Gulf

സൗദിയും തുര്‍ക്കിയും 10 കരാറുകളില്‍ ഒപ്പുവെച്ചു

റിയാദ്: ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമായി സഊദിയും തുര്‍ക്കിയും 10 കരാറുകളില്‍ ഒപ്പുവച്ചു. വാണിജ്യബന്ധം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമാണ് പുതിയ കരാര്‍. സുപ്രധാന മേഖലകളില്‍ തന്ത്രപ്രധാനമായ സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കഴിഞ്ഞ ദിവസം ഇസ്താംബൂളില്‍ നടന്ന ചടങ്ങിലാണ് 10 സഹകരണ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ഏറെ കാലത്തെ അകല്‍ച്ചക്ക് ശേഷമാണ് ഇരുരാജ്യങ്ങളും ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചത്.

തുര്‍ക്കിയിലെ ഫോറിന്‍ ഇക്കണോമിക് റിലേഷന്‍സ് ബോര്‍ഡും ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ വച്ചായിരുന്നു കരാറുകളില്‍ ഇരുകൂട്ടരും ഒപ്പുവെച്ചത്. സൗദി – തുര്‍ക്കി ബിസിനസ് മീറ്റില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള 450 കമ്പനികളും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുത്തിരുന്നു.
കൃഷി, ഭക്ഷണം, വിനോദസഞ്ചാരം, നൂതന ഉല്‍പ്പാദനം, നിര്‍മ്മാണം, അടിസ്ഥാന സൗകര്യം, സാങ്കേതികവിദ്യ, നവീകരണം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകകളില്‍ സംയുക്ത സംരംഭങ്ങള്‍ക്കുള്ള കരാറാണ് രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

തുര്‍ക്കിക്കും സഊദിക്കും ഇടയില്‍ ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വര്‍ഷം 676 കോടി ഡോളറില്‍ എത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 15.5 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തുര്‍ക്കിയിലേക്കുള്ള സൗദിയുടെ കയറ്റുമതി 400 കോടി ബില്യണ്‍ ഡോളറായി വളര്‍ന്നു. സൗദി അറേബ്യയിലേക്കുള്ള തുര്‍ക്കി ഇറക്കുമതി 260 ബില്യണ്‍ ഡോളറില്‍ എത്തിയതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. സൗദി അറേബ്യയുടെ വിഷന്‍ 2030ന് കീഴില്‍ തുര്‍ക്കി നിക്ഷേപകര്‍ക്ക് രാജ്യത്തെ വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങള്‍ ഫോറം ചര്‍ച്ച ചെയ്തു. അടുത്ത കാലത്തായി സൗദിയും തുര്‍ക്കിയും തമ്മിലുള്ള വ്യാപാരം വലിയ തോതില്‍ വളര്‍ന്നതായി ബിസിനസ് ഫോറം വിലയിരുത്തി.

Related Articles

Back to top button