റിയാദ് മെട്രോ: സര്‍വിസിന് നാളെ തുടക്കമാവും
റിയാദ്: സഊദി തലസ്ഥാനത്തിന്റെ ഗാതഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്ന റിയാദ് മെട്രോയുടെ ആദ്യ സര്‍വിസ് നാളെ (ഡിസംബര്‍ ഒന്ന് ഞായര്‍) തുടക്കമാവുമെന്ന് റോയല്‍ കമ്മിഷന്‍ ഓഫ് റിയാദ് സിറ്റി അധികൃതര്‍ അറിയിച്ചു. മെട്രോ സര്‍വിസിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഡിസംബര്‍ ഒന്നിന് നടക്കുകയെന്നും യെലോ ലൈനിലാണ് മെട്രോ ഓടുകയെന്നും കമ്മിഷന്‍ വിശദീകരിച്ചു.
ബ്ലൂ ലൈനിലെ കിങ് ഖാലിദ് ഇന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് കോറിഡോറിനെ ഒലായ സ്ട്രീറ്റിലൂടെ ബത്തയെയും പെര്‍പ്പിള്‍ ലൈനില്‍ അബ്ദുറഹിമാന്‍ ബിന്‍ ഔഫ് റോഡിനെയും ശൈഖ് ഹസ്സന്‍ ബിന്‍ ഹുസൈന്‍ റോഡിനെയും ബന്ധിപ്പിച്ചുമാവും സര്‍വിസ് നടത്തുക. ഡിസംബര്‍ 15ന് ശേഷം ഗ്രീന്‍ ലൈനിലെ കിങ് അബ്ദുല്‍അസീസ് റോഡിനെയും റെഡ് ലൈനില്‍ കിങ് അബ്ദുല്ല റോഡിനെയും ബന്ധിപ്പിച്ചും സര്‍വിസ് ആരംഭിക്കും. ജനുവരി അഞ്ചിന് ഓറഞ്ച് ലൈനില്‍ മദീന റോഡ് കോറിഡോര്‍ മെട്രോ സര്‍വിസും ഓപണാവും.
നഗരത്തിന്റെ ഗതാഗതത്തിലെ നട്ടെല്ലായി പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 176 കിലോമീറ്ററാണ് മെട്രോ പാതയുടെ ആകെ നീളം. റിയാദ് ഉള്‍പ്പെടെ നാലു മുഖ്യസ്റ്റേഷനുകള്‍ അടക്കം 85 സ്റ്റേഷനുകളാണുള്ളത്. ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ സര്‍വിസ് നടത്തുക. സല്‍മാന്‍ രാജാവിന്റെ ദീര്‍ഘവീക്ഷണമാണ് മെട്രോ സര്‍വിസെന്ന് സഊദി രാജകുമാരന്‍ പറഞ്ഞു. റിയാദ് ഡെവലപ്‌മെന്റ് ഹൈകമ്മിഷന്‍ ചെയര്‍മാന്‍ ആയിരിക്കേയാണ് ഇത്തരത്തില്‍ ഒരു ദീര്‍ഘവീക്ഷണമുള്ള പദ്ധതിയെക്കുറിച്ച് അദ്ദേഹം ചിന്തിച്ചതെന്നും അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതെന്നും രാജകുമാരന്‍ ഓര്‍മിപ്പിച്ചിരുന്നു.