പ്രണയമായ്: ഭാഗം 21
രചന: ശ്രുതി സുധി
വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ടു പെരുവിരൽ മുതൽ ദേഷ്യം ഇരച്ചു കയറി എനിക്ക്..
വാതിൽ തള്ളിത്തുറന്നു അകത്തേക്കു കടന്നു എന്റെ നേരെ തിരിഞ്ഞു നിന്ന് അവൾ.. കാവ്യ… എന്നോട് ചോദിച്ചു
“എന്തു പറ്റി ചേച്ചി….. താഴെ ആന്റിയോട് ചോദിച്ചപ്പോൾ തലവേദന ആണെന്ന് പറഞ്ഞു.. . എങ്കിൽ പിന്നേ കുറവുണ്ടോ എന്നൊക്കെ അന്വേഷികാം എന്നു കരുതി വന്നതാ ഞാൻ….. അല്ല….. ഇപ്പൊ എന്താ ഇങ്ങനൊരു തലവേദനക്കു കാരണം… ”
“എന്റെ തലവേദനയുടെ കാരണം എന്താണെന്നു നിനക്കറിയില്ലേ കാവ്യാ… ”
വർദ്ധിച്ച ദേഷ്യത്തോടെ അവളോടത് ചോദിക്കുമ്പോളും ഒന്നും അറിയാത്ത ഭാവത്തിൽ ആയിരുന്നു അവളുടെ മറുപടി
“ആഹാ…. ഇതാ ഇപ്പൊ നന്നായെ …. ചേച്ചിയുടെ തലവേദനക്കു കാരണം എന്താണെന്നു ഞാൻ എങ്ങനെ അറിയാനാ… ഞാൻ ഇപ്പൊ ഇങ്ങു വന്നല്ലേ ഉള്ളൂ… ”
അതുംകൂടി ആയപ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ട്ടമായി… ദേഷ്യത്തിൽ തന്നെ അവളെ നോക്കി ഞാൻ ചോദിച്ചു
“ഇന്ന് നേഹയുടെ കൂടെ നീയല്ലേ കാവ്യാ ഉണ്ടായിരുന്നത്…… നീയല്ലേ അവളെ എന്റടുക്കൽ എത്തിച്ചത്…. എന്തിനു വേണ്ടി…. എന്തിനു വേണ്ടി നീയിതൊക്കെ ചെയ്യുന്നു കാവ്യാ…. ഞാൻ എന്തു ദ്രോഹാ നിന്നോടൊക്കെ ചെയ്തത്…. ”
എന്റെ ചോദ്യം കേട്ടു ആദ്യം അവളൊന്നു പകച്ചെങ്കിലും പിന്നീടത് തികഞ്ഞ പരിഹാസമായി..
“ഹോ….. അപ്പൊ… അപ്പൊ നീയെല്ലാം മനസ്സിലാക്കിയല്ലേ… ഇനിയിപ്പോ കാര്യങ്ങൾ എല്ലാം എളുപ്പമായി…. അപ്പോപ്പിന്നെ എങ്ങനാ മോളെ കാര്യങ്ങൾ നേഹ പറഞ്ഞതുപോലെ തന്നെ അങ്ങ് അനുസരിക്കുകയല്ലേ… ”
“കാവ്യാ…. നീ….. നോക്ക്…. ഞാൻ… ഞാൻ നിന്റെ ചേട്ടന്റെ ഭാര്യ ആണ്… ”
“ഛീ… നിർത്തേടി….. ചേട്ടന്റെ ഭാര്യ പോലും….. നിനക്കെന്തു യോഗ്യത ഉണ്ടെടി എന്റെ ചേട്ടന്റെ ഭാര്യ എന്നു പറയാൻ…. നിന്റെ പ്രൊപോസൽ വന്നപ്പോഴേ ഞങ്ങൾ എതിർത്തതാ…. ഏതോ കുപ്പതൊട്ടീൽ നിന്നും മണിമാളികയിലേക്കു ഒരു ഉളുപ്പുമില്ലാതെ കയറി വന്നിട്ട് നീ ഞങ്ങളെ ഒക്കെ ഭരിക്കുന്നോ…
ആ അമ്മുന്റെ പേരും പറഞ്ഞ ആന്റി നിന്നെ ഇങ്ങോട്ട് കെട്ടി എടുത്തേ…. അമ്മുനെ നോക്കാനാണെങ്കിൽ ഒരു ഹോം നേഴ്സിനെ നിർത്താം എന്നു ഞങ്ങൾ ആവതു പറഞ്ഞതാ… എന്നിട് അതൊന്നും കേൾക്കാതെ നിന്നെ ഇങ്ങോട്ട് കെട്ടി എടുത്തത്…
ഇനി ഞങ്ങളുടെ ലക്ഷ്യം നിന്നെ ഇവിടന്നു തുരത്തുക എന്നുള്ളതുമാത്രമാണ്… എന്തു ചെയ്തിട്ടാണേലും നിന്നെ ചേട്ടനിൽ നിന്നും അകറ്റുക തന്നെ ചെയ്യും… ”
വല്ലൊത്തൊരു ഭ്രാന്തമായ ആവേശത്തിൽ അവൾ അത് പറഞ്ഞു നിർത്തുമ്പോൾ അപമാനവും അതിലുപരി ധര്മസങ്കടവും എന്നെ തളർത്തി കളയുക ആയിരുന്നു… ദയനീയമായി തന്നെ ആണ് അവളോട് ഞാൻ ചോദിച്ചത്…
“ഇങ്ങനൊക്കെ ചെയ്തിട്ട് നിനക്ക് എന്തു നേടാനാ കാവ്യാ… നിന്റെ ചേട്ടന്റെ ജീവിതം തകർത്തിട്ട് നിനക്ക് എന്തു കിട്ടാനാണ്…. ”
അതുകേട്ടപ്പോളുള്ള അവളുടെ ഭാവ മാറ്റം…….. ഒരുപൊട്ടിചിരിയോടെ ആണവൾ തുടർന്നത്…..
“എന്തു നേടാനാണെന്നു അല്ലേ……. എന്തു കിട്ടും……. അല്ലേ……. ദാ കാണു നീ …. ഇതെല്ലാം….. ഇതെല്ലാം എനിക്ക് സ്വന്തമാകും നിന്നെ ചേട്ടന്റെ ജീവിതത്തിൽ നിന്നും അകറ്റിയാൽ…. ”
ഉയർത്തിപ്പിടിച്ച ഫോണിലെ ഗാലറിയിൽ ആ സമയം രത്നങ്ങൾ പതിച്ച വലിയൊരു നെക്‌ലസിന്റെ ചിത്രം തിളങ്ങി……
“ഇതുപോലൊന്ന്……. പോട്ടേ…….. അറ്റ്ലീസ്റ്റ് ഒരു ഡയമണ്ട് റിംഗ് എങ്കിലും വാങ്ങിത്തരാൻ നിനക്ക് കഴിവുണ്ടോ….ഇല്ലല്ലേ…. എന്നാലേ, അതിനെല്ലാം കഴിയുന്ന ആളാണ് നേഹ…. അതുകൊണ്ട് എത്രയും പെട്ടന്ന് ചേട്ടന്റെ ജീവിതത്തിൽ നിന്നും നിന്നെ ഒഴിവാക്കി ആ സ്ഥാനത്തു നേഹയെ കൊണ്ടുവരാൻ ഉള്ള ശ്രമത്തിൽ ആണ് മോളെ ഞാൻ… ”
അത്രയും കേട്ടുകൊണ്ട് നിൽക്കാനുള്ള ക്ഷമയെ എനിക്കുണ്ടായിരുന്നുള്ളു….. അവൾക്കുള്ള മറുപടിയായി അവളുടെ മുഖം നോക്കിയങ്ങു പൊട്ടിച്ചപ്പോൾ, പ്രതീക്ഷികാതുള്ള അക്രമത്തിൽ അവൾ വേച്ചു പോയെങ്കിലും ഒരു നിമിഷത്തിനുള്ളിൽ സടകുടഞ്ഞു എഴുന്നേറ്റു കവിളും തിരുമ്മി അവൾ ക്രോധത്തോടെ എന്നെ നോക്കി…..
തിരിച്ചു എന്നെ തല്ലാനായി അവൾ കൈകൾ ഉയർത്തിയതും പെട്ടന്നാരോ അവളുടെ കൈകളിൽ പിടിത്തമിട്ടു.. നോക്കിയപ്പോൾ ഉണ്ണിയേട്ടൻ…. തൊട്ടുപുറകിൽ അമ്മയും…..
അവരെ പെട്ടന്ന് കണ്ടപ്പോൾ ഞങ്ങൾ രണ്ടാളും ഒരുപോലെ ഞെട്ടി….. പക്ഷേ പെട്ടന്ന് തന്നെ കാവ്യയുടെ ഭാവം മാറി…. വലിയൊരു പൊട്ടിക്കരച്ചിലോടെ ഉണ്ണിയേട്ടനിൽ നിന്നും കൈ വിടുവിച്ചു അമ്മയുടെ അടുത്ത് ചെന്നുനിന്നു കരഞ്ഞു പറഞ്ഞു….
“ആന്റി… ഞാൻ… ചേച്ചിക്ക് തലവേദന കുറവുണ്ടോന്നറിയാൻ വന്നു നോക്കിയപ്പോൾ വെറുതെ…. ഒരു കാരണവും ഇല്ലാതെ എന്നെ……. ”
അത്രയും പറഞ്ഞപ്പോഴേക്കും അമ്മ അവളുടെ മറ്റേ കവിളത്തും ആഞ്ഞടിച്ചു….. ഞങ്ങൾ ഒരുപോലെ ഞെട്ടി അമ്മയുടെ ഈ പ്രവൃത്തിയിൽ… പെട്ടന്നാണ് അമ്മ അവളുടെ നേരെ ആക്രോശിച്ചതു..
“എന്റെ കുഞ്ഞിന്റെ ജീവിതം തകർത്തിട്ടു വേണമല്ലെടി നിനക്കൊകെ ആഘോഷിക്കാൻ….. നീയൊക്കെ ഒരുമനുഷ്യസ്ത്രീ ആണോ ”
അമ്മയുടെ സംസാരത്തിൽ നിന്നും അമ്മ എല്ലാം കേട്ടെന്നു വ്യക്തമായി… പെട്ടന്നാണ് ഉണ്ണിയേട്ടൻ അവളെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങിയത്… പിടിച്ചുമാറ്റാൻ ഞങ്ങൾക്കും കഴിയുന്നുണ്ടായിരുന്നില്ല……
ഇവിടത്തെ ഒച്ചപ്പാട് കേട്ടാണ് കാവ്യയുടെ അമ്മ മോഹിനി ആന്റി കയറി വന്നത്… കാവ്യയെ തല്ലുന്നത് കണ്ടു ഉണ്ണിയേട്ടനെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും ഉണ്ണിയേട്ടന്റെ തീക്ഷ്ണമായ നോട്ടത്തിൽ അവരും പിന്മാറി…
സർവ ദേഷ്യത്തോടെയും അവളെപിടിച്ചു കട്ടിലിലേക് തള്ളിയിട്ടപ്പോൾ കമിഴ്ന്നടിച്ചു വീണുപോയി അവൾ..
എന്റെ മോളെ എന്നലറികൊണ്ട് മോഹിനിയാന്റി ഓടിച്ചെന്നു അവളെയും ചേർത്തു പിടിച്ചു ഉണ്ണിയേട്ടനുനേരെ അലറി
“നിനക്കെന്തു ഭ്രാന്താണെടാ…… നീ എന്റെ മോളെ ഇങ്ങനെ ദ്രോഹിക്കാൻ ഞങ്ങൾ നിന്നോടൊക്കെ എന്തു തെറ്റു ചെയ്‌തേടാ.. ”
പകയെരിയുന്ന കണ്ണുകളോടെ ഉണ്ണിയേട്ടൻ അവരെ തറപ്പിച്ചു നോക്കിയപ്പോളേക്കും അവർ നിശബ്ദമായി…
കട്ടിലിൽ ഇരിക്കുന്ന അവര്കരുകിലേക്കു കസേര നീക്കിയിട്ട് ഉണ്ണിയേട്ടൻ അവരോടു ഓരോന്ന് ചോദിച്ചു തുടങ്ങി…
ഉണ്ണിയേട്ടന്റെ ആ സമയത്തെ ഭാവം കണ്ടാൽ ആരായാലും പേടിച്ചു എല്ലാം തുറന്നു പറഞ്ഞുകൊള്ളും
ഉണ്ണിയേട്ടന്റെ ചോദ്യങ്ങൾക്കുള്ള അവരുടെ മറുപടി കേട്ടു ഞങ്ങൾ എല്ലാം തരിച്ചു നിന്നുപോയി…
എന്റെയും ഉണ്ണിയേട്ടന്റെയും കല്യാണം മുടക്കാൻ തുടങ്ങി ഞങ്ങളെ തമ്മിലകറ്റാൻ വരെ അവർ ശ്രമിച്ചിരുന്നു പോലും… അതെല്ലാം നേഹയുടെ ആവശ്യപ്രകാരം ആയിരുന്നു…
ഞങ്ങളെ തമ്മിൽ അകറ്റി ഡിവോഴ്‌സിന്റെ വക്കിൽ എത്തിച്ചാൽ നേഹ അവർക്കു ഓഫർ ചെയ്തിരിക്കുന്നത് ഫോണിൽ കണ്ട ആ നെക്‌ളേസ് ആണ്..
ഡിവോഴ്സ് ആയി നേഹയും ഉണ്ണിയേട്ടനും ആയുള്ള കല്യാണം നടത്താൻ കൂട്ടുനിന്നാൽ ഇവർക്കു കിട്ടുന്നത് എറണാകുളത്തുള്ള നേഹയുടെ പേരിലുള്ള ഫ്ലാറ്റും…
എല്ലാം പറഞ്ഞു തല കുനിച്ചിരിക്കുന്ന അവരുടെ രണ്ടുപേരുടെയും അടുത്ത് ചെന്നു അമ്മ നിന്ന് കരഞ്ഞു…
നേഹയുടെ ഓരോ മോഹനവാഗ്ദാനങ്ങൾ കേട്ടു വിശ്വസിച്ചു ഒരു കുടുംബം തകർക്കാൻ ശ്രമിച്ച അവരെ എന്തു ചെയ്യണം എന്നുപോലും അറിയില്ലായിരുന്നു…
പെട്ടന്നാണ് വാതിൽക്കൽ നിന്നും ഒരലർച്ച കേട്ടത്
“ഇപ്പൊ ഇറങ്ങണം രണ്ടുപേരും എന്റെ കുടുംബത്തിൽ നിന്നും….. ഇനി നീയുമായൊന്നും ഒരു ബന്ധവും വേണ്ട… ഞാൻ ചത്താലും എന്റെ ശവം കാണാൻ പോലും ഈ പടി ചവിട്ടിപോകരുതു… ”
നോക്കിയപ്പോൾ കോപം കൊണ്ട് ജ്വലിച്ചു നിൽക്കുന്ന അച്ഛനെയാണ് കണ്ടത്…
അച്ഛനും അമ്മയും കൂടെ അവരെ പുറത്തേക്കു വിളിച്ചുകൊണ്ടു പോയി…. മുറിയിലിപ്പോൾ ഞാനും ഉണ്ണിയേട്ടനും മാത്രമായി…. മനസ്സാകെ കലുഷിതമാണ്….
ഉണ്ണിയേട്ടൻ ചെന്നു റൂമിന്റെ വാതിൽ അടച്ചു എന്റെ അടുത്ത് വന്നു നിന്നു… മെല്ലെയെന്റെ തോളിൽ കൈ വച്ചു…
എന്നെ ചേർത്തുപിടിക്കാൻ ആഞ്ഞാ ഉണ്ണിയേട്ടനെ തടുത്തു ഞാൻ പിന്നിലേക്ക് നീങ്ങി തിരിഞ്ഞു നിന്നു…
എന്റെ പെരുമാറ്റം ഉണ്ണിയേട്ടനെ വിഷമിപ്പിച്ചു എന്നു മനസ്സിലായി… എന്നാലും ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് അതിലും വലിയ വിഷമം അല്ലേ എന്നോർത്തപ്പോഴേക്കും കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി..
ഉണ്ണിയേട്ടൻ അടുത്തുവന്നു വീണ്ടും സമാധാനിപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും എന്റെ സങ്കടവും ദേഷ്യവും അണപൊട്ടി ഒഴുകി… ഒരുപൊട്ടിക്കരച്ചിലോടെ ഇന്നുനടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ഞാനാകെ തളർന്നു പോയിരുന്നു..
തളർച്ചയോടെ ഞാൻ കട്ടിലിന്റെ ഓരത്തു ചെന്നിരുന്നു തേങ്ങി…
എല്ലാം കേട്ടു കഴിഞ്ഞപ്പോഴേക്കും ഉണ്ണിയേട്ടൻ വല്ലാത്ത മാനസിക വിഷമത്തിൽ ആയി… പലരീതിയിൽ എന്നെ സമാധാനിപ്പിക്കാൻ ആയി ശ്രമിച്ചെങ്കിലും അതൊന്നും ഉൾകൊള്ളാൻ എനിക്കെന്തോ കഴിഞ്ഞില്ല…
“ലക്ഷ്മി…. ഞാൻ പറയുന്നത് നീയൊന്നു മനസ്സിലാക്കു… നീയിപ്പോ കണ്ടതല്ലേ ഇവിടെ നടന്നതെല്ലാം…. നീ കേട്ടതല്ലേ എല്ലാം….
പിന്നേ…. ഒരുകാലത്തു ഞാൻ അവളെ സ്നേഹിച്ചിരുന്നു എന്നുള്ളത് സത്യമാണ്…. വീട്ടുകാരുടെ അറിവോടെതന്നെ കല്യാണം കഴിക്കാനും തീരുമാനിച്ചിരുന്നത് ആണ്… അതെല്ലാം നിനക്ക് അറിവുള്ളതല്ലേ…
ആ സമയത്തു സ്വന്തമെന്നു കരുതി ഞാൻ അവളെ ചേർത്തുപിടിച്ചിട്ടുണ്ട്… ചുംബിച്ചിട്ടും ഉണ്ട്…പക്ഷേ അതിൽ കവിഞ്ഞൊന്നും സംഭവിച്ചിട്ടില്ല ലക്ഷ്മി… നീയാണെ… നമ്മുടെ അമ്മുവാണെ സത്യം….. ”
“ശരിയായിരികാം ഉണ്ണിയേട്ടാ…. പക്ഷേ…. എന്തുകൊണ്ടോ എനിക്കതു ഉൾകൊള്ളാൻ ആകുന്നില്ല…. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഉണ്ണിയേട്ടനുമായുള്ള കല്യാണത്തിന് ഞാൻ സമ്മതം മൂളിയത് തന്നെ.. എനിക്കറിയാം പരസ്പരം സ്നേഹിക്കുന്നവർക്കിടയിൽ ഇങ്ങനൊക്കെ നടക്കും…. പക്ഷേ….. എനിക്കറിയില്ല ഉണ്ണിയേട്ടാ….. ഒരുപക്ഷേ എന്റെ സ്വാർത്ഥത ആയിരികാം….
ഉണ്ണിയേട്ടൻ എന്റേത് മാത്രമാണെന്ന സ്വാർത്ഥത….. മറ്റൊരാൾ അതിൽ അവകാശം പറയുമ്പോൾ ഉണ്ടാക്കുന്ന സ്വാർത്ഥത…. അതിലുപരി ഉണ്ണിയേട്ടനെ എനിക്ക് നഷ്ടമാകുമോ എന്ന ഭയവും…”
അത്രയും ആയപ്പോഴേക്കും എന്റെ സകല നിയന്ത്രണവും നഷ്ടമായി വീണ്ടും പൊട്ടിക്കരഞ്ഞു പോയി…. എന്റെ എതിർപ്പുകൾ അവഗണിച്ചുകൊണ്ട് ഉണ്ണിയേട്ടൻ എന്നെ ആ നെഞ്ചോടു ചേർത്തു…. എന്റെ മുഖം ആ കൈക്കുള്ളിൽ എടുത്തു ചുംബനം കൊണ്ട് മൂടി….
എന്നെ ആശ്വസിപ്പിക്കാനും വിശ്വസിപ്പിക്കാനും കാര്യങ്ങൾ മനസ്സിലാക്കി തരാനും ഉണ്ണിയേട്ടൻ നന്നേ കഷ്ടപ്പെട്ടു…
ആ സമയമെല്ലാം എന്നെ മാറോടണച്ചു പിടിച്ചിരിക്കുക ആയിരുന്നു…. ആ മനസ്സിലുള്ള സ്നേഹവും കരുതലും എല്ലാം എനിക്ക് മനസ്സിലാക്കി തന്നു….
ഉണ്ണിയേട്ടനോട് പറ്റിച്ചേർന്നുകിടന്നു ആ രാത്രി കഴിച്ചുകൂട്ടി എങ്കിലും ഉള്ളിലുള്ള ഭയം വിട്ടൊഴിഞ്ഞിരുന്നില്ല…
പിറ്റേന്ന് രാവിലെ കണ്ണുതുറന്നു ചുറ്റും നോക്കിയപ്പോൾ മനസ്സിലായി സമയം ഒരുപാടു വൈകി എന്നു… ഇന്നലെ ക്ലാസ്സ് കഴിഞ്ഞു വന്നപാടെ കിടന്നതാ…. ഡ്രസ്സ് പോലും മാറ്റിയിട്ടില്ലായിരുന്നു.
കുളിയും കഴിഞ്ഞു താഴേക്കു ചെന്നപ്പോൾ ഡൈനിങ്ങ് ടേബിളിൽ തല ചായ്ച്ചു ഇരിക്കുന്നു അമ്മ… നേരെ ചെന്നു അമ്മയെ വിളിച്ചപ്പോൾ മെല്ലെ മുഖം ഒന്നുയർത്തി നോക്കിയപ്പോൾ തന്നെ മനസ്സിലായി ആളു കരച്ചിൽ ആയിരുന്നെന്നു…
എന്തോ… അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടു മനസ്സിനൊരു വിഷമം…….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…