ആരാധകരെ ശാന്തരാകൂ….അത് സംഭവിച്ചാല്‍ നിങ്ങളുടെ സഞ്ജു ഡക്കാകും ഗോള്‍ഡന്‍ ഡക്ക്..!!!!
സഞ്ജുവിന്റെ ക്രിക്കറ്റ് ഭാവി നിശ്ചയിക്കുന്ന മത്സരം നവംബര്‍ എട്ടിന്
ന്യൂഡല്‍ഹി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വി20 പരമ്പര അടുത്ത മാസം എട്ടിന് നടക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികളായ മലയാളികള്‍ പ്രത്യേകിച്ച് ഉറ്റുനോക്കുന്നത് സഞ്ജുവിന്റെ പ്രകടനത്തിലേക്കാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകര്‍ക്കും സഞ്ജുവിന്റെ മടങ്ങി വരവ് ആവേശമുണ്ടാക്കുന്നുണ്ട്. സുരേഷ് റെയ്‌നയും റോബിന്‍ ഉത്തപ്പയും സഞ്ജുവിനെ വാനോളം പുകഴ്ത്തിയപ്പോള്‍ തന്നെ സഞ്ജു ആരാധകരുടെ ആവേശം ഒരുപാട് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ അടുത്ത ട്വി20യില്‍ സഞ്ജു ആദ്യ പന്തില്‍ തന്നെ ഡക്കാകുമെന്നാണ് ഒരു വിലയിരുത്തല്‍. കൗതുകകരമായി തോന്നുമെങ്കിലും ഇത്തരമൊരു വിലയിരുത്തലിന് പിന്നില്‍ ഒരു കാരണമുണ്ട്.
സിനിമയിലും കളിയിലും ആരാധകര്‍ ഒത്തു നോക്കുന്ന ചില വിചിത്രമായ കാര്യങ്ങള്‍. അവസാന മത്സരത്തില്‍ സെഞ്ച്വറി അടിച്ച സഞ്ജുവിനെ കുറിച്ച് ഇത്തരമൊരു വിലയിരുത്തലിന്റെ കാര്യമെന്താണെന്ന് തിരക്കിയാല്‍ ചിലപ്പോള്‍ സഞ്ജുവിന്റെ ആരാധകര്‍ക്ക് കലിപ്പിളകാനുള്ള സാധ്യതയുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലും ടീമിന്റെ വിക്കറ്റ് കീപ്പിങ്, ഓപ്പണിങ് റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. യുവതാരം അഭിഷേക് ശര്‍മയായിരിക്കും അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി. എന്നാല്‍ ആദ്യ ടി20യില്‍ സഞ്ജു ഡെക്കായി മടങ്ങുമോയെന്ന ഭീതിയിലാണ് ആരാധകര്‍. ഇതിനു പിന്നിലെ കാരണമറിയാം.
ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയില്‍ ഹൈദരാബാദില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും കളിയിലാണ് അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടം. അന്നു 47 ബോളില്‍ സഞ്ജു വാരിക്കൂട്ടിയത് 111 റണ്‍സാണ്. ടി20യില്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറിയും കൂടിയാണിത്. അതിനു ശേഷം സഞ്ജു കളിക്കുന്ന ആദ്യ മല്‍സരം കൂടിയാണ് സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20. ഇതു തന്നെയാണ് ഇത്തരമൊരു വിലയിരുത്തലിന്റെ പ്രധാന കാരണവും.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നു സൗത്താഫ്രിക്കയിലെ പാളില്‍ നടന്ന ഏകദിനത്തിലായിരുന്നു സഞ്ജു കന്നി ഏകദിന സെഞ്ച്വറി കുറിച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ അവസാനത്തെ കളിയിലായിരുന്നു ഇത്. അന്നു മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 114 ബോളില്‍ ആറു ഫോറും മൂന്നു സിക്സറുമടക്കം 108 റണ്‍സുമായാണ് മിന്നിച്ചത്. അതിനു ശേഷം സഞ്ജു ഇന്ത്യക്കായി അടുത്ത മല്‍സരം കളിക്കുന്നത് ഈ വര്‍ഷം ജനുവരിയിലാണ്. അഫ്ഗാനിസ്താനുമായി നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ആദ്യ രണ്ടു കളിയിലും ജിതേഷ് ശര്‍മയെയാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇന്ത്യ കളിപ്പിച്ചത്. അവസാന മല്‍സരത്തിലാണ് സഞ്ജുവിനു ടീമിലേക്കു വിളിയെത്തിയത്. സൗത്താഫ്രിക്കന്‍ മണ്ണിലെ ഗംഭീര സെഞ്ച്വറിക്കു ശേഷം അദ്ദേഹം ആദ്യമായി കളിച്ച മല്‍സരമെന്ന നിലയില്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമായിരുന്നു. പക്ഷെ ഈ കളിയില്‍ സഞ്ജു വന്‍ ദുരന്തമായി മാറുകയാണ് ചെയ്തത്. അഞ്ചാമനായി ഇറങ്ങിയ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. ഇനി സൗത്താഫ്രിക്കയിലും ഇതേ ചരിത്രം ആവര്‍ത്തിക്കുമോയെന്ന് നമുക്ക് കാത്തിരുന്ന് കാണാം.