പ്രണയം: ഭാഗം 20
എഴുത്തുകാരി: കണ്ണന്റെ രാധ
ഞാൻ…… ഞാനിവിടെ ഹോസ്പിറ്റലിന്റെ പാർക്കിങ്ങിൽ ഉണ്ട്. ഈ സമയത്ത് വിസിറ്റേഴ്സ് അലൌഡ് ആണോ.?
അവന്റെ ആ ചോദ്യത്തിൽ അവൾ ശരിക്കും ഞെട്ടിപ്പോയിരുന്നു
” സത്യമാണോ പറഞ്ഞെ ശരിക്കും ഇവിടെയുണ്ടോ..?
അവൾ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു…
” ഞാനെന്തിനാ കള്ളം പറയുന്നത്..,?
അവനവളോട് മറു ചോദ്യം ചോദിച്ചു.
” എങ്കിൽ ഒരു കാര്യം ചെയ്യാം ഞാൻ പാസ് താഴേക്ക് എത്തിക്കാം, ആഹ് പാസ്സ് കൊണ്ട് വന്നാൽ മതി,
അവൾ പറഞ്ഞു
” ശരി വിളിച്ചാൽ മതി,
അവൻ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു.
സന്തോഷവും വെപ്രാളവും എല്ലാം കൂടി നിറഞ്ഞ ഒരു അവസ്ഥയായിരുന്നു കീർത്തനയ്ക്ക്.
അവൻ തന്നെ കാണാനായി വന്നിരിക്കുന്നു, സന്തോഷം പകരുന്ന ഒരു അവസ്ഥ തന്നെയായിരുന്നു.
ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല ആ വരവ് അവൾ.
അവൾ രാഗിണിയുടെ മുഖത്തേക്ക് നോക്കി, അവരവിടെ കാര്യമായ ജോലിയിലാണ്,
” എങ്ങനെയാണ് കാര്യം പറയുന്നത്..?
“ആന്റി….
അവൾ വിളിച്ചു
” എന്താ കുഞ്ഞേ..?
അവർ അവളുടെ മുഖത്തേക്ക് നോക്കി,
” എന്നെ കാണാൻ വേണ്ടി എന്റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട്, ചേച്ചി പാസ് ഒന്നു കൊണ്ട് കൊടുത്ത് ആളെ കൂട്ടിക്കൊണ്ടു വരാമോ.?
അവൾ ചോദിച്ചപ്പോൾ അവർ അതിനെന്താ എന്ന അർത്ഥത്തിൽ തലയാട്ടി,
ഉടനെ തന്നെ അവൾ ഫോൺ വിളിച്ച് താഴേക്ക് ആള് വരുന്നുണ്ട് എന്നും അവർക്കൊപ്പം മുകളിലേക്ക് കയറി വരാനും നന്ദനോട് പറഞ്ഞു.
അവൻ അവളുടെ നിർദ്ദേശം അനുസരിച്ച് റിസപ്ഷനിലേക്ക് നടന്നു. ഇറങ്ങി വരുന്ന രാഗിണിയേ കണ്ടപ്പോൾ തന്നെ ആരാണ് എന്ന് നന്ദന് മനസ്സിലായിരുന്നു. അവനെ കണ്ടപ്പോൾ അവരിലും ഒരു സംശയമുണർന്നു. എങ്കിലും അത് മുഖത്ത് പ്രതിഫലിക്കാതെയാണ് അവർ അവന്റെ അരികിലേക്ക് വന്നത്.
” കീർത്തന എവിടാ ചേച്ചി
അവൻ ചമ്മലോട് ചോദിച്ചു,
” കീർത്തന മോളാണ് എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്.
അവന്റെ മുഖത്തേക്ക് നോക്കി അവര് പറഞ്ഞു.
അവൻ തലയാട്ടി അവരെ അനുഗമിച്ചു.
അവർക്കൊപ്പം മുറിയിലേക്ക് ചെന്നു, അവിടെ വാടി തളർന്ന താമര തണ്ടുപോലെ കിടക്കുന്ന കീർത്തനയെ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നിയിരുന്നു അവന്..
അവളുടെ അവസ്ഥയ്ക്ക് കാരണം താനാണല്ലോ എന്ന വിഷമം അവന്റെ മുഖത്ത് നിറഞ്ഞു.
എന്നാൽ അവളിലാവട്ടെ തന്നെ കാണാൻ അവൻ വന്ന സന്തോഷമാണ്. അത് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്..
” വീണ അത് തന്നെ വിട്ടിട്ടുണ്ടോ ചേട്ടാ..?
അവൾ ചോദിച്ചപ്പോൾ അവൻ മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി.
” ചേച്ചിക്ക് മനസ്സിലായില്ലേ നമ്മുടെ വേണുഅങ്കിളിന്റെ മോനാണ്, അങ്കിളിന്റെ മോൾ വീണ എന്റെ കൂട്ടുകാരിയാ, അവളുടെ ഒരു നോട്ട് നാളെ അത്യാവശ്യമായിട്ട് കോളേജ് സബ്മിറ്റ് ചെയ്യേണ്ടത് ആണ്. അത് എന്റെ കൈയ്യിലാണ് അത് വാങ്ങാൻ വേണ്ടി വന്നതാ
ബാഗിൽ നിന്നും ഒരു കെട്ട് പേപ്പർ എടുത്ത് കാണിച്ചുകൊണ്ട് അവൾ പറഞ്ഞു.
അതുവരെ രാഗിണിയുടെ മുഖത്ത് നിറഞ്ഞുനിന്ന സംശയം മാറുന്നത് കണ്ടപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നി.
” ഈ രാത്രിയിലിത് വാങ്ങാൻ വരേണ്ടി വന്നത് ബുദ്ധിമുട്ടായി അല്ലേ.?
അവനോട് ആയി കീർത്തന ചോദിച്ചു.
അവൻ മറുപടിയൊന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അപ്പോഴും അവന്റെ ശ്രദ്ധ അവളിൽ ആയിരുന്നു..
” ചേച്ചി കാന്റീനിൽ നിന്ന് ചായയോ ജ്യൂസോ അങ്ങനെ എന്തെങ്കിലും വാങ്ങിയിട്ട് വരുമോ..? എനിക്ക് വല്ലാത്ത വിശപ്പ്, ഡ്രിപ്പ് കയറിയത് കൊണ്ട് വിശക്കുന്നതായിരിക്കും..
അവൾ പറഞ്ഞു
” ഞാൻ പെട്ടെന്ന് പോയി വല്ലതും വാങ്ങിയിട്ട് വരാം, മോനെ ഞാൻ വന്നിട്ടെ പോകാവെ…
രാഗിണി പറഞ്ഞു
അവരെ മാറ്റുവാൻ വേണ്ടിയാണ് അവൾ അങ്ങനെ പറഞ്ഞത് എന്ന് വ്യക്തമായി നന്ദന് മനസ്സിലായിരുന്നു.
അവർ പുറത്തേക്ക് ഇറങ്ങിയതും അവൻ അവളെ സൂക്ഷിച്ചു നോക്കി,
” തനിക്ക് എന്താടോ പറ്റിയത്..?
അലിവോടെ അവൻ ചോദിച്ചു.
” ഞാൻ പറഞ്ഞില്ലേ മഴ നനഞ്ഞിട്ടാ, അങ്ങനെ മഴ നനയാറില്ല ഞാൻ,
അവന്റെ മുഖത്ത് നോക്കാൻ അവൾക്ക് മടി തോന്നി
“നമ്മൾ അതിനു മഴ നാനഞ്ഞില്ലല്ലോ
അവൻ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി പറഞ്ഞു…
” എങ്കിലും തണുപ്പടിച്ചില്ലേ..?അതുകൊണ്ട
അത് പറഞ്ഞപ്പോഴും അവരിൽ ഒരു വല്ലാത്ത വെപ്രാളം നിറയുന്നത് അവൻ കണ്ടു തന്നോട് സംസാരിക്കുമ്പോൾ അവൾക്ക് വല്ലാത്ത പരിഭ്രമമാണ് അത് കണ്ട് അവന് ചിരി വന്നു
” നീ എന്ത് വിശ്വാസത്തിലാ കൊച്ചേ എന്നെ പ്രേമിച്ചത്.? അതും ഇത്രയും കാലം..?
അവൻ വെട്ടി തുറന്നു ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അറിയില്ലായിരുന്നു അവൾക്ക്…
” വീണ എന്നോട് പറഞ്ഞു എല്ലാ കാര്യങ്ങളും,
” ഞാനിനി ഒരിക്കലും ശല്യപ്പെടുത്തില്ല, എന്നോട് നന്ദേട്ടന് ഇഷ്ടം ഇല്ലന്ന് എനിക്കറിയാം, ഒരിക്കലും ഇല്ലാത്ത ഇഷ്ടം പിടിച്ചു വാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനെന്നും ഭംഗി കുറവായിരിക്കും നന്ദേട്ടാ. മാത്രമല്ല ഞാൻ നിർബന്ധിച്ചു വാശിപിടിച്ചു അല്ല നന്ദേട്ടന്റെ ഇഷ്ടം സ്വന്തമാക്കേണ്ടത്. അത് നന്ദേട്ടന് തന്നെ ഉണ്ടാവേണ്ടതാ. ഞാനൊരിക്കലും ഇനി ഈ കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കില്ല. ഞാൻ ചെയ്തത് വലിയ തെറ്റ് ആണ്. എനിക്കൊരു ഇഷ്ടം തോന്നിയപ്പോൾ ഞാനത് തുറന്നു പറയണമായിരുന്നു,
കുറ്റബോധത്തോടെ അവൾ പറഞ്ഞപ്പോൾ എന്തു മറുപടി പറയണമെന്ന് അറിയാത്ത നിൽക്കുകയായിരുന്നു നന്ദനും
“എന്നേ ഇത്രത്തോളം സ്നേഹിക്കാൻ മാത്രം എന്ത് പ്രത്യേകതയാണ് താൻ എന്നിൽ കണ്ടത്.?
അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു
പെട്ടന്നാമുഖം ചുവക്കുന്നത് അവൻ കണ്ടു…
” എനിക്കറിയില്ല നന്ദേട്ടാ ഉള്ളിന്റെ ഉള്ളിൽ എപ്പോഴോ ഇടംപിടിച്ച ഒരു മുഖം കാരണങ്ങൾ ഒന്നുമില്ലാതെ വെറുതെ തോന്നിയ ഒരിഷ്ടം.! പക്ഷേ ഇഷ്ടം ഓരോ ദിവസം കൂടായിരുന്നു, ഞാൻ നന്ദേട്ടനെ കാണുമ്പോൾ നന്ദേട്ടന്റെ ഒപ്പം നിൽക്കുമ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടു പോവുകയായിരുന്നു…
തുറന്നുപറയണമെന്ന് എപ്പോഴും വിചാരിക്കും, പക്ഷേ അതിനുള്ള ധൈര്യം എനിക്ക് വന്നിട്ടില്ല.. ഇഷ്ടപ്പെടാനുള്ള കാരണം ഇപ്പോഴും എനിക്ക് അറിയില്ല. ഞാൻ ഏട്ടൻ തിരിച്ച് ഇഷ്ടപ്പെടണം എന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടുമില്ല. ഒരുപാധികളും ഇല്ലാത്ത ഒരിഷ്ടം
അവൾ പറഞ്ഞു നിർത്തിയപ്പോഴും അവൻ അവളെ തന്നെ നോക്കി നിൽക്കുകയാണ്..
” ഈ രാത്രിയിൽ ഓടി പിടിച്ച് ഇങ്ങോട്ട് വരണ്ടാരുന്നു,
അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു
“വരണ്ടാരുന്നോ..?
അവൻ ചോദിച്ചപ്പോൾ അവളുടെ മുഖം താണ് പോയി
“എനിക്ക് കാണണമെന്ന് തോന്നി..!
ഒരു പ്രത്യേക താളത്തോടെ അവനത് പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി..
മേൽ മീശ കടിച്ച് കൈ രണ്ടും കെട്ടി അവളെ തന്നെ നോക്കി നിൽക്കുകയാണ് അവൻ ചെറുചിരിയോടെ ..
“ശരിക്കും..?
വിശ്വാസം വരാതെ അവൾ ചോദിച്ചു…
“ഒത്തിരി വർഷത്തെ കണക്കൊന്നും പറയാനില്ല പക്ഷേ ഇത്രയും അറിഞ്ഞിട്ട് ഞാൻ എങ്ങനെയാ വരാതിരിക്കുന്നത്..?
അലിവോടെ അവൻ അവളുടെ കവിളിൽ തൊട്ടു, അവൾ അത്ഭുതത്തോടെ അവനെ തന്നെ നോക്കിയിരുന്നു …..തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…