പ്രണയമായ്: ഭാഗം 19

പ്രണയമായ്: ഭാഗം 19

രചന: ശ്രുതി സുധി

ദിവസങ്ങൾ കഴിഞ്ഞുകൊണ്ടേ ഇരുന്നു... പലപ്പോഴും എന്റെ ഈഗോ ഞങ്ങൾക്കിടയിൽ വില്ലനായി അവതരിച്ചു..... അതുകൊണ്ട് തന്നെ ഇന്നും രണ്ടുപേരും രണ്ടുധ്രുവങ്ങളിൽ ആയിത്തന്നെ നിൽക്കുന്നു... പക്ഷേ നേരത്തേതിലും ഭേദമാണ്... ലക്ഷ്മിക്ക് എന്നോടുണ്ടായിരുന്ന പേടി ഒക്കെ കുറഞ്ഞിട്ടുണ്ട് ഇപ്പോൾ... ആയിടയ്ക്കാണ് ഞങ്ങള്ക്ക് ഒരു ചടങ്ങിന് പോകേണ്ടി വന്നത്.. കൃത്യ സമയത്തു അമ്മുവിന് പനിപിടിച്ചു... അതുകൊണ്ട് ലക്ഷ്മി വരുന്നില്ലെന്ന് പറഞ്ഞു.. ചടങ്ങ് അല്പം ദൂരെ ആയതുകൊണ്ട് ലക്ഷ്മിയെയും അമ്മുവിനെയും തനിച്ചു നിർത്താൻ കഴിയാത്തത് കൊണ്ട് ആണ് കൂട്ടിനു മോഹിനി ആന്റിയെ വിളിച്ചത്.... ഞങ്ങൾ പോകാൻ ഇറങ്ങിയപ്പോഴേക്കും അവരെത്തുകയും ചെയ്തു... ചടങ്ങെല്ലാം കഴിഞ്ഞു രാത്രിയായി ഞങ്ങൾ എത്തിയപ്പോൾ... അച്ഛനും അമ്മയോടുമൊപ്പം രാധികേച്ചിയുടെ അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു.... വീട്ടിലെത്തി ബെൽ അടിച്ചപ്പോഴേക്കും വന്നു വാതിൽ തുറന്നത് മോഹിനി ആന്റി ആയിരുന്നു... മുഖം കണ്ടപ്പോൾ തന്നെ എന്തോ ഒരു പന്തികേട് തോന്നി... ആകെ ദേഷ്യം വന്നിരിക്കുന്ന പോലെ.. അകത്തേക്കു കയറിയപ്പോൾ തന്നെ അമ്മ ചോദിച്ചു "ലക്ഷ്മി എന്തെ... അമ്മുവിന്റെ പനി കുറവുണ്ടോ " "ആ... എനിക്കെങ്ങനെ അറിയാം... " "അതെന്താ മോഹിനി നീ അങ്ങനെ പറഞ്ഞത്... എന്തു പറ്റി... " അപ്പോഴേക്കും മോഹിനിയാന്റി വിതുമ്പാൻ തുടങ്ങി... പിന്നേ ഇന്ന് ഇവിടെ നടന്ന കാര്യങ്ങളും വിശദീകരിച്ചു... ലക്ഷ്മി ആന്റിയോട് ഒരു കാരണവും ഇല്ലാതെ കയർത്തു സംസാരിച്ചെന്നും... അമ്മുവിനെ അകാരണമായി വഴക്കുപറഞ്ഞതിനു ലക്ഷ്മിയെ ചോദ്യം ചെയ്ത ആന്റിയുടെ മകൾ കാവ്യയെ ലക്ഷ്മി തല്ലിയെന്നും... വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞെന്നും.... അതെല്ലാം ചോദ്യം ചെയ്തപ്പോൾ ഈ വീട്ടിൽ നിന്നും പച്ചവെള്ളം പോലും കുടിക്കരുതെന്നു ആജ്ഞാപിച്ചെന്നും .... ഉണ്ടാക്കി വെച്ച ഭക്ഷണ സാധനങ്ങൾ ഇവർക്കു കൊടുക്കാതിരിക്കാൻ വേണ്ടി വേസ്റ്റ് ബാസ്ക്കെറ്റിൽ ഇട്ടെന്നും.... തുടങ്ങി നൂറു കൂട്ടം പരാതികൾ... കേട്ടിട്ട് ഒന്നും വിശ്വസനീയമായി തോന്നിയില്ല....അത്രയും മോശമായി ആണ് ലക്ഷ്മിയെ കുറിച്ച് പറഞ്ഞത്... നാളിതുവരെ ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടുപോലും ആരെയും എതിർക്കാത്ത ലക്ഷ്മി ഇങ്ങനൊക്കെ ചെയ്തെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ഞങ്ങളെന്താ പൊട്ടന്മാരോ... അപ്പോഴേക്കും കരഞ്ഞു തളർന്ന മുഖവുമായി കാവ്യ അവിടേക്കു വന്നു... പിന്നേ അവിടെ അമ്മയും മകളും ചേർന്നു കൂട്ട കരച്ചിലായി... അമ്മയും അച്ഛനും ഒക്കെ അവരെ ആശ്വസിപ്പിക്കുന്ന തിരക്കിലായിരുന്നു... അവരോടു കാര്യങ്ങൾ ഒന്നുകൂടെ വിശദമായി ചോദിക്കാൻ ആഞ്ഞ എന്നെ തടഞ്ഞുകൊണ്ട് അമ്മ എന്നോട് ലക്ഷ്മിയെ വിളിച്ചുകൊണ്ടു വരാനായി പറഞ്ഞു.... അമ്മയുടെ വാക്കുകളിലും മുഖത്തും എല്ലാം നല്ല ദേഷ്യം പ്രകടമായിരുന്നു.... അതിലേറെ ദേഷ്യം തോന്നി എനിക്ക് അമ്മയുടെ പെരുമാറ്റത്തിൽ... ഒന്നുമില്ലെങ്കിലും എന്നേക്കാൾ ലക്ഷ്മിയെ നന്നായി അറിയുന്ന അമ്മ തന്നെ അവര് പറഞ്ഞത് വിശ്വസിച്ചു എന്നോർക്കുമ്പോൾ...... പടികൾ കയറി മുറിയിലേക്കു ചെല്ലുമ്പോൾ കട്ടിലിൽ അമ്മുവിനെയും ചേർത്തു പിടിച്ചു ചുമരിൽ ചാരി തളർന്നിരിക്കുന്ന ലക്ഷ്മിയെ ആണ് കണ്ടത്... ആളെ കണ്ടാൽ അറിയാം ഈ നേരം വരെ കരച്ചിൽ ആയിരുന്നെന്നു... ഒരു പകൽ കൊണ്ട് ഇവിടെ എന്തെല്ലാമാണ് സംഭവിച്ചതെന്ന് വ്യക്തമല്ല... കാൽപ്പെരുമാറ്റം കേട്ടപ്പോളെക്കും കണ്ണുതുറന്നു നോക്കിയ ലക്ഷ്മി മുന്നിൽ എന്നെകണ്ടു ചാടി എഴുന്നേറ്റു... പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി വിശേഷങ്ങൾ ചോദിച്ചു.... താഴെ നടന്നതൊന്നും ആളറിഞ്ഞിട്ടില്ല എന്നു വ്യക്തം... ലക്ഷ്മിയെയും അമ്മുവിനെയും കൂട്ടി താഴേക്കു ചെന്നപ്പോൾ അവിടം ആകെ നിശബ്ദമായിരുന്നു... പകൽ നടന്ന സംഭവങ്ങൾ ഒന്നും ആരെയും അറിയിക്കാതിരിക്കാൻ ആണെന്ന് തോന്നുന്നു, നോർമലായി പെരുമാറാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു... അമ്മയോട് സംസാരിക്കാൻ ആയി അവൾ അടുത്തേക്ക് ചെന്നപ്പോൾ ആണ് അമ്മ ദേഷ്യത്തിൽ അവളോട്‌ ചോദിച്ചത്.... "എന്താ ലക്ഷ്മി.... വീട്ടിൽ വരുന്നവരോട് മാന്യമായി പെരുമാറാൻ നിനക്കറിയില്ലേ....... നീയെന്തൊക്കെയാ ഇവരോട് പറഞ്ഞത്.... നിന്നെ കുറിച്ച് ഞങ്ങൾ ഇങ്ങനൊന്നും അല്ല വിചാരിച്ചിരുന്നത്... " അത്രയും ആയപ്പോൾ തന്നെ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു... അമ്മയോട് കയർക്കാൻ ആഞ്ഞ എന്നെ തടഞ്ഞു കൊണ്ട് അച്ഛൻ എന്നെ ബലമായി പുറത്തേക്കു കൊണ്ടുപോയി.... അച്ചന്റെ കൈ തട്ടിമാറ്റി അകത്തേക്കു പോകാൻ തുനിഞ്ഞ എന്നെ വീണ്ടും തടഞ്ഞുകൊണ്ട് അച്ഛൻ എന്റെ മുന്നിൽ കയറി നിന്നു പുഞ്ചിരിച്ചു... "ഡാ... നീയൊന്നടങ്.... നിന്നെപ്പോലെ തന്നെ ഒരുപക്ഷേ നിന്നെക്കാളും നന്നായി ലക്ഷ്മിയെ അറിയാം നിന്റെ അമ്മയ്ക്ക്... ആ അവള് ഇങ്ങനെ പെരുമാറുന്നുണ്ടെങ്കിൽ അതിലെന്തെങ്കിലും കാരണം കാണും... അതറിയുന്ന വരെ നീയൊന്നു ക്ഷമിക്കു... " അച്ഛൻ അങ്ങനെ പറഞ്ഞെങ്കിലും എനിക്കെന്തോ ഒരു വിഷമം.... ഒന്നും മിണ്ടാതെ അവൾ നിന്നു കരയുന്നത് കാണുമ്പോൾ....... അവള്ക്കാ തിരുവാ തുറന്നൊന്നു വല്ലതും പറഞ്ഞാൽ എന്താ......ആരെന്തു പറഞ്ഞാലും മിണ്ടാതെ ഉരിയാടാതെ അങ്ങ് നിന്നോളും..... പുറത്താണ് നില്കുന്നതെങ്കിലും എന്റെ കണ്ണും കാതും അവരുടെ അടുത്തായിരുന്നു... ഞാൻ നോക്കുമ്പോൾ അമ്മ ആന്റിയെയും കാവ്യയെയും ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു മുറിയിലേക്കു പറഞ്ഞു വിടുന്നു.... തിരികെ വന്നു ലക്ഷ്മിയുടെ കൈപിടിച്ച് അമ്മ മുറിയിലേക്കും പോയി.... അവരുടെ പുറകെ ചെന്ന ഞാൻ കാണുന്നത് അമ്മയെ കെട്ടിപിടിച്ചു നിന്നു കരയുന്ന ലക്ഷ്മിയെ ആണ്. .. അടുത്ത് തന്നെ രാധികേച്ചിയുടെ അമ്മ നിന്നു അവളുടെ തലയിൽ തലോടികൊണ്ടിരിക്കുന്നു... രണ്ടുപേരും അവളെ ആശ്വസിപ്പിക്കാൻ ഉള്ള തീവ്ര ശ്രമത്തിൽ ആണ്... അപ്പോഴാണ് കരച്ചിലിനിടയിലും അവൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചത്..... "ഞാൻ കാവ്യയുടെ കൈയിൽ മോളെ ഏല്പിച്ചു അടുക്കളയിൽ ആയിരുന്നു... ഇടയ്ക്കൊന്ന് ചെന്നു നോക്കിയപ്പോൾ ആന്റിയും കാവ്യയും കൂടെ അമ്മുവിനോട് ഞാൻ അവളുടെ അമ്മയല്ല എന്നും അവളുടെ അമ്മ മരിച്ചുപോയി എന്നും...ഒക്കെ പറയുന്നത് കേട്ടപ്പോൾ........ " അപ്പോഴേക്കും വാക്കുകൾ കിട്ടാതെ അവൾ നിന്നു കരയാൻ തുടങ്ങി....... "പിന്നേ......... എന്നോട് മിണ്ടരുത്.... ഞാൻ ചീത്തയാണ്...... ഞാൻ അവളെ ഉപദ്രവിക്കും വേണ്ടിവന്നാൽ കൊല്ലും എന്നൊക്കെ ആ പിഞ്ചു കുഞ്ഞിനോട് പറയുന്നത് കേട്ടുനില്കാന് എനിക്ക് കഴിഞ്ഞില്ലമ്മേ........ " ഇതെല്ലാം കേട്ടു ഞെട്ടി തരിച്ചു നിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു.... "അവര് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഒന്നു ദേഷ്യപ്പെട്ടു എന്നുള്ളത് നേരാ...... അല്ലാതെ അവർ പറയുന്നത് പോലെ ഒന്നും ഞാൻ ചെയ്തിട്ടില്ല അമ്മേ...... " അപ്പോഴേക്കും രണ്ടമ്മമാരും അവളെ ചേർത്തുപിടിച്ചു പറഞ്ഞു... "എന്റെ മോളെ ഞങ്ങൾക്കറിയില്ലേ നിന്നെ..... പിന്നേ അവിടെ വച്ചു അങ്ങനൊക്കെ പറഞ്ഞത്. ..... . അവരുടെ സ്വഭാവം ഞങ്ങള്ക്ക് നന്നായി അറിയാവുന്നതുകൊണ്ടാ...... വെറുതെ ഒരു വഴക്കും ബഹളവും ഒഴിവാക്കാൻ വേണ്ടിത്തന്നെയാ സത്യം അതൊന്നുമല്ല എന്നു മനസ്സിലാക്കിയിട്ടും ഞങ്ങൾ അങ്ങനെ പെരുമാറിയത്...... അതുകൊണ്ട് അതിങ്ങനെ അവസാനിച്ചു...... അല്ലായിരുന്നെങ്കിൽ ഇതിപ്പോഴൊന്നും തീരുകയില്ല.... " ഇത്രയും പറഞ്ഞു തിരിഞ്ഞപ്പോൾ ആണ് അവർ വാതിൽക്കൽ നിൽക്കുന്ന എന്നെ കണ്ടത്....അപ്പോഴേക്കും ഒരുവിധം അവർ ലക്ഷ്മിയെ ആശ്വസിപ്പിച്ചു അമ്മുവിനെയും എടുത്തു മുറിക്കു പുറത്തു പോയി അവർ പോയ ഉടനെ മുറിയിൽ കയറി വാതിൽ ലോക്ക് ചെയ്തു... ലക്ഷ്മിയെ ഒന്ന് ആശ്വസിപ്പിക്കണം എന്നുണ്ട്...... പക്ഷേ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാത്തതിനാൽ അതിനു മുതിർന്നില്ല..... അൽപനേരം കഴിഞ്ഞപ്പോഴേക്കും അമ്മ വന്നു ഭക്ഷണം കഴിക്കാനായി വിളിച്ചു...... പലതവണ വിളിച്ചെങ്കിലും ലക്ഷ്മിക്ക് വിശപ്പില്ല തലവേദനിക്കുന്നു കിടന്നാൽ മതി എന്നെല്ലാം പറഞ്ഞു വന്നില്ല........ താഴേക്കു ചെന്നപ്പോൾ എല്ലാവരും ഡൈനിങ്ങ് ടേബിളിനു ചുറ്റുമുണ്ട്.... അച്ഛൻ പോയി പുറത്തു നിന്നും ചപ്പാത്തിയും കറിയും വാങ്ങി വന്നു..... ഞാൻ പോയി ഒരു പ്ലേറ്റിൽ കുറച്ചു ചപ്പാത്തിയും കറിയും എടുത്തു മുറിയിലേക്കു പോയി.... അവിടെ ഇരുന്നു കഴിക്കാനായി വിളിച്ചെങ്കിലും അമ്മ എന്നോട് പോയിക്കോളാൻ പറഞ്ഞു.... മുറിയിലെത്തി വാതിൽ ലോക്ക് ചെയ്തു പ്ലേറ്റ് മേശപ്പുറത്തു വച്ചു... ലക്ഷ്മിയുടെ കരച്ചിൽ ഇപ്പോഴും തോർന്നിട്ടില്ല... ശബ്ദം പുറത്തു വരാത്ത രീതിയിൽ തലയിണയും ചേർത്തു പിടിച്ചു കിടന്നാണ് കരച്ചിൽ...... അടുത്ത് ചെന്നിരുന്നു മെല്ലെ വിളിച്ചു...... പ്രതികരണം ഒന്നും ഇല്ലാതായപ്പോൾ വീണ്ടും വിളിച്ചു..... കണ്ണുകൾ തുടച്ചു കൊണ്ട് മെല്ലെ എഴുന്നേറ്റ് ചുമരും ചാരി ഇരുന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല...... ആ മുഖത്തേക്കു നോക്കാനേ കഴിഞ്ഞില്ല.... അത്രയും വിഷമിച്ചിട്ടുണ്ട്....... വന്നു ഭക്ഷണം കഴിക്കു എന്നു പറഞ്ഞു പ്ലേറ്റ് എടുക്കാനായി തിരിഞ്ഞപ്പോൾ ആണ് ലക്ഷ്മി എന്നോടത് ചോദിച്ചത്.... "ഉണ്ണിയേട്ടന്റെ മനസ്സിലിപ്പോഴും ആ കുട്ടിയാണോ............ " ഞെട്ടിത്തിരിഞ്ഞു ഞാൻ നോക്കുമ്പോൾ നിറകണ്ണുകളോടെ അവൾ എന്നെത്തന്നെ നോക്കി തുടർന്നു... "ആ കുട്ടിയെ മറക്കാൻ കഴിയാത്തത് കൊണ്ടാണോ എന്നോടിത്രയും ദേഷ്യം ..... ഒരുപക്ഷെ ആ കുട്ടി നാളെ എല്ലാം ഉപേക്ഷിച്ചു തിരിച്ചു വന്നാൽ ഉണ്ണിയേട്ടൻ സ്വീകരിക്കുമോ....... " ഉറച്ച ശബ്ദത്തോടെ ഉള്ള അവളുടെ ചോദ്യങ്ങൾ ഓരോന്നും എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു........ അവളുടെ ചോദ്യങ്ങൾക്കെല്ലാം കൂടെ ഉള്ള ഉത്തരം ഒരു ബിഗ് നോ തന്നെ ആയിരുന്നു...... അതുപക്ഷേ എന്നോട് സ്വയം പറഞ്ഞിട്ട് കാര്യമില്ല....... അവളോട്‌ തന്നെ പറയണം... ഓരോന്നോർത്തു അവളെ നോക്കിയപ്പോൾ എന്നെത്തന്നെ നോക്കി ഇരിക്കുന്നു... അടുത്ത് ചെന്നു അവളെ വിളിച്ചു കട്ടിലിന്റെ ഓരത്തു ഇരുത്തി തൊട്ടടുത്തു തന്നെ മുന്നിൽ ഒരു കസേരയിൽ ഞാൻ ഇരുന്നു... അവളുടെ ഇരുകൈകളും എന്റെ കൈക്കുള്ളിൽ ചേർത്തു പിടിച്ചു ആ കണ്ണിലേക്കു നോക്കി സംസാരിച്ചു തുടങ്ങി....... കാര്യങ്ങൾ ഒന്നും വ്യക്തമായിട്ടല്ലെങ്കിലും ചെറിയൊരു സൂചന മാത്രം കൊടുത്തു എന്തുകൊണ്ടാണ് അകൽച്ച കാണിക്കാൻ കാരണം എന്നു... "നോക്ക് ലക്ഷ്മി..... എല്ലാം..... എല്ലാം എന്റെ തെറ്റിദ്ധാരണകൾ ആയിരുന്നു..... അതു ഞാൻ മനസ്സിലാക്കാൻ വൈകി.... അതു എന്റെ തെറ്റാണു.... എന്റെ മാത്രം തെറ്റു..... കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് ഞാൻ ഉരുകുക ആയിരുന്നു..... മനസ്സുകൊണ്ട് ഒരായിരം തവണ ഞാൻ മാപ്പിരന്നിട്ടുണ്ട്..... പലവട്ടം ഞാൻ ശ്രമിച്ചതാണ് നിന്നോട് എല്ലാം തുറന്നു പറയാൻ....പക്ഷേ എന്തുകൊണ്ടോ അതു സാധിച്ചില്ല." എന്റെ തെറ്റുകൾ എല്ലാം ഏറ്റുപറഞ്ഞു അവളോട്‌ ക്ഷമ ചോദിച്ചു..... എല്ലാം കേട്ടു കണ്ണുകൾ അടച്ചു മിഴിനീർ പൊഴിക്കുകയായിരുന്നു അവൾ... എന്തുകൊണ്ടോ അതു കണ്ടുനിൽക്കാൻ ആകുന്നില്ല.... കസേരയിൽ നിന്നും എഴുന്നേറ്റു നിലത്തിരുന്നു അവളുടെ ഇരുകാൽപാദവും ചേർത്തു പിടിച്ചു മാപ്പിരന്നു..... അറിയാതെ തന്നെ എന്റെ കണ്ണുകളും നിറഞ്ഞൊഴുകി...... പെട്ടന്ന് തന്നെ അവൾ ചാടി എഴുന്നേറ്റു താഴെ എന്റെ അടുത്ത് ഇരുന്നു... മെല്ലെ എന്റെ തോളിൽ സ്പർശിച്ചപ്പോൾ അവളെ ചേർത്തു പിടിച്ചു അവളുടെ തോളിൽ മുഖമമർത്തി ഇരുന്നു.... എല്ലാ വിഷമവും പരിഭവവും രണ്ടുപേരും കരഞ്ഞു തീർത്തു... അവളെ എന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ മുഖം കൈകുമ്പിളിൽ ആക്കി കണ്ണുകളിൽ നോക്കി തന്നെ പറഞ്ഞു എനിക്ക് അവളോടുള്ള ഇഷ്ട്ടം.... എന്റെ മനസ്സിലും ജീവിതത്തിലും അവൾക്കുള്ള സ്ഥാനം...... വീണ്ടും ഒരു പൊട്ടിക്കരച്ചിലോടെ അവളെന്റെ മാറിൽ മുഖമമർത്തി... അൽപനേരം അങ്ങനെതന്നെ നിന്നു... പിന്നെ അവളെ എഴുന്നേൽപ്പിച്ചു കട്ടിലിൽ ഇരുത്തി... മേശപ്പുറത്തു നിന്നും പ്ലേറ്റ് എടുത്തു പിടിച്ചു അവളുടെ അരികിൽ എത്തി അതു കഴിക്കാൻ പറഞ്ഞു.... പലവട്ടം വേണ്ട എന്നു പറഞ്ഞപ്പോൾ ഞാൻ തന്നെ അവളുടെ അടുത്തിരുന്നു ഭക്ഷണം അവൾക്കു വാരി നൽകി... എന്തു കൊണ്ടോ അവളത് നിഷേധിക്കാതെ കഴിച്ചു... അപ്പോഴേക്കും വീണ്ടും കണ്ണിൽ നിന്നും ഡാം തുറന്നു വിട്ടപോലെ ഒഴുകാൻ തുടങ്ങി.... അത് പക്ഷേ സന്തോഷത്തിന്റേതു ആണെന്ന് മാത്രം.... ഞാഞാൻ അവളെയും അവൾ എന്നെയും ഊട്ടി... എല്ലാം കഴിഞ്ഞു കൈയും മുഖവും കഴുകി വന്നു അവളെയും ചേർത്തു പിടിച്ചു കട്ടിലിൽ ഇരുന്നു... കരഞ്ഞു തളർന്ന അവളുടെ മുഖം കൈകളിൽ എടുത്തു ആ നെറ്റിയിൽ ഞാഞാൻ ആദ്യചുംബനം അവൾക്കു നൽകി..... ആ രാത്രി മുഴുവൻ ഞങ്ങൾ പരസ്പരം മനസ്സിലാക്കുക ആയിരുന്നു..... ഒന്നു മനസുതുറന്നു സംസാരിച്ചപ്പോൾ തീർന്ന പ്രശ്നങ്ങളെ ഞങ്ങള്കിടയിൽ ഉണ്ടായിരുന്നുള്ളു......എല്ലാം അവസാനിച്ച സന്തോഷത്തിൽ അന്നാദ്യമായി അവളെയും ചേർത്തു പിടിച്ചു കിടന്നപ്പോൾ അറിഞ്ഞിരുന്നില്ല പ്രശ്നം പ്ലെയിനിൽ കയറി വരാൻ ഇരിക്കുന്നെ ഉള്ളൂ എന്നു..... ..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story