മലപ്പുറം വൈലത്തൂരിൽ ബൈക്കിൽ കടത്തിയ 24 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
Mar 21, 2025, 17:34 IST

മലപ്പുറം വൈലത്തൂരിൽ 24 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ബൈക്കിൽ കൊണ്ടുപോകുകയായിരുന്ന രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. സംഭവത്തിൽ കോഴിച്ചെന സ്വദേശി കൈതക്കാട്ടിൽ മുഹമ്മദ് റാഫിയെ കൽപകഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈലത്തൂരിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. 500 രൂപയുടെ നോട്ടുകെട്ടുകൾ ബൈക്കിന്റെ ഹാൻഡിൽ ഭാഗത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു.