പ്രണയമായ്: ഭാഗം 6
രചന: ശ്രുതി സുധി
പിറ്റേന്ന് രാവിലെ മുതൽ എല്ലാരും മൗനവ്രതത്തിൽ ആയിരുന്നു. ആരും പരസ്പരം മിണ്ടിയില്ല. അതു കണ്ടപ്പോ തന്നെ ആകെ ദേഷ്യമായി. ഭക്ഷണം കഴിക്കാതെയാണ് അന്ന് ജോലിക്കു പോയത്. തിരിച്ചു വിളിക്കുമെന്ന് കരുതി. പക്ഷേ.. വിളിച്ചില്ല. അതും കൂടെ ആയപ്പോ ദേഷ്യം കൂടിയേ ഉള്ളൂ.. പിന്നെ ആകെ വാശിയായി… രണ്ടു മൂന്ന് ദിവസം അങ്ങനെതന്നെ പോയി.
കിരൺ വിളിച്ചു എന്തോ സംസാരിക്കാൻ ഉണ്ട്. ജോലി കഴിഞ്ഞു പുറത്തു പോകാം എന്നു പറഞ്ഞു. പതിവില്ലാത്ത അവന്റെ ഫോര്മാലിറ്റി കണ്ടപ്പോ തന്നെ അമ്മ അവനെ വിളിച്ചു സംസാരിച്ചു കാണും എന്നു മനസിലായി.
വൈകിട്ട് അവൻ പറഞ്ഞ കോഫി ഷോപ്പിലേക് ചെന്നു അവിടെ ഒരു മൂലയ്ക്ക് ഫോണും നോക്കി ഇരുപ്പുണ്ട് കിരൺ. നേരെ ചെന്നു അവനു ഓപ്പോസിറ്റ് ആയി ഇരുന്നു.
മ്മ്… നീയെന്താ സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞത്.
നിന്റെ അമ്മ വിളിച്ചിരുന്നു എന്നെ..
മ്മ്…. തോന്നി
എന്നിട്ട് എന്തു തീരുമാനിച്ചു.
എന്തു തീരുമാനിക്കാൻ…. അതു നടക്കില്ല അത്ര തന്നെ..
എന്തുകൊണ്ട് നടക്കില്ല… നീ കാരണം പറയ്
നിങ്ങക്കൊക്കെ എന്താ…… അറിയാവുന്നതല്ലേ എല്ലാം… പിന്നെ എന്നോടിങ്ങനെ പറയാൻ എങ്ങനെ തോന്നി
ഹോ….. നീ ഇപ്പോളും നിന്റെയാ മറ്റവളെ ഒര്തോണ്ടിരിക്കുയാണോ…. ഒരു കാമുകൻ….. ഛീ…. നാണമില്ലല്ലോടാ നിനക്ക്… ഒരു തൊലിഞ്ഞ പ്രേമം…. ഡാ…. അവൾ അവളുടെ വീട്ടുകാരുടെ നിര്ബന്ധത്താൽ നിന്നെ കെട്ടാതിരുന്നതാണേൽ മനസിലാക്കാം.. ഇതിപ്പോ പെണ്ണ് നല്ല അസ്സലായി തെക്കോട്ടിച്ചു പോയിട്ടും എന്നതിനാടാ നീ അതിനേം ഓർത്തിരിക്കുന്നെ … അവളു കെട്ടി സുഖമായി ജീവിക്കുന്നു. നീയോ…..
പണ്ടേ…. പണ്ടേ ഞങ്ങൾ പറഞ്ഞതാ…അവളെ വേണ്ടന്ന്…. അപ്പൊ നിനക്ക് ഞങ്ങളെക്കാളും വീട്ടുകാരേക്കാളും അവളർന്നു വലുത്. രാധികേച്ചി അന്ന് എത്ര പറഞ്ഞതാ… എവിടെ…. ആരു കേക്കാൻ…. നീയൊന്നും അനുഭവിച്ചാലും പഠിക്കില്ല…
ഡാ… നീയെങ്കിലും ഒന്ന് മനസിലാക്കു… ഞാൻ അവളെ ഓർത്തോണ്ടിരിക്കുന്നില്ല… പക്ഷേ….. എനിക്കിനിയരേം സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയില്ല.
എന്തു കൊണ്ട് കഴിയില്ല. നീയാദ്യം നിന്റെ കണ്ണുതുറന്നു ചുറ്റുമുള്ളത് കാണാനും മനസിലാക്കാനും ശ്രമിക്കു. നിന്റെ വീട്ടുകാരെ ഓർക്കു. അവർക്ക് ഇനി ആകെ ഉള്ളത് നീയാ. നിന്റെ എന്തെങ്കിലും ഇഷ്ടത്തിന് അവര് എതിര് നിന്നിട്ടുണ്ടോ. നേഹയെ നിനക്ക് ഇഷ്ടമാണെന്നു പറഞ്ഞ്പോ നിന്റെ ഇഷ്ടം നോക്കിയവരല്ലേ അവര്. അവളുടെ വീട്ടിൽ പോയി പെണ്ണും ചോദിച്ചു. അവള് നിന്നെ ഇട്ടേച്ചു പോയപ്പോ നിന്നെപ്പോലെ തന്നെ ഒരുപാട് വിഷമിച്ചു അവരും.
ഒക്കെ പോട്ടേ… നീ അമ്മുനെ കുറിച്ച് ആലോചിച്ചോ… അച്ഛന്റേം അമ്മേടേം കാലം കഴിഞ്ഞാൽ പിന്നെ അവൾകാര ഒള്ളെ… നിനക്കെപ്പോഴും അവളുടെ കാര്യങ്ങൾ നോക്കാൻ പറ്റോ… പെൺകുട്ടിയാണ്. അമ്മയുടെ പ്രേസേന്സ് ആണ് അവൾക്കു വേണ്ടത്. ഇതൊക്കെ ഓർത്തു നിന്റെ അമ്മക്ക് എന്തു വിഷമം ആണെന്നോ… ഇന്നലെ എന്നെ വിളിച്ചു ഒരുപാട് കരഞ്ഞു പാവം.
അതിനു ഞാൻ കെട്ടിക്കൊണ്ട് വരുന്നവൾ അമ്മുന്റെ കാര്യം നോക്കും എന്നു എന്താ ഉറപ്പ്..
അതൊക്കെ പറഞ്ഞു തീരുമാനിച്ചു നടത്തിയാൽ മതിയല്ലോ. കല്യാണം നടത്തണം എന്നു അവര് പറഞ്ഞെന്നു കരുതി നാളെത്തന്നെ അങ്ങ് നടത്തൂല. പറ്റിയ പെണ്ണിനെ കണ്ടുപിടിക്കണം. വീട്ടുകാരോട് ആലോചിക്കണം… നമ്മുടെ കണ്ടിഷൻ ഒത്തു വരണം…. എല്ലാം കൂടെ സമയം പിടിക്കും. പിന്നെ നിനക്ക് ഉടനെ തന്നെ വേണം എന്നില്ല എങ്കിൽ നീട്ടി വയ്കാലോ കല്യാണം. ഇതിനൊക്കെ പുറമെ നീ സമ്മതിക്കണം ആദ്യം. പിന്നെ നീ എല്ലാം മറക്കേം വേണം. എന്നിട്ട് പുതിയ കാര്യങ്ങൾ അംഗീകരിക്കാൻ മനസിനെ പാകപ്പെടുത്തണം. ഞങ്ങളൊക്കെ ഇല്ലെടാ നിന്റെ കൂടെ… എല്ലാം നമുക്ക് ശരിയാക്കാം. നീയാദ്യം അമ്മയോടൊന്നു സംസാരിക്കു. ആകെ വിഷമത്തിലാ ആ പാവം.
അവിടെ നിന്നും ഇറങ്ങി തിരികെ വീട്ടിലേക്കു പോകും വഴി മനസാകെ കലുഷിതമായിരുന്നു. എന്തുചെയ്യണം എന്നു ഒരെത്തും പിടിയില്ല.
വീട്ടിലെത്തിയപ്പോൾ രാത്രി ആയിരുന്നു. പക്ഷേ വീട്ടിൽ വെട്ടമൊന്നും കാണുന്നില്ല. കാളിങ് ബെൽ അടിച്ചട്ടും പ്രതികരണം ഒന്നും ഇല്ലാഞ്ഞപ്പോൾ കൈയിൽ ഉണ്ടായിരുന്ന സ്പെയർ കീ എടുത്തു വാതിൽ തുർന്ന് അകത്തു കയറി. വീട്ടിൽ ആരെയും കാണുന്നില്ല. എവിടെയെങ്കിലും പോകുമെന്നു പറഞ്ഞുമില്ല. അകത്തു കയറി ഡ്രസ്സ് മാറി കുളി കഴിഞ്ഞു ഫോണും നോക്കി ഇരുന്നു. മണിക്കൂർ ഒന്ന് കഴിഞ്ഞു വീട്ടിൽ എത്തിയിട്ട്. അവരെ കാണുന്നുമില്ല. വിളിച്ചു നോക്കാൻ വാശി അനുവദിച്ചിരുന്നില്ല ഇത് വരെ. പക്ഷേ ഇനി വാശി പിടിച്ചിട്ട് കാര്യമില്ല.. അമ്മയുടെ ഫോണിലേക്കു വിളിച്ചിട്ട് ബെൽ അടിക്കുന്നതല്ലാതെ എടുക്കുന്നില്ല. ഹും….. എന്നോടുള്ള വാശിയായിരിക്കും. രണ്ടു മൂന്നു തവണ വിളിച്ചിട്ടും ഇതു തന്നെ അവസ്ഥ… പിന്നെ അച്ഛനെ വിളിച്ചു. രണ്ടു ബെൽ അടിച്ചപോഴെകും അച്ഛൻ ഫോൺ എടുത്തു. അവിടെ നിന്നും പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട്….
എങ്ങനെ ഇവിടെ വരെ എത്തിയെന്നഅറിയില്ല. ഞാൻ ചെല്ലുമ്പോ ആശുപത്രിയിൽ ക്യാഷുവാലിറ്റി ഒബ്സെർവഷൻ റൂമിനു മുന്നിലുള്ള കസേരയിൽ തളർന്നിരിക്കുന്ന അച്ഛനെയാണ് കാണുന്നത്.ആകെ വെപ്രാളപ്പെട്ട് പോയി. എന്താ പറ്റിയതെന്ന് അറിയില്ല. വിളിച്ചപ്പോൾ ഹോസ്പിറ്റൽ വരെ വാ എന്നു മാത്രേ പറഞ്ഞുള്ളു.
അമ്മ….. അമ്മയ്ക്കു എന്തു പറ്റി അച്ഛാ….
അച്ഛൻ കണ്ണുതുറന്നു നോകിയതല്ലാതെ ഒന്നും മിണ്ടിയില്ല. കണ്ണൊക്കെ ആകെ ചുമന്നിരിക്കുന്നു. മുഖമൊക്കെ ആകെ വല്ലാതെ.
അമ്മു….. അവളെവിടെ..
രാധികയുടെ അച്ഛനും അമ്മേം വന്നു കൊണ്ടുപോയി.
അമ്മയ്ക്കു എന്താ പറ്റ്യേ…. ഒന്നു പറയ് അച്ഛാ
വീണ്ടും കണ്ണുകൾ അടച്ചു കസേരയിലേക് ചാരി ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. ഇതും കൂടെയായപ്പോ ആകെ വിഷമവും ദേഷ്യവും ഒക്കെ വന്നു. തലയ്ക്കു ഭ്രാന്ത് പിടിക്കുന്നു. ഒരു നിമിഷം ആലോചിച്ചു…. ഹേയ്…. അമ്മക് കുഴപ്പം ഒന്നും ഇല്ല. ഇതു ഇവര് കളിക്കുന്ന നാടകം മാത്രമാണ്. കല്യാണത്തിന് സമ്മതിക്കാത്തത് മൂലം അവര് നടത്തുന്ന നാടകം. ഹും…. എത്ര സിനിമകളിൽ കണ്ടിരിക്കുന്നു… ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ്….
അപ്പോഴേക്കും ഒരു സിസ്റ്റർ വന്നു രഞ്ജിതയുടെ കൂടെ ഉള്ള ആളെ ഡോക്ടർ വിളിക്കുന്നു എന്നു പറഞ്ഞത്.
അച്ഛനോടൊപ്പം ഡോക്ടറിന്റെ റൂമിലേക്കു നടന്നപ്പോഴും മനസ്സിൽ അതെ കാര്യം തന്നെ ആണ്. ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ്…..
സീ….. പേഷ്യന്റ്നു ഇപ്പോ ഇമ്പ്രൂവ്മെന്റ് ഉണ്ട്. വന്ന സമയത്തു ബി. പി കൂടുതലും സോഡിയം ലെവൽ കുറവും ആയിരുന്നു. ഇവിടെ കൊണ്ടുവന്നപ്പോൾ ബോധവും ഉണ്ടായിരുന്നില്ലല്ലോ. മാത്രമല്ല പേഷ്യന്റ് മര്യാദക്കു ഫുഡ് കഴിച്ചിട്ട് ദിവസങ്ങൾ ആയപോലാ… അതിന്റെ തളർച്ചയും ഉണ്ട്. അതുകൊണ്ട് തന്നെ മെഡിസിൻ പെട്ടന്ന് തന്നെ കൊടുക്കാനും പറ്റില്ലല്ലോ.. ആള് ഒട്ടും ഹെൽത്തി അല്ല….
ഇതൊക്ക കേട്ടു തളർന്നിരുപ്പാണ് അച്ഛൻ. ഞാനും വല്ലാതായി.
നാളെ പറ്റുമെങ്കിൽ റൂമിലേക്കു മാറ്റാം.. രാവിലെ മെയിൻ ഡോക്ടര് വന്നു കാണട്ടെ…. എന്നിട്ട് പറയാം..
അവിടെനിന്നു തിരിച്ചു കസേരയിൽ ചെന്നിരുന്നു. അച്ഛൻ പഴയതുപോലെ കസേരയിൽ ചാരി കണ്ണുകൾ അടച്ചിരുന്നു. ആ കണ്ണുകൾ നിറഞ്ഞു കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങുന്നതു കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. വാശിയൊക്കെ മാറ്റിവച്ചു അച്ഛനെ ചെന്നു കെട്ടിപിടിച്ചു. അച്ഛൻ ഒരു പ്രതികരണവും ഇല്ലാതെ നിന്നു. അന്ന് രാത്രി മുഴുവൻ ആശുപത്രി വരാന്തയിൽ കഴിച്ചുകൂട്ടി.
പിറ്റേന്ന് രാവിലെ മെയിൻ ഡോക്ടർ വന്നു, കുറച്ചു കഴിഞ്ഞു അമ്മയെ റൂമിലേക്ക് മാറ്റി. ഒറ്റദിവസം കൊണ്ട് അമ്മക്ക് സംഭവിച്ച മാറ്റം….. ആകെ തളർന്നു ക്ഷീണിച്ചു കിടക്കുന്ന അമ്മയുടെ അടുത്ത് ചെന്നിരുന്നു വലതുകൈ എന്റെ കൈകൾക്കുള്ളിലാക്കി ഇരുന്നു. നിയന്ത്രിക്കാൻ കഴിയാത്ത വിഷമം… നെഞ്ചിനകത്തൊക്കെ ആകെ ഒരു വേദന….. ആ കൈകളിൽ മുഖമമർത്തി കരഞ്ഞു കുറേ… ഒരു സിസ്റ്റർ റൂമിലേക്കു വന്നപ്പോൾ വേഗം എഴുന്നേറ്റു.
രണ്ടു ദിവസത്തിന് ശേഷം അമ്മയെ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തിയിട്ടും ആകെ ക്ഷീണം തന്നെ ആയിരുന്നു. ഈ ദിവസങ്ങളിൽ എല്ലാം അമ്മയുടെ കൂടെത്തന്നെ നിഴലായ് അച്ഛൻ ഉണ്ടായിരുന്നു. അവരുടെ പരസ്പര സ്നേഹവും കരുതലും അത്ഭുതപെടുത്തുന്നതായിരുന്നു. ഒരിക്കൽ അമ്മ ചേട്ടന്റെയും ചേച്ചിയുടെയും ഫോട്ടോ നോക്കി കരയുന്നത് കണ്ടു മനസ്സിനൊരു വിഷമം…… ചേച്ചിയെ സ്വന്തം മകളെ പോലെയാണ് അമ്മ സ്നേഹിച്ചത്. തിരിച്ചും അങ്ങനെതന്നെ… മരിക്കുന്നതിന് തൊട്ടുമുൻപ് ഏട്ടൻ പറഞ്ഞ വാക്കുകൾ ഓർത്തു… പറഞ്ഞു പൂർത്തിയാകാൻ കഴിയാത്തതും……. അച്ഛനേം അമ്മേനേം………….. വിഷമിപ്പിക്കരുത്, പൊന്നുപോലെ നോക്കണം എന്നൊക്കെയാകും ഏട്ടൻ ഉദ്ദേശിച്ചത്… എന്നിട്ടിപ്പോ ഞാൻ കാരണം..
ഇല്ല….. ഞാൻ കാരണം അവർ ഇനി വിഷമിച്ചു കൂടാ. മനസ്സിൽ ഉറച്ച തീരുമാനത്തോടെ ഞാൻ അവരുടെ മുറിയിലേക്കു ചെന്നു. അമ്മക്ക് മരുന്നെടുത്തു കൊടുത്തുകൊണ്ട് അച്ഛനും നില്പുണ്ട്. കട്ടിലിൽ ഇരിക്കുന്ന അമ്മയുടെ മടിയിൽ തല ചേർത്തു കിടന്നു.
അന്ന് നിങ്ങളൊരു കാര്യം പറഞ്ഞില്ലേ…
എന്തു കാര്യം..
ഒരു കല്യാണ കാര്യം… അന്ന് ഞാൻ എതിർത്തു…. ബട്ട് ഇപ്പൊ….
വേണ്ടാ മോനെ… ഞങ്ങൾ ഒരാഗ്രഹം പറഞ്ഞു എന്നുള്ളത് നേരാ… പക്ഷേ… വേണ്ടാ.. ഞങ്ങൾക്ക് വേണ്ടി, ഞങ്ങളുടെ നിർബന്ധം കൊണ്ട് നീ കല്യാണം കഴിച്ചാൽ… നിനക്ക് ആ പെൺകുട്ടിയെ സ്നേഹിക്കാനോ, ഉൾക്കൊള്ളാനോ കഴിഞ്ഞില്ലെങ്കിൽ…….. അതുവേണ്ട മോനെ… ഒരു പെൺകുട്ടിയുടെ കണ്ണുനീർ ഈ കുടുംബത്തിൽ വീഴണ്ട…
ഞാൻ കാര്യമായി തന്നെ പറഞ്ഞതാണച്ഛാ.. നിങ്ങൾ അന്വേഷിച്ചു തുടങ്ങിക്കോ…
അപ്പോഴേക്കും അമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. അമ്മയെ ഞാൻ ചേർത്തു പിടിച്ചു കവിളിൽ ഉമ്മയും കൊടുത്തു തിരികെ റൂമിലേക്ക് ചെന്നു കിടന്നു. ഇനി ഞാൻ കാരണം ആരും വിഷമിക്കാൻ ഇട വരരുത്. ഓരോന്ന് ആലോചിച്ചു എപ്പോഴോ ഉറങ്ങി………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…