സിറിയ പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് വിമതർ; അധികാര കൈമാറ്റത്തിന് തയ്യാറെന്ന് പ്രധാനമന്ത്രി

സിറിയയിൽ അധികാരം പിടിച്ചെടുത്തായി പ്രഖ്യാപിച്ച് വിമതർ. വിമതസൈന്യം തലസ്ഥാന നഗരമായ ദമാസ്‌കസിലേക്ക് കടന്നതോടെ പ്രസിഡന്റ് ബഷർ അൽ അസദ് രാജ്യത്ത് നിന്ന് പലായനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിറിയയെ അസദ് ഭരണകൂടത്തിൽ നിന്ന് മോചിപ്പിച്ചതായി വിമതർ പ്രഖ്യാപിച്ചത്
ഇത് പുതിയൊരു തുടക്കത്തിന്റെ ആരംഭമാണ്. ഇരുണ്ട യുഗത്തിന്റെ അന്ത്യവും. അസദ് ഭരണത്തിൽ മാറ്റി പാർപ്പിക്കപ്പെട്ടവർ, ജയിലിൽ അടക്കപ്പെട്ടവർ എല്ലാവർക്കും തിരികെ വീടുകളിലേക്ക് വരാമെന്നും വിമതർ പ്രഖ്യാപിച്ചു. എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന പുതിയൊരു സിറിയ ആയിരിക്കും ഇനി. നീതി ലഭിക്കുമെന്നും ഹയാത് തഹ്‌രീർ അൽ ഷാം അറിയിച്ചു.
ദമാസ്‌കസിൽ നിന്ന് വിമാന മാർഗമാണ് അസദ് രക്ഷപ്പെട്ടതെന്നാണ് വിവരം. ഹോംസ് നഗരം കീഴടക്കിയതിന് പിന്നാലെയാണ് വിമതർ തലസ്ഥാന നഗരത്തിലേക്ക് കടന്നത്. അതേസമയം ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഏത് നേതൃത്വവുമായും സഹകരിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് അൽ ജലാലി അറിയിച്ചു. താൻ രാജ്യം വിട്ടിട്ടില്ലെന്നും ജലാലി പറഞ്ഞു
അധികാര കൈമാറ്റത്തിന് സഹകരിക്കാൻ പ്രധാനമന്ത്രി സന്നദ്ധത പ്രകടിപ്പിച്ചതോടെ ഔദ്യോഗിക കൈമാറ്റം വരെ രാജ്യത്തെ സ്ഥാപനങ്ങൾ പ്രധാനമന്ത്രിയുടെ അധികാര പരിധിയിൽ ആയിരിക്കുമെന്ന് വിമത നേതാക്കൾ അറിയിച്ചു.