പ്രിയമുള്ളവൾ: ഭാഗം 61
രചന: കാശിനാഥൻ
ഏകദേശം അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും, അന്നത്തെ കണക്കും കാര്യങ്ങളും ഒക്കെ
ടോണി ക്ലോസ് ചെയ്തു.
“എന്നാൽ പിന്നെ നമ്മൾക്ക് ഇറങ്ങാം അല്ലേ ”
ഭദ്രൻ
ചോദിച്ചതും നന്ദന തലയാട്ടിക്കൊണ്ട് എഴുന്നേറ്റു..
അച്ചായനോടും സൂസമ്മ ചേച്ചിയോടും യാത്ര പറഞ്ഞുകൊണ്ട് ഇരുവരും അവിടെനിന്നും വീട്ടിലേക്ക് തിരിച്ചു.
” ഭദ്രേട്ടാ… എനിക്ക് വല്ലാത്ത ദാഹം, ഒരു നാരങ്ങാ വെള്ളം വാങ്ങി തരുമോ ”
കുറച്ചു മുന്നോട്ട് എന്നതും നന്ദന അവനോട് പറഞ്ഞു…
ഏറ്റവും അടുത്തായി കണ്ട ഒരു കൂൾബാറിന്റെ സൈഡിലായി അവൻ ബൈക്ക് ഒതുക്കി.
ഇരുവരും കൂടി അകത്തേക്ക് കയറിച്ചെന്നു.
” നിനക്ക് കഴിക്കാൻ എന്തെങ്കിലും വേണോ”?
“അതൊന്നും വേണ്ട, വല്ലാത്ത ചൂടല്ലേ ഒരു തണുത്ത നാരങ്ങ വെള്ളം കിട്ടിയാൽ മാത്രം മതി”നന്ദന മറുപടി പറഞ്ഞു.
“എങ്ങനെയുണ്ട് പുതിയ ഓഫീസ് ഒക്കെ, ഇഷ്ടമായോ നിനക്ക്”
“കുഴപ്പമൊന്നുമില്ല ഏട്ടാ,പിന്നെ അവര് മൂന്നുപേരും ഒറ്റക്കെട്ടാണ്, ബീന ചേച്ചി എന്നു പറയുന്ന സ്ത്രീയെ ഏട്ടൻ കരുതുന്നതുപോലെ അത്ര പാവമൊന്നുമല്ല, വിളഞ്ഞ വിത്താണ്”
” അതെന്താ നിനക്ക് അങ്ങനെ തോന്നാൻ കാര്യം”
” അവര് എന്റെ അടുത്ത് നിൽക്കുമ്പോൾ വളരെ നീറ്റ് ആയിട്ടാണ് സംസാരവും ഇടപഴകലും ഒക്കെ, പക്ഷേ മാറിനിന്ന് ആ വീണയോട് അവര് കുശു കുശുക്കുന്നത് ഞാൻ ഇന്ന് കണ്ടു.”
“ആ നീ ഇന്ന് ആദ്യമായിട്ട് ചെന്നതല്ലേ, നിന്നെ അവർക്കാർക്കും അത്രകണ്ട് അറിയത്തും ഇല്ലല്ലോ, അതിന്റെയൊക്കെ ആയിരിക്കും, വീണ എന്തെങ്കിലും നിന്നോട് മിണ്ടാൻ വന്നോ ”
” അവൾ എന്നോട് ഒന്നും സംസാരിച്ചില്ല കേട്ടോ, ഞാനും മൈൻഡ് ചെയ്യാൻ പോയില്ല, എന്റെ കെട്ടിയവനെ വായി നോക്കിയിരുന്ന അവളോട് എന്തോ പറയാനാണ്”
ചുണ്ട് കൂർപ്പിച്ചുകൊണ്ട് പറയുന്നവരെ നോക്കി ഭദ്രൻ കണ്ണീറുക്കി കാണിച്ചു..
വെള്ളം കുടിച്ചിട്ട് അവിടുന്ന് ഇറങ്ങുമ്പോൾ,നാലഞ്ച് പരിപ്പുവട കൂടി അവൻ വാങ്ങിയിരുന്നു.
ആദ്യമായി ഓഫീസിൽ പോയിട്ട് നന്ദന മടങ്ങി വരുന്നതും കാത്ത് ഗീതമ്മയും മക്കളും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു.
വിശേഷങ്ങൾ ഒക്കെ ചോദിച്ചറിയുവാൻ വേണ്ടി.
കുഴപ്പമൊന്നും ഇല്ലെന്നും, ജോലിയൊക്കെ വളരെ എളുപ്പമാണെന്ന്, അച്ചായൻ എല്ലാ സഹായവും ചെയ്തു കൂടെയുണ്ടെന്നും ഒക്കെ നന്ദു അമ്മയോടും അനുജത്തിമാരോടും അറിയിച്ചു..
അതൊക്കെ കേട്ട് കഴിഞ്ഞപ്പോഴാണ് അവർക്ക് സമാധാനമായത്.
വീട്ടിലെത്തിയ പാടെ വേഷം ഒക്കെ മാറി, എല്ലാം നനച്ചു പിഴിഞ്ഞ് വിരിച്ച ശേഷം, നന്ദന അടുക്കളയിലേക്ക് ചെന്നത്.
അമ്മ ഒറ്റയ്ക്ക് ജോലികളൊക്കെ ചെയ്ത് പൂർത്തിയാക്കിയിരുന്നു.
നാളെ കാലത്തെ, എല്ലാവർക്കും പൊതിച്ചോറ് കൊണ്ടുപോകുവാനുള്ള, കറികളൊക്കെ വയ്ക്കുവാൻ ആയി, അവൾ കുറച്ച് അച്ചിങ്ങാ പയർ എടുത്ത് വെള്ളത്തിലേക്ക് ഇട്ടിരുന്നു, പിന്നീട് ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ഒക്കെ, തൊലി കളഞ്ഞ് വെച്ചു, രണ്ടു നാളികേരം കൂടി പൊതിച്ച് തിരുമ്മി, ഫ്രിഡ്ജിലേക്ക് കയറ്റി വച്ചു..
പണികൾ എളുപ്പമാക്കുവാനായി വേണ്ടി.
ഗീതമ്മ വന്നപ്പോൾ അവൾ എല്ലാം സെറ്റ് ചെയ്തു വച്ചിട്ടുണ്ട്.
” ഓഫീസിൽ പോയിട്ട് മടുത്തു വന്നതല്ലേ മോളെ, വെറുതെ എന്തിനാ, ബുദ്ധിമുട്ടിയത്. ഇതൊക്കെ അമ്മയ്ക്ക് ചെയ്യാവുന്ന ജോലികളെ ഉള്ളൂ കേട്ടോ”
” അതൊന്നും സാരമില്ല അമ്മേ, ഞാൻ അവിടെപ്പോയി ഇരുന്നുള്ള ജോലികളൊക്കെ അല്ലേ. അതൊക്കെ പെട്ടെന്ന് തന്നെ കഴിയുംന്നേ… അങ്ങനെ മടുപ്പ് ഒന്നുമില്ല.. ”
പറഞ്ഞുകൊണ്ട് അവൾ അച്ചിങ്ങ തോരൻ വെക്കുവാനായി അരിയുകയാണ്.
പിന്നീട് വിളക്ക് കൊളത്തിലും നാമം ജപിക്കലും ഒക്കെയായി.
മിന്നുവിനും അമ്മുവിനും, എക്സാം ആയതുകൊണ്ട്, രണ്ടാളും ഇരുന്നു പഠിക്കുകയായിരുന്നു.
നന്ദനയും അവരോടൊപ്പം പോയിരുന്നു.
സംശയങ്ങളൊക്കെ തീർത്തു കൊടുക്കുവാൻ വേണ്ടി.
രാത്രിയിൽ അത്താഴവും കഴിഞ്ഞ്, അടുക്കള ഒക്കെ ഒതുക്കി പെറുക്കി വെച്ച ശേഷം, കിടക്കുവാനായി ചെന്നപ്പോൾ ഭദ്രൻ ഫോണിൽ എന്തോ നോക്കിക്കൊണ്ട് കിടക്കുകയായിരുന്നു.
മുടിയെല്ലാം പിന്നി മേടഞ്ഞിട്ട്, നെറ്റിയിൽ തൊട്ടു വച്ചിരുന്ന ചെറിയ വട്ടപ്പൊട്ട് എടുത്ത് അലമാരയിൽ ഒട്ടിച്ച്, അവൾ ബെഡിലേക്ക് വന്നു ഇരുന്നു.
എന്നിട്ട് ഒന്ന് ഞെളിഞ്ഞു കുത്തി കൈകൾ രണ്ടും വലിച്ചു കുടഞ്ഞു,
ഹ്മ്മ്… എന്തുപറ്റി, മടുത്തു പോയോ പെണ്ണേ നീയ്?
ഭദ്രൻ ചോദിച്ചതും, നന്ദന അവന്റെ നെഞ്ചിലേക്ക്, മുഖം ചേർത്ത് വെച്ച് കിടന്നു കഴിഞ്ഞിരുന്നു..
” നിനക്ക് പറ്റുമെങ്കിൽ മാത്രം ഈ ജോലിക്ക് പോയാൽ മതി, കേട്ടോ നന്ദനെ. സത്യം പറഞ്ഞാൽ എനിക്ക് ഒട്ടും താല്പര്യമില്ല നിന്നെ ജോലിക്ക് വിടാൻ, പിന്നെ നിനക്കും അമ്മയ്ക്കും ഒക്കെ നിർബന്ധമായത് കൊണ്ട് മാത്രം ഞാൻ സമ്മതം മൂളിയത്”
അവളുടെ മുടിയിഴകളിൽ മെല്ലെ വിരൽ ഓടിച്ചു കൊണ്ട് ഭദ്രൻ പറഞ്ഞു..
“വേറെ പ്രശ്നമൊന്നും ഇല്ലന്നേ, ഇത്രനേരം ഒരു കുഴപ്പവും ഇല്ലായിരുന്നു, ഇപ്പോൾ ഇവിടെ വന്ന് ഇരുന്നപ്പോൾ ചെറിയൊരു നടുവിന് വേദന പോലെ ”
“നീ ഇവിടെ കിടക്ക് ഞാൻ ആ ബാം എടുത്തു കൊണ്ടുവന്നു നന്നായിട്ട് ഒന്ന് തിരുമ്മി തരാം,”
“വേണ്ടെന്നേ അതിന്റെ ആവശ്യമൊന്നുമില്ല.. കുറച്ചു കഴിയുമ്പോൾ മാറിക്കോളും ”
അവൾ പറഞ്ഞുവെങ്കിലും, ഭദ്രൻ അത് സമ്മതിച്ചില്ല. എഴുന്നേറ്റ് ചെന്ന് അലമാര തുറന്നു, വേദന മാറുവാനായി പുരട്ടുന്ന ക്രീം എടുത്തുകൊണ്ടുവന്നു..
” അപ്പോഴേക്കും നന്ദന എഴുന്നേറ്റു.
ഇങ്ങട് തന്നേക്കൂ,ഞാൻ പുരട്ടി കൊള്ളാം കേട്ടോ…. വെറുതെ ഏട്ടന്റെ കയ്യിൽ ഒന്നും പറ്റിക്കേണ്ടന്നേ..
അപ്പോഴേക്കും ഭദ്രൻ അതിന്റെ ക്യാപ്പ് തുറന്നു കുറച്ച് കയ്യിലേക്ക് പകർത്തിയിരുന്നു.
” നിന്നു ചിണങ്ങാതെ കേറി കിടക്കു പെണ്ണേ…”
അവൻ കണ്ണുരുട്ടി.
“ശോ… ഈ ഭദ്രേട്ടന്റെ കാര്യം…. എനിക്ക് അത്രയ്ക്ക് വേദനയൊന്നും ഇല്ലന്നേ ”
അവൾ ബെഡിലേക്ക് കയറി ഒരു വശം ചെരിഞ്ഞു കിടന്നു..
ടോപ് പതിയെ മേലോട്ട് ഉയർത്തിയ ശേഷം അവൻ നന്നായി ഒന്ന് അമർത്തി തിരുമ്മി കൊടുത്തു.
ഏകദേശം ഒരു 10 മിനിറ്റോളം അവൻ നന്നായി മസാജ് ചെയ്തു കൊടുത്തു.
ഇപ്പോൾ എങ്ങനെയുണ്ട് നിനക്ക് ആശ്വാസമായോ?
ഭദ്രൻ ചോദിച്ചുവെങ്കിലും പെണ്ണിന്റെ ഭാഗത്തുനിന്നും യാതൊരു അനക്കവും വന്നില്ല..
നന്ദേ…
അവളുടെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് നോക്കിയതും ആള് നല്ല സുഖമായി ഉറങ്ങിയിരുന്നു..
ഇങ്ങനെയൊരു സാധനം…. എത്ര ദിവസം പോകുമെന്നുള്ളത് കണ്ടറിയണം.
പിറുപിറുത്തു കൊണ്ട് അവൻ നന്ദനയുടെ അരികിൽ ആയി വന്നു കിടന്നു.
ഒരാഴ്ച പെട്ടെന്നാണ് കടന്നു പോയത്. നന്ദന എല്ലാദിവസവും കാലത്തെ ഭദ്രനോടൊപ്പം ഓഫീസിലേക്ക് പോകും. തിരികെ അവന്റെ ഒപ്പം ആയിരിക്കും മിക്കവാറും ദിവസങ്ങളിൽ വന്നതും. ഇതിനോട് ഇടയ്ക്ക് ഓഫീസ് ജോലികൾ ഒക്കെ അവൾ നന്നായി പഠിച്ചു. അവളുടെ കഴിവിനെ വളരെയധികം പ്രശംസിക്കുവാൻ ജോസ് അച്ചായനും സൂസമ്മച്ചിയും മറന്നില്ല. ഓഫീസിലെ സ്റ്റാഫ് എല്ലാവരും അവളെ ഒരു ശത്രുവിനെ പോലെയായിരുന്നു കണ്ടത്.അതെന്താണെന്നുള്ളത് നന്ദനയ്ക്ക് വ്യക്തമല്ലയിരുന്നു. എങ്കിലും എല്ലാം കണ്ടില്ല കേട്ടില്ല എന്ന് നടിച്ചുകൊണ്ട് അവൾ മുന്നോട്ടുപോയി..
ഓരോ ദിവസം ചെല്ലുന്തോറും നന്ദന വരുമ്പോൾ,ടോണി അവളെ അടിമുടി നോക്കി വെള്ളം ഇറക്കും.
ഇടയ്ക്കൊക്കെ അവന്റെ സിസ്റ്റത്തിന് എന്തെങ്കിലും കമ്പ്ലൈന്റ് ആണെന്ന് വരുത്തിതീർത്ത്,നന്ദനയുടെ അരികിലേക്ക് വന്നിരിക്കും,എന്നിട്ട് അറിയാത്ത മട്ടിൽ അവളുടെ,കൈത്തണ്ട യിൽ ഒക്കെ ഒന്ന് അവൻ വിരൽ ഓടിക്കും,
നന്ദനയ്ക്ക് അത് വളരെ അസ്വസ്ഥത ഉളവാക്കി.
അതുകൊണ്ട്,പിന്നീട് എന്തെങ്കിലും കാര്യത്തിനായി അവൻ വരുമ്പോൾ നന്ദന പെട്ടെന്ന് ചേയറിൽ നിന്നും എഴുന്നേറ്റ് മാറുമായിരുന്നു..
**-*
അങ്ങനെയിരിക്കെ ഒരു ദിവസം,ജോസ് അച്ചായനും ആയിട്ട് ഒന്നും മിനുങ്ങി,രണ്ടെണ്ണം അടിക്കുകയായിരുന്നു ടോണി.
” നമ്മുടെ ഭദ്രന്റെ കൊച്ച് എങ്ങനെയുണ്ടെടാ, അവൾ വന്നതിൽ പിന്നെ നിനക്ക് സഹായം ആകുന്നുണ്ടോ”
അച്ചായൻ ചോദിച്ചു.
” കുഴപ്പമൊന്നുമില്ലന്നേ, പിന്നെ സത്യം പറഞ്ഞാൽ നമ്മുടെ ഓഫീസിലെ ഇങ്ങനെ ഒരു സ്റ്റാഫിന്റെ അത്യാവശ്യമൊന്നും ഇപ്പോൾ ഇല്ലായിരുന്നു,കേട്ടോ ”
” എന്നതായാലും ഇരിക്കട്ടെടാ, സൂസമ്മയ്ക്ക് നിർബന്ധം ആയിരുന്നു, നന്ദനക്ക് ഇവിടെ ഒരു ജോലി കൊടുക്കണം എന്നുള്ളത്, ആദ്യമായിട്ട് ആ ഗീതമ്മ അവളോട് ആവശ്യപ്പെട്ടതല്ലേ, അതങ്ങ് നിറവേറ്റി കൊടുത്തു അത്രതന്നെ . പിന്നെ എന്നതായാലും ശരി അവള് നല്ല ആത്മാർത്ഥതയുള്ള കുട്ടിയാണ്, ”
“ഹ്മ്മ് “…. അവനൊന്നു മൂളി…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…