ഭാര്യയുമായി ബന്ധം: വീട്ടുടമ വാടകക്കാരനെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി

ഹരിയാനയിൽ വീട്ടുടമസ്ഥനും സുഹൃത്തുക്കളും ചേർന്ന് വാടകക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി. റോത്തക്കിലാണ് സംഭവം. തന്റെ ഭാര്യയുമായി യുവാവിന് ബന്ധമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെയാണ് കൊലപാതകം. ഒരു പാടത്ത് ഏഴടി ആഴമുള്ള കുഴിയെടുത്താണ് യുവാവിനെ ജീവനോടെ കുഴിച്ചിട്ടത്
2024 ഡിസംബറിലാണ് സംഭവം നടന്നതെങ്കിലും പുറത്തറിയുന്നത് ഇപ്പോഴാണ്. ജഗ്ദീപ് എന്നയാളാണ് കൊല്ലപ്പെട്ടത്. മസ്ത്‌നാഥ് സർവകലാശാലയിലെ യോഗാധ്യാപകനായിരുന്നു ജഗ്ദീപ്. ഹർദീപ് എന്നയാളുടെ വീട്ടിലാണ് ഇയാൾ വാടകക്ക് താമസിച്ചിരുന്നത്
ജഗ്ദീപിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം നടന്നത്. ഡിസംബർ 24ന് ഹർദീപും സുഹൃത്തുക്കളും ചേർന്ന് ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി. കൈകാലുകൾ ബന്ധിക്കുകയും ശബ്ദമുണ്ടാക്കാതിരിക്കാൻ മുഖത്ത് ടേപ്പ് ഒട്ടിക്കുകയും ചെയ്തു. തുടർന്നാണ് ജീവനോടെ കുഴിച്ചുമൂടിയത്
ജഗ്ദീപിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്തിയത്. ജഗ്ദീപിന്റെ കോൾ രേഖകൾ പരിശോധിച്ചതോടെ പോലീസിന് സംശയം തോന്നി. തുടർന്ന് ഹർദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.