Novel

പ്രണയമായ്: ഭാഗം 15

രചന: ശ്രുതി സുധി

പുറകിൽ നിന്നാരോ വിളിക്കുന്ന കേട്ടാണ് തിരിഞ്ഞു നോക്കിയത്. നോക്കിയപ്പോൾ മാളു ആണ്. കൂട്ടുകാരോടൊപ്പം ഷോപ്പിംഗിനു വന്നതാണ്. എല്ലാർക്കും പരിചയപ്പെടുത്തി കൊടുത്തു. ലക്ഷ്മിയുടെ ഭർത്താവ് ആണെന്ന് പറഞ്ഞപ്പോൾ എല്ലാരും കൂടുതൽ പരിചയപെട്ടു. അവർക്കെല്ലാം ലക്ഷ്മിയെ വലിയ കാര്യമാണെന്ന് പെരുമാറ്റത്തിൽ നിന്നും മനസ്സിലായി. എല്ലാരും യാത്ര പറഞ്ഞു പോകാൻ നേരം ആണ് മനസ്സിൽ ലഡ്ഡു പൊട്ടിയത്. ഒരുപക്ഷെ മാളുവിനോട് ചോദിച്ചാൽ വല്ലതും അറിയാൻ കഴിഞ്ഞെങ്കിലോ… അതോർത്തു ഞാൻ കിരണിനെ നോക്കിയപ്പോൾ എന്റെ അതെ ഭാവത്തോടെ അവൻ എന്നെയും നോക്കി. രണ്ടുപേരും മനസ്സിൽ ഒരേ കാര്യം തന്നെയാണ് വിൿചരിച്ചതു എന്നു ആ നോട്ടത്തിൽ നിന്നും മനസ്സിലായി.. പിന്നൊന്നും നോക്കിയില്ല വേഗം ചെന്നു മാളുവിനെ പിടിച്ചു നിർത്തി കൂട്ടുകാരെ പറഞ്ഞു വിട്ടു.

മാളുവിനെയും കൂട്ടി തിരികെ കോഫി ഷോപ്പിൽ കയറി ആളൊഴിഞ്ഞ മൂലയിൽ മാളുവിന്‌ ഓപ്പോസിറ്റ് ആയി ഞങ്ങൾ ഇരുന്നു . മാളു ആകാംഷയോടെ ഞങ്ങളെ നോക്കി. എങ്ങനെ തുടങ്ങണം എന്തു പറയണം എന്നോർത്ത് ആകെ ഒരു കൺഫ്യൂഷൻ… പറയുന്ന കാര്യങ്ങൾ മാളു എത്രമാത്രം ഉൾകൊള്ളുമെന്നും അറിയില്ല.. എങ്കിലും ധൈര്യം സംഭരിച്ചു അന്ന് നടന്ന സംഭവങ്ങൾ സൂചിപ്പിച്ചു. മറ്റൊന്നുമല്ല കിഷോറിനെ കുറിച്ചും അപ്പച്ചിയുടെ മകനെ കുറിച്ചും മാത്രം ചോദിച്ചു… അത്രയും കേട്ടപ്പോൾ തന്നെ മാളുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. പിന്നീടത് കരച്ചിലിന് വഴി മാറി.. ഞങ്ങൾ ആകെ വല്ലാതായി. ചുറ്റുമുള്ളവരെല്ലാം ഒരുമാതിരി തുറിച്ചു നോട്ടം. ഒരു വിധത്തിൽ മാളുവിനെ സമാധാനിപ്പിച്ചു … കരച്ചിലെല്ലാം നിർത്തി മാളു കിരണിനെ ഒന്നു നോക്കി. അവന്റെ സാമിപ്യം കാരണം തുറന്നു പറയാൻ മാളുവിന്‌ ഒരു മടി . അവളുടെ നോട്ടം മനസ്സിലാക്കിയിട്ടെന്നോണം ഞങ്ങളോട് സംസാരിക്കാൻ പറഞ്ഞു അവൻ മാറി നിന്നു. ഒരു ദീർഘനിശ്വാസത്തോടെ മാളു പറഞ്ഞു തുടങ്ങി ലക്ഷ്മിയെ കുറിച്.

ലക്ഷ്മിയുടെ അച്ഛനും അമ്മയും മരിച്ചതിനു ശേഷം അമ്മാവൻ വീട്ടിലേക്കു കൊണ്ട് പോന്നതും. ആന്റിക് ലക്ഷ്മിയോടുള്ള ദേഷ്യവും, വളർന്നു വന്നപ്പോൾ കിഷോറിന്റെ ആലോചന ആന്റി കൊണ്ടുവന്നതും, കള്ളും കുടിച് കഞ്ചാവും അടിച്ചു ജോലിക്കും പോകാതെ പെണ്ണുങ്ങളുടെ പുറകെ നടക്കുന്ന കിഷോറിന് ലക്ഷ്മിയെ കൊടിക്കില്ല എന്നു പറഞ്ഞതിന് ആന്റി വഴക്കുണ്ടാക്കിയതും.. തുടർന്നു ആ വീട്ടിൽ നടന്ന സകല കാര്യങ്ങളും കണ്ണീരോടെ മാളു പറഞ്ഞു നിർത്തി… എല്ലാം കേട്ടു എന്റെ ഉള്ളാകെ നീറുക ആയിരുന്നു. എന്തൊരു മഹാ അപരാധം ആണ് ഞാൻ ചെയ്തത്… കുറ്റബോധം എന്നെ വല്ലാതെ അലട്ടി… മാളു തുടർന്നു..

“അമ്മ ഞങ്ങളെ പ്രസവിച്ചെന്നു മാത്രേ ഉള്ളൂ. ഞങ്ങളെ രണ്ടാളേം വളർത്തിയത് അച്ഛമ്മ ആണ്. അച്ഛമ്മയുടെ മരണ ശേഷം ഞങ്ങൾ ആകെ ഒറ്റപെട്ടു പോയിരുന്നു. ലക്ഷ്മിചേച്ചി വന്നതോടെ ആണ് സ്നേഹം എന്തെന്നും കരുതൽ എന്തെന്നും ഒക്കെ ഞങ്ങൾ അറിയുന്നത്… ഞങ്ങളെ അമ്മ കുഞ്ഞുങ്ങളെ നോക്കുന്ന പോലെയാ നോക്കി വളർത്തിയത്… അതുകൊണ്ട് തന്നെ ഒരമ്മയുടെ സ്ഥാനമാണ് ചേച്ചിക്ക് ഞങ്ങളുടെ മനസ്സിൽ… ആ ചേച്ചിയെ കുറിച്ചു ഇങ്ങനൊക്കെ കേൾക്കുമ്പോൾ…. സഹിക്കാൻ കഴിയുന്നില്ല ചേട്ടാ… ഞങ്ങടെ ചേച്ചി പാവമാണ്.. ചേച്ചീനെ പിരിഞ്ഞു ഞങ്ങൾ ഇരിക്കില്ലായിരുന്നു… അതുകൊണ്ടാ ചേച്ചീനെ എങ്ങും വിടാതിരുന്നത്. വല്ലപ്പോഴും ഞങ്ങൾ അമ്മ വീട്ടിൽ പോകുന്ന ദിവസം മാത്രം ചേച്ചി അവിടെ അപ്പച്ചിടെ വീട്ടിൽ പോയി നില്കും.. അല്ലാതെ എന്റെ അമ്മ പറഞ്ഞപോലെ … ”

പറഞ്ഞതു മുഴുവിക്കാൻ ആകാതെ മാളു തേങ്ങി…

“അമ്മ ആയി പോയില്ലേ ചേട്ടാ… പലപ്പോഴും ഞങ്ങൾ അമ്മയെ എതിര്കുമ്പോഴെല്ലാം ചേച്ചി ഞങ്ങളെ വഴക്കു പറയുമായിരുന്നു. അമ്മമാരോട് വഴക്ക് കൂടരുതെന്നും പറഞ്ഞു. അച്ഛനമ്മമാരെ ബഹുമാനിക്കണം അനുസരിക്കണം എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചത് ചേച്ചി ആണ്. അല്ലെങ്കിലും ചേച്ചി ഓക്കേ തന്നെയാ അമ്മ പറയുന്നതെല്ലാം മിണ്ടാതെ നിന്നു കേട്ടു അനുസരിച്ചു എല്ലാം ചെയ്തു കൊടുത്തു ഇങ്ങനെ വളം വെച്ചു കൊടുത്തത്. പക്ഷേ എന്നിരുന്നാലും ഒരിക്കൽ പോലും ഇത്തരം ഒരു ചതി ഞങ്ങൾ പ്രതീക്ഷിച്ചില്ല ചേട്ടാ… ” ഇതെല്ലാം പറയുമ്പോഴും മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുക ആയിരുന്നു.

“ഇതിന്റ പേരിൽ എന്റെ ചേച്ചിയോട് ചേട്ടനു ഇഷ്ടക്കുറവൊന്നും തോന്നരുത്. ചേച്ചി ഒരു പാവമാണ്… പലപ്പോഴും എനിക്ക് തോന്നിയിരുന്നു ചേച്ചിക്ക് എന്തോ ഒരു വിഷമം ഉണ്ട് എന്നു… ഈ ഒരു കാര്യത്തിന്റെ പേരിൽ എന്റെ ചേച്ചിയെ ചേട്ടൻ വിഷമിപ്പിക്കരുത്.. ഞാൻ വേണമെങ്കിൽ കാലുപിടിക്കാം…” അവൾ കരഞ്ഞു കൊണ്ട് എന്റെ മുന്നിൽ കൈ കൂപ്പി നിന്നു അപേക്ഷിച്ചപ്പോൾ ഞാൻ നിന്ന നില്പിൽ ഉരുകി ഇല്ലാതാക്കുക ആയിരിന്നു… അവളെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു അവിടന്ന് യാത്രയാക്കി… നടന്ന കാര്യങ്ങൾ ഒന്നും ആരും അറിയരുത് എന്നു പറഞ്ഞേല്പിച്ചു. പ്രത്യേകിച്ച് ലക്ഷ്മി…. പോകുന്നതിനു മുൻപ് പിന്തിരിഞ്ഞു നോക്കി ഒരിക്കൽ കൂടി അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു.

“ഒരു കാര്യം കൂടി…. ഞങ്ങടെ അമ്മയ്ക്കു അസുഖം ഒന്നും ഇല്ല. ചേച്ചി പോയതിൽ പിന്നേ ജോലി ഒക്കെ ചെയ്യേണ്ടി വന്നു. അതൊന്നും ശീലമില്ലല്ലോ …. ഈ അസുഖ ഒക്കെ മടിയുടെയാ…. അതുമാറ്റാൻ ഞങ്ങള്ക്ക് അറിയാം … പറ്റുമെങ്കിൽ എത്രയും വേഗം ലക്ഷ്മിചേച്ചിയെ വന്നു വിളിച്ചുകൊണ്ട് പൊയ്ക്കൂടേ… ”

മറുപടിയായി അവൾക്കൊരു പുഞ്ചിരി നൽകി അവിടെനിന്നും യാത്രയാക്കി… അവൾ പോയതിനു ശേഷം കിരണിനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ലോകത്തിതുവരെ കേൾക്കാത്ത ഭാഷയിൽ ഉള്ള തെറിയായിരുന്നു അവന്റെ മറുപടി… എല്ലാം മിണ്ടാതെ നിന്നു കേട്ടു കൊണ്ട് നിന്നു. മനസ്സിലെ കാർമേഘം എല്ലാം മാറി തെളിഞ്ഞു നിൽക്കുന്നു…. അതിന്റെ സന്തോഷത്തിൽ വീട്ടിലേക്കും പുറപ്പെട്ടു… വീട്ടിലെത്തിയപ്പോൾ ആണെങ്കിൽ ആർക്കും ഒരു ഉന്മേഷവും ഇല്ല.. അമ്മുവാണെങ്കിൽ ലക്ഷ്മിയെ കാണണം എന്നും പറഞ്ഞു കരച്ചിലും… അമ്മ ഒരുവിധത്തിൽ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു ഇരുത്തിയിട്ടുണ്ട്… മുറിയിൽ എത്തി വസ്ത്രം പോലും മാറാതെ കട്ടിലിൽ കയറി കിടന്നു…

കല്യാണം കഴിഞ്ഞു ഈ വീട്ടിലെത്തി ഇന്നലെ വരെയുള്ള ലക്ഷ്മിയുടെ കാര്യങ്ങൾ ഓർത്തപ്പോൾ വല്ലാത്ത വിഷമം… എന്തെല്ലാം പ്രതീക്ഷകളോടെ ആയിരിക്കും പാവം എന്റെ കൈപിടിച്ച് ഈ വീട്ടിലേക്കു കയറി വന്നത്.. എന്നിട്ട് ഞാൻ ചെയ്തതോ… എല്ലാം ഓർക്കുമ്പോൾ എന്നോട് തന്നെ സ്വയം വെറുപ്പ്‌ തോന്നുന്നു… കട്ടിലിൽ നിന്നും എഴുന്നേറ്റു ഡോർ ലോക്ക് ചെയ്തു കട്ടിലിനു താഴെ നിന്നും ലക്ഷ്മി നിലത്തു വിരിച്ചു കിടക്കാറുള്ള പായയും ഷീറ്റും എടുത്തു വിരിച്ചു അതിൽ കിടന്നു… ആ തലയിണയിൽ മുഖമമർത്തി കിടക്കുമ്പോൾ പല രാത്രികളിലും തലയിണയിൽ മുഖമമർത്തി കരഞ്ഞിരുന്ന ലക്ഷ്മിയുടെ മുഖം മനസ്സിൽ തെളിഞ്ഞു … കുറ്റബോധം കാരണം നീറി പുകയുക ആയിരുന്നു മനസ്സ്.. അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകി ആ തലയിണയിൽ പതിച്ചു… അപ്പോൾ പണ്ട് അച്ഛൻ പറഞ്ഞ വാചകം മനസ്സിൽ തെളിഞ്ഞു. ഞാൻ കാരണം ഒരുപെണ്കുട്ടിയുടെ കണ്ണുനീർ ഈ കുടുംബത്തിൽ വീഴണ്ട എന്നു…. എന്നിട്ടിപ്പോ ഞാൻ കാരണം…. ആ തലയിണയും നെഞ്ചോടു ചേർത്തു കിടന്നു അൽപനേരം. താഴെ നിന്ന് അമ്മുവിന്റെ വലിയ കരച്ചിൽ കേട്ടാണ് എഴുന്നേറ്റത്.. പായ മടക്കി തിരികെ അവിടെ തന്നെ വയ്ക്കാൻ തുടങ്ങി എങ്കിലും….. അതെല്ലാം മടക്കി ഒരു വലിയ കവറിൽ ആക്കി സ്റ്റോർ റൂമിൽ ആരും കാണാത്തിടത്തു കൊണ്ട് വച്ചു… ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ.. മനസ്സിലും ചുണ്ടിലും വിരിഞ്ഞ പുഞ്ചിരിയോടെ അമ്മുവിന്റെ അടുത്തേക്ക് ചെന്നു.

അമ്മുവാണെങ്കിൽ വാതില്കലേക്കും കണ്ണും നട്ടു ലക്ഷ്മി ഇപ്പൊ വരും എന്നോർത്ത് ഇരിക്കുന്നു… അതുകണ്ടപ്പോൾ ഒരു വിഷമം… പലപ്പോഴും ഞാൻ അമ്മു എന്റെ മകളെ പോലെ ആണ് എന്നു നാഴികക്ക് നാൽപതു വട്ടം പറഞ്ഞു നടന്നിരുന്നെങ്കിലും അതെല്ലാം പറച്ചിലിൽ മാത്രം ഒതുങ്ങി ഇരുന്നു. എന്നാൽ ലക്ഷ്മി അതു പ്രവർത്തിച്ചു കാണിച്ചു… അമ്മുവിന്റെ വിചാരം ലക്ഷ്മി ആണ് അവളുടെ അമ്മ എന്നാണ്… ലക്ഷ്മി അങ്ങനെ തന്നെ ആണ് മനസ്സിലാക്കിച്ചതും… അമ്മുവിനെ എടുത്തു തോളത്തിട്ടപ്പോഴേക്കും അവൾ വീണ്ടും കരച്ചിൽ തുടങ്ങി… അമ്മ അവളെ എടുത്തു നടക്കാൻ തുടങ്ങി….ഞാൻ തിരികെ മുറിയിൽ എത്തിയെങ്കിലും മനസ്സിനകത്തു എന്തോ ഒരു വിങ്ങൽ…. എല്ലായിടത്തും ലക്ഷ്മിയുടെ സാമിപ്യം പോലെ… കണ്ണടച്ചാൽ ലക്ഷ്മി………. ചുറ്റും നോക്കിയാൽ അവിടെയും ലക്ഷ്മി….. അങ്ങനെ അങ്ങനെ അങ്ങനെ……… വല്ലാതെ മിസ്സ്‌ ചെയ്യുന്നു…. ഇപ്പൊ തന്നെ കാണണം എന്നും തോന്നുന്നു…. അമ്മ രാവിലെ പറഞ്ഞ പോലെ പോയി വിളിച്ചു കൊണ്ട് വന്നാലോ… ഞാൻ വിളിച്ചാൽ വരുമോ…… അല്ലെങ്കിലും എന്തും പറഞ്ഞു വിളിച്ചു കൊണ്ട് വരും….. എന്തും പറഞ്ഞു ചെല്ലും അങ്ങോട്ട്……. ആലോചിച്ചിരുന്നപ്പോൾ ആണ് ഉത്തരമെന്നോണം താഴെ നിന്നു അലർച്ച കേൾക്കുന്നത്…..അമ്മുവിന്റെ കരച്ചിൽ…..സമയം ഇപ്പോൾ ഏഴര… വേഗം തന്നെ കുളിച്ചു ഡ്രസ്സ്‌ മാറി… ഓരോ ഡ്രെസ്സും മാറി മാറി ഇട്ടിട്ടും തൃപ്‌തി ആകുന്നില്ല… അവസാനം ഒരു നീല ഷെയ്ഡ് ഉള്ള ഒരു ഷർട്ട്‌ ഇട്ടു. പ്രണയിനിയെ പ്രൊപ്പോസ് ചെയ്യാൻ പോകുന്ന കൗമാരക്കാരന്റെ മനസ്സോടെ ചുണ്ടിൽ ഒരു മൂളിപ്പാട്ടും പാടി താഴേക്കു ചെന്നു അമ്മുവിനെ റെഡി ആക്കാൻ അമ്മയോട് പറഞ്ഞു കാത്തിരുന്നു. എവിടെയാ പോകുന്നതെന്ന് ചോദിച്ചെങ്കിലും ഒന്നും പറയാൻ പോയില്ല…

അമ്മാവന്റെ വീട്ടിലെത്തി ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നു അമ്മാവൻ പുറത്തു വന്നു ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു…… ഞങ്ങളെ ലക്ഷ്മി അവിടെ പ്രതീക്ഷിച്ചിരുന്നില്ല.. പ്രത്യേകിച്ച് എന്നെ… അതിന്റെ ഞെട്ടൽ മുഖത്ത് കാണാം… അൽപനേരം കഴിഞ്ഞു ആൾക്ക് ഞെട്ടൽ മാറാൻ… അപ്പോഴേക്കും ഓടിവന്നു എന്റെ കൈയിൽ നിന്നും അമ്മുവിനെ വാങ്ങി തുരുതുരാ ഉമ്മകൾ കൊണ്ട് മൂടി… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ആ നിമിഷം…. അവർ അമ്മയും മകളും പിന്നേ അവരുടെ ലോകത്തായി…. ഇവിടെ ഇത്രയും ആൾകാർ നില്കുന്നതൊന്നും അവര് ശ്രദ്ധിക്കുന്നേ ഇല്ല. പ്രത്യേകിച്ച് എന്നെ… വന്നിട്ടീനിമിഷം വരെയും ലക്ഷ്മി ഒന്നു നേരെ നോക്കിയത് പോലും ഇല്ല…. എന്തോ ആ ഒരു നോട്ടത്തിനായി മനസ്സ് വല്ലാതെ കൊതിക്കുന്നു… അപ്പോഴേക്കും അമ്മുവിനെയും കൊണ്ട് ലക്ഷ്മി മുറിയിലേക്കു പോയി… അമ്മാവൻ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു… ഒന്നുമറിയാത്ത പാവത്തിനെ പോലെ നിഷ്കളങ്കമായി പുഞ്ചിരിച്ചു നിൽക്കുന്ന ആന്റിയെ കണ്ടപ്പോൾ ദേഷ്യം ആണ് തോന്നിയത്… അധികം മൈൻഡ് ചെയ്യാൻ പോയില്ല… ലക്ഷ്മിയെ ഒന്നു കാണണം എന്നുണ്ട്….. അപ്പോഴാണ് അമ്മാവൻ ഇന്ന് പോകുന്നില്ലല്ലോ എന്നു ചോദിച്ചത്….

“പോകുന്നുണ്ട്… അമ്മയോട് പറയാതെയാ വന്നത്… ലക്ഷ്മിയെ കൂടെ കൊണ്ടുപോകാം എന്നു വിചാരിച്ചാ വന്നത്. ”

അതുകേട്ടപ്പോഴേക്കും എല്ലാരുടെയും മുഖം വാടി. മാളു പതിയെ അടുത്ത് വന്നു രഹസ്യമായി പറഞ്ഞു.

“പെട്ടന്ന് വന്നു കൊണ്ടുപോയ്ക്കോ എന്നു ഞാൻ പറഞ്ഞുന്നും കരുതി ഇത്ര പെട്ടെന്ന് വേണമായിരുന്നോ ”

അവൾ വിഷമത്തോടെയും അല്പം നീരസത്തോടെയും നോക്കി. അതുകണ്ടപ്പോൾ ചിരിയാണ് വന്നത്.

“അപ്പൊ ഇന്ന് പോകണ്ടേ ”

വേണ്ടാ എന്ന രീതിയിൽ അവൾ തലയാട്ടി.

“എന്നാ ശരി…. മാളു പറഞ്ഞത് കൊണ്ട് ഇന്നിനി തിരിച്ചു പോകുന്നില്ല.പക്ഷേ നാളെ രാവിലെ തന്നെ പോകും ”

അതു കേട്ടപ്പോഴേക്കും കക്ഷിയുടെ മുഖംതെളിഞ്ഞു. അമ്മയോട് വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഇന്ന് വരുന്നില്ലെന്നും പറഞ്ഞു… രാത്രി എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചതിനു ശേഷമാണ് മുറിയിലേക്കു പോയത്.. വീട്ടിലെ മുറിയുടെ പകുതി പോലും ഇല്ല ഇതിനു..

വന്നിട്ടീ നിമിഷം വരെ ലക്ഷ്മിയെ നേരാം വണ്ണം ഒന്നു കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല. കിടക്കാനായി മുറിയിലേക്കു വരുമ്പോൾ കാണാം സംസാരികം എന്നൊക്കെ ഓർത്തിരിക്കുമ്പോഴാണ് വാതിൽ തുറന്നു ആരോ വന്നതു. ലക്ഷ്മി ആണെന്ന് കരുതി സന്തോഷത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ അതാ കൈയിൽ ഒരു തലയിണയും ആയി കണ്ണും തിരുമ്മി മുന്നിൽ നിൽക്കുന്നു കണ്ണൻ.

“എന്നോട് ഇവിടെ കിടക്കാൻ പറഞ്ഞു ചേച്ചി… അവര് അവിടെ കിടന്നു. ”

പറഞ്ഞു തീരുന്നതിനു മുന്നേ ആളുകേറി കിടപ്പായി. ദേഷ്യം ഇരച്ചു കയറി വന്നു നിൽകുമ്പോൾ ആണ് വാതിൽക്കൽ ലക്ഷ്മിയെ കണ്ടത്… കൈയിൽ ഇരുന്ന വെള്ളം കുപ്പി മേശമേൽ വച്ചു ഷീറ്റ് എടുത്തു കണ്ണനെ പുതപ്പിച്ചു തിരിഞ്ഞു നിന്നു എന്നോടായി കിടന്നോളു എന്നു മാത്രം പറഞ്ഞു വാതിലും ചാരി ആളുപോയി…

ഇപ്പോഴും ഒന്നും പറയാൻ കഴിയാത്തതിന്റെ ദേഷ്യത്തിലും വിഷമത്തിലും തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് കണ്ണൻ ജോലി തുടങ്ങിയത്… ചവിട്ടലും തൊഴിയും….. കുറേ കഴിഞ്ഞു മനുഷ്യന് ഭ്രാന്ത്‌ പിടിക്കുന്ന പോലെ ആയിപോയി…. അമ്മാതിരി ചവിട്ടല്ലേ ചവിട്ടുന്നത്….

അവസാനം സഹികെട്ടു ഒരു ഷീറ്റുമെടുത്തു താഴെ വിരിച്ചു തലയിണയും ചേർത്തുപിടിച്ചു എപ്പോഴോ സുന്ദര സ്വപ്‌നങ്ങൾ കണ്ടുറങ്ങി…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button