Novel

പ്രണയം: ഭാഗം 18

എഴുത്തുകാരി: കണ്ണന്റെ രാധ

ഏട്ടനോട് തുറന്നുപറയാൻ അവളെ നിർബന്ധിച്ചത്. കാരണം ഒരുപാട് അത് ഉള്ളിൽ ഇട്ട് വളർത്തിയാൽ അത് ദോഷം ചെയ്യുന്നത് അവൾക്ക് തന്നെയായിരിക്കും. ഏട്ടന് ഇഷ്ടമല്ലെങ്കിൽ അത് തുറന്നു പറയട്ടെ എന്ന് ഞാൻ കരുതി..

വീണ പറഞ്ഞപ്പോൾ അവൻ അറിയുകയായിരുന്നു അവളെ കൂടുതൽ

” നിന്റെ കയ്യില് അവളുടെ നമ്പർ ഉണ്ടോ..?

അവൻ ചോദിച്ചു

” ഉണ്ട്,

വീണ ചൊടിയിൽ വിരിഞ്ഞ ചിരി അടക്കി പറഞ്ഞു

” എങ്കിൽ എനിക്ക് നമ്പർ അയിച്ചിട്ടേക്ക്

അവൻ പറഞ്ഞപ്പോൾ തന്നെ വീണ അവളുടെ ഫോണിൽ നിന്നും കീർത്തനയുടെ നമ്പർ എടുത്ത് നന്ദന്റെ ഫോണിലേക്ക് അയച്ചു കൊടുത്തിരുന്നു.

കുറച്ച് സമയം അവൻ ഒറ്റയ്ക്ക് ഇരിക്കട്ടെ എന്ന് കരുതി അവന്റെ അരികിൽ നിന്നും വീണ മുറിയിലേക്ക് പോയി.

അവന്റെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. പക്ഷേ അവൻ വല്ലാതെ അസ്വസ്ഥനാണെന്ന് അവൾക്ക് തോന്നി.

കീർത്തനയേ ഒന്ന് വിളിച്ചാലോ എന്ന് അവൾ ഓർത്തു. പെട്ടെന്ന് തന്നെ അവള് ഫോൺ എടുത്ത് കീർത്തനയുടെ ഫോണിലേക്ക് വിളിച്ചു.

ഒന്ന് രണ്ട് ബെല്ലിന് ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്.

” ശബ്ദം കേട്ടപ്പോൾ തന്നെ അവൾ നന്നായി കരഞ്ഞിട്ടുണ്ട് എന്ന് വീണയ്ക്ക് തോന്നിയിരുന്നു.

“കീർത്തു….

അവൾ ആർദ്രമായി കീർത്തനയേ വിളിച്ചു .

അപ്പോഴേക്കും തിരിച്ചു മറുപടിയായി കിട്ടിയത് ഒരു പൊട്ടിക്കരച്ചിലായിരുന്നു. അത് വീണ പ്രതീക്ഷിച്ചതുമായിരുന്നു

” എന്താടാ എന്തുപറ്റി? ഏട്ടൻ നിന്നെ വഴക്കുപറഞ്ഞൊ..?

ഇല്ല എന്ന് അർത്ഥത്തിൽ അവൾ മൂളി.

” പിന്നെ എന്തിനാ നീ കരയുന്നത്.?

” നന്ദേട്ടന് എന്നെ ഇഷ്ടമല്ല വീണേ.!

അവൾ പറഞ്ഞപ്പോൾ വീണ ഞെട്ടിപ്പോയിരുന്നു..

” അങ്ങനെ നന്ദേട്ടൻ നിന്നോട് പറഞ്ഞൊ.?

‘അങ്ങനെ പറഞ്ഞില്ല പക്ഷേ അങ്ങനെ തന്നെയാ പറഞ്ഞതിന്റെ അർത്ഥം.

” സങ്കല്പത്തിലുള്ള പെൺകുട്ടി എന്നെ പോലെ ആയിരിക്കുമെന്ന് തോന്നുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു അതിന്റെ അർത്ഥം പിന്നെന്താ.?

കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു

” അത് ചിലപ്പോൾ നിന്നെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ വേണ്ടി പറഞ്ഞതായിരിക്കും.

” നീ എങ്ങനെയാണ് നന്ദേട്ടനോട് ഈ കാര്യത്തെപ്പറ്റി പറഞ്ഞത്.?

” ഞാൻ ഒന്നും പറഞ്ഞില്ല നന്ദേട്ടൻ കണ്ടുപിടിച്ചത് ആണ്. എന്നിട്ട് എന്നോട് ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. ചോദിച്ചപ്പോൾ ഞാൻ എല്ലാം പറഞ്ഞു.

” നിന്നോട് ഞാൻ പറഞ്ഞില്ലേ ഇത് അറിയുമ്പോൾ എന്താണെങ്കിലും നിന്നോട് വന്ന് ഐ ലവ് യു പറഞ്ഞു നിന്നെ കല്യാണം കഴിക്കാൻ ഓക്കേ പറയാൻ ഒന്നും നന്ദേട്ടൻ പോകുന്നില്ലെന്ന്. അച്ഛന്റെ അതേ ക്യാരക്ടർ തന്നെയാണ് നന്ദേട്ടനും. നന്ദേട്ടന് ഇപ്പോൾ നിന്റെ വീട്ടുകാരോട് ഒരുപാട് കമിറ്റ്മെൻസ്സ് ഉണ്ടാവും. അച്ഛന്റെ കാര്യങ്ങളൊക്കെ ഓർത്തിട്ട് ആയിരിക്കും അങ്ങനെ പറഞ്ഞത്. അല്ലാതെ നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടൊന്നും അല്ലായിരിക്കും. നീ സമാധാനപ്പെടു ഞാൻ സംസാരിച്ചിട്ടുണ്ട്..

വീണ പറഞ്ഞു.

” നന്ദേട്ടന് ഇഷ്ടമില്ലെങ്കിൽ നിർബന്ധിക്കേണ്ട വീണ, അങ്ങനെ നിർബന്ധിച്ചു ഇഷ്ടം പിടിച്ചു വാങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. അതിനായിരുന്നോ ഇത്രയും വർഷം ഞാൻ എന്റെ മനസ്സിൽ കൊണ്ട് നടന്നത്. അതിനായിരുന്നോ ഉറക്കത്തിലും ഉണർവിലും ഈ ഒരു ഒറ്റ ആളെന്നു വിചാരിച്ച് ജീവിച്ചത്..
നിർബന്ധിച്ചു ഒന്നും എനിക്ക് വേണ്ട. എന്നെങ്കിലും എന്റെ ഇഷ്ടം മനസ്സിലാകും എന്നുണ്ടെങ്കിൽ അന്ന് മാത്രം എന്നെ തിരിച്ച് സ്നേഹിച്ചാൽ മതി. അല്ലാതെ നീ ആയിട്ട് ഒന്നും നിർബന്ധിക്കണ്ട

കരഞ്ഞുകൊണ്ട് പറയുന്നവളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് വീണയ്ക്ക് അറിയില്ലായിരുന്നു.

നീ തൽക്കാലം കുറച്ചുസമയം ഒറ്റയ്ക്ക് ഇരിക്ക്, മനസ്സിന് ഒരു അയവ് വരട്ടെ… അത് കഴിഞ്ഞ് ഫ്രീ ആകുമ്പോൾ എന്നെ വിളിക്കു..

അത്രയും പറഞ്ഞു വീണ ഫോൺ കട്ട് ചെയ്തപ്പോൾ കട്ടിലിൽ കിടന്ന് ഒരേ കരച്ചിൽ ആയിരുന്നു കീർത്തന…

എത്രകാലങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഇഷ്ടമാണ്. അവനായിരുന്നു തന്റെ ലോകം. അവൻ മാത്രമായിരുന്നു തന്റെ സർവ്വവും. അവന്റെ ആ വാക്കുകൾ തന്നെ വല്ലാതെ തകർക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി.

ഫോണിന്റെ ഗാലറിയിൽ നിന്നും അവന്റെ ഒരു ഫോട്ടോയെടുത്ത് അതിലേക്ക് നോക്കി കിടക്കുന്നത് അവൾക്ക് സങ്കടം കൂടുകയായിരുന്നു.

വൈകുന്നേരം ആയിട്ടും അവളെ ഫോൺ വിളിക്കാൻ എന്തുകൊണ്ടോ നന്ദന് തോന്നിയില്ല. എന്താണ് വിളിച്ച് പറയുന്നത്. താൻ ഫോൺ വിളിച്ചാൽ വീണ്ടും പ്രതീക്ഷ പകരുന്നത് പോലെ ആവില്ലേ.?

അച്ഛൻ ഒരിക്കലും അംഗീകരിക്കില്ല ഈ ബന്ധം. അവരോട് വല്ലാത്ത ഒരു പ്രതിബന്ധതയാണ് അച്ഛനുള്ളത്. അതുകൊണ്ടു തന്നെ ഈ ഒരു ബന്ധം അറിഞ്ഞാൽ അച്ഛന് അത് അംഗീകരിക്കാൻ സാധിക്കില്ല….

ഒരിക്കൽപോലും അവളെ പ്രണയത്തോടെ താൻ നോക്കിയിട്ടില്ല. പക്ഷേ അവളുടെ മാനസികാവസ്ഥയിൽ നിന്നും തനിക്ക് മനസ്സിലാക്കാൻ സാധിക്കും ഇത്രയും കാലം മനസ്സിൽ കൊണ്ടുനടന്നൊരിഷ്ടം അത് പെട്ടെന്ന് ഇല്ലാതാവുന്നു എന്ന് തോന്നുമ്പോൾ അവൾ അതിനെ എങ്ങനെ നേരിടും.? അതുമായി അവൾ പൊരുത്തപ്പെടുമോന്ന് അവന് അറിയില്ല.

മാത്രമല്ല വീണ പറഞ്ഞ ഓരോ കാര്യങ്ങളും ഓർത്തുനോക്കുമ്പോൾ തന്നെ അവൾ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് അവൻ ഓർത്തു. അവളെ ഒന്ന് വിളിച്ച് ആശ്വസിപ്പിക്കേണ്ടത് തന്റെ കടമയാണ്. സ്നേഹപൂർവ്വം ഈ കാര്യങ്ങൾ നടക്കില്ല എന്ന് പറഞ്ഞു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.അവൻ രണ്ടും കൽപ്പിച്ച് ഫോൺ എടുത്തു വീണ അയച്ചുതന്ന നമ്പറിലേക്ക് ഡയൽ ചെയ്തു..

നല്ല മയക്കത്തിനിടയിലാണ് ആ റിങ്ടോൺ അവൾ കേട്ടത്…

🎶നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം
നീയൊരാൾ മാത്രമെൻ മണ്ണിലെ വരം🎶

ഒരിക്കൽ പോലും അടിക്കില്ലന്ന് ഉറപ്പുണ്ടെങ്കിലും അവന്റെ നമ്പറിനു മാത്രം ഒരു പ്രത്യേക റിങ്ടോൺ അവൾ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. പെട്ടെന്ന് അവൾക്ക് അത്ഭുതം തോന്നി.. അവൻ തന്നെ ഇങ്ങോട്ട് വിളിക്കുകയോ.? അതിന് യാതൊരു സാധ്യതയുമില്ലന്ന് അവൾക്ക് തോന്നിയത് ആയിരുന്നു. എങ്കിലും വീണ തനിക്ക് നൽകിയിട്ടുള്ള അവന്റെ നമ്പർ തന്നെയാണ്. എത്രയോ കാലങ്ങളായി ഈ നമ്പർ തന്റെ ഫേവറിറ്റ് ലിസ്റ്റിൽ കിടക്കുന്നു.

” നന്ദേട്ടൻ” എന്ന സേവ് ചെയ്തു അതിനൊരു ലൗ സ്മൈലിയും കൊടുത്തിട്ടുണ്ട്. ഒരിക്കലും ആ നമ്പറിൽ നിന്നും ഇങ്ങോട്ട് ഒരു കോളോ അങ്ങോട്ട് ഒരു കോളോ പോകില്ല എന്ന് ഉറപ്പുണ്ടായിട്ടുപോലും നിധി പോലെയാണ് ആ നമ്പർ താൻ സൂക്ഷിച്ചത്.

അവൾ ഫോൺ എടുത്തു.

“ഹലോ…

അവളുടെ ചിലമ്പിച്ച ഒച്ച കേൾക്കേ അതുവരെ സംഭരിച്ച ധൈര്യം ചോർന്നു പോകുന്നത് പോലെ തോന്നി നന്ദന്

മറുപുറത്തെ നിശബ്ദത അവളെയും സംശയത്തിലാഴ്ത്തി..

” ഹലോ നന്ദേട്ടാ…

അവളുടെ ആ വിളി അവനെ വീണ്ടും അത്ഭുതത്തിലാഴ്ത്തി…..തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!