Novel

പ്രിയമുള്ളവൾ: ഭാഗം 67

രചന: കാശിനാഥൻ

ഏറെ നാളുകൾക്കു ശേഷം വീണ്ടും വണ്ടിയോടിച്ച് കൊണ്ട് ഭദ്രൻ അച്ചായന്റെ ഫാoഹൗസിലേക്ക്  പോയി.

തോട്ടത്തിന്റെ നടുവിലൂടെയുള്ള ചെറിയ ടാറിട്ട വഴിയിലൂടെ, തന്റെ വണ്ടിയിൽ ചെല്ലവേ, അകലെ
അച്ചായന്റെ കാറ്, മുറ്റത്ത് കിടക്കുന്നത് കണ്ടു.

വണ്ടി കൊണ്ടുപോയി ഒതുക്കി നിർത്തിയിട്ട്, ഭദ്രൻ ചാടി ഇറങ്ങി.

തന്റെ കാവി മുണ്ട് ഒന്നൂടെ മുറുക്കിയുടുത്ത് അവൻ അകത്തേക്ക് കയറി ചെന്നു.

അച്ചായൻ അകത്തെ മുറിയിൽ ഉണ്ടായിരുന്നു..

സാധാരണയായി, എന്തെങ്കിലും വിഷമമോ, സന്തോഷമോ ഒക്കെ വരുമ്പോൾ അച്ചായൻ രണ്ടെണ്ണം അടിച്ചു കൊണ്ടിരിക്കുന്നതാണ് പതിവ്  എങ്കിലും അന്ന് അയാൾ എന്തൊക്കെയോ മാനസിക പിരിമുറുക്കത്തിൽ അകപ്പെട്ടതായി ഭദ്രന് തോന്നി.

അച്ചായാ..

അവന്റെ വിളിച്ച് കേട്ടതും ജോസച്ചായൻ മുഖമുയർത്തി.

ആഹ്… കേറി വാടാ മോനെ, സെബാൻ ഉണ്ടോ കൂടെ.?

വെളിയിലേക്ക് ഒന്ന് തലയിട്ട് നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.

ഇല്ല.. അവൻ ഇന്ന് അവന്റെ അമ്മച്ചിയെയും കൊണ്ട് ചെക്കപ്പിന് പോകണമായിരുന്നു, രാവിലെ വിളിച്ചു പറഞ്ഞപ്പോൾ,ഞാൻ പിന്നെ അവനോട് അവധി എടുത്തോളാൻ പറഞ്ഞു.

ഹ്മ്മ്…..

ഭദ്രൻ വന്ന് അച്ചായന്റെ അരികിലായി കസേരയിൽ ഇരുന്നു.

” എന്താ അച്ചായാ, മുഖം ഒക്കെ വല്ലാണ്ട് ആയല്ലോ, എന്തിനാ ഇപ്പ തിടുക്കപ്പെട്ടു എന്നെ കാണണമെന്ന് പറഞ്ഞത് ”

” അങ്ങനെ വലിയ കാര്യമായിട്ട് ഒന്നും ഇല്ലടാ ഉവ്വേ, പറയുന്നതൊക്കെ നീ എന്ന സമാധാനപരമായിട്ട് കേൾക്കണം, അത് അച്ചായന്റെ ഒരു അപേക്ഷയാണ്”

മുഖവുര ഒന്നും കൂടാതെ കൊണ്ട് അയാൾ കാര്യത്തിലേക്ക് കടന്നു.

” മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ ഒന്നു പറയുന്നുണ്ടോ  വേഗം ”

“ഹ്മ്മ്… പറയാം, ആദ്യം നീയൊന്നു സമാധാനപ്പെട് ”

” എനിക്ക് സമാധാനത്തിന് ഒട്ടും കുറവില്ല അച്ചായൻ കാര്യം പറഞ്ഞ് തുലയ്ക്ക് ,”

“ഹ്മ്മ്….”..  ഒരു നെടുവീർപ്പോടുകൂടി കാലത്തെ നടന്ന കാര്യങ്ങൾ ഒന്നൊന്നായി ജോസ് അച്ചായൻ, ഭദ്രനോട് പറഞ്ഞു. ടോണി നന്ദനയെ അടിച്ച കാര്യം ഒഴിച്ച്. അതുമാത്രം പറയാൻ അയാൾക്ക് ഭയമായിരുന്നു.

വലിഞ്ഞു മുറുകിയ മുഖത്തോടു കൂടി, ദേഷ്യം കടിച്ചമർത്തി ഇരിക്കുകയാണ് ഭദ്രൻ.

ഇടയ്ക്കൊക്കെ അവൻ തന്റെ കൈമുഷ്ടി ചുരുട്ടുകയും അഴിക്കുകയും ചെയ്യുന്നുണ്ട്.

അതിൽ നിന്നും മനസ്സിലാക്കാമായിരുന്നു അവന്റെ പിരിമുറക്കം എത്രത്തോളമാണെന്നുള്ളത്.

“എടാ…. എനിക്കിപ്പോഴും വിശ്വാസം ആകുന്നില്ല ആ കുട്ടി അങ്ങനെ ഒക്കെ…., പക്ഷേ തെളിവില്ലല്ലോടാ… ബീനയാണ് അവളുടെ ബാഗ് എടുത്ത് പരിശോധിച്ചത്, അപ്പോൾ സൂസമ്മയും പിള്ളേരും ഒക്കെ ഓഫീസ് റൂമിൽ ഉണ്ടായിരുന്നു, ഞാന്, നന്ദനയോട് ചോദിച്ചു, ആ മുറിയിലേക്ക് ബീനയോ മറ്റൊ എപ്പോഴെങ്കിലും കയറി വന്നിരുന്നോ എന്ന്,  ഒരുപക്ഷേ അവരുടെ ആരുടെയെങ്കിലും ട്രാപ്പാണോ ഇതെന്ന് അറിയുവാൻ വേണ്ടിയാണ് ഞാൻ അങ്ങനെ ചോദിച്ചത്, എന്നാൽ, നന്ദനയുടെ ബാഗ് ഇരിക്കുന്ന ഭാഗത്തേക്ക് അവരാരും കടന്നുചെന്നിട്ടില്ല, പിന്നെ ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്നുള്ളത് എനിക്കറിയാൻ മേല കുഞ്ഞേ ”

“അച്ചായാ, തെറ്റ് ആരുടെ ഭാഗത്താണെന്ന് ഉള്ളത് നമ്മൾക്ക് കണ്ടു പിടിക്കാം, തലേദിവസം നന്ദന ഓഫീസിൽ ജോലി അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞ കാര്യങ്ങളും ഒക്കെ സത്യസന്ധമായി തന്നെ അവൻ അച്ചായനോട് പറഞ്ഞു.

“പക്ഷേ, ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്, എന്റെ നന്ദന ഒരിക്കലും ഒരു രൂപ പോലും, ആരുടെയും മോഷ്ടിക്കില്ല, ഇതിപ്പോ എവിടെയാണ് പാകപ്പിഴ വന്നതെന്നുള്ളത്, അറിയണം.. ഞാന് തൽക്കാലം അവളെ ഒന്നു പോയി കാണട്ടെ  കെട്ടോ ”

ഭദ്രൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.

” വേണ്ടടാ ഇപ്പോൾ തൽക്കാലം നീ വീട്ടിലേക്ക് പോകേണ്ട, കുറച്ചു കഴിയട്ടെ, എനിക്കും ഒരു സമാധാനം ഇല്ല  ”

പെട്ടെന്നായിരുന്നു അച്ചായന്റെ ഫോൺ റിങ്ങ് ചെയ്തത്.

നോക്കിയപ്പോൾ ഇളയ മകളാണ്.

” ഹലോ എടി മോളെ പറയെടി, ”

അയാൾ ഫോൺ എടുത്ത് കാതിലേക്ക് ചേർത്തു..

ഹ്മ്മ്…. ശരിയാ
.

അച്ചായന്റെ മിഴികൾ കുറുകുന്നതും വലുതാകുന്നതും ഒക്കെ നോക്കി ഭദ്രൻ അരികിൽ തന്നെ നിന്നു.

പെട്ടെന്ന് തന്നെ അച്ചായൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു.

“എടാ….”

“എന്നാ അച്ചായാ ”

” നമ്മുടെ cctv ഒന്ന് പരിശോധിച്ചു നോക്കണം,, നീ ഒന്ന് വന്നേ വേഗം ”

അയാൾ കൂടുതൽ ഒന്നും പറയാതെ കൊണ്ട്  കാറിന്റെ അടുത്തേക്ക് ഓടി.

വാതില് പൂട്ടി ഇറങ്ങിയത് ഭദ്രനായിരുന്നു.

അപ്പോഴേക്കും അച്ചായൻ വണ്ടിയെടുത്ത് പോയി കഴിഞ്ഞു.

സിസിടിവി യിലെ ഫുടേജ് പരിശോധിച്ചു നോക്കിയാൽ കാര്യങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ, അത് കുറച്ചു ദിവസമായിട്ട് കംപ്ലയിന്റ് ആയി കിടക്കുകയായിരുന്നു, കുറച്ചു ദിവസം മുന്നേഒരു ഞായറാഴ്ച ആണ് ഒരു പയ്യൻ വന്ന് ശരിയാക്കി പോയത്,സത്യത്തിൽ,അത് ഓക്കെയായ വിവരം ഓഫീസിൽ ആർക്കും അറിയില്ലായിരുന്നു. ടോണി അന്ന് കുഞ്ഞിന് പനിയാണെന്നും പറഞ്ഞ് അവന്റെ വീട്ടിലേക്കും പോയത് ആയിരുന്നു. എന്തായാലും ഇവിടെ കള്ളത്തരം കാണിച്ചത് ആരാണെന്നുള്ളത് അതിലൂടെ വ്യക്തമാകുമെന്ന് ഭദ്രന് ഉറപ്പായിരുന്നു, അവന്റെ സംശയം വീണയെ മാത്രമായിരുന്നു. ഓഫീസിൽ ആദ്യമായിട്ട് നന്ദന വന്ന നാൾമുതൽ വീണയ്ക്ക് അവളോട് എന്തൊക്കെയോ പകയുള്ളതായി ഭദ്രന് പലപ്പോഴും തോന്നിയിരുന്നു.അവളെ ഒന്നു സൂക്ഷിക്കണം എന്ന് പലപ്പോഴും ഭദ്രൻ നന്ദനയോട് പറയുകയും ചെയ്തു.
അതുകൊണ്ട് അവന്റെ മനസിൽ നിറഞ്ഞു നിന്നത് വീണയുടെ രൂപം ആയിരുന്നു.

എങ്കിലും നന്ദന തന്നോട് എന്തൊക്കെയോ ഒളിക്കുന്നതായി ഭദ്രന് ഉറപ്പണ്. വൈകുന്നേരം വീട്ടിൽ വന്നശേഷം കാര്യങ്ങളൊക്കെ തുറന്നു പറയാമെന്ന് അവൾ സമ്മതിച്ചിരുന്നു, ഇനി അതും ഇതും ആയിട്ട് എന്തെങ്കിലും ബന്ധം ഉണ്ടോ, അതാണിപ്പോൾ അവന്റെ  അങ്കലാപ്പ്.

നന്ദനയെ ഒന്ന് വിളിക്കണമെന്ന് മനസ്സിൽ തോന്നിയെങ്കിലും,പിന്നീട് അവൻ ആ ഉദ്യമം ഉപേക്ഷിച്ചു.

ഇത്രയും സംഭവ വികാസങ്ങൾ ഉണ്ടായിട്ടുപോലും നന്ദന തന്നെ ഒന്ന് വിളിക്കുകയോ ഒരു കാര്യം പോലും പറയുകയോ ചെയ്തില്ല. ഇനി അവൾ അമ്മയുടെ അടുത്ത് തന്നെ എത്തിച്ചേർന്നിട്ടില്ലേ എന്നും അവൻ അല്പം ഭയപ്പെട്ടു.
എന്തെങ്കിലും,അതിക്രമം കാണിച്ചാലോ, ഫോണിൽ അമ്മയുടെ നമ്പർ ഡയൽ ചെയ്ത ശേഷം, സ്പീക്കർ ഓൺ ചെയ്തു,,

നാലഞ്ചു ബെല്ല് അടിച്ച ശേഷം, അമ്മ ഫോൺ എടുത്തത്,

ഹലോ..മോനേ

ആഹ് അമ്മേ.. എന്നടുക്കുവാ.

ഇത്തിരി വെള്ളം ചൂടാക്കുവാ, ആ ടോണി എന്റെ കുഞ്ഞിന്റെ കരണം അടിച്ചു പൊട്ടിച്ചില്ലേ… നീര് വെച്ചു വീർത്തു ഇരിക്കുവാടാ.

കരഞ്ഞുകൊണ്ട് ഉള്ള അമ്മയുടെ പറച്ചിൽ കേട്ടതും ഭദ്രൻ തരിച്ചിരുന്നു പോയി..

ങ്ങെ
.. അടിച്ചെന്നോ…?

ഉറപ്പുവരുത്തുവാനായി ഭദ്രൻ ഒന്നുകൂടി അമ്മയോട് ചോദിച്ചു.

“ഹ്മ്മ്……. അവരുടെ പൈസ കട്ടെടുത്തു എന്നും പറഞ്ഞു, ടോണി, ഒരുപാട് അടിച്ചു മോനെ ”

” എന്നിട്ട് നന്ദന എവിടെ ”

” മുറിയിലുണ്ട്, വന്നപാടെ കട്ടിലിൽ കയറി കിടന്നു കരയുന്നതാണ്, ഞാൻ എത്ര പറഞ്ഞിട്ടും, കേൾക്കുന്നില്ല,എന്റെ കുഞ്ഞു അങ്ങനെ ഒന്നും ചെയ്യില്ല,നീ ഇനി എപ്പോഴാടാ വരുന്നത്  ”

” താമസിയാതെ എത്തും, അമ്മ ഫോൺ വെച്ചോ ”

ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്ക് ഇട്ടശേഷം വണ്ടിയിൽ ചാടി കയറി.

ടോണിയെ എത്രയും പെട്ടെന്ന്,കാണുവാൻ വേണ്ടി അവൻ ലോറി പായിച്ചു വിട്ടു.

അവളെ അടിച്ച നിന്റെ വലതു കൈ ഞാൻ ഇന്ന് എടുക്കും എടാ പുല്ലേ..

ഭദ്രന്റെ കടപ്പല്ല് എരിഞ്ഞു.

ഓഫീസിന്റെ മുന്നിലായി, പാർക്കിങ്ങിൽ കൊണ്ടുപോയി വണ്ടി ഇട്ടിട്ട്, ഭദ്രൻ , ഓഫീസിലേക്ക് ഓടി കയറി.

ടോണിയെ യാതൊരുവിധ സംശയവും ഇല്ലാത്ത സ്ഥിതിക്ക്, അച്ചായൻ ആണെങ്കിൽ നേരെ ചെന്ന് അവനോടാണ് സിസിടിവി പരിശോദിക്കുന്ന കാര്യം സംസാരിച്ചത്.

അത് കേട്ടതും ടോണി അടിമുടി വിറച്ചു പോയി..

നമ്മുടെ ക്യാമറയൊക്കെ, ഇടി വെട്ടി കമ്പ്ലൈന്റ് ആയി കിടക്കുവല്ലേ അച്ചായാ, അപ്പൊ പിന്നെ എങ്ങനെയാ ചെക്ക് ചെയ്യുന്നത്.ഇനിയിപ്പോ എന്തോ നോക്കാനാ,കാര്യങ്ങളൊക്കെ എല്ലാവർക്കും വ്യക്തമായില്ലേ.ആ പെണ്ണ് ശരിയല്ല ഇച്ചായാ,ഒരു അഹങ്കാരിയാണ് അവൾ,വന്നപ്പോൾ മുതൽ, അവൾ ഇവിടെ അച്ചായനെ കാട്ടിലും വലിയ പുള്ളി ആണെന്നും പറഞ്ഞാണ് നടന്നത്.

വല്ലാത്തൊരു വിമ്മിഷ്ടത്തോടു കൂടി,ടോണി, അത് ചോദിച്ചപ്പോൾ ജോസ് അച്ചായന്റെ ഉള്ളിൽ എന്തോ ഒരു കരട് പോലെ തോന്നിത്തുടങ്ങി.

“പറഞ്ഞതുപോലെ അത് ശരിയാണല്ലോ ഞാൻ ആ കാര്യം വിട്ടുപോയി,”

അയാൾ പറയുകയും ടോണി ഒന്ന് ശ്വാസം എടുത്തു വലിച്ചു.

” ഇത് ആ പെണ്ണിന്റെ പണി തന്നെയാണ് അച്ചായാ, അല്ലാതെ അവളുടെ ബാഗില് ഇവിടെ ആരാ കൊണ്ടുപോയി പൈസ വെക്കുന്നത്,ബീന ചേച്ചിയും വീണയും ഒക്കെ എത്രയോ കാലങ്ങളായിട്ട് ഇവിടെ ജോലി നോക്കുന്നതാണ്, തന്നെയുമല്ല ബീന ചേച്ചി അല്ലേ ഇത് കണ്ടുപിടിച്ചത് പോലും ”

വളരെ ഉത്സാഹത്തോടെ കൂടി, അച്ചായന് വിശ്വസിക്കുന്ന രീതിയിലാണ് ടോണി സംസാരിച്ചത്. പക്ഷേ എവിടെയോ എന്തൊക്കെയോ, ടോ ണിയിൽ കള്ളത്തരങ്ങൾ ഉണ്ടെന്ന്,  അച്ചായന്റെ ഉള്ളിന്റെ ഉള്ളിൽ ആരോ മന്ത്രിച്ച്……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button