ഗോകുലിനെ വെറുതെ വിടില്ലെന്ന് പോലീസ് ഭീഷണി മുഴക്കിയെന്ന് ബന്ധുക്കൾ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും

കൽപ്പറ്റയിൽ ആദിവാസി യുവാവിനെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. വയനാട് എസ് പി തപോഷ് ബസുമതാരി ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ റിപ്പോർട്ടിൽ നടപടി ശുപാർശ ചെയ്തിട്ടുണ്ട്.
ഇതിനിടെ പോലീസിനെതിരെ മരിച്ച ഗോകുലിന്റെ ബന്ധുക്കൾ രംഗത്തുവന്നു. പോലീസ് പലതവണ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗോകുലിനെ കൈയിൽ കിട്ടിയാൽ വെറുതെ വിടില്ലെന്നാണ് ഭീഷണി മുഴക്കിയത്. ഗോകുലിനൊപ്പമുണ്ടായിരുന്ന മറ്റുള്ളവരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തെന്നും ബന്ധുക്കൾ പറഞ്ഞു.
പോലീസ് കസ്റ്റഡിയിലെടുത്ത ഗോകുലിന് പ്രായപൂർത്തിയായിരുന്നില്ലെന്നാണ് വിവരം. 2007 മെയ് 5നാണ് ഗോകുൽ ജനിച്ചത്. 18 വയസ് തികയാൻ രണ്ട് മാസം ഇനിയും ബാക്കിയുണ്ട്. തിങ്കളാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ഗോകുലിനെ രാത്രി മുഴുവൻ സ്‌റ്റേഷനിൽ നിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ 7.45നാണ് കൽപ്പറ്റ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ തൂഹ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.