ദുബായിൽ രോഹിത് ശർമ്മയുടെ ക്രിക്കറ്റ് അക്കാദമി പുതിയ കേന്ദ്രങ്ങൾ തുടങ്ങുന്നു; രക്ഷിതാക്കൾക്ക് പണം തിരികെ നൽകും

ദുബായിൽ രോഹിത് ശർമ്മയുടെ ക്രിക്കറ്റ് അക്കാദമി പുതിയ കേന്ദ്രങ്ങൾ തുടങ്ങുന്നു; രക്ഷിതാക്കൾക്ക് പണം തിരികെ നൽകും
ദുബായിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ 'ക്രിക്‌കിംഗ്ഡം' (CricKingdom) ക്രിക്കറ്റ് അക്കാദമി പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നു. നേരത്തെ പ്രവർത്തനം നിർത്തിവെച്ച അക്കാദമിയിൽ ഫീസ് അടച്ച രക്ഷിതാക്കൾക്ക് പണം തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു. ദുബായിലെ ഒരു ഫ്രാഞ്ചൈസി പങ്കാളിയുമായി സഹകരിച്ചാണ് ക്രിക്‌കിംഗ്ഡം അക്കാദമി നേരത്തെ പ്രവർത്തിച്ചിരുന്നത്. എന്നാൽ സാമ്പത്തികപരമായ പ്രശ്‌നങ്ങളും മറ്റ് തർക്കങ്ങളും കാരണം ഈ പങ്കാളിത്തം അവസാനിപ്പിക്കേണ്ടി വന്നു. ഇതേത്തുടർന്ന് അക്കാദമിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇത് രക്ഷിതാക്കൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുകയും, പലരും തങ്ങളുടെ പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.   പുതിയ സാഹചര്യത്തിൽ, ക്രിക്‌കിംഗ്ഡം നേരിട്ട് സ്വന്തം മേൽനോട്ടത്തിൽ യുഎഇയിൽ ഒരു പുതിയ കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും, സർട്ടിഫൈഡ് പരിശീലകരും പുതിയ അക്കാദമിയിലുണ്ടാകുമെന്ന് ക്രിക്‌കിംഗ്ഡം അറിയിച്ചു. സെപ്റ്റംബറിൽ പുതിയ അക്കാദമിയുടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. പഴയ ഫ്രാഞ്ചൈസി പങ്കാളിയുമായുണ്ടായിരുന്ന പ്രശ്‌നങ്ങൾ കാരണം അക്കാദമിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അർഹമായ റീഫണ്ട് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ക്രിക്‌കിംഗ്ഡം വ്യക്തമാക്കി. ഇതോടെ, അക്കാദമിയുടെ ഭാവി സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this story