പ്രണയം: ഭാഗം 5
Dec 31, 2024, 07:55 IST

എഴുത്തുകാരി: കണ്ണന്റെ രാധ
ഇതെവിടുന്ന്..? അവൻ സംശയത്തോടെ വീണയുടെ മുഖത്തേക്ക് നോക്കി.. " ഇത് ഞാൻ ഏട്ടന് വേണ്ടി സെലക്ട് ചെയ്തത് ആണ്.. "നീയോ..? പെട്ടെന്ന് അവൻ അങ്ങനെ ഊന്നി ചോദിച്ചപ്പോൾ ഒരു നിമിഷം വീണയും ഒന്ന് അമ്പരന്നു പോയിരുന്നു.. " പത്തു മൂവായിരം രൂപ അടുപ്പിച്ച് വില വരുന്ന ഈ ഷർട്ട് നീ വാങ്ങിയതാണെന്ന് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.... അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ അവൾ ശരിക്കും പെട്ടുപോയി എന്ന് അവൾക്ക് തോന്നിയിരുന്നു... " അത് പിന്നെ ഏട്ടാ ഞാൻ വാങ്ങിയതല്ല, എന്റെ ഒരു കൂട്ടുകാരി അവളുടെ ഏട്ടൻ ഗൾഫിൽ നിന്ന് വന്നപ്പോൾ എനിക്ക് ഗിഫ്റ്റ് ചെയ്തതാ... " ആൺകുട്ടികളുടെ ഷർട്ട് എന്തിനാ നിനക്ക് ഗിഫ്റ്റ് ചെയ്യുന്നത്...? " അത് എനിക്ക് ഏട്ടനുണ്ടെന്ന് അവർക്കറിയാമല്ലോ, അങ്ങനെ ഏട്ടന് വേണ്ടി ഗിഫ്റ്റ് ചെയ്തതാ... പിന്നെ മുണ്ട് മാത്രം ഞാൻ വാങ്ങിയത് ആണ് "അപ്പോൾ ശരിക്കും നിന്റെ കൂട്ടുകാരി എനിക്ക് ഗിഫ്റ്റ് തന്നത് ആണിത്, അല്ലാതെ നീ വാങ്ങിയതല്ല വല്ലവരും വാങ്ങിയതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ നടക്കുകയാണ് നീ... അവൻ പറഞ്ഞു " എന്റെ കൂട്ടുകാരി എന്തുകാര്യം കൊണ്ടാ ഏട്ടന് ഗിഫ്റ്റ് തരുന്നത് ഞാൻ അവളുടെ ഫ്രണ്ട് ആയതുകൊണ്ടല്ലേ..? അപ്പോൾ അത് ഞാൻ വഴി കിട്ടിയത് അല്ലെ... !ഓഹോ സമ്മതിച്ചു, അതൊക്കെ പോട്ടെ ആ കീർത്തന ആൾ എങ്ങനെ...? പതിവില്ലാതെ അവൻ അങ്ങനെ ചോദിച്ചപ്പോൾ അവൾ അത്ഭുതപ്പെട്ടു പോയിരുന്നു... " അതെന്താ.? കീർത്തനയേ ഏട്ടന് അറിയില്ലേ..? നമ്മുടെ അമ്പാട്ടെ കുട്ടി അല്ലേ...? "അതല്ല, ആ കുട്ടി നീയുമായിട്ട് നല്ല ടേംസിൽ ആണെന്ന് തോന്നുന്നു. ഇടയ്ക്കിടയ്ക്ക് ഇവിടെ വരുന്നത് കാണാറുണ്ടല്ലോ.. പിന്നെ ആ കൊച്ചിന് എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു, ഏതുനേരവും എന്തോ ചിന്തയിലാണ് ചിലപ്പോൾ ചോദിക്കുന്നതിനു മറുപടി പോലും പറയാറില്ല... ഇന്ന് അങ്ങോട്ട് പോയപ്പോൾ തന്നെ എന്നെ തന്നെ നോക്കിയിരിക്കുക ആണ്... ഞാൻ ചോദിച്ചതിന് ഒന്നും മറുപടി പോലും പറഞ്ഞില്ല, വേറെന്തോ ചിന്തയൽ ബോധം ഇല്ലാത്തതുപോലെ.... അവൻ പറഞ്ഞു " അത് ഏട്ടനെ കാണുമ്പോൾ മാത്രം ഉണ്ടാകുന്ന ഒരു പ്രശ്നം ആണ്.... അവൾ പറഞ്ഞത് പതുക്കെ ആണെങ്കിലും കുറച്ചൊക്കെ അവൻ കേട്ടിരുന്നു. " എന്താ പറഞ്ഞേ...? അവൻ വീണ്ടും ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് അവൾ ചുമലു കൂച്ചി കാണിച്ചിരുന്നു... " നമ്മുടെ അച്ഛൻ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടി, എങ്കിലും നിന്നോട് ഇത്രയും ഫ്രണ്ട്ഷിപ്പ് ആയിട്ടൊക്കെ ഇടപെടുമെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... അവരുടെ വീട്ടിലുള്ള ആളുകളെയൊക്കെ എനിക്കറിയാവുന്നതല്ലേ, ഞാൻ എത്രയോ തവണ അവിടെ ഇലക്ട്രീഷ്യന്റെ പണിക്കൊക്കെ പോയിട്ടുണ്ടെന്നോ ഒരു ശകലം പോലും മനസ്സാക്ഷിയില്ലാത്ത കൂട്ടത്തിലാ ഈ പെണ്ണിന്റെ അമ്മയും അനിയത്തിയും ഒക്കെ... നമ്മളെ കണ്ടാൽ ഭിക്ഷക്കാരെക്കാളും മോശമായിട്ട് ആണ് ഇടപെടുന്നത്.. പിന്നെ ഈ പെങ്കൊച്ചും ആ പുള്ളിയും മാത്രമേയുള്ളൂ കുറച്ചെങ്കിലും മര്യാദ ഉള്ളത്... " അത് ശരിയാ... കീർത്തനയുടെ അമ്മയ്ക്കും അനിയത്തിക്കും ഒക്കെ കുറച്ച് പൈസയുടെ അഹങ്കാരവും ജാതി സ്പിരിറ്റും ഒക്കെയുണ്ട്, പക്ഷേ അങ്ങനെയുള്ള രീതികളൊന്നും കീർത്തനക്കില്ല... ഒരു പാവമാ, നമ്മളെയൊക്കെ വലിയ ഇഷ്ടമാണ്... പ്രത്യേകിച്ച് ചേട്ടനെ... "എന്നെയോ..? അത്ഭുതത്തോടെ അവൻ അനുജത്തിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു... "അതേ ഏട്ടൻ ജോലി കിട്ടാതെ നിൽക്കുന്നതിന് അവൾക്ക് വലിയ വിഷമം ഉണ്ട്, ഇത്രയൊക്കെ പഠിച്ചിട്ടും ജോലി ഒന്നും കിട്ടുന്നില്ലല്ലോ എന്ന് കഴിഞ്ഞ ദിവസം കൂടി എന്നോട് പറഞ്ഞിരുന്നു, അവൻ അലസമായി തലചലിപ്പിച്ചു... " പിന്നെ ഏട്ടൻ ഇന്ന് വൈകിട്ട് ഫ്രീയാണെങ്കിൽ എന്റെ കൂടെ അമ്പലത്തിൽ വരുമോ.? കീർത്തനയോരു ചുറ്റുവിളക്ക് പറഞ്ഞിട്ടുണ്ട്, ചെല്ലണം എന്ന് പ്രത്യേകം പറഞ്ഞത് ആണ്.. ഒരുപാട് രാത്രി ആകും തിരിച്ചുവരാൻ അപ്പോ ഞാൻ ഒറ്റയ്ക്ക് കാണുള്ളൂ, ഏട്ടനും കൂടി ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് വരാമല്ലോ... " എന്നെയും വിളിച്ചു, സമയമുണ്ടെങ്കിൽ വരണമെന്ന്... ഏതായാലും ഞാൻ നോക്കട്ടെ വൈകുന്നേരം പ്രത്യേകിച്ച് പരിപാടികളൊന്നും ഇല്ലെങ്കിൽ നമുക്ക് ഒന്നിച്ചു പോകാം, ഏതായാലും ആ കൊച്ചു നമ്മുടെ മഹാത്മ്യം കണ്ടിട്ട് വിളിച്ചത് ഒന്നുമല്ലല്ലോ ഒരു സ്നേഹത്തിന്റെ പുറത്തു വിളിച്ചതല്ലേ.? പോകാതിരിക്കുന്നത് മോശമാണ്, അത്രയും പറഞ്ഞപ്പോൾ വീണയ്ക്കും ആശ്വാസമായി, അവൾ അത്രത്തോളം ആഗ്രഹിച്ചതാണ് ആ അമ്പലനടയിൽ അവനൊപ്പം ഉണ്ടാവണമെന്ന്, തന്നെ കൊണ്ട് സാധിക്കുന്ന രീതിയിൽ അവൾക്ക് ആ സഹായം ചെയ്തു കൊടുക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചതായിരുന്നു വീണ കോളേജിൽ വെച്ച് കണ്ടപ്പോഴും കീർത്തനയ്ക്ക് പറയാനുള്ളത് നന്ദനെ കുറിച്ച് തന്നെയായിരുന്നു, വീണ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി... "ഞാൻ ഒരു കാര്യം ചോദിക്കട്ടെ കീർത്തന, ഇതുവരെ ഞാൻ ഇത് അത്ര സീരിയസ് ആയിട്ട് എടുത്തിരുന്നില്ല... അതുകൊണ്ട് ചോദിക്കുന്നത്, നിന്റെ വീട്ടിൽ എന്റെ ഏട്ടനെ വിവാഹം കഴിക്കാൻ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? നിന്റെ അച്ഛനോ അമ്മയോ അനുജത്തിയോ ആരെങ്കിലും ഇത് അറിഞ്ഞാൽ പിന്നെ എന്തായിരിക്കും ഏട്ടന്റെ അവസ്ഥ..? ഏട്ടനെ എന്തെങ്കിലും ചെയ്താൽ പോലും ആരും ചോദിക്കാൻ പോലും വരില്ല. സത്യം പറഞ്ഞാൽ ഓർക്കുമ്പോൾ എനിക്ക് പേടിയാവുന്നുണ്ട്... " നീയെന്താ പറഞ്ഞു വരുന്നേ? എനിക്ക് നിന്റെ ഏട്ടനെ ഇഷ്ടമാണ് എന്ന് അറിഞ്ഞാൽ എന്റെ അച്ഛൻ നിന്റെ ഏട്ടനെ കൊല്ലുന്നാണോ..? അത്രയ്ക്ക് ദുഷ്ടൻ ഒന്നുമല്ല എന്റെ അച്ഛൻ. സമ്മതിക്കുക ഒന്നും ഇല്ല എന്ന് എനിക്ക് ഉറപ്പാ, നിന്റെ ഏട്ടൻ എന്നെ ഇഷ്ടമാണെന്ന് ഒരു വാക്ക് പറഞ്ഞാൽ ഉണ്ടല്ലോ ഈ ലോകത്തോട് മൊത്തം ഞാൻ യുദ്ധം ചെയ്ത് നിൽക്കും... പക്ഷേ അറിയേണ്ട ആൾ അറിയേണ്ടേ..? മനസ്സിലാക്കേണ്ട..? "അതിനു നിന്റെ സ്നേഹം മനസ്സിലാക്കേണ്ട ആളോട് അത് പറയണ്ടേ, അതിന് നീ ആദ്യം ഇത് ഏട്ടനോട് പറയേണ്ട കാര്യം ആണ്... ഇന്ന് നിന്നെക്കുറിച്ച് കുറെ സമയം ഏട്ടന് എന്നോട് സംസാരിച്ചു... ഞാൻ രണ്ടും കൽപ്പിച്ച് പറഞ്ഞാലൊന്ന് കരുതിയത് ആണ്... പിന്നെ വിചാരിച്ചു നീയല്ലേ പറയേണ്ടത് എന്ന്... ഞാൻ അങ്ങനെ പറഞ്ഞിട്ട് കാര്യമില്ലല്ലോ, "ആണോ..? " എന്താ ചോദിച്ചത്, എന്നെക്കുറിച്ച് നിന്നോട് " നീ ഇന്ന് ഏട്ടനെ തന്നെ കുറെ നേരം നോക്കിയിരുന്നല്ലേ..? അത് ആൾ കണ്ടിട്ടുണ്ട്. അതൊക്കെ ആണ് എന്നോട് ചോദിച്ചത്, " അയ്യോ എന്നിട്ട് നീ എന്തു പറഞ്ഞു..? " ഞാനൊന്നും പറയാൻ പോയില്ല, " നീ നോർമൽ അല്ല എന്ന് കരുതുന്നു എങ്കിൽ കരുതിക്കോട്ടെ... ഒരു ഭ്രാന്തിയായി പെൺകുട്ടിയോട് സഹതാപത്തിന് പുറത്ത് ഒരു ഇഷ്ടം തോന്നിയാലോ..? വീണ പറഞ്ഞപ്പോൾ അവൾ കൂർപ്പിച്ച് വീണയേ ഒന്നു നോക്കി... " പിന്നെ വൈകിട്ട് ചുറ്റുവിളക്കിന് ഏട്ടനെ കൊണ്ടുവരാൻ ഞാൻ ഏകദേശം സെറ്റ് ആക്കി വെച്ചിട്ടുണ്ട്... നിന്റെ വലിയ ആഗ്രഹം അല്ലായിരുന്നോ ഏട്ടൻ കൂടി അവിടെ ഉണ്ടാവണമെന്ന്..? അതിനു വേണ്ടി ഞാൻ ഒരു വിധത്തിൽ പറഞ്ഞ് ഒക്കെ സെറ്റ് ആക്കി വെച്ചിട്ടുണ്ട്... വീണ പറഞ്ഞപ്പോൾ ഏറെ സന്തോഷത്തോടെ കീർത്തന അവളെ കെട്ടിപ്പിടിച്ചു... " താങ്ക്യൂ " പിന്നെ ഞാൻ പറഞ്ഞതുകൊണ്ട് മാത്രമല്ല, കൊച്ചുതമ്പുരാട്ടിയുടെ പ്രത്യേക ഇൻവിറ്റേഷൻ ആള് സ്വീകരിച്ച മട്ടുമുണ്ട്... ചിരിയോടെ വീണ പറഞ്ഞു അത് കേൾക്കേ സന്തോഷത്തോടെ കീർത്തന അവളുടെ കൈകളിൽ മുറുക്കി പിടിച്ചു......തുടരും