പ്രണയം: ഭാഗം 26

എഴുത്തുകാരി: കണ്ണന്റെ രാധ
അവന് നേരെ ചായ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു..
” ചായക്കൊപ്പം മറ്റെന്തെങ്കിലും ഉണ്ടോ.?
അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് കുസൃതിയോടെ അവൻ ചോദിച്ചു
അമ്മ അവിടെ ഇഡ്ഡലി ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. അതെടുക്കണോ.?
ഒരു കുസൃതിയോടെ അവൾ ചോദിച്ചു. അവൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്..
അപ്പോൾ കുറച്ചു മുൻപ് തന്നതിന്റെ പേര് എന്തായിരുന്നു.?
അവളുടെ കയ്യിൽ വലിച്ചു കൊണ്ട് ചോദിച്ചു..
ഒറ്റവലിക്ക് തന്നെ അവൾ അവന്റെ അരികിലേക്ക് നീങ്ങി പോയിരുന്നു. ഒരു നിമിഷം അവനെ നോക്കാൻ ഒരു ചമ്മൽ ഒക്കെ തോന്നി…
“അപ്പോൾ നാണം ഒന്നുമില്ലാരുന്നല്ലോ
അവൻ അവളെ നോക്കി ചിരിയോടെ ചോദിച്ചു
അവന്റെ മുഖത്തേക്ക് നോക്കി ചെറിയ ചിരിയോടെ അവൾ അകലാൻ നോക്കിയപ്പോൾ ആ കൈകൾക്ക് മുറുക്കം കൂടുന്നത് അവൾ അറിഞ്ഞു.
” അമ്മയോ മറ്റോ കാണും..
അമ്മ ഇവിടെ ഇല്ലെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടല്ലേ താൻ ധൈര്യം ആയി ഇങ്ങോട്ട് കയറി പോന്നത്
ചെറുചിരിയോട് അവൻ ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു അവളും.
” വീണ വന്നാലോ
അപ്പോൾ ആരെങ്കിലും വന്നാലേ കുഴപ്പമുള്ളൂ.? അല്ലെങ്കിൽ കുഴപ്പമില്ല.?
അവൻ കീഴ്ചുണ്ട് കടിച്ചു ചോദിച്ചു
” ഞാൻ പോവാ നന്ദേട്ട
താൻ ചായ കുടിച്ചോ
അവളുടെ മുഖത്തേക്ക് നോക്കി ഏറെ ആർദ്രമായി അവൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി
” പനി കുറവുണ്ടോ
അവന്റെ നെറ്റിയിലും കഴുത്തിലും ഒക്കെ കൈവെച്ച് നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
അവൻ മാറി എന്ന അർത്ഥത്തിൽ തലയാട്ടി.
“ആ ചായ ഒന്ന് തന്നേ..
അവൻ ഒന്ന് കുടിച്ച് കഴിഞ്ഞതും ഗ്ലാസ് വാങ്ങി അവൾ പറഞ്ഞു.
” എന്താ..?
അതൊക്കെയുണ്ട് ഇങ്ങ് തന്നെ..
അവന്റെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി ഒരു സിപ്പ് കുടിച്ചു ശേഷം അവന്റെ മുഖത്തേക്ക് നോക്കിയവൾ അവന് നൽകി
എന്റെ വലിയൊരു ആഗ്രഹമായിരുന്നു ഇത്..
അവൾ നിഷ്കളങ്കതയോട് പറയുന്നത് കണ്ടു ചിരിച്ചു പോയിരുന്നു അവൻ
“താൻ ശരിക്കും കണ്ട പൈങ്കിളി സിനിമകളൊക്കെ കുത്തിയിരുന്ന് കണ്ടിട്ട് ഓരോ സീൻസുമായി വന്നിരിക്കുകയാണ് അല്ലേ.?
അവൻ ചോദിച്ചപ്പോൾ അവൾ അവനെ നോക്കി കൂർപ്പിച്ചു
ഞാൻ അല്പം പൈങ്കിളിയാ ചിലപ്പോൾ അതൊന്നും നന്ദേട്ടൻ ഇഷ്ടമില്ലായിരിക്കും..
മറ്റെവിടെയോ നോക്കി പറഞ്ഞപ്പോൾ അവളുടെ കൈകൾക്ക് മുകളിലേക്ക് അവൻ കൈകൾ വച്ചു..
” ഇഷ്ടകുറവൊന്നുമില്ല, പക്ഷേ ഞാൻ അത്ര റൊമാന്റിക് അല്ല. എന്നിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കരുത്. ഈ പൈങ്കിളി ഒന്നും എനിക്കറിയത്തില്ല അതിനൊന്നും പറ്റിയ ഒരു സാഹചര്യത്തിലല്ല ഞാൻ….
അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അവന്റെ അരികിലേക്ക് കുറച്ച് നീങ്ങിയിരുന്നു. ശേഷം അവന്റെ താടിയിൽ കൈകൾ വച്ചു. പിന്നെ ആ മുഖം കൈക്കുമ്പിളിൽ എടുത്തു.
ഒരു നിമിഷം അവന് അമ്പരന്നു പോയിരുന്നു അവളുടെ ആ പ്രവർത്തിയിൽ.
ഒന്നും വേണ്ട എപ്പോഴും ഇങ്ങനെ അടുത്ത് ഈ മുഖം, അത് കാണണം എനിക്ക്. അതിനപ്പുറം പ്രത്യേകിച്ച് ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഒന്നുമില്ല… എന്നും എന്റെ അടുത്ത് ഇങ്ങനെ… അതുമാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ അതുണ്ടാവില്ലേ..?
അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചപ്പോൾ അവൻ അവളെ കണ്ണിമ ചിമ്മാതെ നോക്കി
“അത്രയ്ക്ക് ഇഷ്ട്ടം ആണോ.?
അവൻ ചോദിച്ചു..
അവൾ അതേന്നെ അർത്ഥത്തിൽ തലയാട്ടി കാണിച്ചിരുന്നു. പിന്നെ അവന്റെ നെറ്റിയിൽ ഒരു നേർത്ത ചുംബനവും, അവൻ കണ്ണുകൾ അടച്ചു അത് സ്വീകരിച്ചു. ശേഷം തോളിലൂടെ കൈയ്യിട്ട് അവളെ തന്നോട് ചേർത്ത് ഇരുത്തി. അവൻ അലിവോടെ അവളെ ഒന്ന് നോക്കി അവൾ ആ തോളിൽ ചാഞ്ഞു
പനിയൊക്കെ മാറാണെങ്കിൽ നാളെ വൈകുന്നേരം അമ്പലത്തിൽ വരണം വരുമോ.?
അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.
വൈകുന്നേരത്തെ പരിപാടി ഒന്നും നടക്കില്ല മോളെ, ചെറുതായിട്ട് മീൻ കച്ചവടത്തിന് പോകുന്നുണ്ട്. അത് വൈകുന്നേരം ആണ് തകൃതിയായിട്ട് നടക്കുന്നത്. അതുകൊണ്ട് ഒരു നാലുമണിക്ക് ശേഷം ഒരു പരിപാടിയും നടക്കില്ല.. അതിനുമുൻപ് വേണമെങ്കിൽ എവിടെയെങ്കിലും വച്ച് കാണാനുള്ള സജീകരണ നീ ചെയ്താൽ ഞാൻ വരാം..
ആണോ എങ്കിൽ മൂന്നുമണിക്ക് നമ്മുടെ കുന്നിന്റെ മോളില് വരൂമോ അവിടെയാവുമ്പോ ആരുമുണ്ടാവില്ല…
അവൾ പറഞ്ഞു
ആരുമില്ലാത്ത സ്ഥലത്തിരുന്ന് എന്നോട് എന്ത് പറയാനാ നിനക്ക്.?
ഒരു കുസൃതിയോടെ അവൻ ചോദിച്ചു….
അങ്ങനെയൊന്നുമല്ല ഞാൻ ഉദ്ദേശിച്ചത്..
ഞാൻ പ്രത്യേകിച്ചൊന്നും ഉദ്ദേശിച്ചിട്ടില്ല നീയെന്താ ഉദ്ദേശിച്ചേ.
അവൻ വിടാൻ ഭാവമില്ലെന്ന് കണ്ടതും അവൾക്ക് നാണം തോന്നിയിരുന്നു.
ഒന്ന് പോയെ നന്ദേട്ടാ…
അവന്റെ അരികിൽ നിന്ന് അല്പം നീങ്ങി അവൾ
ഞാൻ പോവാ
ചിരിയോടെ പോകാൻ തുടങ്ങിയവളുടെ കൈകളിൽ അവൻ ഒന്ന് പിടിച്ചു.
ഈ ഗ്ലാസ് കൂടി കൊണ്ട് പോടി…
ചിരിയോടെ അവളുടെ കൈകളിലേക്ക് അത് വെച്ചുകൊടുത്തവൻ പറഞ്ഞപ്പോൾ അവളുടെ മുഖം വീണ്ടും കൂർത്ത് പോയിരുന്നു. അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ പറഞ്ഞു
ഈ നന്ദേട്ടനൊട്ടും റൊമാന്റിക് അല്ല.
അതെ ഞാൻ ഒരു അൺ റൊമാന്റിക് മൂരാച്ചിയാണ്. അതൊക്കെ നീ മനസ്സിലാക്കാൻ പോകുന്നേ ഉള്ളൂ… അപ്പൊ പറയരുത് അയ്യോ ഞാൻ പ്രതീക്ഷിച്ചത് ഇങ്ങനെയായിരുന്നില്ലേ ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി ഇതായിരുന്നില്ലേ എന്നൊന്നും. ഇതൊക്കെ ഞാൻ മുൻപേ പറഞ്ഞതല്ലേ അവൻ ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ മുറിയിൽ നിന്നും ഓടി പോയിരുന്നു ആ ചിരിയിൽ നന്ദനും ഒന്ന് പങ്കുകൊണ്ടു
കണ്ണുകൾ തുറന്നപ്പോഴേക്കും നന്ദൻ ക്ലോക്കിൽ നോക്കി സമയം ഏതാണ്ട് നാല് മണിയായിരിക്കുന്നു. ഇത്രയും സമയം താൻ കിടന്നുറങ്ങിയോ? വെള്ളിയാഴ്ച ആയതുകൊണ്ട് തന്നെ ജോലി ഇല്ലാത്തതിനാൽ കിടന്നുറങ്ങിയതാണ്…
ഏകാന്തതയുടെ നിമിഷങ്ങളിൽ എപ്പോഴും അവളുടെ ഓർമ്മകൾ തന്നെ കുത്തിനോവിക്കുമല്ലോ. ഇപ്പോൾ എവിടെയായിരിക്കും.? തന്നെ ഓർക്കുന്നുണ്ടാവുമോ.? അവൻ ചിന്തിച്ചു. ശേഷം പേഴ്സിൽ നിന്നും ഒരുപാട് പഴക്കമുള്ള ഒരു ഫോട്ടോ എടുത്തു നോക്കി.
എന്റെ മോളെ നീ എവിടെയാ.? സുഖമായിരിക്കുകയാണോ.? നിന്റെ നന്ദേട്ടനെ നീ ഓർക്കാറുണ്ടോ.? അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു..
നന്ദേട്ടാ എന്നുള്ള കുപ്പിവള കിലുങ്ങുന്ന അവളോട് ചിരിയാണ് മനസ്സിൽ നിറയെ.. അല്ലെങ്കിലും ഈ കാലമത്രയും തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതും ആ ഒരു വിളി തന്നെയായിരുന്നല്ലോ. ഫോണെടുത്ത് വീട്ടിലേക്ക് ഒന്നു വിളിക്കാമെന്ന് അവൻ കരുതി..
വെള്ളിയാഴ്ച ദിവസം ആണല്ലോ വീട്ടിലേക്ക് വിളിച്ചില്ലെങ്കിൽ പിന്നെ അതുമതി പരാതിക്ക്. ഫോണും എടുത്തുകൊണ്ട് താൻ പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ തന്നെ ഷുക്കൂർ പറയുന്നുണ്ടായിരുന്നു.
വീട്ടിലേക്ക് വിളിക്കാൻ ആവും അല്ലേ, നീ നല്ല ഉറക്കമായിരുന്നു ക്ഷീണം കാണും എന്ന് കരുതിയ ഞാൻ വിളിക്കാതിരുന്നത്.
ഷുക്കൂർ അടുത്ത് വന്ന് കാര്യമായി പറയുകയാണ്.
അത് ഞാൻ മനോഹരമായ ഒരു സ്വപ്നത്തിൽ ആയിരുന്നു. അതുകൊണ്ടായിരിക്കും
അവൻ ചിരിയോടെ മറുപടി പറഞ്ഞു. സ്വപ്നം ഒക്കെ എന്താണെന്ന് എനിക്ക് മനസ്സിലായി. ഓളെ ആയിരുന്നില്ലേ അന്റെ മൊഞ്ചത്തി.!
ഷുക്കൂർ ചോദിച്ചപ്പോൾ കണ്ണുകൾ ചുവക്കാതിരിക്കാൻ പരമാവധി ശ്രമിച്ചാണ് അവൻ ഒന്ന് പുഞ്ചിരിച്ചത്. അവളെവിടെയാണെങ്കിലും എവിടെയോ നിനക്ക് വേണ്ടി കാത്തിരിക്കുക തന്നെ ആവും. നിന്റെ നാക്ക് പൊന്നാവട്ടെ..
ചിരിയുടെ അത്രയും പറഞ്ഞു അവൻ ടെറസ്സിലേക്ക് നീങ്ങി നിന്നിരുന്നു…
വീട്ടിലേക്ക് രണ്ടുതവണ വിളിച്ചിട്ടും ബെല്ലടിച്ചു നിന്നതല്ലാതെ ആരും ഫോണെടുത്തില്ല.
അച്ഛൻ എന്നോട് മിണ്ടിയിട്ട് തന്നെ മൂന്നുവർഷത്തോളം ആകുന്നു. പിന്നെ ആകെ സംസാരിക്കുന്നത് അമ്മയോട് ആണ്. അന്നത്തെ സംഭവത്തിന് ശേഷം അമ്മയുമായി വലിയ മിണ്ടാട്ടമില്ല.
വീട്ടിലെ വിവരങ്ങൾ അറിയുന്നത് വീണ മുഖേനയാണ് അവളിപ്പോൾ അവിടെ അടുത്ത് തന്നെ ഒരു സ്കൂളിൽ ടീച്ചർ ആണ്. വീട്ടിൽ ആരും ഫോൺ എടുക്കാതെ വന്നപ്പോഴാണ് വീണയുടെ നമ്പറിലേക്ക് വിളിച്ചത്.
ഒന്ന് രണ്ട് റിങ്ങിനു ശേഷം അവൾ ഫോൺ എടുത്തു. അവളുടെ സ്വരം കാതിൽ എത്തിയ നിമിഷം തന്നെ വല്ലാത്തൊരു സന്തോഷവും സമാധാനവും ഒക്കെ തന്നിൽ വന്നു നിറയുന്നതായി നന്ദന് തോന്നിയിരുന്നു…
നീ ഇന്ന് സ്കൂളിൽ നിന്ന് നേരത്തെ വന്നോ
അവൻ ചോദിച്ചു
എനിക്ക് ഇന്ന് ഉച്ചകഴിഞ്ഞ് ഫ്രീയായിരുന്നു. ഉച്ചകഴിഞ്ഞ് മീറ്റിംഗ് ആയിരുന്നു. അതുകൊണ്ട് കുറച്ചു നേരത്തെ ഇറങ്ങാൻ പറ്റി.. നീ വീട്ടിൽ അല്ലേ ഞാൻ വിളിച്ചിട്ട് ആരും ഫോണെടുത്തില്ല.?
ഞാൻ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുവ, അച്ഛനും അമ്മയും കൂടി ഇന്ന് വൈകുന്നേരം ഹോസ്പിറ്റലിൽ പോകുന്നു പറഞ്ഞായിരുന്നു.
ഡോക്ടറുടെ അപ്പോയ്മെന്റ് എടുത്തിട്ടുണ്ട്. അതായിരിക്കും വിളിച്ചിട്ട് കിട്ടാത്തത്.
എങ്കിൽ അതായിരിക്കും പിന്നെന്താ വിശേഷം..?
എനിക്കെന്ത് വിശേഷം ദിവസവും ജോലിക്ക് പോകുന്നു തിരികെ വരുന്നു ഉറങ്ങുന്നു അതുതന്നെ അല്ലാതെ പ്രത്യേകിച്ച് എന്ത് വിശേഷം ഉണ്ടാവാൻ.. നിന്റെ വിശേഷങ്ങൾ ഒക്കെ പറ. നിന്റെ ഹരി സാർ എന്തുപറയുന്നു.
മലയാളം അല്ലാതെന്തു പറയാൻ.
അവൾ തമാശയോടെ പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചിരുന്നു.. അല്ലെങ്കിലും തന്റെ വേദനകളിൽ തന്റെ ചൊടിയിൽ ചിരി പകർത്താൻ അവൾക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇനി കുറച്ചുനാൾ തെലുങ്ക് പറയാൻ അയാളോട് പറ
അയാളോ..? അളിയൻ ആവാൻ പോകുന്ന ആളാണ്. ബഹുമാനം വേണം
ആയിക്കോട്ടെ ഭാവി അളിയനെ ബഹുമാനിച്ചില്ല എന്ന് വേണ്ട.
ഏട്ടാ….
മടിച്ചു മടിച്ചവൾ വിളിച്ചു…
എന്താടി പറ…
കീർത്തന….
ആ പേര് കേട്ടതും അവന്റെ നെഞ്ചു ഒന്ന് കാളി..
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇപ്പോഴാണ് വീണ്ടും ആ പേര് കേൾക്കുന്നത്
എന്താണ് അവൾക്ക് പറയാനുള്ളതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ ആകാംക്ഷ നിറഞ്ഞ് നെഞ്ച് പൊട്ടി പോവുകയാണ്.. അവളോട് ചോദിക്കാനുള്ള ധൈര്യം പോലും ഇല്ല..
കേൾക്കുന്നുണ്ടോ.?
നെറ്റ് കണക്ഷൻ വിട്ടുപോയി എന്ന് വിചാരിച്ചാണ് അവൾ വീണ്ടും ചോദിക്കുന്നത്.
ആഹ് ഉണ്ട്.. നീ പറ…
ശബ്ദം കുറച്ച് കൂടിപ്പോയോ എന്ന് തന്നെ സംശയം തോന്നി.
കീർത്തന വന്നിട്ടുണ്ട്.!
അവൾ പറഞ്ഞപ്പോഴേക്കും അവന്റെ നെഞ്ച് ശ്വാസംമുട്ടി പൊട്ടും എന്ന് തോന്നി
നീ കണ്ടോ..?
ഇല്ല
അവന്റെ ശ്വാസ താളം അവൾക്ക് കേൾക്കാമായിരുന്നു….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…