകും. ആ സമയം മുതൽ തനിക്ക് തോന്നും ഒന്നും വേണ്ടിയിരുന്നില്ലന്ന്. എന്നോട് തോന്നുന്ന ഇഷ്ടവും പ്രേമവും ഒക്കെ കുറച്ചു കഴിയുമ്പോൾ ഇല്ലാതെ ആവൂടോ, പിന്നെ നമ്മൾ ഫേസ് ചെയ്യാൻ പോകുന്നത് ജീവിതത്തെയാണ്.. ആ ജീവിതം വല്ലാത്ത ഭീകരാവസ്ഥ ആയിരിക്കും. എനിക്ക് നല്ലൊരു ജോലിയില്ല ഇത്രയും സൗകര്യത്തിൽ വളർന്ന ഒരു കുട്ടി എന്നോടൊപ്പം ഒരിക്കലും ഹാപ്പി ആയിരിക്കില്ല. അങ്ങനെയല്ലെന്ന് താൻ ഇപ്പോൾ പറഞ്ഞാലും അത് അങ്ങനെ ആവുകയുള്ളൂ. അത് തന്റെ കുഴപ്പമല്ല. നമ്മൾ രണ്ടുപേരും വളർന്ന സാഹചര്യത്തിന്റെ കുഴപ്പം ആണ്. ഞാൻ പറയുന്നത് പ്രാക്ടിക്കൽ ആയിട്ട് താനൊന്ന് ചിന്തിച്ചു നോക്കൂ. പട്ട് മെത്തയിൽ കിടന്നുറങ്ങിയ താൻ വെറും തറയിൽ പായ വിരിച്ച് കിടന്നുറങ്ങുമോ.? അതുമാത്രമല്ല ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് പറയാണെങ്കിൽ. അവൻ പറഞ്ഞു " എവിടെയാണെങ്കിലും നന്ദേട്ടൻ കാണില്ലേ.? അതിനപ്പുറം മറ്റൊരു സന്തോഷവും ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ഇഷ്ടത്തെക്കുറിച്ച് ഇനി നന്ദേട്ടന്നോട് പറഞ്ഞു മനസ്സിലാക്കാനും എനിക്ക് അറിയില്ല. ഞാനൊരു വാക്ക് പറയാതെ തന്നെ എന്റെ മുഖഭാവത്തിൽ നിന്നും മനസ്സിലായില്ലേ എനിക്ക് നന്ദേട്ടനെ ഇഷ്ടമാണ് എന്ന്. അതെന്റെ വിജയമായിട്ട് ഞാൻ കരുതുന്നു. എങ്ങനെ നന്ദേട്ടനോട് ഈ കാര്യം പറയുമെന്ന് ആയിരുന്നു ഞാൻ ചിന്തിച്ചത്. പക്ഷേ എന്റെ മുഖത്ത് നിന്ന് തന്നെ എന്റെ പ്രണയം ഞാൻ പറയാതെ മനസ്സിലാക്കിയെടുക്കാൻ കഴിയുമെങ്കിൽ എന്റെ പ്രണയം വിജയിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അവൾ പറഞ്ഞു ഞാനൊരു ആൺകുട്ടിയല്ലേ.? ഒരു പെൺകുട്ടിക്ക് എന്നോടുള്ള അടുപ്പവും രീതികളും ഒക്കെ കാണുമ്പോൾ സ്വാഭാവികമായിട്ടും നമുക്ക് മനസ്സിലാവില്ലേ.? അങ്ങനെ മനസ്സിലാക്കിയെടുത്തത് ആണ്. അതിന് താൻ മറ്റു അർത്ഥങ്ങൾ ഒന്നും കണ്ടുപിടിക്കേണ്ട.. അവൻ പറഞ്ഞു. "എന്നേ നന്ദേട്ടന് ഇഷ്ടം അല്ല അല്ലേ..? അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു. ആ കണ്ണുകളിൽ നോക്കി ഇഷ്ടമല്ലെന്ന് പറയാൻ അവന് എന്തോ മനസ്സ് വന്നില്ല.. " ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ. അവളുടെ മുഖം വിടർന്നത് കണ്ടപ്പോൾ അവൻ ഒന്ന് നിർത്തി " ഇഷ്ടമാണ് എന്നും പറഞ്ഞില്ല. തന്നോട് എനിക്ക് പ്രത്യേകിച്ചൊരു ഇഷ്ടക്കേട് ഇല്ല. താൻ നല്ല കുട്ടി ആണ്. പക്ഷേ കീർത്തന വിചാരിക്കുന്നത് പോലെ പ്രാക്ടിക്കൽ അല്ല മുൻപോട്ടുള്ള ഒരു കാര്യങ്ങളും. ഞാനിപ്പോ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞെങ്കിൽ തന്നെ ഒരുപാട് പ്രശ്നങ്ങളെ തനിക്ക് ഫേസ് ചെയ്യേണ്ടിവരും. എന്റെ കാര്യം വിട്ടേക്ക് ഞാൻ ജീവിതത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങളെ ഫേസ് ചെയ്തു വളർന്നിട്ടുള്ള ആളാണ്. പക്ഷേ താൻ അങ്ങനെയല്ല താൻ വല്ലാതെ തളർന്നു പോകും. ഇപ്പൊ എന്നോട് തോന്നിയ ഇഷ്ടത്തിന്റെ ഒരു നൂറ് മടങ്ങ് വെറുപ്പ് തനിക്ക് എന്നോട് തോന്നും. അത് പറഞ്ഞപ്പോൾ പെട്ടെന്ന് അവൾ അവന്റെ വായ പൊത്തി കളഞ്ഞു. അവൻ റോഡിന്റെ സൈഡിൽ ആയി വണ്ടി ഒതുക്കി.. അവളുടെ മുഖത്തേക്ക് നോക്കി കുറച്ചു മുൻപേ വിശ്രമം കൊണ്ട ആ മിഴികൾ വീണ്ടും പെയ്തു തുടങ്ങിയിരിക്കുന്നു. " എന്നെ ഇഷ്ടമല്ലെങ്കിൽ വേണ്ട ഞാൻ നിർബന്ധിക്കില്ല. പക്ഷേ ഞാൻ വെറുക്കുന്നു എന്ന് ഒന്നും പറയരുത്. അതെനിക്ക് മരിക്കുന്നതിന് തുല്യം ആണ്. നന്ദേട്ടന് ഇഷ്ടമല്ലെങ്കിൽ ഇനി ഒരിക്കലും ഞാൻ കൺമുൻപിൽ പോലും വരില്ല. ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. നിർബന്ധിച്ചു ഇഷ്ടപ്പെടാനും പറയില്ല, പക്ഷേ ഒരിക്കലും ഞാൻ വെറുക്കില്ല. അത് എനിക്ക് പറ്റില്ല. പറഞ്ഞ കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായി. നന്ദേട്ടന് എന്നെ പോലെ ഒരു പെൺകുട്ടി പറ്റില്ല. ഒരുപക്ഷേ ഞാൻ ഒരു സാധാരണ വീട്ടിൽ ജനിച്ച പെൺകുട്ടി ആയിരുന്നെങ്കിൽ നമ്മൾ തമ്മിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവില്ലാരുന്നു അല്ലേ.? നിഷ്കളങ്കമായി ചോദിക്കുന്ന അവളോട് എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അവന് അറിയില്ല. ഇത്രയും കാലം മനസ്സിൽ വച്ച പ്രണയം നഷ്ടപ്പെട്ടു പോവുകയാണെന്ന് മനസ്സിലായപ്പോൾ അവളുടെ മനസ്സ് ഒരു പ്രത്യേക ചാപല്യത്തിൽ ആണെന്ന് അവന് തോന്നി. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ അവൾ സംസാരിക്കുന്നത്. " ഞാൻ ഇനി ഒരിക്കലും നന്ദേട്ടനെ ശല്യപ്പെടുത്തില്ല. മുന്നിൽ പോലും വരില്ല. പക്ഷേ എനിക്ക് സ്നേഹിക്കാല്ലോ. അതിനു സമ്മതം വേണ്ടല്ലോ. കണ്ണുകൾ തുടച്ചവൾ പറയുമ്പോൾ അവൻ മറുപടിയൊന്നും പറഞ്ഞില്ല......തുടരും