Novel

പ്രണയമായ്: ഭാഗം 14

രചന: ശ്രുതി സുധി

കല്യാണം ഉറപ്പിച്ചതിനു ശേഷം കഴിഞ്ഞതെല്ലാം പൂർണമായി മറക്കാനും എല്ലാം ഉൾകൊള്ളാനും ലക്ഷ്മിയെ അംഗീകരിക്കാനും ഉള്ള തീവ്ര ശ്രമത്തിൽ ആയിരുന്നു. അതിനിടയിൽ എപ്പോഴോ ഞാൻ പോലും അറിയാതെ എന്റെ മനസ്സിന്റെ കോണിൽ ലക്ഷ്മി സ്ഥാനം പിടിച്ചിരുന്നു… അങ്ങനെ കാത്തിരുന്നു ആ വിവാഹനാൾ എത്തി.. എല്ലാം ശുഭമായിരുന്നു… തിരിച്ചു വീട്ടിലെത്തി ഫങ്ക്ഷൻ സമയത്താണ് ഒരു പ്രധാന കാര്യം അറിയിക്കാൻ ഉണ്ടെന്നും പറഞ്ഞു ലക്ഷ്മിയുടെ ആന്റി എന്നെ ആരും കാണാത്തിടത്തു മാറ്റി നിർത്തി. പിന്നീട് അവരിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ എന്നെത്തന്നെ ഇല്ലാതാക്കി കളയുന്നതായിരുന്നു.

ദേവിയാന്റിയുടെ സഹോദരന്റെ മകൻ കിഷോറും ആയി ലക്ഷ്മി സ്നേഹത്തിൽ ആയിരുന്നു. അതിനു മുൻപ് ലക്ഷ്മിയുടെ സ്വന്തം അപ്പച്ചിയുടെ മകൻ ആരവും ആയി ലക്ഷ്മിക്ക് അരുതാത്ത ബന്ധം ഉണ്ടായിരുന്നു പോലും. ആ ബന്ധം അറിഞ്ഞതിനു ശേഷം അപ്പച്ചി ലക്ഷ്മിയെ അവരുടെ വീട്ടിൽ കയറ്റിയിട്ടില്ല . അതുകൊണ്ടാണ് അമ്മാവന്റെ വീട്ടിൽ തന്നെ നില്കുന്നത്.. ആയിടക്കാണ് കിഷോറും ആയി അടുക്കുന്നത്.. ആ ബന്ധം പലരും എതിർത്തെങ്കിലും ആത്‍മഹത്യ ചെയ്യും എന്ന ലക്ഷ്മിയുടെ ഭീഷണി കാരണം എല്ലാവരും അംഗീകരിച്ചു ആ ബന്ധം… അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്റെ പ്രൊപോസൽ ചെല്ലുന്നതു… സാധാ വർക്ക്‌ ഷോപ്പ് ജീവനക്കാരനായ കിഷോറിനെക്കാൾ എന്തുകൊണ്ടും നല്ല ആലോചനയായതിനാൽ അവനെ തള്ളിപറഞ്ഞിട്ടാണ് ഈ ബന്ധത്തിന് സമ്മതിച്ചതുപോലും. പണക്കാരൻ എന്നു കേട്ടപ്പോഴേക്കും അമ്മാവനും ലക്ഷ്മിക്ക് സപ്പോർട്ട് ആയി.. മക്കളെ എല്ലാം ലക്ഷ്മി പണ്ടേ വരുതിയിൽ ആക്കിയതിനാൽ ആ വീട്ടിൽ പാവം ആന്റി വല്ലാതെ ഒറ്റപെട്ടു പോയി. അതാണുപോലും ഈ വിവരം ഒരു തരത്തിലും അറിയിക്കാൻ കഴിയാതിരുന്നത്… ഈ പറഞ്ഞതിനെല്ലാം തെളിവായി ആന്റി ഒരു വീഡിയോ കാണിച്ചു തന്നു. കല്യാണത്തിന്റെ തലേന്ന് കിഷോർ ലക്ഷ്മിയോട് സംസാരിക്കുന്നതും കാലു പിടിക്കാൻ ശ്രമിക്കുന്നതും അമ്മാവൻ വരുന്നതും കിഷോറിനെ അടിക്കാൻ തുടങ്ങുന്നതും ആന്റി ചെന്നു പിടിച്ചു മാറ്റുന്നതും ലക്ഷ്മിയെ പറഞ്ഞു വിട്ടു അമ്മാവൻ ആന്റിയെ തല്ലുന്നതും എല്ലാം….. ഇതെല്ലാം കണ്ടപോഴേക്കും ഞാൻ ആകെ ഇല്ലാതായി പോകുന്നപോലെ തോന്നി… അപ്പോഴേക്കും അവിടേക്കു ഒരാൾ കടന്നുവന്നു… കിഷോർ…. അയാൾ ജോലി ചെയ്ത കാശു കൊണ്ട് ലക്ഷ്മിയെ പഠിപ്പിക്കുകയും വേണ്ടതെല്ലാം വാങ്ങി കൊടുക്കുകയും ചെയ്തിട്ടും അയാളെ നിഷ്കരുണം തള്ളി കളഞ്ഞുകൊണ്ടാണ് ഈ കല്യാണത്തിന് അവൾ സമ്മതിച്ചത് തന്നെ….അയാളിൽ നിന്നും ലക്ഷ്മിയെ കുറിച്ച് വേറെ കുറേ കാര്യങ്ങൾ കൂടെ അറിഞ്ഞു. എല്ലാം കേട്ടു തല പെരുകുന്ന പോലെ. എല്ലാം ഓർത്തു വിഷമിച്ചു നിൽക്കുന്ന അയാളുടെ മാനസികാവസ്ഥ എന്നേക്കാൾ നന്നായി മറ്റാർക്കു മനസ്സിലാകും…

നിന്ന നില്പിൽ ഉരുകി പോകുന്ന അവസ്ഥ…. വീണ്ടും വഞ്ചിക്ക പെട്ടിരിക്കുന്നു. എല്ലാം അവസാനിപ്പിക്കാൻ തോന്നിയ നിമിഷം.. എല്ലാരേയും ഓർത്തു ആ വിഴുപ്പു പാണ്ഡത്തിനെ ചുമക്കാൻ തന്നെ തീരുമാനിച്ചു… പക്ഷേ വെറുപ്പായിരുന്നു… അറപ്പായിരുന്നു… അകറ്റാൻ തന്നെ ശ്രമിച്ചു കൊണ്ടിരിന്നു… പക്ഷേ എന്നിട്ടും അകന്നു പോകാത്തതെന്താ…. പലതും ആലോചിച്ചു എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ വാതിലിൽ തുടരെ ഉള്ള മുട്ടുകേട്ടാണ് എഴുന്നേറ്റത്.. നോക്കിയപ്പോൾ സമയം ഒൻപതു മണി… ഹോ…. ഇത്രയും വൈകിയതു അറിഞ്ഞതെ ഇല്ല. ഉടൻ തന്നെ എഴുന്നേറ്റു വാതിൽ തുറന്നു..എഴുന്നെല്കാൻ വൈകിയത് എന്തെന്നറിയാൻ അമ്മ വന്നതാണ്… വേഗം ചെന്നു പല്ലുതേപ്പും കുളിയും കഴിഞ്ഞു പതിവ് പോലെ കൈകൾ ബെഡിലേക് നീണ്ടു… നീട്ടിയ കൈകൾ പിൻവലിക്കേണ്ടി വന്നപ്പോൾ ആണ് കുളികഴിഞ്ഞു വരുമ്പോഴേക്കും മാറാനുള്ള ഡ്രെസ്സും സോക്‌സും വാച്ചും ഫോണും പേഴ്സും ചീപ്പും ഒന്നും കൃത്യമായി എടുത്തുവയ്ക്കാൻ ഇന്ന് ആളില്ലാത്ത വിവരം ഓർത്തത്‌… പിന്നെ എല്ലാം തപ്പി പിടിച്ചു എടുത്തു വന്നപ്പോഴേക്കും സമയം ഒരുപാടു വൈകി. ഭക്ഷണം കഴിക്കാൻ ഒന്നും നിന്നെ ഇല്ല… പോകാൻ ഇറങ്ങിയപ്പോളാണ് ഡൈനിങ് ടേബിളിൽ നിന്നും അച്ഛന്റെ പരാതികൾ ഉയർന്നു കേട്ടത്… പുട്ടിനു മയം പോരാ.. കടലക്കറിക്ക് ടേസ്റ്റ് പോരാ പപ്പടം ഇല്ലാത്തതെന്താ ചായക്ക് രുചിയില്ല മധുരമില്ല കടുപ്പമില്ല… അങ്ങനെ നൂറുകൂട്ടം പരാതികൾ.. കൂടെ ഒരു ഡയലോഗും…

“ലക്ഷ്മി മോളുണ്ടാകുന്ന പുട്ടും കടലയും ചായയും. .. അതൊരു വല്ലാത്ത ടേസ്റ്റ് തന്നെയാ… ”

“ഹോ… കാര്യം ശരിയൊക്കെത്തന്നെയാ.. എന്നും പറഞ്ഞു ലക്ഷ്മി വരുന്നതിനു മുന്നേ ഞാൻ വച്ചുണ്ടാക്കിയതല്ലേ നിങ്ങളൊക്കെ കഴിച്ചോണ്ടിരുന്നേ.. അന്നേരം ഇല്ലാതിരുന്ന കുറ്റമൊക്കെ ഇപ്പൊ എന്തിനാ.. “.
അപ്പോഴേക്കും പരിഭവവുമായി അമ്മയും എത്തി.

“അതുപിന്നെ….. സത്യം പറയാലോ.. അന്നൊക്കെ വേറെ വഴിയില്ലാതെ നിവൃത്തികേട്‌ കൊണ്ട് കഴിച്ചതാ … ലക്ഷ്മി മോളു വന്നെപിന്നെയല്ലേ വായ്ക്ക് രുചിയായിട്ടു വല്ലതും കഴിക്കാൻ തുടങ്ങിയത്. ”

അതും കേട്ടു ദേഷ്യത്തിൽ മുഖം വീർപ്പിച്ചു അമ്മ അടുക്കളയിലേക്കു പോയി.. ഇതെല്ലാം കേട്ടു അറിയാതെ തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അപ്പോഴാണ് അമ്മ എന്നെ കണ്ടത്.

“ആഹാ… നീ പോയില്ലേ.. സമയം വൈകി എന്നു പറഞ്ഞിട്ട്… ”

“ഹാ … പോകുവാണ്.. ”

“അതെ മോനെ… അമ്മ ഒരു കാര്യം പറയട്ടെ.. ”

പതിവില്ലാത്ത മുഖവുര കണ്ടു സംശയത്തോടെ ഞൻ അമ്മയെ നോക്കി.

“അതു പിന്നേ വേറൊന്നും അല്ല… നീ വൈകിട്ട് വരുമ്പോഴേ….. ലക്ഷ്മിയെ പോയി കൂട്ടികൊണ്ട് വരുമോ.. ”

അതുകേട്ടു ഞാൻ ദേഷ്യത്തിൽ അമ്മയെ നോക്കി..

“നീ ദേഷ്യപെടുകയൊന്നും വേണ്ടാ.. ഒരു രാത്രി ഇവിടെ ഇല്ലാതിരുന്നിട്ടുപോലും ഈ വീടാകെ ഉറങ്ങിപ്പോയ പോലെ… ആകെ ഒരു വിഷമം മോനെ.. നീപോയി അവളെ ഇങ്ങു കൊണ്ടുവാ.. ”

തിരിച്ചൊന്നും മിണ്ടാതെ ദേഷ്യത്തിൽ ഇറങ്ങി… എപ്പോ നോക്കിയാലും എല്ലാരും കിടന്നു ലക്ഷ്മി ലക്ഷ്മിന്നും പറഞ്ഞു നടക്കുന്ന കാണാം… എല്ലാരേം കുപ്പിയിലാക്കാൻ പിന്നേ ഇവളുമാർക്കൊക്കെ ഒരു പ്രത്യേക കഴിവാണല്ലോ… ഓർക്കുന്തോറും ഉള്ളിൽ അമർഷം കൂടി വരും…

ഓഫീസിൽ എത്തിയിട്ടും ആകെ ഒരു ഉന്മേഷക്കുറവ്.. അൽപനേരം കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരിയിരുന്നു… കണ്ണുകൾ അടച്ച ആ നിമിഷം മുന്നിലതാ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു ലക്ഷ്മി… വേഗം ചാടി എഴുന്നേറ്റു പോയി.. നാശം പിടിക്കാൻ… മനുഷ്യനെ മനസ്സമാധാനത്തോടെ ഒരു മിനിറ്റ് ഇരുത്തില്ല… ഇതിപ്പോ ഈ നാശത്തിനെ ഞാൻ എന്തിനാ ഓർക്കണേ…..

പക്ഷേ… ഓരോ തവണയും ലക്ഷ്മിയെ പറ്റി ദേഷ്യത്തിൽ ഓര്കുമ്പോഴും മനസ്സിൽ വല്ലാത്ത ഭാരം… ഒന്നിനും ഒരു താല്പര്യവും തോന്നുന്നില്ല… എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ… ഇതു വരെ ആരോടും ഒരു കാര്യവും പറഞ്ഞിരുന്നില്ല. എല്ലാം മനസ്സിൽ ഇട്ടു നീറ്റിച്ചു ആകെ ഒരു അസ്വസ്ഥത.. ആരോടെങ്കിലും ഒന്നു തുറന്നു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ….. അതിനു പറ്റിയ ഒരേഒരാളെ ഉള്ളൂ…. കിരൺ… പിന്നൊന്നും നോക്കിയില്ല. അപ്പൊത്തന്നെ അവനെ വിളിച്ചു. ഉടൻ തന്നെ കാണണം എന്നു മാത്രം പറഞ്ഞു അന്ന് ലീവ് എഴുതി കൊടുത്തു നേരെ വെച്ചു പിടിച്ചു സ്ഥിരം കോഫി ഷോപ്പിലേക്ക്..

അവിടെ എത്തി ഒരു മണിക്കൂറോളം കാത്തിരുന്നതിനു ശേഷമാണ് കിരൺ എത്തിയത്.. അവനോടു ഇന്നുവരെ ഉള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ ഒരാശ്വാസം… മനസ്സിൽ നിന്നും ഒരു വലിയ ഭാരം ഒഴിഞ്ഞ സന്തോഷത്തിൽ അവന്റെ മുഖത്തേക്കു നോക്കിയ എന്നെ ഞെട്ടിച്ചു കൊണ്ട് അവന്റെ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്നിരുന്നു…..

“നിന്നെ പോലത്തെ ഒരു കിഴങ്ങനെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല. വല്ലവരുടേം വാക്ക് കേട്ടു താലി കെട്ടിയ പെണ്ണിനെ തള്ളി പറഞ്ഞ നീയൊക്കെ ഒരാണാണോ.. ”

“ഡാ… ഇതിപ്പോ വാദി പ്രതിയായോ… ഞാൻ പറഞ്ഞില്ലേ അവര് പറഞ്ഞതൊക്കെ.. പോരാത്തതിന് ആ വീഡിയോ കണ്ടല്ലോ… ”

“ഡാ കോപ്പേ… ആ വിഡിയോയിൽ എന്താ ഉള്ളതു.. അവരവിടെ സംസാരിച്ചത് എന്താണെന്ന് വല്ലതും ആ വീഡിയോയിൽ ഉണ്ടായിരുന്നോ.. ഇല്ലല്ലോ.. ഡാ.. നീയിപ്പോ ഒരു ഭാഗം മാത്രമേ കേട്ടുള്ളൂ. നീ ഇതേക്കുറിച്ചു എപ്പോഴെങ്കിലും ലക്ഷ്മിയോട് ചോതിച്ചിരുന്നോ ”

“ഡാ… അതിപ്പോ… ചോദിച്ചാലും അവള് സത്യം പറയുമെന്ന് തോന്നുന്നുണ്ടോ….. ആ കിഷോറിനെക്കാളും ഞങ്ങൾക്ക് സമ്പത്തുണ്ട് എന്നു കണ്ടു കാശിനു വേണ്ടിയാ അവരൊക്കെ അവനെ തള്ളിപ്പറഞ്ഞത്.. ”

“ഹോ… കാശിനു വേണ്ടി.. അല്ലെ… എന്നിട്ട് അവൾ നിന്റെ കയ്യിന്നു എത്ര രൂപ ചിലവാക്കിച്ചു… എന്തു ആഡംബരം ആർഭാടം ആണ് കാണിച്ചു നടക്കുന്നത്…… ഡാ നമുക്ക് കണ്ണിനു കാഴ്ചയും കാതിനു കേൾവിയും ഒക്കെ തന്നിരിക്കുന്നത് ചുറ്റുമുള്ളത് കാണാനും കേൾക്കാനും ആണ്… അതെങ്ങനാ പണ്ടേ നീ സ്വയം കണ്ണ് കെട്ടി ഇരുട്ടാക്കുന്നവനല്ലേ… അപ്പൊ പിന്നേ എങ്ങനെ കാണും… ”

അവന്റെ കുറ്റപ്പെടുത്തലുകൾ തുടർന്ന് കൊണ്ടേ ഇരുന്നു. പലപ്പോഴും അവന്റെ ചോദ്യങ്ങൾക്കു ഉത്തരം ഇല്ലായിരുന്നു എന്റെ പക്കൽ. പറഞ്ഞു പറഞ്ഞു അവസാനം ലക്ഷ്മിയെ ന്യായികരിക്കുന്ന അവസ്ഥയിൽ എത്തി.. പലപ്പോഴും അവൻ പറയുന്ന കാര്യങ്ങൾ സത്യമാണെന്നു എനിക്ക് തന്നെ തോന്നി… അവസാനം വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിപോയി… തെറ്റു പറ്റിയോ എന്നു സംശയം….. ആകെ ധര്മസങ്കടത്തിൽ ആയി…

“ഡാ… ഇതിപ്പോ കാര്യങ്ങളുടെ സത്യാവസ്ഥ എന്തെന്ന് നമുക്കറിയില്ല.. അന്വേഷിക്കണം സത്യം എന്തെന്ന്.. ഇനി അങ്ങനെ ഒരു തെറ്റു പറ്റിയെങ്കിൽ തന്നെ അതൊക്കെ മറക്കണം പൊറുക്കണം… നീയും അത്ര സത്യവാനും പുണ്യവാനും ഒന്നും അല്ലല്ലോ… അല്ല…. ഇനി നീ അറിഞ്ഞതൊന്നും സത്യമല്ല എങ്കിൽ… പൊന്നു മോനെ നീ ചെയ്ത തെറ്റുകൾ എത്രയും വേഗം തിരുത്തണം… “.

സത്യമേത് കള്ളമേത് എന്നറിയാതെ കുഴങ്ങിയ അവസ്ഥ. ഏതെങ്കിലും വിധേന എല്ലാം അറിയണം… പക്ഷേ എങ്ങനെ….. ഓരോന്നോർത്തു അവിടെ നിന്നും ഇറങ്ങാൻ നേരമാണ് പുറകിൽ നിന്നാരോ വിളിച്ചത്…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button