Novel

പ്രണയമായ്: ഭാഗം 5

രചന: ശ്രുതി സുധി

വൈകിട്ട് വീട്ടിലെത്തി ഡ്രസ്സ് മാറി ജോലിയൊക്കെ തീർക്കാൻ നോക്കി. അല്ലെങ്കിൽ ആന്റി വന്നു കഴിഞ്ഞാൽ ഒരു സമാധാനം തരില്ല. ചുമ്മാ ചിലച്ചുകൊണ്ടിരിക്കും. കണ്ണൻ അപ്പോഴേക്കും കളി കഴിഞ്ഞു വന്നു. മാളു ഈ നേരം വരെ ടീവി കണ്ടുകൊണ്ടിരുന്നു. അമ്മാവന്റെ മക്കളാണ്. രണ്ടിനെയും നിർബന്ധിച്ചു കുളിക്കാൻ വിട്ടു. കുളി കഴിഞ്ഞു വന്നപ്പോഴേക്കും ചായയും കൊടുത്തു. ജോലി ഒക്കെ ഒതുക്കി കുളിയും കഴിഞ്ഞ് സന്ധ്യക്ക്‌ വിളക്കുവെക്കുമ്പോഴാണ് ആന്റി വന്നത്. പ്രാർത്ഥനയും കഴിഞ്ഞ് ആന്റിക്കു ചായ കൊടുത്തു, ചുരിദാർ തൈക്കാൻ ഉള്ളത് വെട്ടികൊണ്ടിരുന്നപ്പോഴാണ് അമ്മാവൻ വന്നത്. അത്യാവശ്യം ചിലവിനുള്ള കാശ് തൈച്ചും ട്യൂഷൻ എടുത്തും കിട്ടുന്നുണ്ട്. അമ്മാവന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേക്കും ആ നേരം വരെ വെറുതെ കിടക്കുകയായിരുന്ന ആന്റി അടുക്കളയിലേക്കു ഓടി. അമ്മാവൻ അകത്തു കയറിയപ്പോൾ അടുക്കളയിൽ ജോലി ചെയ്ത് ക്ഷീണിച്ചു അവശയായപോലെ ആന്റി കടന്നു വന്നു. അതു കണ്ടു മാളു എന്നെ നോക്കി ചിരിച്ചു.

അത്താഴമെല്ലാം കഴിഞ്ഞു വരാന്തയിൽ ഇരിക്കുന്ന അമ്മാവനടുത്തു ചെന്നു ഇന്ന് നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു. എല്ലാം കേട്ടിട്ടും അമ്മാവൻ ഒന്നും മിണ്ടിയില്ല. അപ്പോൾ ഞാൻ അമ്മാവനോടായ് പറഞ്ഞു

എനിക്കിപ്പോ കല്യാണം ഒന്നും വേണ്ടമ്മാവാ… എനിക്ക് പഠിക്കണം… ഒരു ജോലി മേടിക്കണം. അതൊക്കെ കഴിഞ്ഞു ആലോചിച്ചാൽ മതി…

അതിനു നിന്നെ നാളെത്തന്നെ പിടിച്ചു കെട്ടിക്കാൻ പോകുന്നൊന്നുമില്ലല്ലോ. അതിനു അതിന്റെതായ കുറച്ചു കാര്യങ്ങൾ ഒക്കെ ഉണ്ട്… ആദ്യം അവര് വിളിക്കട്ടെ. ഇതിപ്പോ ഞാൻ മാത്രം തീരുമാനിച്ചാൽ പോരല്ലോ.. നിന്റെ അപ്പച്ചിയും കൂടെ വേണ്ടേ..
നീയിപോ അതൊന്നും ആലോചിക്കാതെ പോയിരുന്നു പഠിക്കു…

തിരികെ മുറിയിലെത്തി ബുക്കുമെടുത്തു പഠിക്കാനായി ഇരുന്നപ്പോഴേക്കും അമ്മാവൻ മുറിയിലേക്കു കടന്നു വന്നു ചോദിച്ചു..

അല്ല മോളെ…. ഇനി നിന്റെ മിസ്സ്‌ ചോദിച്ച പോലെ…. ഇനി നിനക്ക് അങ്ങനെ വല്ല ഇഷ്ടവും ഉണ്ടോ…

എനിക്കങ്ങനെ ഒരിഷ്ടവും ഇല്ലമ്മാവാ. അതോർത്തു പേടിക്കണ്ട.

മ്മ്… ഞാൻ ചോദിച്ചെന്നെ ഉള്ളൂ.. ഇരുന്നു പഠിച്ചോ…

ഇതെല്ലാം വാതിലിനു മറവിൽ നിന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നു ആന്റി…..

അല്ല സജിയേട്ടാ.. … നിങ്ങളിപ്പോ അവളെ കെട്ടിക്കാൻ പോകാണോ…

കെട്ടിക്കാൻ പ്രായമായാൽ പിന്നെ കെട്ടിക്കണ്ടേ…

അതിനു നിങ്ങൾ എന്തോ എടുത്തു കെട്ടിക്കും..പിന്നേ… ഒരു കാര്യം ഞാൻ പറഞ്ഞേക്കാം…. അവളെ കെട്ടിക്കാനെന്നും പറഞ്ഞു നിങ്ങളുടെ കൈന്നു ഒരു രൂപ പോലും എടുക്കാൻ ഞാൻ സമ്മതിക്കില്ല…

അല്ലേലും എന്റെ കൈയിൽ നയാപൈസ ഇല്ല. അത്രക് നിവൃത്തികേടായാൽ ഈ വീടും പറമ്പും വിറ്റാണേലും അവളുടെ കാര്യങ്ങൾ ഞാൻ നന്നായി നടത്തും.

നിങ്ങളെന്തു അസംബന്ധം ആണ് സജിയേട്ടാ പറയുന്നേ… വീടും പറമ്പും വിക്കേ… എന്റെ മക്കൾക്കു അവകാശപ്പെട്ട ഈ മണ്ണ് അവൾക്കു വേണ്ടി നിങ്ങള് വില്കുമെന്നോ……

ആ അവകാശം എങ്ങനാ ഉണ്ടായതു. അല്ലെങ്കിൽ തന്നെ ഈ മണ്ണിൽ അവൾക്കും ഉണ്ട് അവകാശം. അവളുടെ അമ്മയ്ക്കും കൂടി അവകാശപ്പെട്ട മണ്ണാ ഇത്. അതും പോരാഞ്ഞു കടം കേറി ജപ്തി നോട്ടീസ് വന്നു ഇവിടന്നു ഇറങ്ങിപോകേണ്ട അവസ്ഥ വന്നപ്പോ എന്റെ അളിയൻ, ലക്ഷ്മീടെ അച്ഛൻ ആണ് അന്ന് കാശു തന്നു സഹായിച്ചത്. അതൊക്കെ നീ മറന്നാലും ഞാൻ മറക്കില്ല… അതൊന്നും ഇന്ന് വരെ മടക്കി കൊടുത്തിട്ടുമില്ല.
നിനക്കറിയോ…. പന്ത്രണ്ടാം വയസിൽ ഞങ്ങടെ അമ്മ മരിച്ചതിൽ പിന്നെ ചേച്ചിയാർന്നു എനിക്കെല്ലാം.. അമ്മയുടെ കുറവ് ഞാൻ അറിഞ്ഞേ ഇല്ല. അതുപോലാ എന്റെ ചേച്ചി എന്നെ വളർത്തിയത്. ചേച്ചിയുടെ കല്യാണത്തോടെ എനിക്ക് ഒരു ചേട്ടനേം കിട്ടി. ഭാര്യയുടെ അനിയനായല്ല… സ്വന്തം അനിയനെപ്പോലാ ചേട്ടനും എന്നെ കണ്ടത്. കല്യാണം കഴിഞ്ഞു ഏഴുവർഷം കാത്തിരുന്നു കഴിഞ്ഞ എന്റെ ചേച്ചി ലക്ഷ്മിയെ പ്രസവിച്ചത്. എന്റെ ഈ കൈകളാ അവളെ ഏറ്റു വാങ്ങിയത്. പൊന്നുപോലാ എന്റെ ചേച്ചിയും അളിയനും അവളെ വളർത്തിയത്. മരിക്കുന്നതിന് തൊട്ടു മുൻപ് അളിയൻ എന്നോടൊന്നേ ആവശ്യപ്പെട്ടോളൂ…. അവരുടെ പ്രാണനെ പൊന്നുപോലെ നോക്കണെന്നു… അതുകൊണ്ട് എന്തു ചെയ്താണെലും എന്റെ ലക്ഷ്മീടെ കല്യാണം നല്ല ഭംഗിയായി നടത്തും ഞാൻ…

അതല്ല സജിയേട്ടാ… നിങ്ങളെന്തുമാത്രാ കിടന്നു കഷ്ടപെടുന്നേ.. അതു കാണുമ്പോ എനിക്ക് സഹിക്കുന്നില്ല. നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ലേ ഈ പറയുന്നേ….

നിന്റെ സൂക്കേടൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട് ദേവി… അവളുടെ ഒരു സ്നേഹം… നീ എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിന് ഒരു മാറ്റോം ഇല്ല.

അപ്പോഴേക്കും ദേവി കലിതുള്ളി പോയി.

പിറ്റേന്ന് ജോലി കഴിഞ്ഞുവന്ന അമ്മാവൻ പതിവിലും സന്തോഷവാനായിരുന്നു. കുളികഴിഞ്ഞു വന്നു എന്നെ അടുത്തേക് വിളിച്ചു പറഞ്ഞു….

അവര് വിളിച്ചിരുന്നു മോളെ… കാര്യങ്ങൾ ഒക്കെ സംസാരിച്ചു. അപ്പൊത്തന്നെ ഞാൻ നിന്റെ അപ്പച്ചിനോടൊക്കെ വിളിച്ചു പറഞ്ഞു. അവരോടും കൂടെ ആലോചിച്ചു നാളെ മറുപടി പറയാം എന്നാ ഞാൻ പറഞ്ഞത്…

അപ്പോഴേക്കും ഒരു കാൾ വന്നു അമ്മാവൻ ഫോണും എടുത്തു പോയി… പിറ്റേന്ന് കോളേജിൽ എത്തിയപ്പോത്തന്നെ അഞ്ജുവിനോട് കാര്യങ്ങൾ പറഞ്ഞു. പയ്യന്റെ ഡീറ്റെയിൽസ് അവൾ ചോദിച്ചപ്പോഴാണ് ഞാൻ അതേക്കുറിച്ചു ഓർത്തത്‌ തന്നെ. ഞാൻ ഒട്ടു ചോദിച്ചുമില്ല അമ്മാവൻ പറഞ്ഞുമില്ല..

എടി നമുക്ക് ആ മായ മിസ്സിനോട് ചോദിച്ചാലോ…. മിസ്സിന്റെ റിലേറ്റീവ് അല്ലെ… ആളാരാ.. എങ്ങനാ… ഗ്ലാമർ ആണൊന്നൊക്കെ അറിയാലോ… ഒത്തു വന്നാൽ ഫോട്ടോയും കാണാം.

റിലേറ്റീവ് അല്ല.. ഫ്രണ്ടിന്റെ മകനാണ്.

ആരായാലും…. നമുക്കൊന്നു ചോദിക്കാം.

നീയൊന്നു പോയെ അഞ്ജു മനുഷ്യനെ നാണം കെടുത്താതെ. അവളുടെ കൈയും പിടിച്ചു വേഗം ക്ലാസ്സിലേക്ക് പോയി. അവളോടങ്ങനെ പറഞ്ഞെങ്കിലും എന്തോ അറിയാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു….

**************
എന്തായി മോഹനേട്ടാ…. അവര് എന്താ പറഞ്ഞേ… അവര് സമ്മതിച്ചോ…

ഹോ…. നീയൊന്നടങ് രഞ്ജി…. പെട്ടന്നങ്ങു സമ്മതിക്കുന്നത് എങ്ങനാ.. അവര് ആലോചിച്ചു പറയാം എന്നു പറഞ്ഞില്ലേ…
അല്ല…. അതൊക്ക പോട്ടേ… നീ നിന്റെ മോനോട് പറഞ്ഞോ അവനു കല്യാണം ആലോചിക്കുന്ന കാര്യം. ഇനി ഇപ്പൊ അവര് സമ്മതിച്ചാലും അവൻ സമ്മതിച്ചില്ലേൽ എന്തു ചെയ്യും…

അവൻ സമ്മതിക്കില്ലെങ്കിൽ സമ്മതിപ്പിക്കണം. അതിനുള്ള വഴിയൊക്കെ എനിക്കറിയാം.. നിങ്ങള് കൂടെ ഉണ്ടായാൽ മതി.
എന്തായാലും ഒരു പൊട്ടിത്തെറി ഒക്കെ പ്രതീക്ഷിക്കാം. അവൻ ജോലി കഴിഞ്ഞു വരട്ടെ ആദ്യം.
**************

ഇന്നെന്തോ എല്ലാരും പതിവിലും സൈലന്റ് ആയിരുന്നു. എന്തു പറ്റി എന്നോര്ത് ഇരിക്കുമ്പോ തന്നെ കേറി വന്നു രണ്ടു പേരും.

ഞങ്ങൾക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് ഉണ്ണി… അച്ഛനാണ് പറഞ്ഞു തുടങ്ങിയത്..

എന്തിനാ ഇത്ര ഗൗരവം രണ്ടു പേർക്കും.

അല്പം ഗൗരവമുള്ള കാര്യമാ സംസാരിക്കാൻ ഉള്ളതു. മറ്റൊന്നുമല്ല….. നീ ഇങ്ങനെ നടന്നാ മതിയോ… കഴിഞ്ഞതൊക്കെ കഴിഞ്ഞു. അതോർത്തിരുന്നിട്ടെന്താ കാര്യം. നിനക്കും വേണ്ടേ ഒരു ജീവിതം.

അച്ഛൻ എന്താ ഉദ്ദേശിച്ചത്

വേറെന്താ… നിന്റെ കല്യാണകാര്യം തന്നെ.

അത്രേം കേട്ടപ്പോ തന്നെ എന്റെ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല. ചാടി എഴുന്നേറ്റ് രണ്ടുപേരെയും ദേഷ്യത്തോടെ നോക്കി. എന്തൊക്കെയോ രണ്ടു പേരും മാറി മാറി പറയുന്നുണ്ടായിരുന്നു. ഒന്നും ഞാൻ കേള്കുന്നുണ്ടായില്ല. ദേഷ്യം അത്രയും അധികം ആയിരുന്നു. അവസാനം നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോ അവിടിരുന്ന ഫ്ലവർ വെസ് എടുത്തെറിഞ്ഞു മുറിയിൽ കയറി വാതിൽ വലിച്ചടച്ചു…. എന്തിനാ അവരിങ്ങനെ….. എല്ലാം അവർക്കറിയുന്നതല്ലേ…. അവളെ ഓർക്കാറില്ല എന്നുള്ളത് ശരി…. പക്ഷേ അവളെ മറക്കാനും പറ്റുന്നില്ല…. മറ്റൊരു പെണ്ണിനെ സ്നേഹിക്കാനും കഴിയില്ല… മറ്റൊന്നും കൊണ്ടല്ല വെറുത്തുപോയി…. പെണ്ണെന്ന വർഗത്തിന്റെ വെറുത്തുപോയി……….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button