പ്രിയമുള്ളവൾ: ഭാഗം 50
Aug 18, 2024, 22:41 IST

രചന: കാശിനാഥൻ
മേലേക്കാവിലെ പൂരം കഴിഞ്ഞു ജോലിക്ക് വിടാം എന്നാണ് അവൻ അറിയിച്ചത്.... സൂസമ്മ പറയുന്നത് കേട്ടതും എല്ലാവർക്കും സന്തോഷം ആയിരുന്നു. കുറച്ചു സമയം കൂടി സൂസമ്മയോട് സംസാരിച്ച ശേഷം ഗീത അത് കട്ട് ചെയ്ത് മേശപ്പുറത്തു കൊണ്ട് പൊയ് വെച്ചു. "ഹോ.. എന്തൊക്കെ ആയാലും ശരി ഏട്ടൻ അത് സമ്മതിച്ചത് ഭാഗ്യം കേട്ടോ നന്ദേച്ചി.... കാവില് അടുത്ത ഞായറാഴ്ച കൊടി കേറും.. അഞ്ചുനാൾ ഉത്സവം ആണ്.മീനഭരണിയോട് കൂടി തീരുന്നത്.." മിന്നു ആണെങ്കിൽ അവളോട് വിശദീകരിച്ചു കൊടുത്തു. "പിറ്റേ തിങ്കളാഴ്ച മുതല് പോകാം കുഞ്ഞേ നിനക്ക്.... ഉത്സവo വെള്ളിയാഴ്ച്ച കൊണ്ട് തീരും.." . ഗീതമ്മ പറഞ്ഞതും എല്ലാവരും അത് ശരി വെച്ചു. എന്തൊക്ക ആയാലും ശരി ഭദ്രൻ നന്ദനയെ ജോലിക്ക് വിടാം എന്നു അറിയിച്ചത് അന്ന് എല്ലാവർക്കും ഒരുപാട് സന്തോഷം ആയിരുന്നു. നന്ദനയ്ക്കും ആകെ ഒരു ഉന്മേഷം പോലെ.. ജോലി ഒക്കെ ചെയ്യുമ്പോൾ പതിവില്ലാതെ ഒരു ചുറു ചുറുപ്പ്... ഒപ്പം പതിനായിരം സ്വപ്നങ്ങൾ നെയ്യാനും അവൾ മറന്നില്ല..ആദ്യമായി കിട്ടുന്ന ശമ്പളം കൊണ്ട് ഭദ്രേട്ടന് ഒരു കമ്പനിവാച്ച് മേടിക്കണം, പിന്നെ,അമ്മയ്ക്ക് നല്ല ഒരു സാരീ, അമ്മുനും മിന്നുവിനും കുറച്ചു ഡ്രസ്സ്, ഓരോ ജോഡി ചെരുപ്പ്..... പിന്നെ കുറേശെ പൈസ എല്ലാ മാസവും സൂക്ഷിച്ചു വെച്ചു ഏട്ടന് ഒരു മാല വാങ്ങി കൊടുക്കണം... പാവം ആറ്റു നോറ്റു വാങ്ങിയ മാലയാണ് തനിക്ക് തന്നത്... താലി ഇട്ടു തന്ന ഈ മാല ഇനി തന്റെ മരണം വരെയും അഴിച്ചു മാറ്റില്ലന്ന് ശപഥം എടുത്തത് ആണ്. അതുകൊണ്ട് ഏട്ടന് പുതിയ ഒരെണ്ണം മേടിച്ചു കൊടുത്തു ഒന്ന് ഞെട്ടിക്കും.. പതിനായിരം രൂപ വെച്ച് എങ്കിലും മാസം കിട്ടുമോ ആവോ.. കിട്ടുവാരിയ്ക്കും...കാരണം ഏട്ടനെ അച്ചായന് വല്യ കാര്യം ആയ സ്ഥിതിയ്ക്ക് തനിക്ക് ഇത്തിരി ശമ്പളം ഒക്കെ കൂട്ടി തരുവാരിക്കും... തൊടിയിൽ നിന്നും അമ്മ പറിച്ചു കൊണ്ട് വന്ന മത്തന്റെ ഇലയാണ്..വെള്ളം ഒഴിച്ച് നട്ടു നനച്ചത് കൊണ്ട് ആണ് ഈ കത്തുന്ന ചൂടിലും ഇല കിട്ടുന്നത്, അതെല്ലാം അരിഞ്ഞു എടുത്തു, നാളികേരം തിരുമ്മി അരച്ച് തുവരപരിപ്പും വേവിച്ചു ഇട്ടു തോരൻ വെച്ചു. ഉണക്ക മാന്തൾ ഉണ്ടായിരുന്നു, ചതച്ചു എടുത്തു ചമ്മന്തി ഉണ്ടാക്കി. പിന്നെ കുമ്പളങ്ങ ഇട്ടു മോര് കറിയും.. സ്വപ്ന ലോകത്തു ആണെങ്കിൽ പോലും നന്ദന കറികൾ എല്ലാം വേഗത്തിൽ വച്ചു കഴിഞ്ഞു. അതൊക്കെ കൊണ്ട് ഗീതയ്ക്കും വളരെ ആശ്വാസം ആണ്.. ഞൊടിയിട കൊണ്ട് പണികൾ തീർത്തു അടുക്കള അടിച്ചു വാരി തുടച്ചു ഇടുമവള്. ബാക്കി നേരം കൊണ്ട് ഭദ്രൻ മാറി ഇട്ടിട്ട് പോയാ ഡ്രസ്സ് എടുത്തു നനച്ചു പിഴിഞ്ഞ് ഇടും.. പശ മുക്കാൻ ഉണ്ടെങ്കിൽ മുണ്ട് എടുത്തു മുക്കി ഇട്ടിട്ട്, ഉണങ്ങി കഴിഞ്ഞു അത് ഇസ്തിരി പെട്ടിയിൽ എടുത്തു തേച്ചു മടക്കി വെയ്ക്കും.. മിന്നുവിന്റെയും അമ്മുവിന്റെയും യൂണിഫോമും അതിൻ പ്രകാരം ചെയ്തു വെയ്ക്കും.. എല്ലാം നല്ല വൃത്തിയായിട്ടും വെടിപ്പായിട്ടും ഒക്കെയാണ് അവൾ എന്നും ചെയ്യുന്നത്. ആടിനെ മാത്രം ആൾക്ക് പേടിയാ.. ഒരു ദുരനുഭവം നേരിട്ടത് കൊണ്ട്.. ഭദ്രനും പ്രത്യേകം അവളോട് പറഞ്ഞിട്ടുണ്ട് ഒരു കാരണവശാലും ആട്ടിൻ കൂടിന്റെ അടുത്തേക്ക് പോകരുത് എന്നുള്ളത്. പീരിയഡ്‌സ് ആയി ഇരിക്കുന്നത് കൊണ്ട് നന്ദന ഉച്ചയോട് കൂടി ആണ് അലക്കി കുളിയ്ക്കാൻ ഇറങ്ങിയത്. ഗീതമ്മ വന്നു അവൾക്ക് ആവശ്യത്തിന് ഉള്ള വെള്ളം ബക്കറ്റ്il കോരി വെച്ചു കൊടുത്തു. അവൾക്ക് വയ്യാത്തത് കൊണ്ട് ഇനി വെള്ളം വലിച്ചു കേറ്റണ്ട, കാലിനു വല്ല കോച്ചി പിടിത്തവും ഉണ്ടാകും എന്നു പറഞ്ഞു ആയിരുന്നു.. തുണിയും നനച്ചു കൊടുക്കമെന്ന് അവര് പറഞ്ഞു എങ്കിലും, തനിക്ക് ഇപ്പൊ കുഴപ്പമില്ലന്നു പറഞ്ഞു നന്ദന അവരെ മടക്കി അയച്ചു.. അപ്പോളേക്കും നന്ദന മറ്റൊരു കാര്യം ഓർത്തത്.. ഒരു മോട്ടോർ പിടിപ്പിക്കണം.. ഈ വെള്ളം ഇങ്ങനെ വലിച്ചു കേറ്റുന്നത് മാത്രം ഇത്തിരി ബുദ്ധിമുട്ട് ആയിരുന്നു അവൾക്ക്.. ഭദ്രേട്ടൻ വരുമ്പോൾ ഒന്ന് ചോദിച്ചു നോക്കണം, എത്ര രൂപ ശമ്പളം കിട്ടും എന്നുള്ളത്. ഇരുന്നിട്ട് കാല് നീട്ടിയാൽ പോരേ നന്ദേ..... അന്തരത്മാവ് അവളോട് മന്ത്രിക്കുകയാണ്... പോരാ... എനിക്ക് ഇപ്പൊ തന്നെ നീട്ടണം.. അല്ല പിന്നെ.... തിരികെ അവൾ മറുപടിയും കൊടുത്തു. കുളിച്ചു കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ ഉണ്ട് അമ്മ ഫോണും പിടിച്ചു ഇറയത്തു നിൽക്കുന്നു. "ആഹ് മോള് വരുന്നുണ്ട്... ഞാൻ ഇപ്പൊ കൊടുക്കാം... "എന്താമ്മേ...." "ഭദ്രനാ.. മോൾടെ കൈയിൽ കൊടുക്കാൻ പറഞ്ഞു " "ആണോ... ഒരു മിനിറ്റ് അമ്മേ.. കൈയിലെ വെള്ളം ഒന്ന് തുടയ്ക്കട്ടെ " തോർത്ത് പിഴിഞ്ഞ് മുടി എല്ലാം ഒന്നൂടെ ചുറ്റി കെട്ടി വെച്ചിട്ട് അവൾ കൈ തുടച്ചു കൊണ്ട് ഫോൺ വാങ്ങി. "ഹലോ ഏട്ടാ " "ആഹ് നി കുളിക്കുവാരുന്നോ " "എന്താ ഭദ്രേട്ടാ ശബ്ദം വല്ലാതെ ഇരിക്കുന്നെ..." പെട്ടന്ന് അവൾ ചോദിച്ചു. "ഹേയ് ഒന്നുല്ല... നിനക്ക് തോന്നുന്നത് ആണ് " "അല്ല... എന്തൊ ഉണ്ട്, ഏട്ടൻ ഇപോ എവിടെയാ " "അച്ചായന്റെ അടുത്ത് " "ഇന്ന് പോയില്ലേ ഏട്ടാ " "ഹ്മ്മ്.. പോയിട്ട് വന്നതാ " "എന്നാൽ പിന്നെ ഇങ്ങോട്ട് വന്നൂടെ... ഊണ് കഴിക്കാരുന്നു " "ഹ്മ്മ്.... ഞാൻ വന്നേക്കാം, പിന്നെ ഇപ്പോൾ വിളിച്ചത് നിന്നോട് മറ്റൊരു കാര്യം പറയാൻ വേണ്ടിയാ...." "എന്താ ഭദ്രേട്ടാ...." "അത് പിന്നെ.. നിന്റെ അച്ഛനും അമ്മയും ചേച്ചിയും ഒക്കെ കൂടി ഇപ്പൊ അച്ചായനെ കാണാൻ വന്നു...." "എന്നിട്ടോ....." "സംഭവിച്ച കാര്യങ്ങൾ ഒക്കെ അവരോടു ആരോ പറഞ്ഞു കൊടുത്തു... നിന്റെ ഏതോ കൂട്ടുകാരിയാണ്, കൃഷ്ണജ...." "ഹ്മ്മ്......" "അതിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടി അവരെല്ലാം കൂടി വരുന്നത്....." "ഭദ്രേട്ടൻ ഒന്നിങ്ങട് വേഗം വരുവോ.. പ്ലീസ്..." അത് പറയുകയും നന്ദന കരഞ്ഞു പോയിരിന്നു. "നന്ദേ.." "മ്മ്...." "നീ എന്തിനാ കരയുന്നെ... അവര് വന്നിട്ട് എന്താണ് പറയാൻ ഉള്ളത് എന്നു നീ കേട്ട് നോക്ക്. എന്നിട്ട് എന്താണ് എന്ന് വെച്ചാൽ തീരുമാനിക്കാം പോരേ " "എന്ത് തീരുമാനിക്കുന്ന കാര്യം ആണ് ഏട്ടൻ പറയുന്നേ...,എനിക്ക് ഒന്നും മനസിലാകുന്നില്ല " "വരട്ടെ.... എന്താണ്ന്നു നോക്കാം.... അതിനു നീ എന്തിനാ കരയുന്നെ...." "ഏട്ടൻ ഒന്ന് വാന്നേ... പ്ലീസ്...." "വന്നേക്കാം പെണ്ണേ...." "ഏട്ടനോട് അവര് സംസാരിച്ചോ " "മ്മ്......" "എന്നിട്ടോ " "എന്നിട്ട് ഒന്നും ഇല്ല... നീ അമ്മേടെ കൈയിൽ ഫോൺ കൊടുത്തേ " "മ്മ്... കൊടുക്കാം " കവിളിലൂടെ ഒലിച്ചു ഇറങ്ങുകയാണ് കണ്ണീര്... അമ്മയ്ക്ക് ഫോൺ കൊടുത്ത ശേഷം നന്ദന അകത്തേക്ക് കയറി പൊയ്. ഭഗവാനെ.. ഗുരുവായൂരപ്പാ .. അരുതാത്തത് ഒന്നും സംഭവിക്കല്ലേ.... എന്റെ ഭദ്രേട്ടനും ഈ കുടുംബവും മാത്രം മതി എനിക്ക്... മറ്റൊന്നും വേണ്ടാ..... അലമാര തട്ടിൽ വെച്ചിരുന്ന കൃഷണ വിഗ്രഹം അവൾ കയ്യിലെടുത്തു കേണു......കാത്തിരിക്കൂ.........