കടലില്‍ വൈദ്യുതി കടത്തിവിട്ട് ബീച്ചുകളെ സംരക്ഷിക്കാമെന്ന് ഗവേഷകര്‍
കുറേക്കാലമായി ശസ്ത്രലോകം കടല്‍ കരവിഴുന്നത് എങ്ങനെ തടയാമെന്ന പരീക്ഷണ നിരീക്ഷണങ്ങളിലാണ്. ഇതിനായി നിരവധി മാര്‍ഗങ്ങളും പ്രകൃതി സംരക്ഷണ പ്രക്രിയകളും മുന്നോട്ടു വച്ചിട്ടുണ്ട്. ചിലതെല്ലാം ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കുന്നുമുണ്ട്. എന്നാലും ഇതൊന്നും ആവശ്യത്തോളം വരുന്നില്ലെന്ന പ്രശ്‌നമുണ്ട്.
ഇപ്പോഴിതാ ആ പ്രകൃതി സംരക്ഷണ ശ്രേണിയില്‍ കണ്ണിചേരുകയാണ് വൈദ്യുതിയും.
എന്തിനും ഏതിലും പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്പോള്‍ വില്ലനായി നിറഞ്ഞാടുന്നത് ആഗോളതാപനമെന്ന മഹാവ്യാളിയാണ്. ഈ വില്ലന്റെ വലയില്‍നിന്ന് രക്ഷപ്പെടാന്‍ പാടുപെടുകയാണ് കടലും കരയും. ആഗോള താപനം ഇതേ രീതിയില്‍ വര്‍ധിച്ചുവരികയാണെങ്കില്‍ ഇന്ന് ഭൂമുഖത്തുള്ള പാതിയില്‍ അധികം കടല്‍ത്തീരങ്ങളും ഇല്ലാതാകുമെന്നാണ് ഗവേഷകര്‍ താക്കീതുനല്‍കുന്നത്.
അടുത്ത നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ ഇത് സംഭവിക്കുമെന്നാണ് താക്കീത്. മനുഷ്യായുസ്സില്‍ ഒരു സഹസ്രാബ്ധമെന്നത് വലിയൊരു കാലമായി തോന്നാമെങ്കിലും ഭൂമിയുടെ രൂപപ്പെടലും പരിണാമങ്ങളുമായെല്ലാം ബന്ധപ്പെട്ട് ആലോചിച്ചാല്‍ അതൊരു ക്ഷണികമായ കാലമാണെന്ന് ബോധ്യപ്പെടും.
കുറഞ്ഞ അളവില്‍ കടല്‍ജലത്തിലേക്ക് വൈദ്യുതി കടത്തിവിട്ടാല്‍ തീരങ്ങളുടെ ശോഷണം ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
അധികം വൈദ്യുതി കടത്തിവിട്ട് നാശനഷ്ടങ്ങളൊന്നും ഒപ്പിക്കേണ്ട. രണ്ടോ, മൂന്നോ വാട്ട്‌സ് മാത്രം മതി. ഇങ്ങനെ ചെയ്താല്‍ സമുദ്രാടിത്തട്ടിലുള്ള മിനറലുകള്‍ അലിഞ്ഞ് ഒരു ജൈവസിമെന്റായി രൂപാന്തരപ്പെടുമെന്നും ചില മിനറലുകള്‍ കാല്‍സ്യം കാര്‍ബണേറ്റായി മാറുമെന്നും ഇവര്‍ പറയുന്നു.
ഇത് ചെയ്യാനായാല്‍ കടല്‍ത്തീരങ്ങളുടെ ഇന്നത്തെ ലോലമായ അവസ്ഥക്ക് മാറ്റം സംഭവിക്കും. അതായത് കടല്‍ത്തീരങ്ങള്‍ കൂടുതല്‍ ദൃഢമായ ആവസ്ഥയിലേക്കു മാറുമെന്നതിനാല്‍ കടലിന്റെ നക്കികൊല്ലലില്‍നിന്നും തീരത്തിന് മുക്തിനേടാനാവുമെന്ന് ചുരുക്കം.