പ്രിയമുള്ളവൾ: ഭാഗം 77
രചന: കാശിനാഥൻ
അമ്മയോടോപ്പം പിറന്നാൾ സദ്യ ഒരുക്കുമ്പോൾ ഒക്കെ ഭദ്രനിൽ നിന്നും പാളി വീഴുന്ന നോട്ടം കാണുമ്പോൾ നന്ദുവിന്റെ മുഖത്ത് നാണത്താൽ ചുവന്ന പൂ പുഞ്ചിരി….
തെളിനിലവ് പോലെ ഉദിച്ചു നിൽക്കുകയാണ് അവളെന്നു അവന് അപ്പോൾ തോന്നി..
കുറച്ചു നേരം കഴിഞ്ഞപ്പോൾ മിന്നുവും അമ്മുവും കൂടി വേലി കടന്നു നടന്നു വരുന്നത് അടുക്കളയിലെ ജനാലയിൽ കൂടെ നന്ദു കണ്ടു.
കയ്യിൽ ഒരു കവർ ഒക്കെയായിട്ട് രണ്ടാളും കൂടെ ഉമ്മറത്തേക്ക് കയറി.
ഭദ്രനോട് എന്തൊക്കെയോ പറയുന്നുണ്ട്.
നന്ദു അപ്പോള് അടുപ്പത്തു ഇരിക്കുന്ന കാബ്ബേജ് തോരൻ പതിയെ ഇളക്കുകയാണ്..
“മോളെ നന്ദനെ ”
അമ്മ വിളിച്ചപ്പോൾ അവള് തിരിഞ്ഞു നോക്കി.
“ഇത്തിരി കറി വേപ്പില പൊട്ടിയ്ക്ക്, ഈ പരിപ്പ് ഒന്ന് താളിയ്ക്കാൻ ”
“ആഹ് ഇപ്പൊ കൊണ്ട് വരാം ”
അടുക്കളയുടെ പിന്നിൽ കൂടെ ഇറങ്ങിയിട്ട് തൊടിയിലേക്ക് വേഗം ചെന്നു കറിവേപ്പ് ചായിച്ചു ഇല എടുത്തു.
പരിപ്പ്, പപ്പടം, നെയ്, അവിയൽ തോരൻ, മെഴുക്ക്വരട്ടി, ഉള്ളി തീയൽ, മാങ്ങാ അച്ചാർ, പച്ച മോര്.പിന്നെ പായസവും
ഇത്രയും ആയിരുന്നു പിറന്നാൾ സദ്യയ്ക്ക് ഉണ്ടാക്കിയത്..
നന്ദുവിനു ആണെങ്കിൽ കണ്ണ് നിറഞ്ഞു പോയി എല്ലാം കൂടെ കണ്ടപ്പോൾ.
അമ്മയെ കെട്ടിപിടിച്ചു അവൾ ആ കവിളിൽ മുത്തി.
അപ്പോളേക്കും അമ്മുവും മിന്നുവു കൂടെ ഒരു കവർ കൊണ്ട് വന്നു അവൾക്ക് കൊടുത്തു.
ഒരു ചുരിദാർ ആയിരുന്നു.
ലാവെൻഡർ നിറം ഉള്ള മനോഹരമായ ഒരു ചുരിദാറു.
എല്ലാം കൂടെ കണ്ടപ്പോൾ നന്ദുവിന് പിന്നെയും സങ്കടം കൂടി..
ഏടത്തി ഇപ്പൊ ആലോചിക്കുന്നത് എന്താണെന്ന് ഞാൻ പറയട്ടെ.
അമ്മു നന്ദുവിനെ നോക്കി ചോദിച്ചപ്പോൾ ഭദ്രന്റെ നെറ്റി ചുളിഞ്ഞു.
നന്ദു പക്ഷെ മറുപടി ഒന്നും പറയാതെ അമ്മുവിന്റെ മുഖത്തേക്ക് നോക്കി.
” ഇതിനൊക്കെ പകരം ആയിട്ട് എന്താണ് തരേണ്ടത് എന്ന് ആണെങ്കിൽ അതിനു ഉത്തരം ഉണ്ട് കെട്ടോ ”
അവള് പറഞ്ഞതും അമ്മയും മിന്നുവും പരസ്പരം ഒന്ന് നോക്കി, എന്താണ് എന്ന ഭാവത്തിൽ.
“അതേയ്.. ആ കൈ നോട്ടക്കാരി വന്നു പറഞ്ഞപോലെ ഒരു കുഞ്ഞിവാവയെ മാത്രം തന്നാൽ മതി ഞങ്ങൾക്ക്.. മറ്റൊന്നും വേണ്ടാ ”
അവളുടെ പറച്ചില് കേട്ടതും ഭദ്രൻ മുഖം കൂർപ്പിച്ചു ഒന്ന് അമ്മുവിനെ നോക്കി. എന്നിട്ട് ആരും അറിയാത്ത മട്ടിൽ നന്ദുവിനെയും.
അവളുടെ മുഖത്ത് നിന്നും രക്തം തൊട്ട് എടുക്കാം, ആ പരുവത്തിൽ ആയിരുന്നു പെണ്ണ്..
“നേരാ, ഇനി എന്നാണോ നമ്മുടെ കുഞ്ഞുവാവ വരുന്നത്, കാണാൻ കൊതി ആയിട്ട് വയ്യാ..,”
പെൺകുട്ടികൾ രണ്ടാളും കൂടി പിന്നെ അതായിരുന്നു ചർച്ച.
ഗീതമ്മ ഒന്നും പറഞ്ഞില്ല, എന്നാൽ ഉള്ളു കൊണ്ട് കുറേ പ്രാർത്ഥിച്ചു, ആയുസും ആരോഗ്യവും ഉള്ള ഒരു വാവയെ നൽകണേ എന്ന്.
അങ്ങനെ പിറന്നാൾ സദ്യ ഒക്കെ കഴിഞ്ഞു എല്ലാവരും ഒന്ന് വിശ്രമിക്കൻ വേണ്ടി കുറച്ചു സമയം പോയി കിടന്നു.
ഭദ്രൻ ആണെങ്കിൽ അച്ചായനെ ഒന്ന് കണ്ടിട്ട് വരാം എന്ന് പറഞ്ഞു ഇറങ്ങി പോയപ്പോൾ നന്ദു വന്നു ബെഡിൽ കേറി കിടന്നു.
തലേ രാത്രി സമ്മാനിച്ച പുതിയ സുഖങ്ങൾ ഓർത്തപ്പോൾ പെണ്ണിന് വല്ലാത്ത നാണം, ഒപ്പം ഒരു കുളിരും.
മിന്നുവിന്റെയും അമ്മുവിന്റെയും പറച്ചില് കൂടി ആയപ്പോൾ അറിയാതെ അവളുടെ വലതു കൈ വന്നു ആ വയറിൽ പൊതിഞ്ഞു.
**
ഭദ്രനെ കണ്ടില്ലലോ മോളെ, ഒന്ന് വിളിച്ചു നോക്കിക്കേ…
നാല് മണി കഴിഞ്ഞിട്ടും മകൻ തിരിച്ചു വരാഞ്ഞപ്പോൾ അമ്മ വന്നിട്ട് മിന്നുവിനോട് പറഞ്ഞു.
ഫോൺ എടുത്തു വിളിച്ചപ്പോൾ വന്നൊണ്ട് ഇരിക്കുവാണെന്ന് അവൻ പറഞ്ഞു.
നന്ദന കുളിക്കാൻ കയറിയത് ആയിരുന്നു,, ഗീതമ്മ കൊടുത്ത ചായയും ഊതി കുടിച്ചു കൊണ്ട് അര ഭിത്തിയിൽ ഇരുന്ന് കഥകൾ പറയുകയാണ് പെൺകുട്ടികൾ.
ഭദ്രന്റെ ബൈക്കിന്റെ ശബ്ദം കേട്ടതും രണ്ടാളും മുഖം തിരിച്ചു വഴിയിലേക്ക് നോക്കി.
ഇതെന്താടി വല്യേട്ടന്റെ കൈയിൽ..
മിന്നു അടുത്തിരിക്കുന്ന അമ്മുവിനെ നോക്കി ചോദിച്ചു.
ആഹ് അറിയില്ലല്ലോ.. അമ്മേ, ഒന്ന് വന്നേ ഇങ്ങട്.
രണ്ടാളും കൂടെ മുറ്റത്തേയ്ക്ക് ഇറങ്ങി ചെന്നു.
അപ്പോളേക്കും നന്ദുവും കുളി കഴിഞ്ഞു ഇറങ്ങി.
പ്രതിഭ ട്യൂഷൻ സെന്റർ…
എന്നൊരു ബോർഡ് ആയിരുന്നു, ഭദ്രന്റെ കൈയിൽ ഉണ്ടായിരുന്നത്.
അമ്മേ… ആ തൂമ്പ ഇങ്ങേടുത്തെ.. ഇത് ഒന്ന് നാട്ടി ഉറപ്പിക്കട്ടെ.
ഭദ്രൻ പറഞ്ഞതും എല്ലാവരും കൂടി അവന്റെ അടുത്തേക്ക് വന്നു.
നന്ദു,,, ഇത് ഇവിടെ ഇരിക്കട്ടെ അല്ലേ… ഏതെങ്കിലും പിള്ളേര് വരുമോ എന്ന് നോക്കാം,,
അപ്പോളാണ് എല്ലാവർക്കും കാര്യം പിടി കിട്ടിയത്.
നന്ദനയ്ക്ക് വേണ്ടി ഒരു ട്യൂഷൻ സെന്റർ തുടങ്ങിയത് ആയിരുന്നു ഭദ്രൻ.
എല്ലാവർക്കും സന്തോഷം ആയി.
“തത്കാലം നമ്മുടെ തിണ്ണയിൽ ഇരുത്തി സ്റ്റാർട്ട് ചെയ്യാം… എന്നിട്ട് ക്ലിക്ക് ആകുവാണേൽ കവലയിൽ ഒരു മുറി എടുക്കാം കേട്ടോടി…”
അവൻ പറയുന്നത് കേട്ടുകൊണ്ട് നന്ദു തല കുലുക്കി.
“ഇനി ജോലിയില്ലെന്നും പറഞ്ഞ് പരാതിയൊന്നും വേണ്ട,നിനക്ക് വട്ടചിലവിനു ഉള്ളത് ഇതിലൂടെ ഒപ്പിച്ചോ…”
മണ്ണിട്ടു ഉറപ്പിച്ച ശേഷം ഭദ്രൻ ഒന്നൂടെ ഒന്ന് ബോർഡിൽ നോക്കി കൊണ്ട് പറഞ്ഞു.
നന്ദനയ്ക്ക് അവനോട് ഏറെ ബഹുമാനവും സ്നേഹവും ഒക്കെ തോന്നിയ നിമിഷം ആയിരുന്നു.
സന്തോഷം കൊണ്ട് അവൾക്ക് കണ്ണ് നിറഞ്ഞപ്പോൾ
ചേച്ചി നല്ല ഒന്നാംതരം ആയിട്ട് പഠിപ്പിക്കും എന്നും ഇഷ്ട്ടം പോലെ പിള്ളേരെ കിട്ടും എന്നും ഒക്കെ പറഞ്ഞു പെൺകുട്ടികൾ രണ്ടാളും അവളെ സപ്പോർട്ട് ചെയ്തു.
എല്ലാവരും കൂടി റോഡിൽ നിന്നപ്പോൾ അതിലെ വന്ന ഓട്ടോക്കാരും ബൈക്ക്കാരും ഒക്കെ ഈ ബോർഡ് കണ്ടു വണ്ടി സ്ലോ ചെയ്തു ആണ് പോയതും.
**
ഒരാഴ്ച്ചക്ക് ശേഷം ഒരു വ്യാഴാഴ്ച.
ആരുമില്ലേ ഇവിടെ..
പുറത്തു നിന്നും ആരോ വിളിച്ചപ്പോൾ നന്ദു ആയിരുന്നു ഇറങ്ങി വന്നത്.
ഒരു ചേച്ചിയും രണ്ടു പെൺകുട്ടികളും.
ഗീതേച്ചി ഇല്ലേ?
ഉണ്ട്.. അകത്തുണ്ട്, കേറി വാ ചേച്ചി.
പറഞ്ഞു കൊണ്ട് അവൾ അവിടെ നിന്നു അമ്മയെ വിളിച്ചു.
ആഹാ ലിജി ആയിരുന്നോ, കേറി വാ, ഇരിയ്ക്ക്…
ഗീത വന്നു അവരെ ഉമ്മറത്തു കിടന്ന കസേരയിൽ ഇരുത്തി.
“മൂത്ത കുട്ടി 7ilum രണ്ടാമത്തെ ആള് 4ഇലും ആണ് പഠിക്കുന്നെ, മാത്‍സ്, പിന്നെ ഇംഗ്ലീഷ്, ഈ രണ്ടു വിഷയം ട്യൂഷൻ എടുക്കാമോ എന്നറിയാൻ വേണ്ടി വന്നത് ആണ്.
കേട്ടപ്പോൾ അമ്മയ്ക്കും നന്ദുവിനും ഒരുപാട് സന്തോഷം ആയി.
കാരണം ബോർഡ് ഒക്കെ വെച്ചിട്ടും ഇതേ വരെ ആയിട്ടും ആരും എത്തിയിരുന്നില്ല… ആദ്യം ആയിട്ട് വന്നത് ആണ് ഇവര്.
നന്ദു പഠിപ്പിക്കാം എന്ന് പറഞ്ഞു കൊണ്ട് കുട്ടികളോട് ഒക്കെ സംസാരിച്ചു.
ഗീതമ്മ ഓരോ ഗ്ലാസ് കട്ടൻ കാപ്പിയും കാ വറുത്തതും കൊണ്ട് വന്നു അവർക്കൊക്കെ കൊടുത്തു.
ആദ്യമായി വന്ന കുട്ടികൾ ആയത് കൊണ്ട് ഒരു പ്രേത്യേക സന്തോഷം ആയിരുന്നു അവർക്ക് ഒക്കെ.
5മണി മുതൽ 7വരെ ആണ് സമയം.. ഇവിടെന്നു കുറച്ചു മാറിയാണ് ലിജിയുടെ വീട്, ഭർത്താവ് കിരൺ ഓട്ടോ ഓടിക്കുകയാണ്, അതുകൊണ്ട് ട്യൂഷൻ കഴിഞ്ഞു അയാൾ വന്നു കൂട്ടി കൊണ്ടുപോയ്ക്കോളും എന്നൊക്കെ പറഞ്ഞു എല്ലാം ധാരണയിൽ ആയി.
ട്യൂഷൻ ഫീസ് ചോദിച്ചപ്പോൾ രണ്ടു പേർക്കും കൂടെ ഒരു മാസം 650രൂപ ആയിരുന്നു പറഞ്ഞത്.
അങ്ങനെ നാളെ മുതൽ വരാം എന്ന് പറഞ്ഞു കൊണ്ട് അവർ വൈകാതെ യാത്ര പറഞ്ഞു പോയി.
നന്ദു പെട്ടന്ന് ഫോൺ എടുത്തു ഭദ്രനോട് കാര്യം പറഞ്ഞു.
ഇനി കൂടുതൽ കുട്ടികൾ വന്നോളും എന്നൊക്കെ പറഞ്ഞു അവൻ അവളെ ഒരുപാട് സപ്പോർട്ട് ചെയ്ത്.
മിന്നുവും അമ്മുവും ഒക്കെ സ്കൂളിൽ നിന്നും വന്നപ്പോൾ അതേ അഭിപ്രായം ആയിരുന്നു പറഞ്ഞത്.
അന്ന് വിളക്ക് വെച്ചപ്പോൾ നന്ദന ശരിക്കും ഭഗവാനോട് പ്രാർത്ഥിച്ചു, ഇതിലോടെ എങ്കിലും ഒന്ന് കര കേറാൻ ഒരു മാർഗം കാണിച്ചു തരണേയെന്ന്….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…