Novel

പ്രണയമായ്: ഭാഗം 7

രചന: ശ്രുതി സുധി

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും അമ്മ പഴയ പോലെ ഉഷാറായി. ഈ ദിവസങ്ങൾ അത്രയും അമ്മു രാധികേച്ചിയുടെ വീട്ടിൽ ആയിരുന്നു. ഇപ്പൊ അവരെല്ലാം കൂടെ ഇങ്ങോട്ട് വന്നു.

ഒരു ദിവസം വൈകിട്ട് അച്ഛനും അമ്മയും കൂടെ മുറിയിലേക്കു വന്നു.

നീ അന്ന് കാര്യമായി പറഞ്ഞതാണോ കല്യാണക്കാര്യം. നിനക്ക് സമ്മതമാണോ…

അതു….. പിന്നെ….. ഞാൻ….. അപ്പൊ ..
അല്ല എന്താ ഇപ്പോ അങ്ങനെ ചോദിക്കാൻ..

നിന്റെ അഭിപ്രായം പറയു. എന്തായാലും ഒരു കാര്യം ഞാൻ പറയാം. നിനക്ക് ഞങ്ങൾ ഒരു ചാൻസ് തന്നിരുന്നു നിന്റെ ഇഷ്ടം നോക്കി ഒരു പെൺകുട്ടിയെ തിരഞ്ഞെടുക്കാൻ. നീ തിരഞ്ഞു എടുത്തെങ്കിലും അതിൽ നീ പരാജയപെട്ടു. അതു മനസിലാക്കാൻ നിനക്ക് ആറുവര്ഷങ്ങള് വേണ്ടി വന്നു. ഇനി ഇതുപോലെ സംഭവിക്കരുത്. അതുകൊണ്ട് ഇനി ഞങ്ങളുടെ അഭിപ്രായം കൂടെ നോക്കണം നീ.

ഞാൻ എല്ലാം ഇനി നിങ്ങൾക് വിട്ടുതരുന്നു. നിങ്ങൾ തന്നെ തീരുമാനിച്ചാൽ മതി എല്ലാം.

നീ അങ്ങനെ പറഞ്ഞു ഒഴിയണ്ട.. നിന്റെയാണ് ജീവിതം. അതുകൊണ്ട് തീരുമാനം നിന്റേതു തന്നെ ആകണം. പക്ഷേ ഞങ്ങളുടെ ഇടപെടൽ ഉണ്ടാകുമെന്നു മാത്രം.

മ്മ്… ശരി… നമുക്ക് നോക്കാം.

എങ്കിൽ ഈ സൺ‌ഡേ നമുക്ക് ഒരു പെണ്ണുകാണാൻ പോകാം

അവർ അത് പറഞ്ഞപ്പോഴേക്കും പെട്ടന്ന് എന്തോ പോലെ… ഇത്രയും പെട്ടന്ന്…. അതു പ്രതീക്ഷിച്ചില്ല. പക്ഷേ.. അച്ഛനേം അമ്മേയെയും മുഷിപ്പിക്കാനും തോന്നുന്നില്ല… കുറച്ചു നേരം ആലോചിച്ചതിനു ശേഷം പറഞ്ഞു

മ്മ്…. സമ്മതം… ബട്ട്‌.. എനിക്ക് കുറച്ചു കണ്ടിഷൻ ഉണ്ട്…

അതൊക്കെ നമുക്ക് ശരിയാക്കാം. അപ്പൊ ഈ സൺ‌ഡേ പെണ്ണുകാണൽ ഉറപ്പിച്ചോ..

**************

ഞാറാഴ്ച പെണ്ണുകാണാൻ ആള് വരും എന്നു കേട്ടപ്പോ മുതൽ ആകെ ഒരു ശ്വാസംമുട്ടൽ. മിനിറ്റിനു മിനിറ്റിന് അഞ്ജു കളിയാക്കി കൊണ്ടിരിക്കും. മാളുവും കണ്ണനും ഭയങ്കര സന്തോഷം. അവരുടെ മട്ടും ഭാവവും കണ്ടാൽ ഇപ്പോ തന്നെ കല്യാണമാണെന്നു തോന്നും.ആന്റി ആണേൽ ഫുൾ കലിപ്പിലും. ഇതുവരെ കാണാൻ വരുന്നവരെ കുറിച്ച് ഒരു വിവരോം ഇല്ല. അമ്മാവനോട് ചോദിക്കാൻ ഒരു ചമ്മൽ. കണ്ണനേം മാളൂനേം വിട്ട് ചോദിപ്പിക്കാം എന്നു വെച്ചാൽ.. പിന്നെ അവര് കളിയാക്കി കൊല്ലും… എന്തായാലും ഞായറാഴ്ച വരെ കാത്തിരിക്കാം.അതിനിടയിൽ മായ മിസ്സിനെ പലവട്ടം കണ്ടു. അപ്പോഴൊക്കെ അഞ്ജു നിര്ബന്ധിച്ചതാ പയ്യനെ കുറിച്ച് ചോദിക്കാൻ. പക്ഷേ ചെയ്തില്ല.

ഞായറാഴ്ച രാവിലെ തന്നെ മാളു എഴുന്നേറ്റു. അല്ലാത്തപ്പോ സ്കൂളിൽ പോകുന്ന ദിവസം പോലും തല്ലി എഴുന്നേപിക്കണം. അവധി ദിവസമാണേൽ പറയണ്ട. ഇന്നിപ്പോ വെളുപിനെ തന്നെ എഴുന്നേറ്റു അടുക്കളയിൽ സഹായിക്കാൻ വന്നേക്കുന്നു. ഞാൻ നോക്കിയപ്പോ വേഗം വേഗം ജോലി ചെയ്യാൻ തുടങ്ങി. അവളും കൂടെ കൂടിയതോണ്ട് ജോലിയെല്ലാം വേഗം തീർത്തു. ആന്റി ഇതു വരെ എഴുന്നേറ്റില്ല. ക്ഷീണമാണത്രെ. അതല്ലേലും അങ്ങനെയാ…. അതുകൊണ്ട് പ്രത്യേകിച്ച് പുതുമയൊന്നും തോന്നിയില്ല. വേഗം തന്നെ കുളിച്ചു അമ്പലത്തിൽ പോകാൻ നോക്കി. കുറച്ചു ദൂരം നടക്കണം. താമസിക്കും എന്നുള്ളതുകൊണ്ട് ഓട്ടോയിൽ ആണ് പോയത്. കണ്ണനും മാളുവും കൂടെ ഉണ്ടായിരുന്നു. അവര് രണ്ടും ഭയങ്കര പ്രാർത്ഥന. വരുന്ന പയ്യൻ നല്ലതായിരിക്കണേ… എന്നെ ഇഷ്ടപെടണേ.. ഇതൊക്കെയായിരുന്നു… കൂടെ അവരുടെ കുറച്ചു കണ്ടിഷൻ അംഗീകരിക്കുന്ന ആൾ ആകണേ എന്നും. അതെന്താണെന്നു പലവട്ടം ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല രണ്ടുപേരും. നടയിൽ നിൽകുമ്പോൾ മനസാകെ ശാന്തമായിരുന്നു. കണ്ണുകൾ അടച്ചു കൈകൾ കൂപ്പി നിന്നു. ഒന്നും തന്നെ പ്രാർത്ഥിച്ചില്ല എന്നുവേണം പറയാൻ.

തിരിച്ചു വീട്ടിലെത്തിയപ്പോൾ അപ്പച്ചിയും ചാച്ചനും വന്നിട്ടുണ്ടായിരുന്നു. കുറേ നാളായി അവരെ കണ്ടിട്ട്. എന്നും വിളിക്കാറുണ്ട്. കണ്ടപ്പോ തന്നെ ഓടിച്ചെന്നു കെട്ടിപിടിച്ചു. ഇതൊന്നും ആന്റിക്കു ഇഷ്ടപ്പെട്ടില്ല. അവര് മുഖം തിരിച്ചു മുറിയിലേക്കു പോയി. എല്ലാവരും കൂടിയിരുന്നു ഭക്ഷണം കഴിച്ചു. എന്നോട് റെഡി ആയിക്കോ എന്നും പറഞ്ഞു റൂമിലേക്കു വിട്ടു.

ഓണത്തിന് അപ്പച്ചി മേടിച്ചു തന്ന സാരിയാണ് ഉടുത്തതു. ചുരിദാർ ഇടാം എന്നു വിചാരിച്ചപ്പോൾ സാരി മതിയെന്നും പറഞ്ഞു മാളു വാശി പിടിച്ചു. ഒരു പിങ്ക് കളർ സാരി. സാധാ ഒരുങ്ങുന്ന പോലെ തന്നെ ഒരുങ്ങി. മേക്കപ്പ് ഒന്നും തന്നെ ഇഷ്ടമല്ല എന്ന് അറിയുന്നതു കൊണ്ട് ആരും നിർബന്ധിചില്ല. കറുത്ത ഒരു ചെറിയ പൊട്ടു കുത്തി കണ്ണെഴുതി. അമ്പലത്തിൽ നിന്നും അർച്ചന കഴിച്ചതിൽ നിന്നും ചന്ദനം തൊട്ടു. മുടി പിന്നി ഇട്ടപ്പോൾ മാളു നിർബന്ധിച്ചു അഴിച്ചിട്ടു. അവർ എത്താറായി വേഗം ആകട്ടെ എന്നു അമ്മാവൻ പറഞ്ഞപ്പോൾ മുതൽ അതുവരെ ശാന്തമായിരുന്ന മനസ്സിൽ ഇപ്പൊ ആകെ ഒരു ടെൻഷൻ.

അമ്മുവും കണ്ണനും ആകെ സന്തോഷത്തിൽ ആയിരുന്നു.അടുക്കളയിൽ ചെന്നപ്പോൾ അപ്പച്ചി മാത്രമേ ഉള്ളു. വരുന്നവർക്ക് കൊടുക്കാനുള്ള വെള്ളം കലക്കുന്നു. ആന്റിയെ ആ പരിസരത്തൊന്നും കാണുന്നില്ല. അപ്പച്ചിയോടൊപ്പം വെള്ളം കലാക്കാനും പലഹാരങ്ങൾ എടുത്തു വെക്കാനും കൂടി. ഒന്നും ചെയ്യണ്ട മുറിയിൽ ഇരിക്കെന്നും പറഞ്ഞു മാളു എന്നെ പറഞ്ഞു വിട്ടു അപ്പച്ചിയോടൊപ്പം അവൾ കൂടി. എല്ലാം ഒതുക്കി വെച്ച് മുറിയിൽ വന്ന അപ്പച്ചി എന്നെ കെട്ടിപിടിച്ചു നിന്നു കുറേ നേരം. പുറത്ത് നനവ് തട്ടിയപ്പോളാണ് അപ്പച്ചി കരയുകയാണെന്നു മനസിലായത്. ബലമായി ദേഹത്തുന്നു അടർത്തി മാറ്റി നോക്കിയപ്പോൾ കണ്ണെല്ലാം തുടച്ചു പുഞ്ചിരിച്ചു കൊണ്ട് എന്റെ നെറുകയിൽ ഒരു ഉമ്മ തന്നു. അപ്പോഴേക്കും മുറ്റത്തു ഒരു കാർ വരുന്ന ശബ്ദം കേട്ടു. അവർ വന്നല്ലോ എന്നും പറഞ്ഞു അപ്പച്ചി വേഗം മുന്നിലേക്ക് പോയി.

മുറിയിൽ ഇപ്പൊ ഞാൻ മാത്രം. എന്തോ ഒരു വല്ലാത്ത അസ്വസ്ഥത. ശ്വാസം മുട്ടുന്നു. വല്ലാതെ വിയർക്കുന്നു.. ദാഹിക്കുന്നു… വിശക്കുന്നു… മുള്ളാൻ മുട്ടുന്നു…. വയറു വേദനിക്കുന്നു… തല വേദനിക്കുന്നു….. അയ്യോ…. ഇതെന്താ….. എന്തു പറ്റി എനിക്ക്…. കണ്ണിലൊക്കെ ആകെ ഇരുട്ട് കയറുന്നല്ലോ…. അയ്യോ….. ഒന്നും കാണാൻ പറ്റുന്നില്ലല്ലോ…..

അപ്പോഴാണ് ആരോ… ആരോ വന്നെന്നെ തട്ടി വിളിച്ചു. ഞെട്ടി നോക്കിയപ്പോ മാളു ആണ്.

ചേച്ചി….. എന്താ… എന്തു പറ്റി…. ഹോ….. ടെൻഷൻ അടിക്കണ്ട ചേച്ചി….ദേ… പിന്നെ… ചേട്ടൻ ആള് സൂപ്പർ ആണേ..

അപ്പോഴേക്കും അപ്പച്ചി വന്നു എന്നെ വിളിച്ചോണ്ട് പോയി… എന്റെ ഹൃദയം പെരുമ്പറ കൊട്ടുന്ന ശബ്ദം ഇപ്പൊ എല്ലാർക്കും കേൾക്കാമെന്നു തോന്നുന്നു.. ആകെ ഒരു പരവേശം… എന്റെ കൈപിടിച്ച് അപ്പച്ചി എന്നെ അവരുടെ മുന്നിൽ കൊണ്ട് നിർത്തി. ടെൻഷൻ കാരണം മുന്നിലുള്ളതൊന്നും ഞാൻ കാണുന്നില്ല… ആകെ ഒരു പുകമറ പോലെ. ഒന്നും വ്യക്തമല്ല… ആരെയും വ്യക്തമല്ല….

എന്തിനാ മോളെ ഇത്ര ടെൻഷൻ….. എന്നും പറഞ്ഞു ആരോ എന്റെ കൈയിൽ പിടിച്ചു… നോക്കിയപ്പോൾ…… എവിടെയോ…. എവിടെയോ കണ്ടുമറന്ന മുഖം…

ഇതു…. ഇതു അവരല്ലേ…… !……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button