Novel

പ്രണയം: ഭാഗം 6

എഴുത്തുകാരി: കണ്ണന്റെ രാധ

ഡ്രൈവിങ്ങിനിടയിൽ അയാൾ അത് പറഞ്ഞപ്പോഴാണ് കീർത്തന രണ്ടുപേരുടെയും മുഖം ശ്രദ്ധിക്കുന്നത്. ഒട്ടും താല്പര്യമില്ലാതെ വരുന്നതുപോലെയാണ് രണ്ടാൾക്കും. അതിന്റെ കാരണം താൻ വീണയേ ക്ഷണിച്ചിട്ടുണ്ട് എന്ന് പറഞ്ഞതും. കീർത്തന രണ്ടുപേരോടും ഒന്നും മിണ്ടിയില്ല. അവളുടെ പ്രാർത്ഥന അമ്പലത്തിൽ അവൻ ഉണ്ടാകണം എന്ന് മാത്രമായിരുന്നു

അവരിറങ്ങിയതിന് പുറകെയാണ് നന്ദന്റെ ബൈക്ക് അതിന് അരികിൽ തന്നെ കൊണ്ടുവന്ന് നിർത്തിയത്. അതിൽ നിന്നും വീണ ഇറങ്ങിയത് കണ്ടപ്പോൾ തന്നെ ഇന്ദിരയ്ക്ക് വല്ലാത്തൊരു ദേഷ്യം തോന്നിയിരുന്നു. അവരെ ഗൗനിക്കാതെ ഇളയ മകളുടെ കൈയും പിടിച്ചുകൊണ്ട് അവർ നേരെ അമ്പലത്തിനകത്തേക്ക് നടന്നു. ആ നിമിഷം പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു കീർത്തനയ്ക്ക്. അവളുടെ കണ്ണുകൾ അവനിൽ തന്നെയായിരുന്നു.

താൻ വാങ്ങിയ ഷർട്ടാണ് അവനണിരിക്കുന്നത്. അതിനൊപ്പം ഉള്ള മുണ്ടും. ആ വേഷത്തിൽ അതീവ സുന്ദരൻ ആണെന്ന് അവൾക്ക് തോന്നി. കണ്ണ് എടുക്കാൻ തോന്നുന്നില്ല.

” താന് വേണുവേട്ടന്റെ മോനല്ലേ.? അച്ഛന്റെ ചോദ്യമാണ് അവളെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്. അതെ അവൻ ചെറു ചിരിയോടെ മറുപടി പറഞ്ഞു.

വീണയുടെ അരികിലേക്ക് ചെന്ന് കീർത്തന അവളുടെ കരം കവർന്നു.. വീണേ നോക്കി അയാളും ഒന്ന് ചിരിച്ചു കാണിച്ചു.

” ഇയാൾ എന്ത് ചെയ്യാ..?

നന്ദനോട് ആയി വീണ്ടും അദ്ദേഹം ചോദിച്ചു..

” അങ്ങനെ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല ഞാൻ എഞ്ചിനീയറിങ് കഴിഞ്ഞ് ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാ. ഒരുപാട് കമ്പനികളിൽ ഒക്കെ നോക്കി. എല്ലായിടത്തും ഓരോരോ പ്രശ്നങ്ങളാണ്. ഒന്നില്ലെങ്കിൽ ശമ്പളം കുറവായിരിക്കും അല്ലെങ്കിൽ ആരുടെ എങ്കിലും റെക്കമെന്റേഷൻ വേണം. ഒന്നും അങ്ങട് ശരിയാവില്ല..

” നല്ല മാർക്ക് ഉണ്ടായിരുന്നു അച്ഛാ, നന്ദേട്ടൻ ഡിസ്റ്റിങ്ഷനില പാസായത്. പക്ഷേ ഇതുവരെ ജോലി ഒന്നും ശരിയായില്ല. അച്ഛൻ വിചാരിച്ചാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ..?

കീർത്തന അച്ഛന്റെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ സത്യത്തിൽ നന്ദനാണ് അമ്പരന്ന് പോയത്. തനിക്ക് വേണ്ടി അവൾ അങ്ങനെ സംസാരിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. ആ അത്ഭുതം അവന്റെ മുഖത്ത് ഉണ്ടായിരുന്നു. ഒരു നിമിഷം വീണയും അത്ഭുതപ്പെട്ടുപോയി.. സ്വന്തം അച്ഛനോട് നന്ദേട്ടൻ എന്നൊക്കെ സംബോധന ചെയ്ത് സംസാരിക്കാനുള്ള ധൈര്യം കീർത്തനയ്ക്ക് എങ്ങനെ ലഭിച്ചു എന്നാണ് ആ നിമിഷം അവൾ ചിന്തിച്ചത്.

” ആണോ നല്ല മാർക്ക് ഉണ്ടായിട്ടും തനിക്ക് ഇതുവരെ എങ്ങും ജോലിയായില്ലെന്ന് പറഞ്ഞാൽ അത് വലിയ കഷ്ടമാണല്ലോ..ഒരു കാര്യം ചെയ്യ് താൻ നാളെയോ മറ്റന്നാളോ സർട്ടിഫിക്കറ്റ് ഒക്കെ ആയിട്ട് ഒന്ന് എന്നേ വന്നു കാണണം. സർട്ടിഫിക്കറ്റിന്റെ കോപ്പികളും കൂടി കരുതണം. എന്റെ ഒരു സുഹൃത്ത് ഉണ്ട് അവർക്ക് കൺസ്ട്രക്ഷൻ കാര്യങ്ങളൊക്കെയാണ്. എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ഞാനൊന്നു നോക്കട്ടെ. വേണുവെട്ടൻ ഇതുവരെ ഈ കാര്യങ്ങൾ ഒന്നും പറഞ്ഞിട്ട് കൂടിയില്ല. അതുകൊണ്ട് എനിക്കറിയില്ലായിരുന്നു തനിക്ക് ജോലിയൊന്നും ഇല്ലാന്ന്

” അച്ഛൻ അങ്ങനെയാ ആരോടും ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും പറയില്ല. ഭയങ്കര അഭിമാനിയ.

” ഈ കാര്യം ചോദിക്കുന്നത് ഒരു ദുരഭിമാനം ഒന്നുമല്ലടോ. നമുക്ക് അറിയാത്ത ഒരു കാര്യം ഒരാളിനോട് ചോദിക്കുന്നു എന്നല്ലേ ഉള്ളൂ, ചിലപ്പോൾ എന്റെ പരിചയത്തിലാണ് തനിക്ക് പറ്റിയ ഒരു ജോലി ഉള്ളതെങ്കിലോ.? അയ്യോ ദുരഭിമാനം ആണെന്നല്ല ഞാൻ ഉദ്ദേശിച്ചത്. അച്ഛൻ അങ്ങനെ എനിക്ക് ജോലിക്ക് വേണ്ടി ആരോട് സംസാരിക്കാറില്ല. ഏതായാലും സമയം പോലെ എന്നെ ഒന്ന് കാണാൻ നോക്ക്. പിന്നെ വരുമ്പോൾ ഒന്നെങ്കിൽ രാവിലെ അല്ലെങ്കിൽ വൈകുന്നേരം വരാൻ നോക്കണം. ഞാൻ അപ്പോഴേ അവിടെ ഉണ്ടാവുകയുള്ളൂ.

അയാൾ പറഞ്ഞപ്പോൾ നന്ദൻ സമ്മതത്തോടെ തലയാട്ടി.

” എങ്കിൽ പിന്നെ നമുക്ക് അമ്പലത്തിലേക്ക് കയറാം.?

കീർത്തന ചോദിച്ചു. നിങ്ങൾ കയറിക്കോളൂ, എനിക്ക് അത്യാവശ്യമായിട്ട് ഒരു ഫോൺ വിളിക്കാനുണ്ട്. അതൂടെ കഴിഞ്ഞിട്ട് ഞാൻ വന്നോളാം. അതും പറഞ്ഞു അയാൾ പോയപ്പോൾ വീണയുടെ കൈകളിൽ പിടിച്ചുകൊണ്ട് കീർത്തന അകത്തേക്ക് കയറി..

അവർക്ക് പിറകെ നന്ദനും.

ശ്രീകോവിലിനു മുൻപിൽ പോയി പ്രാർത്ഥിച്ച് വിളക്ക് കൊളുത്താനായി തുടങ്ങിയിരുന്നു കീർത്തന.. അവളെ സഹായിക്കാനായി വീണയുമെത്തി. അവരിൽ നിന്നും ഒരുപാട് ദൂരെ മാറി നിന്ന് വിളക്ക് കൊളുത്തുകയാണ് ഇന്ദിരയും മകളും. വീണയേയും നന്ദനെയും ഒന്നു നോക്കുക കൂടി അവർ ചെയ്തില്ല. അവരുടെ ആ പ്രവർത്തി കീർത്തന വേദനിപ്പിച്ചിരുന്നു. വിളക്ക് കൊളുത്തിയതിനു ശേഷം പ്രസാദം കിട്ടിയതും ആരുമില്ല എന്ന് ഉറപ്പുവരുത്തി അവൾ അവനെ തേടി നടക്കുകയായിരുന്നു. കുറച്ചകലെ മാറിനിൽക്കുന്ന നന്ദനെ കണ്ടപ്പോൾ അവൾ അരികിലേക്ക് ചെന്നു ഇലയിൽ നിന്നും പ്രസാദം അവനു നേർക്ക് നീട്ടിയപ്പോഴാണ് അവളെ അവൻ കാണുന്നത്. ചെറിയ ചിരിയോടെ ഇലചീന്തിൽ നിന്നും അവൻ പ്രസാദം എടുത്ത് നെറ്റിയിൽ തൊട്ടു. ആ പ്രസാദം അവൾക്ക് തന്നെ തൊട്ടുകൊടുക്കണമെന്ന് ഒരു മോഹം തോന്നിയിരുന്നു.

” കീർത്തന സ്നേഹിക്കുന്ന ആൾക്ക് വേണ്ടിയാണ് ഈ ചുറ്റുവിളക്കൊക്കെ എന്നല്ലേ പറഞ്ഞത്.

അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോൾ നാണത്തിൽ വിരിഞ്ഞ ഒരു പുഞ്ചിരിയോടെ അവൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടി.

” ആൾ എന്താണെങ്കിലും ഭാഗ്യവാൻ തന്നെ..

” അതെന്താ അങ്ങനെ പറഞ്ഞത്

” അല്ല ആളെ അത്രയും സ്നേഹിക്കുന്നതു കൊണ്ടായിരിക്കുമല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത്.

” ഭാഗ്യവതി ആയിക്കൂടെ..?

അവൾ തിരികെ ചോദിച്ചു

” അതിനുള്ള സാധ്യത വളരെ കുറവാണ്

ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളുമാ ചിരിയിൽ പങ്കുകൊണ്ടു..

” അച്ഛൻ വിചാരിച്ചാൽ നന്ദേട്ടന് എവിടെയെങ്കിലും നല്ലൊരു ജോലി തരപ്പെടുത്തി തരാൻ പറ്റും. ഒരുപാട് വച്ച് താമസിപ്പിക്കേണ്ട, എത്രയും പെട്ടെന്ന് സർട്ടിഫിക്കറ്റും ആയിട്ട് അച്ഛനെ വന്നു കാണുന്നതാണ് നല്ലത്. പറ്റാണെങ്കിൽ നാളെ തന്നെ വന്ന് കണ്ടു നോക്ക്. അച്ഛൻ അങ്ങനെ എല്ലാവരോടും ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും സമ്മതിക്കാറില്ല.

” ഇല്ല താമസിപ്പിക്കില്ല നാളെ തന്നെ വന്നു കാണാം.

” അവൻ പറഞ്ഞു

എങ്കിൽ ഞാൻ പോട്ടെ

അവനോട് അവൾ ചോദിച്ചു. അവൻ സമ്മതഭാവത്തിൽ തലയാട്ടി

അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി. ശേഷം ഒന്ന് നിന്നു mഅവനെ തിരിഞ്ഞു നോക്കി

” നന്ദേട്ടാ ഹാപ്പി ബർത്തഡേ

അവന്റെ മുഖത്തേക്ക് നോക്കി അവൾ അത് പറഞ്ഞപ്പോൾ അത്ഭുതപൂർവ്വം അവളെ നോക്കി അവൻ….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!