'കളി പഠിക്കാൻ ' രഞ്ജിയിൽ ഇറങ്ങിയിട്ടും രോഹിതിന് രക്ഷയില്ല; 3 റൺസിന് പുറത്ത്, ജയ്‌സ്വാളും ഗില്ലും 4 റൺസിനും വീണു
Jan 23, 2025, 12:04 IST

ടെസ്റ്റിൽ നിരന്തരം ബാറ്റിംഗിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യയുടെ നായകൻ രോഹിത് ശർമ അടക്കമുള്ള മുതിർന്ന താരങ്ങളെ രഞ്ജി കളിക്കാൻ ബിസിസിഐ പറഞ്ഞയച്ചത്. എന്നാൽ ഇവിടെയും താരങ്ങൾക്ക് നിരാശയാണ് ഫലം. താരതമ്യേന ദുർബലരായ ജമ്മു കാശ്മീരിനെതിരെ മുംബൈക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപൺ ചെയ്തത് ഇന്ത്യയുടെ ഓപണിംഗ് ജോഡി കൂടിയായ രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും ചേർന്നാണ് എന്നാൽ രോഹിത് ശർമ 19 പന്തിൽ വെറും 3 റൺസ് മാത്രമെടുത്ത് മടങ്ങി. ജയ്‌സ്വാൾ ആകട്ടെ എട്ട് പന്തിൽ 4 റൺസെടുത്തും വീണു. ഇരുവർക്കും കാര്യമായി ഒന്നും ചെയ്യാൻ പോലുമായില്ല. അതേസമയം കർണാടകക്കെതിരെ പഞ്ചാബിനെ നയിക്കുന്ന ശുഭ്മാൻ ഗില്ലിനും നിരാശ തന്നെയായിരുന്നു ഫലം. ഓപണറായി ഇറങ്ങിയ ഗിൽ നാല് റൺസെടുത്ത് പുരത്തായി സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ ഡൽഹിയുടെ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് ആകട്ടെ ഒരു റൺസെടുത്തും വീണു. രാജ്യാന്തര ക്രിക്കറ്റിൽ പ്രകടനം മോശമായതോടെയാണ് രോഹിതിനെ അടക്കമുള്ള താരങ്ങളെ ബിസിസിഐ നിർബന്ധിപ്പിച്ച് രഞ്ജി കളിപ്പിക്കുന്നത്.