ഇനിയും അങ്കങ്ങൾക്കു ബാല്യം; വിരമിക്കാൻ സമയമായില്ലെന്ന് രോഹിത് ശർമ

ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിനു ശേഷം താൻ ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നിരാകരിച്ചു. ഉടനൊന്നും ഏകദിന ക്രിക്കറ്റ് മതിയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയതിനു പിന്നാലെ രോഹിതും വിരാട് കോലിയും രവീന്ദ്ര ജഡേജയും ക്രിക്കറ്റിന്‍റെ ഷോർട്ടസ്റ്റ് ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ചാംപ്യൻസ് ട്രോഫിക്കു ശേഷവും സമാന തീരുമാനമാണ് പലരും പ്രതീക്ഷിച്ചത്.
എന്നാൽ, ഫൈനലിൽ 76 റൺസുമായി ടീമിന്‍റെ ടോപ് സ്കോറായത് രോഹിത് ആയിരുന്നു. പ്ലെയർ ഒഫ് ദ മാച്ച് ആയും അദ്ദേഹം തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഭാവിയെക്കുറിച്ച് പ്രത്യേകിച്ച് പദ്ധതികളൊന്നുമില്ലെന്നും, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും രോഹിത് പറഞ്ഞു.
പവർ പ്ലേയിൽ ആക്രമിച്ചു കളിക്കുന്നത് ബോധപൂർവമാണ്. ഏതാനും മത്സരങ്ങളായി ഈ രീതിയാണ് പിന്തുടരുന്നത്. 10 ഓവറിനു ശേഷം സ്കോർ ചെയ്യാൻ എളുപ്പമായിരിക്കില്ലെന്ന ചിന്തയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു.
പവർ പ്ലേ ഓവറുകൾക്കു ശേഷം ബാറ്റിങ് സമീപനത്തിൽ മാറ്റം വരുത്തിയിരുന്നു. തുടർന്ന് ദീർഘനേരം ക്രീസിൽ തുടരാനാണ് ലക്ഷ്യമിട്ടത്. ടീമിന്‍റെ ജയത്തിൽ ബാറ്റർ എന്ന നിലയിൽ പങ്കാളിയാകാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും രോഹിത്.