രോഹിത്തിന് ഭാര്യയുടെ പ്രസവം; ഗില്ലിന് പരുക്ക്; ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റില്‍ ഇവരുണ്ടാകില്ല
അഭിമന്യൂ ഈശ്വര്‍ ഓപ്പണറാകും
ന്യൂസിലാന്‍ഡിനോട് നാണം കെട്ട് ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ ഇടിഞ്ഞു വീണ ഇന്ത്യന്‍ ടീം ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങിയിരിക്കുകയാണ്. ഈ മാസം 22ന് പെര്‍ത്തില്‍വെച്ച് നടക്കുന്ന ടെസ്റ്റ് ഇന്ത്യന്‍ ടീമിന് അതിനിര്‍ണായകമാണ്. ടീമിനെ നാണക്കേടില്‍ നിന്ന് കരകയറ്റാന്‍ ഇതിലും മികച്ചൊരു അവസരം ഇന്ത്യക്ക് ഇനി ലഭിക്കില്ല. എന്നാല്‍, ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയുണ്ടാകില്ലെന്ന് ഉറപ്പായി. മൂന്നാം ബാറ്റ്‌സ്മാനായ ശുഭ്മാന്‍ ഗില്ലും കളിക്കില്ല. ഗ്ലില്ലിന് വിരലിലേറ്റ പരുക്കാണ് വില്ലനായതെങ്കില്‍ രോഹിത്തിന് പ്രശ്‌നം ഭാര്യയുടെ രണ്ടാം പ്രസവമാണ്.
രോഹിത്തിന്റെയും ഗില്ലിന്റെയും അഭാവം കാരണം ടോപ്പ് ത്രീയില്‍ ഇന്ത്യക്കു വലിയ അഴിച്ചുപണി തന്നെ ആവശ്യമായിരിക്കുകയാണ്. രോഹിത്തിനു പകരം മികച്ചൊരു ഓപ്പണറെയും ഗില്ലിന്റെ അഭാവത്തില്‍ മൂന്നം നമ്പറിലേക്കു മറ്റൊരാളെയും കണ്ടെത്തിയേ തീരൂ. ഈ റോളുകളിലേക്കു പല ഓപ്ഷനുകളും നിലവില്‍ ഇന്ത്യക്കു മുന്നിലുണ്ട്. രോഹിത്തും ഗില്ലുമില്ലാതെ മൂന്നു വ്യത്യസ്ത പ്ലെയിങ് കോമ്പിനേഷനുകള്‍ പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കു പരീക്ഷിക്കാം.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന്റെ ഓപ്പണിങ് പങ്കാളിയായി പുതുമുഖതാരം അഭിമന്യു ഈശ്വരനെ കളിപ്പിക്കുകയെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ആദ്യ ഓപ്ഷന്‍. ശുഭ്മന്‍ ഗില്ലിനു പകരം മൂന്നാം നമ്പറില്‍ പരിചയസമ്പന്നനായ കെഎല്‍ രാഹുലിനെയും കളിപ്പിച്ചേക്കും.