ആര്‍ബിഐ സ്വര്‍ണശേഖരം കൂട്ടാന്‍ ഒരുങ്ങുന്നു; ഇപ്പോഴുള്ളത് 8.5 ലക്ഷം മെട്രിക് ടണ്‍ സ്വര്‍ണം
മുംബൈ: ആര്‍ബിഐ(റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) തങ്ങളുടെ കൈവശമുള്ള സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ എട്ടര ലക്ഷം കിലോഗ്രാം സ്വര്‍ണമാണ് ആര്‍ബിഐയുടെ ശേഖരത്തിലുള്ളത് ഇത് ഇനിയും വര്‍ധിപ്പിക്കാനാണ് പദ്ധതി. പ്രധാനമായും ആര്‍ബിഐ വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം ഇന്ത്യയിലേക്ക് എത്തിച്ചാവും തങ്ങളുടെ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുക.
സ്വര്‍ണ വില റോക്കറ്റ്‌പോലെ കുതിച്ചുയരുന്നതിനിടെയാണ് ശേഖരം കൂട്ടാന്‍ രാജ്യത്തെ പരമോന്നത ബാങ്കായ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ 1,02,000 കിലോഗ്രാം സ്വര്‍ണം കരുതല്‍ ശേഖരത്തിലേക്ക് ചേര്‍ത്തിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍നിന്നും അതീവ രഹസ്യമായാണ് ഇന്ത്യ ഇത്രയും സ്വര്‍ണം ഇന്ത്യയിലേക്ക് എത്തിച്ചത്. 1990ന് ശേഷം ആദ്യമായാണ് ഇത്രയും കൂടിയ അളവില്‍ സ്വര്‍ണം കൊണ്ടുവരുന്നത്.
കഴിഞ്ഞ വര്‍ഷവും ഒരു ലക്ഷം കിലോഗ്രാം സ്വര്‍ണം ഇന്ത്യയിലേക്ക് യുകെയില്‍നിന്നും എത്തിച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ സ്വര്‍ണം സൂക്ഷിക്കുന്നതിലെ ചെലവ് കൂടുതലാണെന്നതും രാഷ്ട്രീയ അസ്ഥിരതയുണ്ടായാല്‍ സ്വര്‍ണം കൊണ്ടുവരുന്നത് പ്രയാസകരമാവുമെന്നതുമെല്ലാം കണക്കിലെടുത്താണ് സ്വര്‍ണ ശേഖരം പരമാവധി രാജ്യത്തേക്ക് എത്തിക്കാന്‍ ആര്‍ബിഐ നീങ്ങുന്നത്.
കഴിഞ്ഞ ജൂലൈ സെപ്റ്റംബര്‍ ഉള്‍പ്പെടുന്ന സാമ്പത്തിക വര്‍ഷ പാദത്തില്‍ 13 മെട്രിക് ടണ്‍ സ്വര്‍ണം ആര്‍ബിഐ വാങ്ങിയതായാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. മുംബൈയിലും നാഗ്പൂരിലുമുള്ള ആര്‍ബിഐയുടെ സുരക്ഷാ കേന്ദ്രങ്ങളിലാണ് സ്വര്‍ണം സൂക്ഷിക്കുന്നത്. ആര്‍ബിഐയുടെ സ്വര്‍ണ ശേഖരത്തിന്റെ പാതിയും വിദേശ രാജ്യങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ മാത്രം ഇന്ത്യയുടെ 3.2 ലക്ഷം കിലോഗ്രാം സ്വര്‍ണമുണ്ട്. കഴിഞ്ഞ മാര്‍ച്ച് വരെയുളള കണക്കു പ്രകാരം 4.13 ലക്ഷം കിലോഗ്രാം സ്വര്‍ണമാണ് വിദേശത്തുള്ളത്.