പ്രണയം: ഭാഗം 2
എഴുത്തുകാരി: കണ്ണന്റെ രാധ
സാരമില്ലടാ നിന്റെ സമയം ആയിട്ടില്ലന്ന് കൂട്ടിയാൽ മതി, എല്ലാം ശരിയാകും, നിനക്ക് ജോലിചെയ്യാനുള്ള ഒരു മനസ്സ് ഉണ്ടല്ലോ ഇന്ന് പലർക്കും അതില്ല, അതൊരു വല്ല്യ കാര്യമാ, ചെല്ല് ചെന്ന് കുളിച്ചു വല്ലതും കഴിക്കാൻ നോക്ക്
അയാൾ മകന്റെ പുറത്തു തട്ടി കൊണ്ട് പറഞ്ഞു.
പിറ്റേന്ന് രാവിലെ തന്നെ അമ്പലത്തിലേക്ക് പോയതാണ് കീർത്തന. അമ്പലത്തിൽ ചെന്നപാടെ അവന്റെ പേരിൽ പുഷ്പാഞ്ജലിയും ശത്രുസംഹാരവും അങ്ങനെ എന്തൊക്കെ പൂജകൾ ഉണ്ടോ അതെല്ലാം ചെയ്തിട്ടുണ്ടായിരുന്നു അവൾ.. അതോടൊപ്പം തന്നെ ഭഗവാന് പ്രത്യേകമായി ഒരു നെയ് വിളക്കും നേർന്നു, കാരണം ഇന്ന് അവന്റെ പിറന്നാളാണ്, അമ്പലത്തിൽ നിന്നും നേരെ പോയത് അവന്റെ വീട്ടിലേക്ക് തന്നെയാണ്..
അപ്രതീക്ഷിതമായി കീർത്തനയെ വീടിന് മുന്നിൽ കണ്ടത് എങ്കിലും ഇടയ്ക്കിടെ അവൾ അവിടേക്ക് വരുന്നത് ആയതിനാൽ വേണുവിന് സംശയം ഒന്നും തോന്നിയിരുന്നില്ല.. തന്റെ മകളുമായി നല്ല കൂട്ടാണ് ആ കുട്ടി, സത്യത്തിൽ മുതലാളിയുടെ മകൾ ഇടയ്ക്കിടെ തന്റെ വീട്ടിൽ വരുന്നത് അയൽപക്കത്തുള്ള പലർക്കും കുശുമ്പ് ഉണർത്തുന്ന കാര്യമാണ്. പലരും അതൊളിഞ്ഞും തെളിഞ്ഞും പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ കുട്ടി വളരെ നല്ല സ്വഭാവമുള്ള ഒരു കുട്ടിയാണെന്ന് എപ്പോഴും അയാൾക്ക് തോന്നുമായിരുന്നു, കാരണം തന്റെ മകളോട് വലിയ കാര്യമാണ്. സാധാരണ മുതലാളിമാരുടെ മക്കൾ തൊഴിലാളിമാരുടെ മക്കളോട് ഒന്ന് സംസാരിക്കുന്നത് തന്നെ വലിയ ബുദ്ധിമുട്ടിയാണ്.. അതിൽ നിന്നും വിപരീതമാണ് കീർത്തന എന്ന് പലകുറി അയാൾക്ക് തോന്നിയിട്ടുണ്ടായിരുന്നു.
” ആഹാ കുഞ്ഞൊ..? എന്താ പതിവില്ലാതെ ഇത്രയും രാവിലെ ഇങ്ങോട്ട്..?
അവളുടെ മുഖത്തേക്ക് നോക്കി വേണു ചോദിച്ചു..
” അമ്പലത്തിൽ പോയിട്ട് വന്നത് ആണ് അങ്കിൾ .. വീണയെ കൂടി ഒന്ന് കാണാം എന്ന് കരുതി. അവൾ ഇവിടെ ഇല്ലേ..?
“ഉണ്ടല്ലോ.. അകത്തുണ്ട് കുളിക്കുകയായിരിക്കും, ഞാൻ പുറത്ത് വരെ പോകാൻ വേണ്ടി ഇറങ്ങിയത് ആണ്, മോൾ അകത്തേക്ക് ചെല്ല്
വേണു പറഞ്ഞു
അവൾ ചിരിയോടെ സമ്മതിച്ചു അകത്തേക്ക്
കയറുന്ന സമയത്ത് തന്നെ കണ്ടിരുന്നു വേണുവിന്റെ ഭാര്യ സുധയെ..
” അയ്യോ കുഞ്ഞ് ആയിരുന്നോ രാവിലെ തന്നെ… ഞാൻ ഓർത്തു ഇതാരാ ഈ അതിരാവിലെ വന്നത് എന്ന്,
” ഞാൻ അമ്പലത്തിൽ പോയതാണ്, അപ്പോൾ ഓർത്തു വീണയെ കൂടി കണ്ടു മടങ്ങാം എന്ന്…
“‘ആണോ
” എടി വീണേ ദേ കീർത്തന കുഞ്ഞ് വന്നിരിക്കുന്നു…
സുധാ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ തന്നെ അകത്തു നിന്നും അവളുടെ തലവട്ടം കണ്ടിരുന്നു…
കീർത്തന അവളെ നോക്കി നന്നായി ഒന്ന് പുഞ്ചിരിച്ചു,
” നീയെന്താ ഇത്ര രാവിലെ ഇങ്ങോട്ട് ഇറങ്ങിയത്..?
അവളുടെ മുഖത്തേക്ക് നോക്കി ഒരു പ്രത്യേക ഭാവത്തിലാണ് വീണ അത് ചോദിച്ചത്… അത് കേട്ടതും സുധയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല അച്ഛന് ശമ്പളം തരുന്ന ആളുടെ മകളാണ്. ഒട്ടും ബഹുമാനമില്ലാതെയാണ് തന്റെ മകൾ സംസാരിക്കുന്നത്. അവർ അവളുടെ മുഖത്തേക്ക് ഒന്ന് ദേഷ്യപ്പെട്ട് നോക്കി…
” നീ എന്നാണോ കീർത്തന കുഞ്ഞിനെ വിളിക്കുന്നത്..? നിനക്ക് പേര് വിളിച്ചു കൂടെ,
അവർ മകളെ താക്കീത് ചെയ്തു
” അയ്യോ അമ്മേ അതിനെന്താ, ഞങ്ങൾ ഒരേ പ്രായമല്ലേ, മാത്രമല്ല ഞങ്ങൾ കൂട്ടുകാരുമല്ലേ, അപ്പോൾ അങ്ങനെ വിളിക്കുന്നത് കൊണ്ടൊന്നും ഒരു കുഴപ്പവുമില്ല.
കീർത്തന തിരുത്തി,
“അങ്ങനെ അല്ല മോളെ, ഞാൻ ഒരു കാര്യം പറയട്ടെ ഞങ്ങളുടെ വീട്ടിലെ കാര്യങ്ങൾ നടത്തുന്നത് അവിടുന്ന് തരുന്ന പൈസ കൊണ്ടാണ്, അതുകൊണ്ടാ ഞാനും എന്റെ മക്കളും കഴിയുന്നത്, നിങ്ങൾ ഞങ്ങൾക്ക് ദൈവത്തിനെ പോലെയാണ്. അപ്പോൾ ഇങ്ങനെ വിളിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റത്തില്ല. അതുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞത്.. നിങ്ങൾ ഒരേ പ്രായവും കൂട്ടുകാരും ഒക്കെ ആയിരിക്കും, പക്ഷേ കുഞ്ഞിന്റെ അച്ഛനോ മറ്റോ കേട്ടാൽ എന്താ ഇവളെ കുറിച്ച് ധരിക്കുന്നത്.? എന്റെ വളർത്തുദോഷം കൊണ്ടാണെന്നല്ലേ കരുതു,
” അമ്മ ഇങ്ങനെ ഒന്നും ചിന്തിക്കരുത്. അച്ഛനും അങ്ങനെ ഒന്നും കരുതത്തില്ല. ഇത് പഴയകാലം ഒന്നുമല്ലല്ലോ. ഇവിടുത്തെ അച്ഛന് പണം എന്റെ അച്ഛൻ കൊടുക്കുന്നുണ്ടെങ്കിൽ അദ്ദേഹം ജോലി ചെയ്തിട്ടല്ലേ.? ജോലി ചെയ്യുന്നതിനുള്ള കൂലിയാണ് കിട്ടുന്നത്, അത് ആരുടെയും ഔദാര്യമല്ല. അവകാശമാണ്. അമ്മ അങ്ങനെയൊന്നും കരുതേണ്ട.
” അമ്മ പോയിട്ട് കീർത്തന കുഞ്ഞിന് ഒരു ചായ ഇടൂ, അമ്പലത്തിലൊക്കെ പോയിട്ട് ക്ഷീണിച്ചു വന്നത് അല്ലേ
വീണ പറഞ്ഞു
” ഞാനത് മറന്നു ഞാൻ വേഗം എടുത്തോണ്ട് വരാം, മോൾ അകത്തു കയറി ഇരിക്ക്..
അതും പറഞ്ഞു അവർ അകത്തേക്ക് പോയപ്പോൾ
വീണ കീർത്തനയുടെ അരികിലേക്ക് വന്നു നിന്നിരുന്നു..
” കീർത്തന കുഞ്ഞ് എന്താണാവോ രാവിലെ കുറ്റിയും പറിച്ച് ഇങ്ങോട്ട് വന്നത്…?
നീ എന്നെ കളിയാക്കിയതാണെന്ന് എനിക്ക് മനസ്സിലായി…
” എനിക്ക് മനസ്സിലായി നീ എന്താ രാവിലെ അമ്പലത്തിൽ പോയതെന്ന്,മീനമാസത്തിലെ പൂരം നാൾ നീ മറക്കില്ലല്ലോ,
വീണ പതിയെ പറഞ്ഞു
” ഇന്ന് പിറന്നാൾ ആണെന്ന് എനിക്ക് ഓർമ്മയുണ്ട്,
” അതുകൊണ്ട് അല്ലേ നീ അമ്പലത്തിൽ പോയിട്ട് വന്നിരിക്കുന്നത്…
കീർത്തന നാണത്തിൽ തലകുലുക്കി
“എഴുന്നേറ്റോ..?
“ഇല്ല നല്ല ഉറക്കം ആണ്..
” ഇത് നീ കൊടുക്കണം
പ്രസാദവും പായസവും അവൾക്ക് നേരെ നീട്ടി കീർത്തന പറഞ്ഞു
“ആർക്ക്..?
” നിന്റെ ഏട്ടന്, അല്ലാതെ ആർക്ക്..? ഞാൻ പ്രത്യേകമായിട്ട് ഒരുപാട് വഴിപാടുകൾ ഒക്കെ കഴിപ്പിച്ചിട്ടുണ്ട്. അതിന്റെയൊക്കെ പ്രസാദം ആണ്. എല്ലാം തൊട്ടു കൊടുക്കണം, പിന്നെ ഇതിൽ നെയ്പായസം ഉണ്ട്, അത് പ്രത്യേകം വഴിപാടാണ്. അത് കഴിപ്പിക്കണം..
“എഴുനേറ്റ് വന്നിട്ട് പോരെ..?
” മതി
” പിന്നെ ഇന്നലെ പോയ ഇന്റർവ്യൂ എന്തായടി
” ഒന്നുമായില്ല പട്ടി ചന്തയ്ക്ക് പോയത് പോലെ ഇന്നലെ വൈകിട്ട് തന്നെ തിരിച്ചു വന്നു. എന്തൊക്കെയോ സാഹിത്യവും പറഞ്ഞിട്ട് കിടന്നുറങ്ങുന്നത് കണ്ടു..
“ശോ… ഞാൻ നന്നായിട്ട് പ്രാർത്ഥിച്ചതായിരുന്നു, അത് കിട്ടാൻ വേണ്ടി. എന്നിട്ടും കിട്ടിയില്ല അല്ലേ..?
“നീ ഇനി പ്രാർത്ഥന ഒരല്പം കുറച്ചു നോക്ക്, ചിലപ്പോൾ അന്നേരം കിട്ടിയാലോ..?
“നിനക്ക് ഇത്തിരി കളിയാക്കൽ കൂടുന്നുണ്ട് കേട്ടോ, അമ്മ പറഞ്ഞപോലെ ബഹുമാനമൊന്നുമില്ല…
ചിരിയോടെ കീർത്തന പറഞ്ഞു
” ബഹുമാനിക്കാടി, നീയെന്റെ ഏട്ടന്റെ ഭാര്യയായിട്ട് ഇങ്ങ് കയറിപോരെ, അപ്പൊ ഞാൻ ബഹുമാനിക്കാം.
” അതിന് ഞാൻ മാത്രം വിചാരിച്ചാൽ മതിയോ..? നിന്റെ ഏട്ടനും കൂടി വിചാരിക്കണ്ടേ.?
” അതിന് നീ ഇങ്ങനെ മനസ്സിൽ കെട്ടിപ്പൂട്ടി വച്ചിട്ട് കാര്യമില്ലല്ലോ. നീയും കൂടിയത് തുറന്നു പറയണ്ടേ..? നിന്റെ മനസ്സ് കുത്തി തുരന്ന് അതിനുള്ളിൽ ഇരിക്കുന്ന പ്രേമകാര്യം അറിയാൻ വേണ്ടി അങ്ങേർക്ക് ആറാം ഇന്ദ്രിയം ഒന്നുമില്ല
“:എനിക്ക് പേടി ആണ് പറയാൻ, അഥവാ ഞാൻ പറഞ്ഞിട്ട് ഇഷ്ടമല്ല എന്നാണ് പറയുന്നത് എങ്കിൽ എനിക്ക് സഹിക്കാൻ പോലും പറ്റില്ല.
” എങ്കിൽ പിന്നെ നീ പറയണ്ട, അങ്ങേര് വേറെ പെണ്ണിനെ കെട്ടി പിള്ളേരുമായിട്ട് ഇവിടെ ഹാപ്പി ആയിട്ട് ജീവിക്കുമ്പോൾ നീ ഇങ്ങനെ കണ്ടാ മതി..
” നീ ഒന്ന് പോയെ ചുമ്മാ പേടിപ്പിക്കാതെ, പിന്നെ ഇതും കൂടി കൊടുക്കണം..
കയ്യിൽ നിന്നും ഒരു ടെക്സ്റ്റൈൽസിന്റെ പൊതിയെടുത്ത് അവൾക്ക് നേരെ നീട്ടിയിരുന്നു കീർത്തന..
” ഇതെന്താ നീ വല്ല ശൈനപ്രദക്ഷണം നടത്തിയിട്ട് അതിന്റെ പ്രസാദം വല്ലതുമാണോ..?
” ഒന്ന് പോടീ ഒരു ഷർട്ടും മുണ്ടും ആണ് ഇന്ന് പിറന്നാൾ അല്ലേ? നീ വാങ്ങിയതാണെന്ന് പറഞ്ഞിട്ട് കൊടുത്താൽ മതി..
” പിന്നെ ഇത് ഇട്ട് വൈകിട്ട് തന്നെ അമ്പലത്തിൽ പോകാൻ പറയണം, ഞാൻ ആൾക്ക് വേണ്ടി ചുറ്റ് വിളക്ക് നേർന്നിട്ടുണ്ട്..
“ഞാനൊരു കാര്യം പറയട്ടെ..
” എന്താ ഞാൻ നിന്റെ കാര്യം ഏട്ടനോട് പറയട്ടെ…
‘ ഇയ്യോ ഇപ്പോൾ പറയണ്ട, എനിക്ക് ഇത്തിരികൂടി ധൈര്യമായിട്ട് പറഞ്ഞാൽ മതി..
” ഒരു 15 വയസ്സ് ആയപ്പോൾ തുടങ്ങിയതല്ലേ നീ ധൈര്യം സമ്പാദിക്കാൻ, ഇപ്പോൾ നിനക്ക് എത്ര വയസ്സാ..?ഇതുവരെ നിനക്ക് ഇത് തുറന്നു പറയാനുള്ള ധൈര്യം കിട്ടിയില്ലേ..?
“അമ്മേ ഒരു ചായ…!
അകത്തുനിന്നും ആ ശബ്ദം കേട്ടതും വെപ്രാളത്തോടെ കീർത്തന തിരിഞ്ഞു നോക്കി……തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…