Novel

പ്രണയം: ഭാഗം 19

എഴുത്തുകാരി: കണ്ണന്റെ രാധ

അവളുടെ ചിലമ്പിച്ച ഒച്ച കേൾക്കേ അതുവരെ സംഭരിച്ച ധൈര്യം ചോർന്നു പോകുന്നത് പോലെ തോന്നി നന്ദന്

മറുപുറത്തെ നിശബ്ദത അവളെയും സംശയത്തിലാഴ്ത്തി..

” ഹലോ നന്ദേട്ടാ…

അവളുടെ ആ വിളി അവനെ അത്ഭുതപെടുത്തി.

അവൻ ഒന്ന് മൂളി

” എന്റെ നമ്പർ തനിക്ക് അറിയായിരുന്നോ.

അത്ഭുതത്തോടെ അവൻ ചോദിച്ചു.

” എത്രയോ നാളുകളായി ഈ നമ്പറേന്റെ കോൺടാക്ട് ലിസ്റ്റിലുണ്ട്.

ഒരിക്കൽപോലും അങ്ങോട്ട് വിളിക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായിട്ടില്ല. അവൾ പറഞ്ഞു

” താൻ ഓക്കെ ആണോ..?

അവൻ ചോദിച്ചു

മറുപുറത്ത് നിശബ്ദത..

” കീർത്തന…..

“മ്മ്മ്…

അവൾ നേർത്ത ശബ്ദത്തിൽ മൂളി..

” താനിത് ഓർത്ത് വിഷമിച്ചിരുന്നാൽ എനിക്കൊരു സമാധാനം കാണില്ല. നമുക്കൊന്ന് കാണാം, നാളെ കാണാൻ പറ്റുമോ..? എനിക്ക് തന്നോട് ഒന്ന് സംസാരിക്കാനായിരുന്നു..

നന്ദൻ പറഞ്ഞു

കീർത്തനയ്ക്ക് അത്ഭുതം തോന്നി. അവനിൽ നിന്ന് അങ്ങനെ ഒരു പ്രവർത്തി അവൾ പ്രതീക്ഷിച്ചതായിരുന്നില്ല.

” ഞാൻ… ഞാനിപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് നന്ദേട്ടാ….

അവൾ അങ്ങനെ പറഞ്ഞപ്പോൾ അവൻ പെട്ടെന്ന് ഭയന്നു പോയിരുന്നു..

” എന്തുപറ്റി..? പെട്ടെന്ന് അവന്റെ സ്വരത്തിൽ ഒരല്പം ആധിയുള്ളത് പോലെ അവൾക്ക് തോന്നി..

” പനി കൂടിയത് ആണ്…

അവൾ പറഞ്ഞു

” ഇപ്പൊ പനിക്കാനും മാത്രം എന്തുപറ്റി..? നമ്മള് ആ മഴയുടെ സമയത്ത് കാറിൽ ആയിരുന്നില്ലേ..? തണുപ്പൊക്കെ അടിച്ചിട്ടാവും..

അവളുടെ മനസ്സിന്റെ വേദന കൊണ്ടായിരിക്കാം ശരീരം തളർന്നു പോയത് എന്ന് അവനു തോന്നിയിരുന്നു.

” ഏത് ഹോസ്പിറ്റലിലാ..?

” ഇവിടെ സിറ്റിയില് ലിസി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്, ഇല്ലായിരുന്നു എങ്കിൽ നാളെ കാണാമായിരുന്നു,

അവൾ പറഞ്ഞു

” അത് സാരമില്ല വയ്യാഴിക ഒക്കെ മാറട്ടെ, അടുത്ത് ആരെങ്കിലുമുണ്ടോ.,?

” ഇല്ല അമ്മയും അനിയത്തിയും വീട്ടിൽ ഉണ്ടായിരുന്നില്ല. അവര് അമ്മയുടെ വീട്ടിൽ പോയി, രാത്രി ആയപ്പോഴാ പനിച്ചു തുടങ്ങിയത്.. അച്ഛന് വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിൽ നിൽക്കുന്ന ചേച്ചിയും ഞാനും കൂടി ആണ് ഹോസ്പിറ്റലിൽ വന്നത്.. ആ ചേച്ചിയുടെ നിർബന്ധത്തിനു വന്നതാ, എനിക്ക് വിളിച്ചപ്പോൾ ബോധമില്ലായിരുന്നു എന്നൊക്കെ ആ ചേച്ചി പറഞ്ഞു. ഇവിടെ വന്ന് നോക്കിയപ്പോൾ 110 ഡിഗ്രി പനിയുണ്ടായിരുന്നു, ചേച്ചിയുടെ ഹ സ്ബൻഡ് ആണ് ഓട്ടോയിൽ കൊണ്ടുവന്നത്

അവൾ പറഞ്ഞു

” എങ്കിൽ പിന്നെ റെസ്റ്റ് എടുക്ക്, ഒരുപാട് സ്ട്രെയിൻ ചെയ്യേണ്ട…
ഞാൻ പിന്നെ വിളിക്കാം,

നന്ദൻ ഫോൺ കട്ട് ചെയ്തപ്പോൾ അവന് വല്ലാത്ത കുറ്റബോധം തോന്നി..താൻ കാരണമാണോ ഈ അവസ്ഥയിൽ അവൾ ആശുപത്രിയിൽ ആയത് എന്ന് അവൻ ഓർത്തു .

അവൻ ഫോൺ വെച്ചതും ഉടനെ തന്നെ അച്ഛന്റെ കോള് അവളുടെ ഫോണിലേക്ക് വന്നു..

” മോളെ നിനക്കെന്താ പറ്റിയത്..?

ആകുലത നിറഞ്ഞ സ്വരം.

” അച്ഛാ ചെറിയൊരു പനി,

“ഇന്ദിര വരും ഞാൻ വിളിച്ചു പറയാം

” എന്തിന്, ഞാനാ അമ്മയെ വിളിച്ചുപറഞ്ഞത് വരണ്ടാന്നു

” നീ അവളുടെ കൂടെ തൃശ്ശൂരിലേക്ക് പോയില്ല എന്ന് അവൾ പറഞ്ഞു

” എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു അമ്മയും കുഞ്ഞോളും വിളിച്ചതാ. എനിക്ക് പോകാൻ തോന്നിയില്ല. പനിയാണെന്ന് അറിഞ്ഞപ്പോൾ അമ്മ ട്രെയിനിൽ നിന്നും അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം എന്ന് പറഞ്ഞത് ആണ്. ഞാന് ആണ് പറഞ്ഞത് ഇറങ്ങണ്ട രാഗിണി ആന്റി ഉണ്ടല്ലോ എന്ന്.

” എന്നിട്ട് രാഗിണി എവിടെ?

” ഇവിടെയുണ്ട്, ഞാൻ കൊടുക്കാം.

അവള് ഫോൺ ജോലിക്കാരിയായ രാഗണിക്കു നേരെ നീട്ടി.

പേടിക്കാൻ ഒന്നുമില്ല എന്ന് അവർ പറഞ്ഞതിനുശേഷം ആണ് കൃഷ്ണന് സമാധാനമായത്..

” നാളെ വെളുപ്പിന് തന്നെ അച്ഛൻ അങ്ങെത്താം,,,ഇന്ദിരയോട് ഞാൻ വിളിച്ചു പറയട്ടെ നിന്റെ അടുത്ത് വന്നിരിക്കാൻ

” എന്തിന്..? അമ്മമ്മയ്ക്ക് വയ്യാത്തത് കൊണ്ടല്ലേ അമ്മ പോയത്. കുഴപ്പമില്ല അച്ചേ എനിക്ക് അത്രയ്ക്ക് ഒന്നുമില്ല.. ചെറിയൊരു പനിയാ. പിന്നെ ഇവിടെ ഡോക്ടർസ്സും നേഴ്സുമാരും എല്ലാവരും ഇല്ലേ.? അമ്മമ്മയുടെ കാര്യം അങ്ങനെയാണോ.? അവിടെ ഒറ്റയ്ക്കല്ലേ.? അമ്മ ചെന്നിട്ട് വേണ്ട അമ്മമ്മേനെ ആശുപത്രി വരെ കൊണ്ടുപോവാൻ..

ഇന്ദിരയുടെ അമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകൾ വന്നു എന്ന് അവിടെ നിൽക്കുന്ന ജോലിക്കാരി വിളിച്ചു പറഞ്ഞപ്പോഴാണ് വൈകുന്നേരം ഇന്ദിര വീട്ടിലേക്ക് പോകാൻ തയ്യാറായത്. ആ സമയത്ത് കീർത്തനയെ വന്നവർ വിളിച്ചിരുന്നു എങ്കിലും അവൾക്ക് പോകാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല. ഇന്ദിരയോടും അനുജത്തിയോടും പോകാൻ പറഞ്ഞതിനു ശേഷം അവൾ ഉറങ്ങുകയാണെന്ന് പറഞ്ഞ് പോയതാണ്.

ഉണർന്നപ്പോഴാണ് പനിയുടെ വരവ്. കുട്ടിക്കാലം മുതലേ തനിക്ക് അങ്ങനെയാണ് എന്തെങ്കിലും വിഷമം ഉണ്ടായാൽ അപ്പോൾ പനിക്കും.. അച്ഛനെപ്പോഴും കളിയാക്കി പറയും, മനപ്രയാസം ഉണ്ടായാൽ അപ്പോൾ പനിക്കുന്ന ശരീരമാണ് തന്റേത് എന്ന്.

*

അവൻ ക്ലോക്കിലേക്ക് നോക്കി സമയം 8:30 ആയിട്ടുണ്ട്. അമ്മ കഴിക്കാൻ വന്ന വിളിക്കുന്നുണ്ട്. എന്തുകൊണ്ടോ പോകാൻ തോന്നുന്നില്ല. തിരിഞ്ഞും മറിഞ്ഞു കിടന്നിട്ടും ഉറങ്ങാനും സാധിക്കുന്നില്ല.

എന്തോ ഒരു വേദന തന്നെ അലട്ടുകയാണ്..അവളുടെ നിറഞ്ഞ കണ്ണുകൾ ആയിരിക്കും അത് എന്ന് അവന് തോന്നി..

അവൻ പെട്ടെന്ന് തന്നെ മുഖം ഒന്ന് കഴുകി ശേഷം ബൈക്കിന്റെ ചാവിയും എടുത്ത് പുറത്തേക്ക് ഇറങ്ങിയിരുന്നു.. അവൻ പുറത്തേക്ക് വന്നപ്പോൾ എല്ലാവരും കഴിച്ചു കൊണ്ടിരിക്കുകയാണ്..

” നീ ഒന്നും കഴിക്കുന്നില്ലേ..?

സുധ ചോദിച്ചു

” എനിക്ക് വേണ്ട ഞാൻ പുറത്തുവരെ പോവാ, കുറച്ച് വൈകും എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ അത്യാവശ്യമായി പോണം. അതുകൊണ്ട് കതക് കുറ്റി ഇടണ്ട…

അത്രയും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി..

” കഴിച്ചിട്ട് പോടാ…

പുറകിൽ നിന്നും സുധ വിളിച്ചു പറഞ്ഞു

” ഞാൻ അവിടുന്ന് കഴിച്ചോളാം

അത്രയും പറഞ്ഞു അവൻ വണ്ടി സ്റ്റാർട്ട് ആക്കി..

ആശുപത്രിയുടെ പാർക്കിങ്ങിൽ വണ്ടി നിർത്തുമ്പോൾ എന്തു പറഞ്ഞു അവിടേക്ക് പോകുമെന്ന് അവന് അറിയില്ലായിരുന്നു..

ആരെങ്കിലും അവിടെ ഉണ്ടെങ്കിൽ തന്നെ കണ്ടാൽ അത് പ്രശ്നമാവില്ലേ എന്നൊക്കെ അവൻ അപ്പോൾ ചിന്തിച്ചു. വീട്ടിൽ നിന്ന് ഇറങ്ങി പുറപ്പെട്ടപ്പോൾ ഇതൊന്നും ചിന്തിച്ചിരുന്നില്ല. അവളെ ഒന്ന് കാണണമെന്ന് മാത്രമായിരുന്നു അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നത്..

റിസപ്ഷനിലേക്ക് ചെന്ന് ഫോൺ എടുത്ത് അവളെ വിളിച്ചു..

ഒറ്റ ബില്ലിൽ തന്നെ ഫോൺ എടുക്കപ്പെട്ടു.

” തനിക്ക് എങ്ങനെയുണ്ട്.?

” കുഴപ്പമില്ല നന്ദേട്ടാ..

അവൾക്ക് വല്ലാത്തൊരു ഉന്മേഷം കൈവന്നിരുന്നു.. അവൻ തന്നെ കുറിച്ച് ചിന്തിക്കുന്നുണ്ടല്ലോ..

” ഞാൻ…… ഞാനിവിടെ ഹോസ്പിറ്റലിന്റെ പാർക്കിങ്ങിൽ ഉണ്ട്. ഈ സമയത്ത് വിസിറ്റേഴ്സ് അലൌഡ് ആണോ.?

അവന്റെ ആ ചോദ്യത്തിൽ അവൾ ശരിക്കും ഞെട്ടിപ്പോയിരുന്നു …..തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!