കാര്‍ ബോംബ് വച്ച് തകര്‍ക്കും; സൽമാൻ ഖാന് വീണ്ടും വധഭീഷണി: കേസെടുത്ത് പൊലീസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ പൊലീസിന്റെ വോർളിയിലെ ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റിന്റെ വാട്‌സാപ്പ് നമ്പറിലേയ്ക്കായിരുന്നു ഞായറാഴ്ച പുലർച്ചെ വധഭീഷണി ലഭിച്ചത്.
സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തുമെന്നും കാർ ബോംബ് വച്ചു തകർക്കുമെന്നും ഭീഷണി സന്ദേശം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ 6.30 ഓടെയാണ് ഭീഷണി ലഭിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
1998ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് പഞ്ചാബി ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘം നേരത്തെ സൽമാൻ ഖാനെ തുടർച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ സൽമാന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് ബിഷ്‌ണോയി സംഘാംഗം വെടിയുതിർക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയി ഏറ്റെടുത്തിരുന്നു.
ലോറൻസ് ബിഷ്‌ണോയി നിലവിൽ ഗുജറാത്ത് ജയിലിലാണ്. കൃഷ്ണമൃഗത്തെ വെടിവെച്ച് കൊലപ്പെടുത്തിയതിലൂടെ സൽമാൻ ഖാൻ തന്റെ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാണ് ബിഷ്ണോയി പറയുന്നത്. സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് ക്ഷമ ചോദിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമായിരുന്നു ലോറൻസ് ബിഷ്‌ണോയിയുടെ ഭീഷണി.