പ്രണയമായ്: ഭാഗം 12
രചന: ശ്രുതി സുധി
ഉണ്ണിയേട്ടൻറെ ഭാവമാറ്റം എന്നെ വല്ലാതെ ആശങ്കയിലാക്കി. വൈകിട്ടത്തെ പ്രശ്നത്തിന്റെ പേരിലുള്ള ദേഷ്യമാണോ ….. കാര്യം ഫോണിലൂടെ സംസാരിച്ചിട്ടുണ്ടെങ്കിലും സ്വഭാവത്തെ കുറിച്ച് കാര്യമായ പിടിയില്ല. അതുകൊണ്ട് തന്നെ എന്തുചെയ്യണം എന്നറിയില്ലായിരുന്നു. രണ്ടും കല്പിച്ചു ഒരു സോറി പറയാം എന്നുകരുതി അടുത്ത് ചെന്നു.
“ഉണ്ണിയേട്ടാ.. എന്താ.. എന്തുപറ്റി ”
മറുപടിയായി കോപം കൊണ്ട് ജ്വലിക്കുന്ന കണ്ണുകളോടെ എന്നെ നോക്കി എന്റെ അടുത്തേക്ക് നടന്നു വന്നു. ആ കണ്ണുകളിൽ ഞാൻ അല്പം പോലും സ്നേഹം കണ്ടില്ല. മറിച്ചു ദേഷ്യം മാത്രമായിരുന്നു. തീഷ്ണമായ ആ നോട്ടത്തിൽ ഒന്നനങ്ങാൻ പോലുമാകാതെ അവിടെത്തന്നെ തറഞ്ഞു നിന്നുപോയി ഞാൻ. അടുത്തേക് വരുന്തോറും ഉള്ളിൽ ഭയം എറിയേറി വരുകയായിരുന്നു.
അടുത്തുവന്നു എന്റെ രണ്ടു തോളിലും മുറുകെ പിടിച്ചു എന്റെ മുഖത്തേക്കു ഉണ്ണിയേട്ടന്റെ മുഖം അടുപ്പിച്ചു പറഞ്ഞു.
” നിന്നെപ്പോലത്തെ പെണ്ണുങ്ങൾക്ക് വിളിക്കാൻ പറ്റുന്ന ഒരു പേരുണ്ട്… #######* ”
എന്റെ മുഖത്ത് നോക്കി ഉണ്ണിയേട്ടൻ അതു പറഞ്ഞപ്പോൾ ഇടിവെട്ടേറ്റ അവസ്ഥയായിപ്പോയി. രണ്ടു കൈ കൊണ്ടും ചെവി പൊത്തി കണ്ണുകൾ അടച്ചു നിന്നു. ബലമായി എന്റെ കൈകൾ പിടിച്ചു മാറ്റി. മനസ്സിലെ ദേഷ്യത്തിന്റെ അളവ് ആ പിടുത്തത്തിൽ നിന്നും മനസ്സിലാകുമായിരുന്നു. പക്ഷേ… എന്തിനു…. എന്തിനാണിത്ര ദേഷ്യം. ഒന്നും ചോദിക്കാൻ ഉള്ളിലെ ഭയം അനുവദിക്കുന്നുണ്ടായില്ല.
” അയ്യോ… പാവം…. പേടിച്ചു പോയോ നീ “.
പുച്ഛം കലർന്ന ചിരിയോടെ ബലമായി എന്റെ മുഖമുയർത്തി ചോദിച്ചപ്പോൾ സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല എനിക്ക്. പിടിച്ചു നിർത്തിയ കണ്ണുനീർ നിയന്ത്രണം ഇല്ലാതെ ഇരു കവിളിലൂടെയും ഒഴുകി.
“നിർത്തേടി നിന്റെ പൂങ്കണ്ണീര്… നിന്നെപോലുള്ളവർക് ആൾക്കാരെ മെരുക്കാൻ ഉള്ള ആയുധമാണീ കണ്ണീരു. ഇതൊക്കെ ഞാൻ ഒരുപാട് കണ്ടിട്ടുള്ളതാ.. ഈ അടവൊന്നും എന്റടുത്തു ചിലവാകില്ല.. അതോർത്തോ നീ…. എന്നെ കെട്ടി ഇവിടത്തെ കെട്ടിലമ്മ ആകാൻ വന്നതല്ലേ നീ… ആക്കാം.. നിന്നെ ഞാൻ കെട്ടിലമ്മ ആക്കാം… ”
ഉണ്ണിയേട്ടൻ പറയുന്ന കാര്യങ്ങൾ ഒന്നും മനസ്സിലാകുന്നെ ഇല്ലായിരുന്നു. എന്തിനു… എന്തിനു വേണ്ടി…. പറയുന്ന ഓരോ വാക്കും വല്ലാതെ നോവിക്കുന്നു. അതും കാര്യമെന്തെന്നു മനസ്സിലാകാതെ.. ഉള്ള ധൈര്യം സംഭരിച്ചു രണ്ടും കല്പിച്ചു വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു…
“ഉണ്ണിയേട്ടൻ പറഞ്ഞതെല്ലാം ഞാൻ കേട്ടു നിന്നു… പക്ഷേ… പക്ഷേ.. എനിക്കറിയണം എന്തിനു വേണ്ടിയാണു എന്നോട് ഇങ്ങനൊക്കെ പെരുമാറുന്നത്…. ഞാൻ എന്തു തെറ്റാണു ചെയ്തത്… എനിക്കൊന്നും മനസ്സിലാകുന്നെ ഇല്ല. ”
“ഛീ…. നിർത്തേടി… ഇവിടെ…. ഇവിടെ ഒരാളുടെ ശബ്ദം മാത്രം ഉയർന്നാൽ മതി… അതിനിവിടെ ഞാനുണ്ട്.. കേട്ടല്ലോ… ”
പെട്ടന്നാണ് വാതിലിൽ തുടരെ മുട്ട് കേട്ടത്. എന്നെയൊന്നു തുറിച്ചു നോക്കി ഉണ്ണിയേട്ടൻ വാതിൽ തുറക്കാൻ ആയി പോയി. നോക്കിയപ്പോൾ കൈയിൽ ഒരു ഗ്ലാസ് പാലുമായി അമ്മ നിൽക്കുന്നു.
“ലക്ഷ്മി എവിടെ… ആ കുട്ടി ഇതെടുക്കാൻ മറന്നു… ”
അതും പറഞ്ഞു നോക്കിയ അമ്മ കരഞ്ഞു കരഞ്ഞു തളറ്ന്നിരിക്കുന്ന എന്നെ കണ്ടു വേഗം അകത്തേക്ക് വന്നു. ഗ്ലാസ് മേശപ്പുറത്തു വച്ചു എന്റെ അടുത്ത് വന്നു. അമ്മ വല്ലതും ചോദിച്ചാൽ എന്തു പറയുമെന്നറിയാതെ ആകെ ടെൻഷൻ ആയി എനിക്ക്..
“അയ്യോ… എന്താ.. എന്തുപറ്റി മോളെ.. എന്തിനാ കരയുന്നെ..
ഡാ.. എന്താടാ… മോളെന്തിനാ കരഞ്ഞേ.. ”
” എന്റമ്മേ…. മുറിയിലേക്കു വന്നു കയറിപ്പോ തുടങ്ങിയ കരച്ചിലാ.. വീട്ടിലെ എല്ലാരേം മിസ്സ് ചെയ്യുന്നുന്നും പറഞ്ഞു. അവരെ ഇപ്പോ തന്നെ കാണണം എന്നും പറഞ്ഞാ കരയണേ.. ഞാൻ പറഞ്ഞു മടുത്തു… ഇനി അമ്മ പറഞ്ഞു കൊടുക്കു.. ”
ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ യാതൊരു കൂസലുമില്ലാതെ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഉണ്ണിയേട്ടൻ… എന്നെ വീണ്ടും വീണ്ടും തളർത്തി കളയുന്നു… അമ്മയുടെ വക സമാധാനിപ്പിക്കൽ കഴിഞ്ഞതോടെ അമ്മയും പോയി. വാതിൽ അടച്ചു തിരിഞ്ഞ ഉണ്ണിയേട്ടന്റെ മുഖം വീണ്ടും ദേഷ്യം കൊണ്ട് ചുവന്നു. ഇതെല്ലാംകാണുമ്പോൾ എല്ലാ പ്രതികരണ ശേഷിയും നഷ്ടപ്പെട്ടു ആകെ തളർന്നു പോയിരുന്നു. ഉണ്ണിയേട്ടൻ ഓരോ ചുവടും അടുത്തേക് വെയ്കുന്തോറും പേടി കാരണം ഹൃദയം പെരുമ്പറ കൊട്ടുക ആയിരുന്നു.
“ദാ…. ഇപ്പൊ കണ്ടല്ലോ… ഇതുപോലെ ആയിരിക്കണം എല്ലാരുടെയും മുന്നിൽ.. നീയെന്നും എന്റെ നല്ല ഭാര്യയും.. ഞാനെന്നും നിന്റെ നല്ല ഭർത്താവും….. പക്ഷേ എല്ലാം ഈ മുറിക്കു വെളിയിൽ…. അതല്ല.. നിനക്കതിനു കഴിയില്ല എന്നാണെങ്കിൽ പറഞ്ഞോ… വാ ഇപ്പൊ തന്നെ പോകാം നിന്റെ വീട്ടിലേക്കു …. അപ്പൊ എങ്ങനാ.. പോകുന്നോ അതോ ഞാൻ പറഞ്ഞതനുസരിച്ചു നില്കുന്നോ.. ”
ശക്തിയായി എന്റെ കവിളിൽ പിടിച്ചു കൊണ്ട് ഉണ്ണിയേട്ടൻ അതു പറഞ്ഞപ്പോൾ നിന്ന നില്പിൽ ഈ ഭൂമി പിളർന്നു അങ്ങ് പോയിരുന്നെങ്കിൽ എന്നാശിച്ചു….
“നിന്നോട് ചോദിച്ചത് കേട്ടില്ലേ… എന്നെ അനുസരിച് ഇവിടെ കഴിയുന്നോ അതോ ഇപ്പൊ തന്നെ വീട്ടിൽ പോകുന്നോ… ”
നിയന്ത്രിക്കാൻ ആകുന്നതായിരുന്നില്ല എന്റെ സങ്കടം.ഇരു കൈകളാൽ മുഖം പൊത്തി കരഞ്ഞു. ഒരുപാട് പ്രതീക്ഷകളോടെ പുതിയൊരു ജീവിതം പ്രതീക്ഷിച്ചിടത്തു ഇപ്പോ ഇങ്ങനെ…. എത്ര പ്രതീക്ഷകളോടെയാ ഈ കല്യാണം എല്ലാരും നടത്തിയത് തന്നെ… കല്യാണത്തിന്റെ അന്ന് തന്നെ കല്യാണപെണ്ണ് തിരിച്ചു വീട്ടിലേക്കു പോയാലുള്ള അവസ്ഥ… എങ്ങനെ കയറി ചെല്ലും അങ്ങോട്ട്… ഇല്ല അങ്ങനെ ഒരു തിരിച്ചു പോക്കു സാധ്യമല്ല…. വീണ്ടും ഒരിക്കൽ കൂടി ഉണ്ണിയേട്ടന്റെ സ്വരം കടുത്തപ്പോൾ തേങ്ങലുകൾക്കിടയിൽ നിന്നും വിക്കി വിക്കി തിരിച്ചു പോകുന്നില്ല എന്നു മാത്രം പറഞ്ഞു… അത്രയും കേട്ടപ്പോളെക്കും ലൈറ്റ് ഓഫ് ചെയ്തു ഉണ്ണിയേട്ടൻ കിടന്നു.
ചുമരിനോട് ചേർന്ന് നിലത്തു ഇരുന്നു കാൽമുട്ടുകൾക്കിടയിൽ തല ചേർത്തിരുന്നു. മനസ്സിൽ പലവിധ ചിന്തകൾ ആയിരുന്നു. അന്നാദ്യമായി ഹോസ്പിറ്റലിൽ വച്ചു ഉണ്ണിയേട്ടനെ കണ്ടത് മുതൽ ഈ നിമിഷം വരെ ഉള്ള കാര്യങ്ങൾ.
കരച്ചിലുകൾക്കൊടുവിൽ വീട്ടിൽ അഴിച്ചിട്ടുപോന്ന സന്തോഷത്തിന്റെ മുഖം മൂടി വീണ്ടും അണിയാൻ തീരുമാനിച്ചു. അവിടെ ആന്റിയുടെ കുറ്റപ്പെടുത്തലുകള്കും ശകാര വാക്കുകൾക്കും ഇടയിൽ പിടിച്ചു നില്കാൻ അണിഞ്ഞതാണ്. അതാകുമ്പോൾ നമ്മുടെ ദുഃഖം മറ്റാരും അറിയില്ല. ഇനി ഇപ്പോൾ ഇവിടെയും…..
അങ്ങനെ ഇരുന്നു എപ്പോഴോ ഉറങ്ങി പോയിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റു നോക്കിയപ്പോൾ സമയം ആറാകുന്നു. ഉണ്ണിയേട്ടൻ മൂടിപ്പുതച്ചു കിടക്കുന്നു. ഒരു നിമിഷം അങ്ങനെ തന്നെ നിന്നുപോയി. അറിയാതെ കൈകൾ എന്റെ കഴുത്തിലെ ചരടിൽ കോർത്ത താലിയിൽ സ്പർശിച്ചപ്പോൾ കണ്ണുനീർ ധാരയായി ഒഴുകി. അവിടെ നിന്നാൽ വീണ്ടും സ്ഥിതി വഷളാകുമെന്നതിനാൽ ബാഗിൽ നിന്നും ഒരു ജോഡി ഡ്രസ്സ് എടുത്തു കുളിക്കാൻ കയറി. ഷവർ തുറന്നു കുറേ നേരം അതിന്റെ ചുവട്ടിൽ നിന്നു. എല്ലാ സങ്കടങ്ങളും അവിടെ തന്നെ കരഞ്ഞു തീർത്തു. കുളികഴിഞ്ഞു ഡ്രസ്സ് മാറി അല്പസമയം മുറിയിലെ കസേരയിൽ ഇരുന്നു. ദുഃഖങ്ങൾ എല്ലാം മനസ്സിൽ ഒളിപ്പിച്ചു മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ചു… മെല്ലെ വാതിൽ തുറന്നു താഴേക്കു പോയി. അടുക്കളയിൽ അമ്മയും ഒരു ചേച്ചിയും ഉണ്ട്.
“ആഹാ… മോളെഴുന്നേറ്റു കുളിയും കഴിഞ്ഞോ… അതെ… പുലർച്ചെ എഴുന്നേക്കണമെന്നോ കുളിച്ചിട്ട് അടുക്കളയിൽ കയറണമെന്നോ ഒന്നും ഇവിടെ നിർബന്ധം ഇല്ലാട്ടോ.. ” അമ്മ പറഞ്ഞു.
“പിന്നേ മോളെ.. ഇതു മാലതി, നമുക്ക് സഹായത്തിനു നിൽക്കുന്നതാണ്. കല്യാണത്തിന് വന്നവരെല്ലാം ഇന്നലെത്തന്നെ പോയി. എല്ലാർക്കും ജോലി ഒക്കെ ഉള്ളതല്ലേ.. ”
അപ്പോഴാണ് മഞ്ജു ആന്റി- രാധികേച്ചിയുടെ അമ്മ അവിടേക്കു വന്നത്. എല്ലാരും കൂടെ വിശേഷങ്ങൾ പറഞ്ഞു രാവിലത്തെക്കുള്ളതെല്ലാം റെഡി ആക്കി. അപ്പോഴേക്കും അമ്മു എഴുന്നേറ്റു കരച്ചിൽ ആയി.ഞാൻ ചെന്നു അവളെയും എടുത്തു തോളത്തിട്ടു ഹാളിലേക്കു വരുമ്പോളാണ് സ്റ്റെപ് ഇറങ്ങി ഉണ്ണിയേട്ടൻ വന്നത്. പരസ്പരം കാണാതിരുന്നത് കൊണ്ട് നന്നായി തന്നെ കൂട്ടി മുട്ടി. അതിന്റെ ദേഷ്യം മുഖത്ത് കാണാമായിരുന്നു. ദേഷ്യത്തിൽ എന്നോടെന്തോ പറയാൻ വന്നപ്പോഴാണ് അമ്മ ഹാളിലേക്കു വന്നത്. വന്ന ദേഷ്യം എവിടെപോയാവോ… എത്ര പെട്ടന്നാ ഇങ്ങനെ സ്വഭാവം മാറുന്നത്… എന്നെ നോക്കി ചിരിച്ചു കാണിച്ചിട്ട് പുറത്തു പോയി.
ഉണ്ണിയേട്ടൻ പറഞ്ഞ പോലെ തന്നെ മുറിക്കു പുറത്തു നല്ല ഭാര്യ ഭർത്താക്കന്മാരായും മുറിക്കകത്തു തീർത്തും അപരിചിതരായും ഞങ്ങൾ കഴിഞ്ഞു. ഉണ്ണിയേട്ടൻ ഒഴിച്ച് ബാക്കി എല്ലാർക്കും എന്നെ വല്യ കാര്യമായിരുന്നു. തിരിച്ചു അങ്ങോട്ടും. ആ കൂട്ടത്തിൽ അമ്മുവുമായും ഒരു പ്രത്യേക ആത്മ ബന്ധം ഉടലെടുത്തു. ഈ ദിവസങ്ങളിൽ എല്ലാം ബന്ധു വീടുകളിൽ പോക്കും എന്റെ വീട്ടിൽ പോക്കും എല്ലാം കഴിഞ്ഞു. അവിടെ ചെന്നു മനഃപൂർവം അമ്മാവനും മാളുവിനും കണ്ണനും അധികം മുഖം കൊടുക്കാതിരുന്നു. പലപ്പോഴും എനിക്കെന്തോ സങ്കടം ഉള്ള പോലെ തോന്നുന്നുണ്ടല്ലോ എന്നും പറഞ്ഞു അവര് വന്നപ്പോഴൊക്കെ അവരെ പിരിഞ്ഞതിന്റെ ആണെന്നും പറഞ്ഞു ഒഴിഞ്ഞു പലപ്പോഴും. എല്ലാരുടെയും മുന്നിൽ മാന്യൻ ആകാൻ ഉണ്ണിയേട്ടനും ശ്രദ്ധിച്ചു.
ദിവസങ്ങൾ കഴിഞ്ഞുപോയി. അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ റിസൾട്ട് വന്നത്. നല്ല റിസൾട്ട് ഉണ്ടാകുമെന്നു അറിയാമെങ്കിലും റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നു. അതിന്റെ സന്തോഷത്തിൽ ആയിരുന്നു എല്ലാരും. തുടർന്ന് പഠിക്കുന്ന കാര്യം അച്ഛൻ പറഞ്ഞു. ജോലിക് പോകാനാണ് എനിക്ക് താൽപര്യം എങ്കിലും എല്ലാരും നിർബന്ധിച്ചു ബിഎഡ് നു ചേർത്തു. ഇപ്പൊ ദാ ക്ലാസും തുടങ്ങി. കല്യാണം കഴിഞ്ഞിട്ടിപ്പോ മാസം നാലാകുന്നു. ഈ നാളത്രയും ഉണ്ണിയേട്ടൻ പഴയതു പോലെ തന്നെ അകൽച്ച കാട്ടിയിട്ടേ ഉള്ളൂ. പലപ്പോഴും ഉണ്ണിയേട്ടന്റെ പ്രശ്നം ചോദിക്കാൻ ആഗ്രഹിച്ചതാണ്. പക്ഷേ ഉള്ളിൽ ഉടലെടുത്ത ഉണ്ണിയേട്ടനോടുള്ള അകാരണ ഭയം അതെന്നെ പിന്നോട്ട് വലിക്കുന്നു എല്ലാറ്റിൽ നിന്നും.
അങ്ങനെ ഇരിക്കെ ഒരു അവധി ദിവസംആണ് അപ്രതീക്ഷിതമായി അതു സംഭവിച്ചത്. ……തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…