Novel

പ്രിയമുള്ളവൾ: ഭാഗം 66

രചന: കാശിനാഥൻ

ഓഫീസിൽ നടന്ന വിവരങ്ങളൊക്കെ അറിഞ്ഞുകൊണ്ട് അവിടെ ഉണ്ടായിരുന്ന ആളുകളൊക്കെ തടിച്ചുകൂടി.

എല്ലാവരുടെയും മുന്നിൽ ഒരു കുറ്റവാളിയെ പോലെ നിൽക്കുകയാണ് നന്ദന.

താനിപ്പോൾ എന്തുപറഞ്ഞാലും അതൊന്നും ആളുകൾ വിശ്വസിക്കുകയില്ല എന്നുള്ളത് അവൾക്ക് ഉറപ്പായിരുന്നു.

അതുകൊണ്ട് അവൾ നിശബ്ദത പാലിച്ചു.

അത്രയും ദിവസവും വളരെ സ്നേഹത്തോടെ തന്നെ കണ്ടിരുന്ന സൂസമ്മച്ചിയും അവരുടെ മക്കളും ഒക്കെ, ഇപ്പോൾ ദേഷ്യത്തിലാണ് നോക്കുന്നത്.

ബീന ചേച്ചിയും വീണയുമൊക്കെ മറ്റുള്ളവരോടു എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്…

ടോണി മാത്രം വിജയശ്രീലാളിതനായി നിൽപ്പുണ്ട്..

ഇടയ്ക്ക് ഒരു തവണ അവൻ നന്ദനയ്ക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞ വാചകത്തിൽ കുരുങ്ങി കിടക്കുകയായിരുന്നു അപ്പോഴും  നന്ദന..

ഇന്നലെ നീയും ഞാനും മാത്രം ഉണ്ടായിരുന്നപ്പോഴല്ലേടി എനിക്കിട്ട് നീ അടിച്ചത്, അത് ഞാൻ അത്ര കാര്യം ആക്കുന്നില്ല…എന്നാൽ ഇന്ന് എല്ലാവരുടെയും മുന്നിൽ വച്ച് ഞാൻ പകരംവീട്ടി… എന്നെ നീ ഒന്ന് അടിച്ചപ്പോൾ നിനക്കിട്ട് ഞാൻ  എത്ര എണ്ണം തിരികെ തന്നു.ഈ ടോണിയോട് കളിക്കാനും മാത്രം ആയിട്ടില്ലടി  നീയൊന്നും..

ജോസ് അച്ചായൻ വന്നിട്ട് ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്ക് പോകാം എന്ന് ആയിരുന്നു നന്ദന ചിന്തിച്ചത്.

പക്ഷേ അച്ചായന് എന്തോ തിരക്കാണെന്നും, നന്ദനെ പറഞ്ഞു വീട്ടിലേക്ക് വിടാനും അയാൾ സൂസമ്മച്ചിയെ ഏർപ്പാടാക്കി.

ഇക്കാര്യം സൂസമ്മ സെക്യൂരിറ്റി ചേട്ടനെ വിളിച്ച് പറഞ്ഞു.

അയാൾ അപ്പോൾ തന്നെ ഒരു ഓട്ടോറിക്ഷ വിളിച്ചു വരികയും ചെയ്തു.

ആരെയും നോക്കാതെ കൊണ്ട് കുനിഞ്ഞ മുഖത്തോടുകൂടി നന്ദന ആ ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി.

ഭദ്രേട്ടൻ ഇത് അറിയുമ്പോൾ ഉണ്ടാകുന്ന, പ്രശ്നങ്ങൾ എത്രത്തോളം വലുതാണെന്ന് ഉള്ളത്, നന്ദനയ്ക്ക് ഓർക്കാൻ പോലും ഭയം ആയിരുന്നു.

ഒരുപാട് തവണ തന്നോട് ചോദിച്ചതാണ്,എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നുള്ളത്,പക്ഷേ ഒരിക്കൽപോലും താൻ അത് പറയാൻ കൂട്ടാക്കിയില്ല.
സത്യം പറഞ്ഞാൽ
പേടിച്ചിട്ട് തന്നെയായിരുന്നു, ടോണി തന്റെ അടുത്ത് അങ്ങനെയൊക്കെ പെരുമാറി എന്നറിഞ്ഞാൽ,  ഏട്ടൻ അവനെ വച്ചേക്കില്ല, അതോർത്ത്  തന്നെയാണ് ഇന്ന് ഒന്നും പറയാഞ്ഞത്.. വീട്ടിൽ ചെന്നിട്ട് സമാധാനത്തോടുകൂടി,  കാര്യങ്ങൾ അവതരിപ്പിക്കണമെന്നും തീരുമാനിച്ചാണ് പുറപ്പെട്ടത്. പക്ഷേ കാര്യങ്ങൾ ഇത്രത്തോളം ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.

നന്ദനയ്ക്ക് തന്റെ കാലുകൾ ഒക്കെ കുഴഞ്ഞു പോകും പോലെ തോന്നി.

എവിടേക്കെങ്കിലും ഓടി ഒളിക്കാനുള്ള മനസ്സുണ്ട്, പക്ഷേ പോകാൻ ഒരിടം പോലും തനിക്ക് ഇന്ന് ഇല്ല. എല്ലാം തന്റെ എടുത്തുചാട്ടത്തിൽ നിന്നും ഉണ്ടായത് ആണ്..

വീടിന്റെ വാതുക്കൽ ഓട്ടോയിൽ വന്നിറങ്ങിയപ്പോൾ, ഗീതമ്മ ഉമ്മറത്ത് ഇരിപ്പ് ഉണ്ട്…

നന്ദന ഓട്ടോക്കാരന് കൂലിയു കൊടുത്തു മുറ്റത്തേക്ക് നടന്നു വന്നപ്പോൾ ഗീതമ്മയും ഇറങ്ങി വന്നിരുന്നു.

എന്തോ കറിക്ക് നുറുക്കി കൊണ്ട് ഇരിക്കുകയായിരുന്നു ഗീതമ്മ. ആ പ്ലേറ്റും കയ്യിൽ പിടിച്ചു കൊണ്ടാണ് അവര് ഇറങ്ങിവന്നത്.

“എന്താ മോളെ,,എന്താണ് ഈ സമയത്ത്.. ഞാൻ കരുതിയത് ഇന്ന് മൊത്തം നീ ജോലി ചെയ്തിട്ട് വരുവൊള്ളൂ എന്നാണ് കേട്ടോ… ”

കരഞ്ഞു കലങ്ങിയ മിഴികളോടെ അവൾ ഗീതമ്മയെ ഒന്ന് നോക്കി.
എന്നിട്ട് അവരെ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു..

“എന്താ.. എന്ത് പറ്റി എന്റെ കൊച്ചിന്… യ്യോ, എന്തിനാ നീ ഇങ്ങനെ കിടന്ന് കരയുന്നത് കുഞ്ഞേ.. ”

നന്ദനയുടെ കരച്ചിൽ കണ്ട് ഗീതമ്മയും അവളുടെ ഒപ്പം കരയാൻ തുടങ്ങി.

അയൽവക്കത്തെ ആളുകളൊക്കെ തലപൊക്കി നോക്കാൻ തുടങ്ങിയതും, ഗീതമ്മ പതിയെ നന്ദനയെയും കൂട്ടി അകത്തേക്ക് കയറിപ്പോയി.

“എന്താ പറ്റിയത് എന്റെ മോൾക്ക്, അമ്മയോട് പറ, ഇങ്ങനെ കരഞ്ഞ് നിലവിളിക്കാനും മാത്രം എന്താ പറ്റിയത് “?

അകത്തെ മുറിയിലെ കട്ടിലിൽ നന്ദനയെ തന്നോട് ചേർത്ത് ഇരുത്തിക്കൊണ്ട് ഗീതമ്മ ചോദിച്ചു..

തലേദിവസം മുതൽ നടന്ന കാര്യങ്ങൾ ഒക്കെ വള്ളിപ്പുള്ളി വിടാതെ നന്ദന അമ്മയെ പറഞ്ഞു കേൾപ്പിച്ചു.

എല്ലാം കേട്ട് കഴിഞ്ഞതും അവരുടെ മുഖം വലിഞ്ഞു മുറുകി.

“മോൾ ഇവിടെ ഇരിക്ക്, ഞാൻ സൂസമ്മച്ചിയെ കണ്ട കാര്യങ്ങളൊക്കെ പറഞ്ഞിട്ട് വരാം..”
തിടുക്കത്തിൽ എഴുന്നേറ്റ് പോകാൻ തുടങ്ങിയ ഗീതമ്മയെ നന്ദന പിടിച്ചു നിറുത്തി.

“വേണ്ട, അമ്മ ഒരിടത്തേക്കും പോകണ്ട, ഇപ്പോൾ ഇതൊന്നും പറഞ്ഞാലും ആരും വിശ്വസിക്കുകയും ഇല്ല ”

“അങ്ങനെ പറഞ്ഞാൽ ഒക്കില്ലല്ലോ,ജോലിക്ക് വന്ന പെങ്കൊച്ചിനോട് അവൻ തോന്നിവാസം കാണിച്ചതും പോരാ, ഇപ്പോൾ അവളെ കളിയാക്കുകയും കൂടി ചെയ്തു, അവനെ വെറുതെ വിടാൻ പറ്റില്ല”

അലമാരയ്ക്കകത്തു നിന്നും ഉടുക്കുവാൻ ഉള്ള സാരിയെടുത്ത് കട്ടിലിലേക്ക് ഇടുകയാണ് ഗീതമ്മ

“അമ്മേ… ഇനി അമ്മ അവിടെ ചെന്ന് ഈ കാര്യങ്ങളൊക്കെ പറഞ്ഞാൽ, ടോണി ഏതൊക്കെ രീതിയിലായിരിക്കും കള്ളക്കഥകൾ, പറഞ്ഞു ഉണ്ടാക്കുന്നതെന്ന്, എനിക്കറിഞ്ഞുകൂടാ, അതുകൊണ്ട് ദയവുചെയ്ത് ഞാൻ പറയുന്നത് അമ്മയൊന്ന് കേൾക്കണം, ഇപ്പോൾ ഇനി ഒരിടത്തേക്കും പോകണ്ട, ഈശ്വരൻ എന്നൊരു ശക്തിയുണ്ടെങ്കിൽ എന്റെ നിരപരാധിത്വം തെളിയും, അതുമതി അമ്മേ ”

തന്റെ മുന്നിലിരുന്ന് പൊട്ടിക്കരയുന്ന നന്ദനയെ കാണും തോറും ഗീതമ്മയ്ക്ക് നെഞ്ചു വിങ്ങി.

” എന്നാലും എന്റെ മോൾക്ക് അവനോടെങ്കിലും ഇന്നലെ നടന്ന കാര്യങ്ങൾ ഒന്ന് തുറന്നു പറയായിരുന്നില്ലേ, എല്ലാം ഒളിപ്പിച്ചുവെച്ചതു കൊണ്ടല്ലേ ഇന്ന് കാര്യങ്ങൾ ഇത്രയും വഷളായത്, നമ്മൾ പെണ്ണുങ്ങൾക്ക് സ്വന്തം ഭർത്താവിന്റെ മുന്നിൽ ഒരു രഹസ്യങ്ങളും പാടില്ല മോളെ, അത് തിരിച്ചും അങ്ങനെ തന്നെ വേണം,, അവൻ ഒരുപാട് നിന്നോട് ചോദിച്ചതായിരുന്നില്ലേ, ഒരിക്കലെങ്കിലും ഒന്ന് സൂചിപ്പിക്കുവാനുള്ള മനസ്സെങ്കിലും കാട്ടിയിരുന്നെങ്കിൽ ഇന്ന്  നിന്റെ തല അവരുടെ മുന്നിൽ താഴില്ലായിരുന്നു.

തന്റെ ഉള്ളിലുള്ള  തോന്നൽ ഗീതമ്മ മരുമകളുടെ മുന്നിൽ തുറന്നുകാട്ടി.

അത് 100% സത്യമാണെന്ന് നന്ദനയും ഓർക്കുകയായിരുന്നു

ഇതെല്ലാം അറിഞ്ഞു കഴിയുമ്പോൾ അവൻ ഏത് രീതിയിലാണ് പ്രതികരിക്കുന്നത്, അത് ഓർക്കുമ്പോഴാണ് എന്റെ പേടി…. മോളെ ഞാൻ എന്തായാലും സൂസമ്മച്ചിയുടെ അടുത്ത് ഒന്ന് പോയിട്ട് വരട്ടെ, കാര്യങ്ങളൊക്കെ സൂസമ്മച്ചിയെ അറിയിക്കാം, അവര് പറഞ്ഞിട്ട് ജോസച്ചായൻ  തന്നെ ഭദ്രനോട് എല്ലാം തുറന്നു പറയട്ടെ, ഇല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും കുഞ്ഞേ.

വേണ്ടമ്മേ.. Mഅമ്മ ഇപ്പോൾ തൽക്കാലം എവിടെയും പോകണ്ട… ഒറ്റയ്ക്ക് ഈ വീട്ടിൽ ഇരുന്നാൽ ഞാൻ ചിലപ്പോൾ വല്ല കടുംകൈയും ചെയ്തു പോകും..

അവളുടെ ആ പറച്ചില് കേട്ടതും  ഗീതമ്മയെ കിടുങ്ങി വിറച്ചു..

“എന്റെ പൊന്നു കുഞ്ഞേ നീ വേണ്ടാത്തതൊന്നും ചിന്തിക്കുക പോലും അരുത്,, ഈയൊരു ചെറിയ കാര്യത്തിനു വേണ്ടിയാണോ, ഇങ്ങനെയൊക്കെ കരുതുന്നത്.  ഞാൻ നല്ല പെട വെച്ച് തരും കേട്ടോ… ”

അവർ കയ്യോങ്ങിക്കൊണ്ട് അവളുടെ നേരെ ചെന്നു.

***

പാലക്കാടേക്ക് ലോഡ് എടുക്കുവാൻ പോയപ്പോഴാണ് ജോസ് അച്ചായൻ അത്യാവശ്യമായിട്ട് തിരികെ വരാൻ പറഞ്ഞത്.

എന്താണ് കാര്യമെന്ന് അവൻ കുറെ ചോദിച്ചുവെങ്കിലും, വേറെ പ്രശ്നമൊന്നും ഇല്ലെന്ന് ഉടനെ, നീയൊന്നു  വരാനും ആണ് അദ്ദേഹം പറഞ്ഞത്…

ആദ്യം അവൻ ഫോണെടുത്ത്, നന്ദനയെ വിളിച്ചു.കാരണം ജോലി നിർത്തുന്ന, വിവരം വല്ലതും അവൾ ജോസ് അച്ചായനോട് പറഞ്ഞോ എന്ന് അറിയുവാൻ വേണ്ടിയായിരുന്നു. എന്നാൽ നന്ദന ഫോൺ എടുക്കാഞ്ഞപ്പോൾ, ഭദ്രന് പേടി തോന്നി.

ഉടനെ തന്നെ അവൻ ബീന ചേച്ചിയെ വിളിച്ചു..
നന്ദന അകത്തെന്തോ ജോലിയിലാണ് എന്നാണ് അവർ പറഞ്ഞത്.
പക്ഷേ സത്യത്തിൽ അവൾ അപ്പോഴേക്കും വീട്ടിലേക്ക് മടങ്ങി പോയിരുന്നു,അഥവാ അവൻ വിളിച്ചാലും, അങ്ങനെ പറയാവുള്ളൂ എന്ന് ജോസച്ചായൻ ആയിരുന്നു, ബീനയോടും വീണയോടും ഒക്കെ പറഞ്ഞത്…

വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും, ആ ലേലം നമ്മുടെ കൈവിട്ടു പോയെന്നും ഒക്കെ, ആയിരുന്നു അച്ചായൻ ഭദ്രനോട് ഫോണിൽ കൂടി പറഞ്ഞത്.

അതായിരിക്കും സത്യം എന്ന് കരുതി ഭദ്രൻ, തിരികെ വണ്ടിയോടിച്ചു പോന്നു.

സങ്കടം വന്നാലും സന്തോഷം വന്നാലും അച്ചായൻ, ഭദ്രനുമായിട്ട് കൂടുന്ന ഒരു സ്ഥലമുണ്ട്, റബർ തോട്ടത്തിന് നടുവിലുള്ള, അച്ചായന്റെ  ഔട്ട് ഹൌസ്,

നന്ദനയെ അവിടെ കൊണ്ടുവന്നായിരുന്നു ഭദ്രൻ പാർപ്പിച്ചത് പോലും.

ഏറെ നാളുകൾക്കു ശേഷം വീണ്ടും അവൻ വണ്ടിയോടിച്ച് അവിടേക്ക് പോയി.

തോട്ടത്തിന്റെ നടുവിലൂടെയുള്ള ചെറിയ ടാറിട്ട വഴിയിലൂടെ, തന്റെ വണ്ടിയിൽ ചെല്ലവേ, അകലെ നിന്നും അച്ചായന്റെ കാറ്, മുറ്റത്ത് കിടക്കുന്നത്.

വണ്ടി കൊണ്ടുപോയി ഒതുക്കി നിർത്തിയിട്ട്, ഭദ്രൻ ചാടി ഇറങ്ങി.

തന്റെ കാവി മുണ്ട് ഒന്നൂടെ മുറുക്കിയുടുത്ത് അവൻ അകത്തേക്ക് കയറി ചെന്നു …..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button