കൂട്ടത്തകർച്ചക്കിടയിലും ടി20 പ്രകടനവുമായി റിഷഭ് പന്ത്; ഇന്ത്യക്ക് രണ്ടാമിന്നിംഗ്‌സിൽ 6 വിക്കറ്റുകൾ നഷ്ടം
സിഡ്‌നി ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഓസ്‌ട്രേലിയയെ 181 റൺസിന് ഓൾ ഔട്ടാക്കി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് എന്ന നിലയിലാണ്. നാല് റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സഹിതം ഇന്ത്യക്ക് ഇപ്പോൾ 145 റൺസിന്റെ ലീഡുണ്ട്. രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിൽ
സ്വപ്‌നതുല്യമായ തുടക്കമാണ് യശസ്വി ജയ്‌സ്വാൾ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ നൽകിയത്. നാല് ഫോറുകളാണ് രണ്ടാമിന്നിംഗ്‌സിലെ ആദ്യ ഓവറിൽ ജയ്‌സ്വാൾ അടിച്ചുകൂട്ടിയത്. ഏകദിന ശൈലിയിൽ ജയ്‌സ്വാളും കെ എൽ രാഹുലും സ്‌കോർ കൊണ്ടുപോയതോടെ കളി ഇന്ത്യയുടെ വരുതിയിലായെന്ന തോന്നൽ വന്നു. എന്നാൽ സ്‌കോർ 42ൽ നിൽക്കെ 13 റൺസെടുത്ത രാഹുൽ പുറത്തായതോടെ ഇന്ത്യയുടെ തകർച്ചയും ആരംഭിച്ചു
തൊട്ടുപിന്നാലെ 22 റൺസെടുത്ത ജയ്‌സ്വാളും വീണു. സ്‌കോർ 59ൽ ആറ് ൺസുമായി വിരാട് കോഹ്ലിയും സ്‌കോർ 78ൽ നിൽക്കെ 13 റൺസെടുത്ത ശുഭ്മാൻ ഗില്ലും പുറത്തായി. പിന്നീടാണ് ക്രീസിൽ റിഷഭ് പന്തിന്റെ തകർപ്പൻ പ്രകടനം പിറന്നത്. നേരിട്ട ആദ്യ പന്തിൽ തന്നെ സിക്‌സർ പറത്തിയാണ് പന്ത് തുടങ്ങിയത്. 28 പന്തിൽ പന്ത് അർധസെഞ്ച്വറി തികച്ചു
പന്തിന്റെ ടി20 ശൈലിയിലുള്ള ബാറ്റിംഗ് പിറന്നതോടെ ഇന്ത്യ അതിവേഗം നൂറ് കടന്നു. 33 പന്തിൽ നാല് സിക്‌സും ആറ് ഫോറും സഹിതം 61 റൺസെടുത്ത പന്തിനെ പാറ്റ് കമ്മിൻസ് പുറത്താക്കി. ഈ സമയം ഇന്ത്യ 124 റൺസിലേക്ക് എത്തിയിരുന്നു. സ്‌കോർ 129ൽ നാല് റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയും വീണു
രണ്ടാം ദിനം കളി നിർത്തുമ്പോൾ ആറ് റൺസുമായി വാഷിംഗ്ടൺ സുന്ദറും എട്ട് റൺസുമായി ജഡേജയുമാണ് ക്രീസിലുള്ളത്. ഓസ്‌ട്രേലിയക്കായി സ്‌കോട്ട് ബോളണ്ട് നാല് വിക്കറ്റുകൾ വീഴ്ത്തി. പാറ്റ് കമ്മിൻസ്, ബ്യൂ വെബ്സ്റ്റർ എന്നിവർ ഓരോ വിക്കറ്റെടുത്തു.