പിവി അൻവർ ഇന്ന് ബംഗാളിലേക്ക് പോകില്ല; മമതയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി

നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ ഇന്ന് ബംഗാളിലേക്കില്ല. ആരോഗ്യപ്രശനങ്ങൾ കാരണം മമതയുമായുള്ള ഇന്നത്തെ കൂടിക്കാഴ്ച അൻവർ ഒഴിവാക്കി. മുന്നണി പ്രവേശന ചർച്ചകൾക്കിടെ അൻവർ ഇന്ന് ബംഗാളിലെത്തി മമതയെ കാണുമെന്നാണ് അറിയിച്ചിരുന്നത്.
രണ്ട് ദിവസം കൊൽക്കത്തയിൽ തുടർന്ന് അൻവർ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുമായും കൂടിക്കാഴ്ച്ച നടത്തേണ്ടതായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, സംഘടന വിപുലീകരണം ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ചയാകുമെന്നായിരുന്നു റിപ്പോർട്ടുകൾ.
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രചാരണത്തിനായി തൃണമൂലിന്റെ ദേശീയ നേതാക്കളെ എത്തിക്കാനുള്ള ശ്രമത്തിലും കൂടിയാണ് പിവി അൻവർ. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവുമായി നിശ്ചയിച്ച പി വി അൻവറിന്റെ കൂടിക്കാഴ്ച്ചയിൽ ദേശീയ നേതൃത്വത്തിന്റെ കൂടി നിർദ്ദേശ പ്രകാരമായിരിക്കും അൻവർ നിലപാട് സ്വീകരിക്കുക.