വനിതാ ആർ‌പി‌എഫ് ഉദ്യോഗസ്ഥർക്ക് ചില്ലി സ്പ്രേ നൽകാൻ റെയിൽവേ; സ്‌ത്രീ സുരക്ഷയ്ക്ക് മുന്‍ഗണനയെന്ന് പ്രതികരണം

വനിതാ ആർ‌പി‌എഫ് ഉദ്യോഗസ്ഥർക്ക് ചില്ലി സ്പ്രേ നൽകാൻ റെയിൽവേ; സ്‌ത്രീ സുരക്ഷയ്ക്ക് മുന്‍ഗണനയെന്ന് പ്രതികരണം
ന്യൂഡൽഹി: അന്താരാഷ്‌ട്ര വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി വനിതാ ഉദ്യോഗസ്ഥര്‍ക്ക് ചില്ലി സ്‌പ്രേ വിതരണം ചെയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ. ട്രെയിനുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്‌ത്രീ യാത്രക്കാരെ സംരക്ഷിക്കാനും സ്വയം പ്രതിരോധത്തിനുമായാണ് വനിത ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ചില്ലി സ്പ്രേ ക്യാനുകൾ നല്‍കുന്നത്. മാരകമല്ലാത്തതും എന്നാൽ ഫലപ്രദവുമായ ഈ ഉപകരണം വനിതാ ആർപിഎഫ് ഉദ്യോഗസ്ഥരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്ന് റെയിൽവേ മന്ത്രാലയം പ്രതികരിച്ചു. ചില്ലി സ്പ്രേ ക്യാനുകൾ നൽകുന്നതിലൂടെ വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് അധിക സുരക്ഷ ലഭിക്കും. ഇത് ഭീഷണികൾ തടയാനും അക്രമ സംഭവങ്ങളില്‍ പ്രതികരിക്കാനും അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും അവരെ സഹായിക്കും. ഒറ്റപ്പെട്ട സ്റ്റേഷനുകൾ, ഓടുന്ന ട്രെയിനുകൾ, അടിയന്തര ബാക്കപ്പ് ലഭ്യമല്ലാത്ത വിദൂര റെയിൽവേ സ്ഥലങ്ങൾ എന്നിവടങ്ങളില്‍ ഇത് സഹായകരമാകുമെന്ന് റെയില്‍വേ മന്ത്രാലയം പറഞ്ഞു. സത്രീ യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ നിരന്തരം അവതരിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർ കരുത്തിന്‍റെയും കരുതലിന്‍റെയും പ്രതിരോധ ശേഷിയുടെയും പ്രതീകങ്ങളായി നിലകൊള്ളുന്നു. ചില്ലി സ്പ്രേ ക്യാനുകൾ കൊണ്ട് അവരെ സജ്ജമാക്കുന്നതിലൂടെ യാത്രക്കാരുടെ സുരക്ഷ, പ്രത്യേകിച്ച് സ്‌ത്രീകളുടെ സുരക്ഷ ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയാണെന്ന വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്.'- ആര്‍പിഎഫ് ഡയറക്‌ടര്‍ മനോജ് യാദവ് പറഞ്ഞു. എല്ലാ കേന്ദ്ര സായുധ പൊലീസ് സേനകളിലും (CAPF) ഏറ്റവും കൂടുതൽ സ്‌ത്രീ പ്രാധിനിത്യം (9 ശതമാനം) ഉള്ളത് ആർ‌പി‌എഫില്‍ ആണെന്ന് മനോജ് യാദവ് പറഞ്ഞു. വനിതാ ആർ‌പി‌എഫ് ഉദ്യോഗസ്ഥരിൽ പലരും 'മേരി സഹേലി' ടീമുകളുടെ ഭാഗമാണ്. അവരുടെ പ്രധാന ഉത്തരവാദിത്തം സ്‌ത്രീ യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നതാണെന്നും മനോജ് യാദവ് പറഞ്ഞു. ചില്ലി സ്പ്രേ പ്രവർത്തിക്കുന്നതിങ്ങനെ? ചില്ലി സ്പ്രേയില്‍ കാപ്സൈസിൻ എന്ന കെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളില്‍ അസ്വസ്‌തത, വേദന, പൊള്ളൽ എന്നിവ ഉണ്ടാക്കും. താത്കാലിക അന്ധതയ്ക്കും ഇത് കാരണമാകും. ചില്ലി സ്‌പ്രേ കണ്ണുകളിൽ എത്തിയാല്‍ കണ്ണ് പുകയാനും തുടര്‍ന്ന് ശ്വാസതടസത്തിനും കാരണമാകും. ചില്ലി സ്‌പ്രേ ചർമത്തിൽ തട്ടിയാലും അസ്വസ്‌തതകള്‍ ഉണ്ടാകും.

Tags

Share this story