പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവ് കെ കുമാറും ഭാര്യക്ക് പിന്നാലെ വിടവാങ്ങി; ഭാര്യ മരിച്ചത് മൂന്നു ദിവസം മുന്‍പ്
ദുബൈ: പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവും ദുബൈയിലെ കലാ-സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ കെ കുമാറും ഭാര്യക്ക് പിന്നാലെ വിടവാങ്ങി. മൂന്നുനാള്‍ മുന്‍പാണ് കുമാറിന്റെ ഭാര്യ ബ്രിന്ദ കുമാര്‍ മരിച്ചത്. ആ ദുഃഖം തളകെട്ടി നില്‍ക്കേയാണ് കുമാറും വിടപറഞ്ഞിരിക്കുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളുമായി കഴിയുന്ന അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. കുറച്ചുകാലമായി മക്കള്‍ക്കൊപ്പം യുഎസില്‍ കഴിഞ്ഞുവരവേയാണ് അവിചാരിതമായി മരണമെത്തിയത്.
അ്ഞ്ചു പതിറ്റാണ്ടായി ദുബൈയുടെ സാമൂഹിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്നു ഈ മനുഷ്യന്. 1971ല്‍ ദുബൈ തുറമുഖ വകുപ്പില്‍ ജോലിയില്‍ കയറിയ അദ്ദേഹം വിരമിക്കുവോളം ഇതേ സ്ഥാപനത്തിന്റെ ഭാഗമായിരുന്നു. നിസ്വാര്‍ഥമായ കുമാറിന്റെ സേവനം മുന്‍നിര്‍ത്തിയായിരുന്നു ആദ്യ പ്രവാസി സമ്മാന്‍ പുരസ്കാരം കുമാറിന് സ്മ്മാനിച്ചത്. ദുബൈ ഇന്ത്യന്‍ അസോസിയേഷനെ ജനങ്ങളുമായി അടുപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് വിടവാങ്ങിയിരിക്കുന്നത്.
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാര്‍ക്ക് പരമാവധി സഹായം ഉറപ്പാക്കുന്നതില്‍ കണ്‍വീനര്‍ ആയിരിക്കേ അദ്ദേഹം നടത്തിയ ഇടപെടല്‍ പ്രവാസി ഇന്ത്യന്‍ സമൂഹം എന്നും നന്ദിയോടെ ഓര്‍ക്കുന്നതാണ്. മക്കള്‍: ആര്‍ത്തി, രമ്യ.