ആദ്യ കളിയില്‍ രോഹിത് തഴയുക ആരെയെല്ലാം; ഗംഭീറിന്റെ ഫേവറിറ്റും
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു വ്യാഴാഴ്ച നാഗ്പൂരില്‍ തുടക്കമാവുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും പോരടിക്കുക. അഞ്ചു ടി20കളുടെ പരമ്പരയില്‍ ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്ത ഇന്ത്യ ഇനി ഏകദിനത്തിലും ആധിപത്യം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
രോഹിത് ശര്‍മയ്ക്കു കീഴില്‍ വളരെ അനുഭവസമ്പത്തേറിയ ടീമിനെയാണ് ഏകദിനത്തില്‍ ഇന്ത്യ അണിനിരത്തുക. ഏകദിന ഫോര്‍മാറ്റിലുള്ള ഐസിസി ചാംപ്യന്‍സ് ട്രോഫി ഈ മാസം തുടങ്ങാനിരികിക്കുന്നതിനാല്‍ ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഈ പരമ്പര ഇന്ത്യയെ സഹായിക്കുകയും ചെയ്യും. ടീമില്‍ പരീക്ഷണങ്ങള്‍ക്കൊന്നും ഈ പരമ്പരയില്‍ ഇന്ത്യ മുതിരാനിടയില്ല.
ഏറ്റവും ശക്തമായ പ്ലെയിങ് ഇലവനെയായിരിക്കും ഇന്ത്യ ഇറക്കുക. ചില താരങ്ങള്‍ക്കു വാട്ടര്‍ ബോയ്‌സായി ബെഞ്ചില്‍ ഇരിക്കേണ്ടതായി വരും. ടീമില്‍ നിന്നും രോഹിത് മാറ്റി നിര്‍ത്താനിടയുള്ള താരങ്ങള്‍ ആരൊക്കെയാകും.
യശസ്വി ജയ്‌സ്വാള്‍
യുവ അഗ്രസീവ് ഓപ്പണറും ഇടംകൈയന്‍ ബാറ്ററുമായ യശസ്വി ജയ്‌സ്വാളാണ് ആദ്യ ഏകദിനത്തില്‍ അവസരം ലഭിക്കാനിടയില്ലാത്ത ഒരാള്‍. ഇതാത്യമായാണ് താരം ഏകദിന ടീമിന്റെ ഭാഗമായിരിക്കുന്നത്. ഇതിനകം കളിച്ച ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി അദ്ദേഹം ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഇനി ഇംഗ്ലണ്ടിനെതിരേ ഏകദിനത്തിലും ഹരിശ്രീ കുറിക്കാമെന്ന പ്രതീക്ഷയിലാണ് ജയ്‌സ്വാള്‍.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 53.96 ശരാശരിയില്‍ 1511 റണ്‍സ് നേിടിയിട്ടുള്ള ബാറ്ററുമാണ് അദ്ദഹം. പക്ഷെ ആദ്യ ഏകദിനത്തില്‍ ജയ്‌സ്വാളിനെ കളിപ്പിക്കാനുള്ള സാധ്യത തീരെ കുറവാണ്. കാരണം രോഹിത് ശര്‍മയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് പങ്കാളി യുവതാരം ശുഭ്മന്‍ ഗില്ലാണ്. ഈ പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടി ആയതിനാല്‍ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്താനും കഴിയില്ല. ഈ കാരണത്താല്‍ ജയ്‌സ്വാളിനു ബെഞ്ചിലേക്കു ഒതുങ്ങേണ്ടിയും വരും.
2020 മുതലുള്ള കണക്കുകളെടുത്താല്‍ ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഗില്‍. 60.84 ശരാശരിയില്‍ 102.48 സ്‌ട്രൈക്ക് റേറ്റില്‍ 2312 റണ്‍സും അദ്ദേഹം അടിത്തെടുക്കുകയും ചെയ്തു. 2023ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ ഓപ്പണിങ് പങ്കാളി ഗില്ലായിരുന്നു. ഈ ജോടി ടൂര്‍ണമെന്റിലുടനീളം ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തു.
റിഷഭ് പന്ത്
വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്താണ് ആദ്യ ഏകദിനത്തില്‍ വാട്ടര്‍ ബോയ് ആയി മാത്രം ഒതുക്കപ്പെടാനിടയുള്ള രണ്ടാമത്തെയാള്‍. പകരം കെഎല്‍ രാഹുലിനെയാവും വിക്കറ്റ് കീപ്പറായി ഇന്ത്യ കളിപ്പിച്ചേക്കുക. കാറപകടത്തിലേറ്റ പരിക്കു കാരണം ഒരു വര്‍ഷത്തിലേറെ കാലം പുറത്തിരുന്ന റിഷഭ് കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരായ കളിയിലൂടെയാണ് ഏകദിനത്തിലേക്കു മടങ്ങി വന്നത്.
പക്ഷെ വെറും ആറു റണ്‍സ് മാത്രമേ തിരിച്ചുവരവ് മല്‍സരത്തില്‍ താരത്തിനു കുറിക്കാനായുള്ളൂ. മല്‍സരത്തില്‍ ഇന്ത്യ 110 റണ്‍സിനു തോല്‍ക്കുകയും ചെയ്തു. ഏകദിനത്തില്‍ റിഷഭിന്റെ കരിയര്‍ അത്ര ഗംഭീരമല്ലെന്നു കാണാം
27 ഇന്നിങ്‌സില്‍ നിന്നും 33.5 ബാറ്റിങ് ശരാശരിയാണ് അദ്ദേഹത്തിനുള്ളത്. നാലാം നമ്പറിലെ സീറ്റ് ശ്രേയസ് അയ്യര്‍ ഉറപ്പാക്കിയതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായും റിഷഭിനെ ആദ്യ കളിയില്‍ ഇന്ത്യക്കു ഇറക്കാന്‍ സാധിക്കില്ല.
ഹര്‍ഷിത് റാണ
യുവ ഫാസ്റ്റ് ബൗളറും കോച്ച് ഗൗതം ഗംഭീറിനു പ്രിയപ്പെട്ട താരങ്ങളിലൊരാളുമായ ഹര്‍ഷിത് റാണയാണ് ആദ്യ ഏകദിനത്തില്‍ അവസരം കിട്ടാനിടയില്ലാത്ത അടുത്തയാള്‍. പരിചയ സമ്പന്നനായ മുഹമ്മദ് ഷമിക്കൊപ്പം ഉജ്ജ്വല ഫോമിലുള്ള അര്‍ഷ്ദീപ് സിങുമായിരിക്കും ഇന്ത്യന്‍ ഇലവനിലെ പ്രധാന പേസര്‍മാര്‍.
ബാറ്റിങിനു കൂടുതല്‍ ആഴം കൂട്ടുന്നതിനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും അക്ഷര്‍ പട്ടേലിനെയും ഇന്ത്യ ഒരുമിച്ച് കളിപ്പിച്ചേക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയടക്കം മൂന്നു ഓള്‍റൗണ്ടര്‍മാര്‍ ഇലവനിലുണ്ടായിരിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവായിരിക്കും പ്ലെയിങ് ഇലവനിലെത്തുക.