പ്രണയം: ഭാഗം 8
എഴുത്തുകാരി: കണ്ണന്റെ രാധ
അമ്മയ്ക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടെങ്കിൽ നമുക്ക് അവളെ ഏട്ടന് വേണ്ടി ആലോചിച്ചാലോ..? പിന്നെ ഇത്രയും നല്ല സ്വഭാവമുള്ള ഒരു കൊച്ച് നമ്മുടെ വീട്ടിൽ നിൽക്കുമല്ലോ..
ഏറെ രസകരമായി തമാശയുടെ മേമ്പടിയോടെ വീണ പറഞ്ഞപ്പോൾ വേണു അവളെ കൂർപ്പിച്ച് ഒന്ന് നോക്കിയിരുന്നു. ഒപ്പം നന്ദനും. സുധ അരുതാത്തത് എന്തോ കേട്ടതുപോലെ അത്ഭുതത്തിൽ നിൽക്കുകയാണ്
” വന്നുവന്ന് നിനക്ക് എന്തും പറയാമെന്നായി അല്ലേ
വേണു ചോദിച്ചു
” തമാശ പറയുമ്പോൾ അവൻ അവന്റെ സ്ഥാനം കൂടി ഒന്ന് ഓർക്കണം…
സുധ അവളോട് ആയി പറഞ്ഞു
“അമ്മയല്ലേ പറഞ്ഞത് അവളെ കല്യാണം കഴിക്കുന്നത് ഒരു ഭാഗ്യവാൻ ആയിരിക്കും എന്ന്. അപ്പൊ ഞാൻ കരുതി ആ ഭാഗ്യം നമ്മുടെ ഏട്ടന് കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന്.. അതിലിപ്പോ എന്താ ഇത്ര തമാശ..?ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ.
എല്ലാവരുടെയും മനസ് അറിയാനായി കൂടിയാണ് അങ്ങനെയൊന്ന് പറഞ്ഞത്.
” നിർത്ത് വീണ നിന്റെ ഒരു തമാശ,
ദേഷ്യത്തോടെ നന്ദൻ പറഞ്ഞപ്പോൾ അവൾ അമ്പരാപ്പെട്ട് പോയിരുന്നു. ഇനി കീർത്തനയെ അവന് ഇഷ്ടമല്ലേ എന്നാണ് ആദ്യം അവൾ ചിന്തിച്ചത്.
” വിവാഹാലോചനയും കൊണ്ട് അങ്ങോട്ട് ചെന്നാൽ മതി അവര് മുറ്റം തൂക്കുന്ന ചൂലെടുത്ത് ആട്ടും
മറുപടി പറഞ്ഞത് വേണു ആണ്..
” പെണ്ണിന് ഇഷ്ടമാണെങ്കിൽ പിന്നെ വേറൊന്നും നോക്കേണ്ട കാര്യമില്ലല്ലോ…
വീണ വിടാൻ ഭാവമില്ല..
” നീ ഒന്ന് നിർത്തുന്നുണ്ടോ വീണേ?
ഇത്തവണ നന്ദന്റെ ശബ്ദം അല്പം ഉയർന്നിരുന്നു.
അതോടെ അവന്റെ മനസ്സിൽ വേറെ ആരെങ്കിലുമുണ്ടോ എന്നുള്ള ഒരു സംശയം വീണയിൽ ഉണർന്നു. എല്ലാവരും ആ സംസാരം അവസാനിപ്പിച്ച് അകത്തേക്ക് പോയെങ്കിലും അവിടെ നിന്നും ചലിക്കാൻ തോന്നിയില്ല വീണയ്ക്ക്. നന്ദനും തിരികെ മുറിയിലേക്ക് പോയി.
അവൾ നേരെ നന്ദന്റെ മുറിയിലേക്ക് ആണ് പോയത്.
” ഏട്ടാ…
അവൾ വിളിച്ചപ്പോൾ നന്ദൻ അവളെ ഒന്ന് നോക്കി…
” എന്താടി…? ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ.?
” ” ഞാൻ എന്തിനാ കള്ളം പറയുന്നത്.? നീ ചോദിക്ക്,
ഞാൻ പറയാം
” ഏട്ടന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ.?
പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് നന്ദൻ ഒന്ന് പരിഭ്രമിച്ചു.
അതെന്താണ് അവളിപ്പോൾ അങ്ങനെ ചോദിക്കുന്നത് എന്നൊരു ഭാവം
” അതെന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം.?
” അല്ല ഞാൻ ചോദിച്ചത് ആണ് ആരെങ്കിലും ഉണ്ടോ എന്ന്. എനിക്ക് അങ്ങനെയൊരു സംശയം തോന്നി.
” ഞാൻ മുൻപേ അങ്ങനെ പറഞ്ഞതുകൊണ്ടാണോ നിനക്ക് അങ്ങനെയൊരു സംശയം തോന്നിയത്.?
അവളുടെ മനസ്സിലെ സംശയം അതുപോലെ തന്നെ ഉറപ്പിച്ച് അവൻ ചോദിച്ചു.
” അല്ല ഞാൻ പറഞ്ഞപ്പോൾ ഏട്ടൻ അത്രയും ദേഷ്യപ്പെട്ടത് കൊണ്ടാ ഞാൻ അങ്ങനെ ഒരു കാര്യം ചോദിച്ചത്.
“ദേഷ്യപെട്ടത് മറ്റൊന്നും കൊണ്ടല്ല, ഒന്നുമില്ലെങ്കിലും അവൾ നിന്റെ കൂട്ടുകാരി അല്ലേ അവളെപ്പറ്റി ഇങ്ങനെയൊക്കെ പറയുമ്പോൾ നീ അവൾക്ക് നിന്നോടുള്ള സ്നേഹത്തെക്കുറിച്ച് ഒന്ന് ആലോചിക്കേണ്ട. ആ കുട്ടിക്ക് നിന്നോട് എന്ത് സ്നേഹമാ, അപ്പൊൾ അതിനെക്കുറിച്ച് ഇങ്ങനെ തമാശ പറയാൻ പാടുണ്ടോ? അവൾക്ക് ഞാൻ ഏട്ടന്റെ സ്ഥാനത്ത് ആണെലോ.? എന്നെ അങ്ങനെയാണ് അവൾ കാണുന്നതെങ്കിലോ.? നീ ഇങ്ങനെ പറഞ്ഞു എന്ന് അറിഞ്ഞാൽ ആ കുട്ടിക്ക് എന്ത് വിഷമം വരും. അതുകൊണ്ട് ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്. അല്ലാതെ ഈ പ്രാരാബ്ദത്തിന്റെ ഇടയ്ക്ക് വേറെ ആരു വരാൻ..?
നന്ദൻ അത്രയും പറഞ്ഞപ്പോഴാണ് വീണയ്ക്ക് സമാധാനമായത്.
ശരിക്കും കീർത്തനയുടെ ഇഷ്ടം നന്ദനോട് പറഞ്ഞാലോ എന്ന് പോലും അവൾ ഓർത്തു. പിന്നെ വേണ്ട എന്ന് കരുതി. അവളുടെ ഇഷ്ടം അവൾ തന്നെയാണ് ഏട്ടനെ അറിയിക്കേണ്ടത്. ഒരിക്കലും താനായി അത് പറയാൻ പാടില്ല. താൻ പറഞ്ഞു ഏട്ടൻ അറിയാൻ പാടില്ല. അങ്ങനെയല്ല ആ ഇഷ്ടം ഏട്ടൻ അറിയേണ്ടത്. അത് ഏട്ടന് തന്നെ മനസിലാകണം അങ്ങനെ മനസ്സിൽ ഉറപ്പിച്ച് കഴിഞ്ഞിരുന്നു വീണ.
അവൾ തിരികെ മുറിയിലേക്ക് ചെന്നു. കീർത്തനയുടെ മിസ്സ്ഡ് കോളൊക്കെ കിടപ്പുണ്ട് ഏട്ടൻ എന്തെങ്കിലും പറഞ്ഞു എന്നൊക്കെ അറിയാനുള്ള വിളിയാണ്. അല്ലെങ്കിലും ഏട്ടനെ കുറിച്ച് മാത്രമേ അവൾക്ക് അറിയേണ്ടു. വല്ലാത്ത ഭ്രാന്തമായ ഒരു രീതിയിലാണ് അവൾ ഏട്ടനെ സ്നേഹിക്കുന്നത് എന്ന് വീണയ്ക്ക് തന്നെ തോന്നിയിരുന്നു.
കാലത്തെ കീർത്തനയുടെ ഫോൺ കേട്ടാണ് വീണ ഉണർന്നത് . സമയം നോക്കിയപ്പോൾ 6:00 മണി ആയിട്ടേയുള്ളൂ. ഈ സമയത്ത് എന്തിനാണ് അവൾ വിളിക്കുന്നത് എന്ന് അറിയാതെ ഫോൺ എടുത്തു. ഉറക്കച്ചടവോടെ ആയിരുന്നു അവൾ സംസാരിച്ചത്.
” എന്താടി..?
” എടി, നീ നന്ദേട്ടനോട് പറ ഇന്ന് വന്ന് അച്ഛനെ കാണാൻ. അച്ഛനെ ഫ്രീയാ, വൈകുന്നേരം വരെ ഇവിടെയുണ്ട്. കാലത്തെ തന്നെ സർട്ടിഫിക്കറ്റും ആയിട്ട് ഇങ്ങോട്ട് ഒന്ന് വരാൻ പറ.
കീർത്തന നല്ല ഉത്സാഹത്തിലാണ്.
” നിന്റെ ഒരു കാര്യം, ഞാനിത് എങ്ങനെയാണ് ഏട്ടന്നോട് പറയുന്നത്.
”
” നീ എങ്ങനെയെങ്കിലും ഒന്ന് പറ.
അച്ഛൻ ഇന്ന് ഫ്രീയാണെന്ന് ഞാൻ വിളിച്ചപ്പോൾ പറഞ്ഞെന്നോ അങ്ങനെയോ മറ്റോ പറഞ്ഞാൽ മതി. എന്നിട്ട് ഒന്ന് വരാൻ പറ, ഞാനൊന്നു പറഞ്ഞു നോക്കാം.
“എന്നിട്ട് എന്നെ വിളിച്ചു പറയണേ
” ശരി…
പെട്ടെന്ന് തന്നെ അവൾ നന്ദന്റെ മുറിയിലേക്ക് ചെന്നിരുന്നു. അവൻ അവിടെ ഉണർന്നിട്ടുണ്ട്. അല്ലെങ്കിലും നേരത്തെ ഉണരുന്നത് നന്ദന്റെ ശീലമാണ്. പതിവില്ലാത്ത സമയത്ത് വീണയെ കണ്ടതും നന്ദനവളെ ഒന്ന് നോക്കി,
” നീ ഈ സമയത്ത് ഒന്നും ഉണരുന്നത് അല്ലല്ലോ എന്തുപറ്റി..?
“അത് കീർത്തന ഫോൺ വിളിച്ചിരുന്നു.
” വെറുതെയല്ല…
അതും പറഞ്ഞ് അവൻ എന്തോ എഴുതിക്കൊണ്ടിരുന്നു.
” ഏട്ടൻ എന്തെടുക്കുവാ.?
” ഞാൻ അടുത്ത ആഴ്ചത്തേക്കുള്ള പരീക്ഷയ്ക്ക് വേണ്ടി കുറച്ച് നോട്ട്സ് പ്രിപ്പയർ ചെയ്യായിരുന്നു.
” കീർത്തന വിളിച്ചപ്പോഴേ ഒരു കാര്യം പറഞ്ഞു.
” എന്താ..?
“അവളുടെ അച്ഛൻ ഇന്ന് ഫ്രീ ആണെന്ന്. വൈകുന്നേരം വരെ വീട്ടിൽ ഉണ്ടെന്ന്
” അതിനെന്താ
അവൻ അലസമായി മറുപടി പറഞ്ഞു.
” സർട്ടിഫിക്കറ്റ് ഒക്കെ ആയിട്ട് പുള്ളി ഫ്രീ ആയിട്ടുള്ള ഒരു ദിവസം അങ്ങോട്ട് ചെല്ലാൻ അല്ലേ ഏട്ടനോട് പറഞ്ഞത്. മാത്രമല്ല പുള്ളി ഇന്ന് ഫ്രീ ആയിട്ട് ഇരിക്കുകയാണെങ്കിൽ സർട്ടിഫിക്കറ്റ് ഒക്കെ നോക്കി പെട്ടെന്ന് തന്നെ എന്തെങ്കിലും ജോലി സെറ്റ് ആക്കി തന്നാലോ.
” ഞാൻ പിന്നെ ഓർക്കായിരുന്നു പുള്ളിയെ പോയി കാണണോന്ന്, ഇന്നലെ പറഞ്ഞപ്പോൾ തന്നെ കണ്ടില്ലേ അച്ഛന് ഒരു താല്പര്യമില്ല.
” അല്ല പുള്ളി അത്രയും പറഞ്ഞ സ്ഥിതിക്ക് നമ്മൾ പോയില്ലെങ്കിൽ അത് അഹങ്കാരം ആണെന്ന് കരുതില്ലേ.? മാത്രമല്ല കീർത്തനയ്ക്ക് അത് വിഷമമാകും. ഏട്ടന്റെ കാര്യം അച്ഛനോട് പറഞ്ഞത് അവളല്ലേ
“അത് ശരിയാ…. ആ കുട്ടിയുടെ ആത്മാർത്ഥത ഓർക്കുമ്പോൾ പോവാതിരിക്കാൻ തോന്നുന്നില്ല.
” ഏതായാലും ഒരു വഴിപാട് പോലെ പോകാം, ശരിയാകുന്നെങ്കിൽ ശരിയാവട്ടെ, എങ്കിൽ പിന്നെ കാലത്ത് തന്നെ പോകാം അല്ലേ..?
“എങ്കിൽ പിന്നെ അങ്ങനെ ചെയ്യ്. അതാണ് നല്ലത്
വീണ ഉത്സാഹത്തോടെ പറഞ്ഞപ്പോൾ ശരി എന്ന് പറഞ്ഞ് നന്ദൻ കുളിക്കാൻ ആയിപ്പോയി
. ആ സമയത്ത് തന്നെ മുറിയിലേക്ക് ചെന്ന് ഫോണെടുത്ത് കീർത്തനയോട് വീണ വിവരം പറഞ്ഞിരുന്നു. വല്ലാത്ത സന്തോഷമായിരുന്നു അവൾക്ക്. അല്ലെങ്കിലും അവനെ കാണാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും അവൾ പാഴാക്കാറില്ല. പെട്ടെന്ന് തന്നെ അവൾ മുറിയിൽ ചെന്നു, അലമാര തുറന്ന് ഒരു കരിമ്പച്ച നിറത്തിലുള്ള പട്ടുപാവാട എടുത്തണിഞ്ഞു. ഒപ്പം അലമാരയിൽ നിന്നും ആഭരണ പെട്ടിയെടുത്ത് അതിന് ചേരുന്ന മാലയും ജിമിക്കിയും കയ്യിൽ കുപ്പിവളകളും ഒക്കെ അണിഞ്ഞു. നന്നായി തന്നെ ഒന്ന് ഒരുങ്ങാൻ തീരുമാനിച്ചു. നീല കണ്ണാടിക്ക് മുൻപിൽ നിന്ന് കണ്ണ് എഴുതി പൊട്ടുതൊട്ടു. നീളമുള്ള മുടി മെടഞ്ഞു. അവൻ വരുമ്പോൾ ആദ്യം തന്നെ ആയിരിക്കണം കാണേണ്ടത് ഒ
രു പ്രത്യേക സന്തോഷത്തോടെ അവൾ ഉമ്മറത്തേക്കോടി….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…