Novel

പ്രിയമുള്ളവൾ: ഭാഗം 60

രചന: കാശിനാഥൻ

മക്കളെ… കേറി വായോ.. എന്നതാ അവിടെ നിൽക്കുന്നെ..

അച്ചായന്റെ ശബ്ദം കേട്ടതും നന്ദന മുഖം ഉയർത്തി.

വെളുക്കനേ ചിരിച്ചു കൊണ്ട് ജോസച്ചായൻ, ഒപ്പം തന്നെ സൂസമ്മച്ചിയും ഉണ്ട്.

ഭദ്രന്റെ പിന്നാലെ അവരുട അടുത്തേക്ക് ചെല്ലുമ്പോൾ പെണ്ണിന്റെ ഹൃദയം എന്തിനെന്നു അറിയാതെ അലമുറയിട്ടു.

“പിള്ളേര് ഒക്കെപോയോ ഇച്ചായ…. ”

അകത്തേക്ക് കയറുന്നതിനിടയിൽ ഭദ്രൻ ചോദിച്ചു.

“ആഹ്.. അവര് കാലത്തെ പോയെടാ….മോളെ, അങ്ങനെ ഇന്ന് മുതല് നമ്മുടെ ഈ പ്രസ്ഥാനത്തിലേക്ക് നിന്നെ കൂടി സ്വാഗതം ചെയ്യന്നു കേട്ടോ ”

അച്ചായൻ പറഞ്ഞതും നന്ദന ഒന്ന് പുഞ്ചിരിചുമ്മാ

സൂസമ്മ അവളെയും കൂട്ടി അകത്തേക്ക് പോയി.

ചായ വേണ്ടന്ന് കുറേ തവണ നന്ദന പറഞ്ഞു എങ്കിലും അവര് സമ്മതിച്ചില്ല.

ഭദ്രനും അവൾക്കും ഓരോ ഗ്ലാസ്‌ ചായയും, കുറച്ചു സ്നാക്ക്സ് ഉം എടുത്തു വെച്ചു കഴിഞ്ഞിരുന്നു.

ഇരുവരെയും അതൊക്കെ കഴിപ്പിച്ച ശേഷമാണ് സൂസമ്മ പറഞ്ഞയച്ചത്.

ഓഫീസിലേക്ക് നന്ദനയെ കൂട്ടിക്കൊണ്ടുപോയത് ജോസച്ചായൻ ആയിരുന്നു,ഒപ്പം തന്നെ ഭദ്രനും ഉണ്ടായിരുന്നു.

“ടോണി വന്നില്ലേ അച്ചായാ “?

ഓഫീസിലേക്ക് കയറുന്നതിനിടയിൽ ഭദ്രൻ ചോദിച്ചു.

“അവൻ,ടൗൺ വരെ ഒന്ന് പോയതാടാ,ഇപ്പോൾ എത്തും..”

“ഹ്മ്മ് ”
അവനൊന്നു മൂളി.

ബിൻസിചേച്ചിയും വീണയും ഗേറ്റ് കടന്നുവരുന്നത് ഭദ്രൻ കണ്ടു.

വീണയെ കണ്ടതും അവനു പെട്ടെന്ന് ഒരു പരവശം പോലെയായി.

എന്റെ കാവിലമ്മേ, നീ തന്നെ തുണ….

അവൻ മനസ്സിൽ ഉരുവിട്ടു.

ഓഫീസിനുള്ളിലേക്ക് കയറിവന്ന ബിൻസി ചേച്ചിയെയും,വീണയെയും ഒക്കെ അച്ചായൻ നന്ദനക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

വീണയെ ഒന്ന് അടിമുടി നോക്കിയശേഷം നന്ദനയുടെ മിഴികൾ ഭദ്രന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി.

അവൻ ചെറുതായി വിയർക്കുന്നുണ്ടോ എന്ന് നന്ദനയ്ക്ക് ഒരു സംശയം തോന്നി…

വീണയാണെങ്കിൽ ആജന്മ ശത്രുവിനെ കണ്ട ഭാവത്തിലാണ് നന്ദനയെ നോക്കി നിന്നത്.

കുറച്ചു കഴിഞ്ഞതും ഭദ്രനു ലോഡ് എടുക്കാൻ ആയി കോയമ്പത്തൂരിലേക്ക് പോകണമായിരുന്ന്.

ഓഫീസ് കഴിയുന്ന നേരമാകുമ്പോഴേക്കും താൻ എത്തിയേക്കാം എന്ന് പറഞ്ഞശേഷം ഭദ്രൻ പുറത്തേക്കിറങ്ങിപ്പോയി.

അക്കൗണ്ട് സെക്ഷനിലേക്ക് ആയിരുന്നു നന്ദനയെ നിയമിച്ചത്.

എല്ലാ കാര്യങ്ങളും മെയിനായിട്ട് നോക്കി നടത്തുന്നത് ടോണിയാണ്.

അവനെ അസിസ്റ്റ് ചെയ്തുകൊണ്ട് നിന്നിരുന്ന ചേച്ചി കുറച്ചു ദിവസത്തേക്ക് ലീവ് എടുത്തു മാറിയെന്നും,  പകരമായിട്ട് നന്ദനയെ നിയമിച്ചതാണെന്നും ഒക്കെ ബിൻസി പറഞ്ഞു  അവൾ അറിഞ്ഞത്.

അക്കൗണ്ട്സിലെ കാര്യങ്ങളൊക്കെ ഏറെക്കുറെ ബിൻസിക്കും അറിയാമായിരുന്നു.

അതുകൊണ്ട് സംശയമുള്ളതൊക്കെ തന്നോട് ചോദിച്ചാൽ മതിയെന്നും,  ടോണി വന്നിട്ട് ബാക്കി കാര്യങ്ങളൊക്കെ പറയും എന്നും ബിൻസി അവളോട് പറഞ്ഞു.

നാലഞ്ചു റൂമുകളിൽ ആയിട്ടായിരുന്നു ഓഫീസ്.

നേരത്തെ അത് അച്ചായന്റെ വീടായിരുന്നു എന്നും, പിന്നീട് ബിസിനസ് ഒക്കെ ഉയർന്നുവന്ന ശേഷം, പുതിയ വീട് വയ്ക്കുകയും ഇത് ഓഫീസ് ആയി മാറ്റുകയും ചെയ്തതാണെന്നും ബിൻസി അവളോട് പറഞ്ഞു.

ഓഫീസിലേക്ക് കയറി വരുമ്പോൾ, ഇടതുവശത്തായി കാണുന്നതായിരുന്നു അക്കൗണ്ട് സെക്ഷൻ.

അച്ചായന് ബ്ലേഡ് പലിശ പരിപാടിയും അതുപോലെ തന്നെ സ്വർണപ്പണയ ഇടപാടുകളും ഒക്കെയുണ്ട്. അതിന്റെ എല്ലാം കാര്യങ്ങൾക്കായിയാണ്  ഒരു റൂം ഉള്ളത്.. അവിടെ ടോണിയും,  നേരത്തെ നിന്നിരുന്ന സ്റ്റാഫ് ആയിരുന്നു ഉണ്ടായിരുന്നത്.

ബിൻസി നന്ദനെയും കൂട്ടി ആ റൂമിലേക്ക് കയറുന്നതിനിടയിൽ പറഞ്ഞു

രണ്ട് സിസ്റ്റം ഇരിപ്പുണ്ട് അവിടെ.
മെയിൻ ആയിട്ടുള്ള സിസ്റ്റം ടോണിയാണ് കൈകാര്യം ചെയ്തിരുന്നത്..

അതിന്റെ തൊട്ടപ്പുറത്തേ ചെയറിലാണ് നന്ദന ഇരുന്നത്.

വെളിയിൽ ഒരു ബൈക്കിന്റെ ശബ്ദം കേട്ടതും,ടോണി വന്നു എന്ന് പറഞ്ഞ് ബിൻസി വെളിയിലേക്ക് ഒന്ന് നോക്കി.

അല്പം നിമിഷം കഴിഞ്ഞതും കാണാൻ സുന്ദരനായ ഒരു ചെറുപ്പക്കാരൻ അകത്തേക്ക് കയറി വന്നു.

10,,32 വയസ് പ്രായം തോന്നിക്കും…

അവനെ കണ്ടതും നന്ദന എഴുന്നേറ്റു.

ടോണി… ഇത് നമ്മുടെ ഭദ്രേന്റെ വൈഫ് ആണ് കെട്ടോ, അച്ചായൻ നേരിട്ട് നിയമിച്ചതാണ്..

അത് പറയുമ്പോൾ ബിൻസിയുടെ  മുഖത്തെ ഭാവം എന്താണെന്ന് വായിച്ച് അറിയുവാൻ നന്ദനയ്ക്ക് കഴിഞ്ഞിരുന്നില്ല.

ടോണിയെ നോക്കി ഒരു ചെറു മന്തസ്മിതത്തോടുകൂടി അവൾ നിന്നു.

അവൻ തിരിച്ച് അവളെ ഒന്ന് അടിമുടി നോക്കി.

താൻ എവിടെയായിരുന്നു പഠിച്ചത് ഒക്കെ..?

അല്പം ഗൗരവത്തിൽ ടോണി അവളോട് ചോദിച്ചു..

കോളേജിന്റെ ഡീറ്റെയിൽസും പഠിച്ച കോഴ്സിനെ കുറിച്ചും ഒക്കെ അവൾ അവനോട് വിശദീകരിച്ചു.

ഹ്മ്മ്……

ഒന്ന് മൂളിയശേഷം അവൻ ഇരിപ്പിടത്തിലേക്ക് പോയി.

ബിൻസി ഇറങ്ങിപ്പോയതും ടോണിയും,നന്ദനയും മാത്രമായിരുന്നു റൂമില്..

എന്താണെന്നറിയില്ല നന്ദനയ്ക്ക് വല്ലാത്തൊരു  ബുദ്ധിമുട്ട് അനുഭവപ്പെട്ടു..

അവനാണെങ്കിൽ ഭയങ്കര സീരിയസ് ആയിട്ട് ഇരുന്നു ഓരോരോ വർക്കുകൾ ചെയ്യുന്നുണ്ട്.

താൻ എന്നൊരാൾ ഉണ്ടെന്നുള്ള ഭാവം പോലും ടോണിക്ക് ഇല്ലെന്ന് നന്ദന ഓർത്തു.

ഇവിടേക്ക് വരാൻ തോന്നിയ നിമിഷത്തെ പോലും അവൾ ഒരു വേള ശപിച്ചു പോയി..

“ചേട്ടാ, ഞാൻ എന്താണ് ചെയ്യേണ്ടത്”
ഒടുവിൽ മടിച്ചുമടിച്ച് നന്ദന അവനെ നോക്കി ചോദിച്ചു.

“ചേട്ടനോ… ആരുടെ ചേട്ടൻ, ഞാൻ ഏതു വകുപ്പിലാണ് തന്റെ ചേട്ടനായത്,  കോൾ മി സാർ ഓക്കേ”

അവൻ പറഞ്ഞതും നന്ദന തലകുലുക്കി.

അല്പം കഴിഞ്ഞതും  ജോസച്ചായൻ അവിടേക്ക് കയറി വന്നു..

നന്ദനയെ ഏൽപ്പിക്കേണ്ട ജോലികളെ കുറിച്ചൊക്കെ അച്ചായൻ ടോണിയോട് വിശദീകരിച്ചു.

അവൻ അതെല്ലാം മൂളി കേൾക്കുന്നുണ്ട്.

അച്ചായന്റെ മുന്നിൽ വളരെ വിനയത്തോടെ കൂടിയാണ് ടോണിയുടെ നിൽപ്പ് എന്ന് നന്ദനയ്ക്ക് തോന്നി..

അരമണിക്കൂറോളം അവിടെയിരുന്ന് നന്ദനയെ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു അച്ചായൻ.

വേറെ എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ ടോണിയോട് നേരിട്ട് ചോദിച്ചാൽ മതിയെന്ന് പറഞ്ഞ ശേഷം അയാൾ ഇറങ്ങിപ്പോയി.

സത്യത്തിൽ നന്ദനയ്ക്ക് അതിന്റെ ആവശ്യമൊന്നും ഉണ്ടായില്ല..

അച്ചായൻ ഏൽപ്പിച്ച ജോലികൾ ഒക്കെ അവൾ വളരെ കൃത്യമായിട്ട് വെടിപ്പായിട്ട് ചെയ്തുതീർത്തു.

ഇടയ്ക്ക് ഒരു തവണ സൂസമ്മച്ചിയും ഓഫീസിലേക്ക് കയറി വന്നിരുന്നു.

വളരെ സ്നേഹത്തോടുകൂടിയാണ് അവർ നന്ദനയോട് സംസാരിച്ചത്.

ഇതൊക്കെ കാണുമ്പോൾ ബാക്കി മൂന്ന് സ്റ്റാഫുo കൂടി ഇരുന്ന് പല്ല് കടിക്കുകയായിരുന്നു…

ഉച്ചയ്ക്കത്തെ ലഞ്ച് ബ്രേക്ക് ടൈമിൽ നന്ദന,ബിൻസിയുടെ അടുത്തേക്ക് ഇറങ്ങിച്ചെന്നു,

എന്നാൽ താൻ ഇപ്പോൾ കഴിക്കുന്നില്ലെന്നും കുറച്ചു സമയം കൂടി വർക്ക് ചെയ്തു തീർക്കേണ്ടതുണ്ടെന്നും,നന്ദന കഴിച്ചോളു എന്നും പറഞ്ഞു കൊണ്ട് ബിൻസി ഒഴിവായി പോയി.

അങ്ങനെ ഒറ്റയ്ക്കിരുന്നാണ് നന്ദന ആഹാരം കഴിച്ചത്.

പെട്ടെന്ന് തന്നെ കഴിച്ചു തീർത്ത കൈ കഴുകുവാനായി വാഷ്റൂമിന്റെ ഭാഗത്തേക്ക് വന്നതും കണ്ടു, ബിൻസിയും ടോണിയും വീണയും കൂടി എന്തൊക്കെയോ അടക്കിപ്പിടിച്ച് സംസാരിക്കുന്നത്.

ഇവരൊക്കെ ഇത് എന്താണ് ഇങ്ങനെ,ഇച്ചായൻ,തന്നെ ഇവിടേക്ക് നിയമിച്ചത് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു.. ഇല്ലെങ്കിൽ പിന്നെ എന്തിനാണ് തന്നോട് ഈ വ്യത്യാസം ഒക്കെ കാണിക്കുന്നത്..

നന്ദന മനസ്സിൽ ഓർത്തു..

ഉച്ചയ്ക്ക് ശേഷവും അച്ചായൻ പറഞ്ഞ ജോലികളൊക്കെ ആയിരുന്നു നന്ദന ചെയ്തുതീർത്തത്…

ടോണിയോട് ഒരു വാക്കുപോലും സംസാരിക്കേണ്ടതായി അവൾക്കു വന്നില്ല.

അഞ്ചുമണിവരെയായിരുന്നു ഓഫീസ് ടൈം.

നാലു മണി ആയപ്പോഴേക്കും,ചായയും പഴംപൊരിയും,ആയിട്ട് സെക്യൂരിറ്റി ചേട്ടൻ കടന്നുവന്നു.

നന്ദനയോട് വളരെ സ്നേഹത്തോടെയാണ് ആ ചേട്ടൻ സംസാരിച്ചത്.

ആകെക്കൂടി ഈ ഓഫീസിൽ മനുഷ്യപ്പറ്റുള്ളത് ആ ചേട്ടന് മാത്രമാണെന്ന് അവൾ ഓർത്തു..

അക്കൗണ്ട് സെക്ഷന്റെ കുറച്ചു മാറി, വേറെയും  ഒന്ന് രണ്ട് ഡിപ്പാർട്ട്മെന്റുകൾ ഉണ്ടായിരുന്നു.

അച്ചായന്റെ ക്രഷറിന്റെ ഒക്കെ  കാര്യങ്ങൾ നോക്കി നടത്തുന്നത് അവിടെ ആണ്.

നാലഞ്ചു ജോലിക്കാർ അവിടെയും ഉണ്ട്..

എല്ലാംകൂടി മൊത്തത്തിൽ,10,,15 ആളുകൾ ഉണ്ടെന്ന് നന്ദനയ്ക്ക് തോന്നി..

അവളെ നിയമിച്ചിടത്ത് ആകെ കൂടി  നാലു പേരെ ഉണ്ടായിരുന്നുള്ളൂ…

അവർ മൂന്നുപേരും ഒറ്റക്കെട്ടാണെന്ന്, വന്ന ദിവസം കൊണ്ട് തന്നെ അവൾക്ക് ബോധ്യമായി.

ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഭദ്രൻ കയറിവന്നത്.

അവനെ കണ്ടതും നന്ദനയുടെ മുഖം പ്രകാശിച്ചു.

അവളുടെ അടുത്തായി കിടന്ന കസേരയിൽ വന്ന് ഭദ്രൻ ഇരുന്നു..

എങ്ങനെയുണ്ട് മാഡം പുതിയ ജോലിയൊക്കെ?ഇവിടെത്തന്നെ അങ്ങ് തുടരാൻ ആണോ തീരുമാനം…

ഭദ്രൻ കളിയായി ചോദിച്ചതും നന്ദന അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.

കുറച്ചു വർക്കുകൾ കൂടി അവൾക്ക് ചെയ്തു തീർക്കുവാൻ ഉണ്ടായിരുന്നു.

കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് വേഗത്തിൽ ജോലി ചെയ്യുന്നവളെ കൺനിറയെ കണ്ടുകൊണ്ട് ഭദ്രൻ അരികിൽ ഇരുന്നു.

ഇതെല്ലാം കണ്ട് കൊണ്ട് അമർഷം പൂണ്ട് അരികിൽ ഇരുന്നവനെ അവർ രണ്ടുപേരും അറിഞ്ഞിരുന്നില്ല……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button