പ്രകോപനപരമായ ഉള്ളടക്കം: 16 പാക് യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രം
Apr 28, 2025, 11:52 IST
                                             
                                                
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയതിന് പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് നിരോധനമേർപ്പെടുത്തി ഇന്ത്യ. ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. മുൻ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ ചാനലിനും നിരോധനമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. വർഗീയ സംഘർഷം സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും ദുർബലപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രകോപനപരവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം. നിരോധിക്കപ്പെട്ട ചാനലുകൾക്ക് ഏകദേശം 63 ലക്ഷം സബ്‌സ്‌ക്രൈബർമാരുണ്ടെന്നാണ് വിലയിരുത്തൽ. എആർവൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്തർ, സുനോ ന്യൂസ് തുടങ്ങിയ പാകിസ്ഥാൻ വാർത്താ ചാനലുകളും ഇർഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമർ ചീമ, മുനീബ് ഫാറൂഖ് തുടങ്ങിയ മാധ്യമപ്രവർത്തകർ നടത്തുന്ന യൂട്യൂബ് ചാനലുകളും നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
                                            
                                            